Tuesday, August 5, 2014

ഓപ്പറേഷൻ കുംഭകുടം

കുരുവിക്കൂട് കവലയിലെ സാംസ്കാരിക കേന്ദ്രമായിരുന്നു ചാക്കോച്ചേട്ടന്‍റെ മുറുക്കാന്‍ കട. റബറുവെട്ടും ഷീറ്റടിക്കലുമൊക്കെ കഴിഞ്ഞ് കുരുവിക്കൂടും പരിസരപ്രദേശങ്ങളിലുമുള്ള സാംസ്കാരിക നായകന്മാരെല്ലാം ലൈഫ്ബോയ് സോപ്പും തേച്ച് കുളിയൊക്കെ കഴിഞ്ഞ് വാമഭാഗം സ്നേഹപൂര്‍വ്വം വിളമ്പിക്കൊടുക്കുന്ന പഴയന്‍കഞ്ഞിയും തലേന്നത്തെ മീന്‍കറിയും കൂട്ടിയൊരു പിടിപിടിച്ച് അലക്കിത്തേച്ച നീലവരയന്‍ കൈലി മുണ്ടും തോളേലൊരു തോര്‍ത്തുമൊക്കെയിട്ട് സരിത കോടതിയിലോട്ട് പോകുമ്പോലെ അണിഞ്ഞൊരുങ്ങി ഒരിറക്കമുണ്ട്. ലക്ഷ്യം ചാക്കോച്ചേട്ടന്‍റെ മുറുക്കാന്‍ കട. മുറുക്കാന്‍ കടയെന്നു വെച്ചാല്‍ നാലു കാലില്‍ ഒരു മാടവും മുന്‍വശത്ത് സിനിമാ പോസ്റ്ററെട്ടിക്കാന്‍ വേണ്ടിയൊരുക്കിവെച്ചിരിക്കുന്ന ഒരു എക്സ്റ്റന്‍ഷനും ചേര്‍ന്ന ഒരു ഫൈവ്സ്റ്റാര്‍ സെറ്റപ്പ്. പിന്നെ വരുന്നവര്‍ക്ക് ഇരിക്കാനും തീരെ അവശന്മാര്‍ക്ക് കിടക്കാനുമായിട്ട് രണ്ടു നീളന്‍ ബെഞ്ചുകളും. വൈകുന്നേരമാകുമ്പോഴേക്കും സാംസ്കാരിക കേന്ദ്രം സാംസ്കാരിക പ്രവര്‍ത്തകരെക്കൊണ്ടു നിറയും. അതു പിന്നെ അക്കാലത്ത് പണി കഴിഞ്ഞാല്‍ പിന്നെ ഒന്നു റിലാക്സ് ചെയ്യാന്‍ മിനിട്ടിനു മിനിട്ടിന് ബ്രേക്കിങ്ങ് ന്യൂസ് ഇറക്കുന്ന ചാനലുകളോ സ്ഥിരമായി അമ്മായിയമ്മ മരുമകള്‍ക്കിട്ടും മരുമകള്‍ അമ്മായിയമ്മയ്ക്കിട്ടും ഇവരു രണ്ടുപേരും കൂടി നാട്ടുകാര്‍ക്കിട്ടും പണികൊടുക്കുന്ന സീരിയലുകളോ ഒന്നും ഇല്ലായിരുന്നല്ലോ. മിസ്ഡ് കോളില്‍ പൊട്ടി വിടരുന്ന പ്രണയങ്ങളോ വാട്സ് അപ്പിലെ പെശക് വീഡിയോകളോ ചുമ്മാ പോയി ക്യൂ നില്‍ക്കാന്‍ ബീവറേജസ് ഷോപ്പുകളോ ഒന്നുമില്ലാതിരുന്ന കാലം. അതുകൊണ്ടുതന്നെ ചാക്കോച്ചേട്ടന്‍റെ മുറുക്കാന്‍ കടയെന്ന സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റ് അതിപ്രശസ്തമായിരുന്നു.

ചാക്കോച്ചേട്ടന്‍ വെറുമൊരു മുറുക്കാന്‍ കടക്കാരന്‍ കുത്തക മുതലാളി മാത്രമല്ല. ആളൊരു കവിയാണ് കലാകാരനാണ്. അതുകൊണ്ടുതന്നെ കടയില്‍ വരുന്നവര്‍ക്കെല്ലാം അദ്ദേഹം മുറുക്കാന്‍, സിഗററ്റ് , പഴം, നാരങ്ങാവെള്ളം തുടങ്ങിയവയ്ക്കൊപ്പം സൗജന്യമായി തന്‍റെ കലാസൃഷ്ടികളും വാരിക്കോരി നല്‍കി . നല്ലവരായ കുരുവിക്കൂട്ടെ കലാപ്രേമികള്‍ ചാക്കോച്ചേട്ടന്‍റെ ഈ സാംസ്കാരിക പ്രവര്‍ത്തനത്തെ കൈയ്യടിച്ചു പ്രോത്സാഹിപ്പിച്ചു. കവിതകളും കഥകളും കേള്‍ക്കാന്‍ ആളുതടിച്ചുകൂടുന്ന ദിവങ്ങളില്‍ ചാക്കോച്ചേട്ടന്‍ സ്വയം മറന്നു പാടും. ആ സമയത്ത് കടയിലെ മിഠായി ഭരണികളും പഴക്കുലകളുമെല്ലാം ചാക്കോച്ചേട്ടന്‍ അറിയാതെ താനെ കാലിയാകുന്ന മാന്ത്രികതയും ആ വരികള്‍ക്കുണ്ടായിരുന്നു. ഒരിക്കല്‍ ചാക്കോച്ചേട്ടന്‍ എഴുതിയ ഒരു കവിത പൈകയില്‍ തയ്യലുപഠിക്കാന്‍ പോകുന്ന തന്‍റെ മൂത്തമോളെക്കുറിച്ചണെന്നു തെറ്റിദ്ധിരിച്ച ഒരു കലാദ്രോഹി ഗണേശ്കുമാറിനെക്കണ്ട പി സി ജോര്‍ജിനെപ്പോലെ പാഞ്ഞുവന്ന് ചാക്കോച്ചേട്ടന്‍റെ കലാസപര്യയുടെ മൂട്ടില്‍ കൈവെച്ചതൊഴിച്ചാല്‍ സാംസ്കാരിക പ്രവര്‍ത്തനം അനുസ്യൂതം തുടര്‍ന്നുപോന്നു.

വര്‍ഷാവര്‍ഷം വരുന്ന കാവിലെ മീനഭരണി ഉത്സവം അക്കൊല്ലവും വന്നു. കുംഭകുട ഘോഷയാത്ര കടന്നുപോകുന്നത് കുരുവിക്കൂട്ട് കവല വഴിയാണ്. കടന്നുപോവുകാന്നു പറഞ്ഞാല്‍ കുരുവിക്കൂട്ടെ ഭക്തജനങ്ങള്‍ക്കു വേണ്ടി ഘോഷയാത്ര ഒരു 5 മിനിട്ട് അവിടെ നില്‍ക്കും. ചെണ്ടക്കാര്‍ ആഞ്ഞൊരു പിടിപിടിക്കും. എനര്‍ജിയുള്ള കുടക്കാര്‍ കൂടെ തുള്ളും. ഇല്ലാത്തവന്‍മാര്‍ പതിനായിരം മീറ്ററില്‍ മത്സരിക്കുന്ന ഇന്ത്യാക്കാരെപ്പോലെ കിതച്ചു തൂങ്ങി ഏതെങ്കിലും ഭാഗത്തു നില്‍ക്കും. മീനമാസത്തിലെ കൊടും വെയിലില്‍ നടന്നും തുള്ളിയും തളര്‍ന്നുവരുന്നവരുടെ ആശ്വാസകേന്ദ്രമായിരുന്നു ചാക്കോച്ചേട്ടന്‍സ് മുറുക്കാന്‍ കട. നാരങ്ങാവെള്ളം, സോഡ, പിന്നെ മഞ്ഞ, തവിട്ട് നിറങ്ങളിലുള്ള നാടന്‍കോളകള്‍ ഒക്കെ ഈ സമയം നിമിഷങ്ങള്‍ കൊണ്ട് വിറ്റു തീരും. ആകെയുള്ള അഞ്ച് മിനിട്ടില്‍ എല്ലാം കൂടിയൊരു ജഗപൊകയായിരിക്കും. നാരങ്ങാവെള്ളം ചോദിക്കുന്നവന്‍ അടുത്തശ്വാസത്തില്‍ സിഗരറ്റ് ചോദിക്കും. അതു കഴിഞ്ഞ് ചാക്കോച്ചേട്ടനൊന്ന് ശ്വാസം വിടുന്നതുനു മുമ്പ് അടുത്തയാള്‍ക്ക് സോഡ. ആകെ തിരക്ക്. നാരങ്ങാ പിഴിഞ്ഞെടുത്ത് സോഡാ പൊട്ടിച്ചൊഴിച്ച് പഞ്ചസായും ഉപ്പും ചേര്‍ത്തിളക്കി ചാക്കോച്ചേട്ടന്റെ സ്പെഷ്യൽ  ഇനമായ സോഡാ നാരങ്ങാ സര്‍ബത്തിനാണ് കൂടുതല്‍ ചിലവ്. അനിയന്ത്രിതമായ ഈ തിരക്ക് എങ്ങിനെ നേരിടണമെന്ന് അക്കൊല്ലം ചാക്കോച്ചേട്ടന്‍ നേരത്തേ പ്ലാന്‍ ചെയ്തു. ആകെയുള്ള നാല് കുപ്പിഗ്ലാസുകുളടെ കൂടെ രണ്ടെണ്ണം കൂടി പുതുതായി വാങ്ങി. നാരങ്ങാ സിഗരറ്റ് തുടങ്ങിയവ ആവശ്യത്തിനു വാങ്ങി സ്റ്റോക്കു  ചെയ്തു. കടയില്‍ അന്നേദിവസം സഹായത്തിനായി പ്രത്യേകിച്ച് യാതൊരു പണിയുമില്ലാതെ കവലയില്‍ കറങ്ങി നടക്കുന്ന തങ്കച്ചനെ നിയമിക്കുകയും ചെയ്തു. അങ്ങിനെ ഓപ്പറേഷന്‍ കുംഭകുടം പ്ലാന്‍ ചെയ്ത പോലെ പുരോഗമിച്ചു. ഘോഷയാത്ര താഴത്തെ കവലയില്‍ എത്തിയപ്പോള്‍ തന്നെ നാരങ്ങാ കുറെയെണ്ണം മുറിച്ചുവെയ്ക്കാന്‍ തങ്കച്ചനെ ചട്ടം കെട്ടി. ഇനി ആ സമയത്ത് അതു മുറിക്കുവാന്‍ പോയി സമയം പാഴാക്കാനില്ല. നാരങ്ങായെക്കെ മുറിച്ച് സോഡാപ്പെട്ടിയുമൊക്കെ എടുത്ത് റെഡിയാക്കി തങ്കച്ചന്‍ യുദ്ധ സന്നദ്ധനായി നിന്നു. ഘോഷയാത്രയക്കൊപ്പമുള്ള ആളുകള്‍ കുറേശെ വന്നുതുടങ്ങി. ചാക്കോച്ചേട്ടന്‍ സിഗരറ്റ് വില്‍പനയുമൊക്കെയായി തിരക്കിലായി. ചാക്കോച്ചേട്ടനെ സഹായിക്കാന്‍ ഒരുമ്പെട്ടിറങ്ങിയ തങ്കച്ചന് ആ ബുദ്ധി തോന്നിയത് അപ്പോഴാണ്. നാരങ്ങാ മുറിച്ചു കഴിഞ്ഞു. പഞ്ചസാര ഉപ്പ് എന്നിവ തൊട്ടടുത്തുണ്ട്. ആറ് കുപ്പിഗ്ലാസ് കഴുകിത്തുടച്ച് കമഴ്ത്തിവെച്ചിരിക്കുന്നു. എല്ലാം റെഡിയാണ്. ആളു വന്ന് തിരക്കാകുന്നതേ ഉള്ളു... കിട്ടിയ സമയം ബുദ്ധിപരമായി ഉപയോഗിക്കാന്‍ തന്നെ തങ്കച്ചന്‍ തീരുമാനിച്ചു. സോഡാപ്പെട്ടി എടുത്തു മുന്നോട്ട് വെച്ചു തുരുതുരെ പൊട്ടിച്ചു വെച്ചു ..... ഇനി ആള്‍ത്തിരക്കാകുമ്പോള്‍ സോഡാപൊട്ടിക്കാന്‍ സമയം കളയേണ്ടല്ലോ... വെടീം പൊകേം വരുന്ന ശബ്ദം കേട്ട് ചാക്കോച്ചേട്ടന്‍ നോക്കിയപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. ആത്മാര്‍ത്ഥതയുടെ കൈയ്യും കാലും വെച്ച രൂപമായ തങ്കച്ചന്‍ ഒരു പെട്ടി സോഡാക്കുപ്പികള്‍ പൊട്ടിച്ച് തന്‍റെ കഴിവ് തെളിയിച്ചു കഴിഞ്ഞിരുന്നു.....

Thursday, July 25, 2013

ബഹ്റൈൻ ഒരു ഓർമ്മക്കുറിപ്പ് - ഭാഗം 2


മനാമ നഗര വീഥികളിലൂടെ സുഹൃത്തിന്റെ കാറിൽ പോകുമ്പോൾ ഏതോ യുദ്ധരംഗത്താണെന്നു തോന്നി.. എങ്ങും പട്ടാള വാഹനങ്ങൾ... നീണ്ട പീരങ്കിത്തലകളുമായി കൂറ്റൻ ടാങ്കുകൾ നഗരവീഥികൾ കൈയ്യടക്കിയിരിക്കുന്നു. എങ്ങും തോക്കുധാരികളായ പട്ടാളക്കാർ. റോഡീൽ ആളുകളും വാഹനങ്ങളും തീരെ കുറവ്.. ആരും പുറത്തിറങ്ങുന്നില്ല. പത്രം അച്ചടിക്കുന്ന പ്രിന്റിങ്ങ് പ്രസ്സിൽ അത്യാവശ്യമായി പോകേണ്ടതിനാലാണ് ഞങ്ങൾ ഈ സാഹസത്തിനു മുതിർന്നത്. ഹൈ വേയിൽ പലയിടങ്ങളിലും ചെക്ക് പോസ്റ്റുകൾ. പരിശോധനയ്ക്കായി നിർത്തിയ ഞങ്ങളുടെ കാറിനുള്ളിലേക്ക് തോക്കുധാരിയായ ഒരു പോലീസുകാരൻ എത്തിനോക്കി.. വിദേശികൾ ആണെന്നു കണ്ട് പൊയ്ക്കൊള്ളാൻ പറഞ്ഞു...പേൾ ചത്വരത്തിനരികത്തെ പാലത്തിലൂടെ ഞങ്ങളുടെ വാഹനം കടന്നു പോയി. ചത്വരത്തിനടുത്തേക്കെത്തുന്ന റോഡുകൾ ബ്ലോക്ക് ചെയ്തിരിക്കുന്നു. പ്രക്ഷോഭകാരികളെ ഒഴിപ്പിച്ച് പ്രദേശം പട്ടാളത്തിന്റെ അധീനതയിലാക്കിയിരിക്കുന്നു. ഭയപ്പാടോടെ ആ കാഴ്ച്ച കണ്ട് ഞങ്ങൾ എത്രയും വേഗം പ്രസ്സിലെത്താനായി കുതിച്ചു.

****                 *******                ********
2011 ഫെബ്രുവരി 14.. എന്തോ പ്രതിഷേധപ്രകടനം നടക്കുവാൻ പോകുന്നുണ്ടെന്നും അതിനാൽ കഴിവതും അന്ന് പുറത്തിറങ്ങേണ്ടെന്നും പ്രിന്റിങ്ങ് പ്രസ്സിലെ സ്വദേശികളായ  സുഹൃത്തുക്കൾ  പറഞ്ഞു.  ഇത്തവണ സാധാരണ പോലെയായിരിക്കില്ല.. ശക്തമായ പ്രക്ഷോഭം നടക്കും.. ഈജിപ്റ്റിലേയും മറ്റ് അറബ് നാടുകളിലേയും മുല്ലപ്പൂ വിപ്ലവത്തിന്റെ ആവേശം ആവരുടെ മുഖത്ത് വായിക്കാമായിരുന്നു. പ്രവാസി സമൂഹത്തിനിടയല്ലും ഫെബ്രുവരി 14 ന്റെ സമരത്തെപ്പറ്റി ആശങ്കൾ കൂടീ വന്നു.. ഇത്തവണ എന്തെങ്കിലും സംഭവിക്കും.. അവർ രണ്ടും കല്പിച്ചാണ്.. പ്രക്ഷോഭകാരികളുമായി ബന്ധമുള്ള ചില പ്രവാസി സുഹ്രുത്തുക്കളും തറപ്പിച്ൿഹു പറഞ്ഞു.. ഫെബ്രുവരി 13 ന്റെ സന്ധ്യക്ക് പതിവില്ലാത്ത ഒരു പിരിമുറുക്കം ഉണ്ടായിരുന്നു.  നഗരത്തിലെ വഴികൾ പതിവിലും നേരത്തെ വിജനമായി..
പ്രതീക്ഷിച്ചതു പോലെ ഫെബ്രുവരി പതിനാലിന്റെ  പ്രഭാതം അശുഭ വാർത്തകളൂമായാണെത്തിയത്... മനാമാ നഗരത്തിന്റെ അതിരുകളിലുള്ള ഗ്രാമങ്ങളിൽ പോലീസും പ്രക്ഷോഭകാരികളും തമ്മിൽ ഏറ്റുമുട്ടൽ ആരംഭിച്ചു എന്നറിയുവാൻ കഴിഞ്ഞു.. ആരൊക്കെയോ മരിച്ചിരിക്കുന്നു.. നിരത്തുകളും  തെരുവുകളും  വിജനമായിക്കിടന്നു.. .. എങ്ങും പോലീസ് വാഹങ്ങളുടെ സൈറനുകളുടെ ശബ്ദം മാത്രം.. ഉച്ചയോടെ പ്രക്ഷോഭകാരികൾ നഗരത്തിലേക്കു നീങ്ങുന്നെന്ന വിവരം ലഭിച്ചു..  സംഘടിച്ചെത്തിയ പ്രക്ഷോഭകർ മനാമയിലെ ദേശീയസ്മാരകമായ പേൾ പ്രതിമയ്ക്കു ചുറ്റും തമ്പടിച്ചു.. അവരുടെ എണ്ണം പെരുകിക്കൊണ്ടിരുന്നു.. ഒരു ഫുട്ബോൾ ഗ്രൗണ്ടിനൊപ്പം  വലിപ്പമുള്ള പേൾ ചത്വരവും അതിനു സമീപപ്രദേശങ്ങളും പ്രക്ഷോഭകർ കൈയ്യടക്കി... നഗരത്തിൽ പലയിടത്തും കർഫ്യൂ പ്രഖ്യാപിച്ചു.. പല പ്രദേശങ്ങളിലും പോലീസുമായി ഏറ്റുമുട്ടലും നടക്കുന്നുണ്ട്... ആകാശത്ത് പോലീസിന്റെ നിരീക്ഷണ ഹെലിക്കോപ്റ്ററുകൾ പതിവില്ലാത്ത വിധം താഴ്ന്നു പറക്കുന്നുണ്ടായിരുന്നു...എന്താകുമെന്നറിയില്ല.. എന്തായാലും പത്രം പുറത്തിറക്കണമല്ലോ.. ഭയപ്പാടോടെ ഞങ്ങൾ ഓഫീസിലിരുന്നു...
അസാധാരണമായ എന്തൊക്കെയോ ശബ്ദം കേട്ടാണ് രാത്രിയിൽ ഉണർന്നത്... ആദ്യം ഒന്നും മനസ്സിലായില്ല... കേൾക്കുന്നത് വെടിയൊച്ചയാണെന്ന് തിരിച്ചറിഞ്ഞപ്പോൾ ഭയം ഇരട്ടിച്ചു...ഫ്ലാറ്റിന്റെ ജനൽ വഴിപുറത്തേക്ക് നോക്കി..വെടിയൊച്ചയ്ക്കൊപ്പം വലിയ ആരവും ആർത്തനാദങ്ങളും കേൾക്കുന്നുണ്ട്.. ഞങ്ങൾ താമസിക്കുന്നിടത്തുനിന്നും കഷ്ടിച്ച് 2 കിലോമീറ്റർ അപ്പുറത്താണ് പ്രക്ഷോഭകാരികൾ സംഘടിച്ചിരിക്കുന്നത്.. ബഹ് റൈന്റെ പരന്ന ഭൂപ്രകൃതിയിൽ ദൂരെ നിന്നും പുക ഉയരുന്നത് വ്യക്തമായി കാണാം.. പെട്ടെന്ന് കുറെ ആളുകൾ നിലവിളിച്ചു കൊണ്ട് ഞങ്ങൾ താമസിക്കുന്ന ഫ്ലാറ്റിനു മുമ്പിലൂടെ ഓടിപ്പോയി.. തൊട്ടു പുറകേ ഒരു പോലീസ് വാഹനവും..
പേൾ ചത്വരത്തിലുള്ളവരെ ഒഴിപ്പിക്കുന്ന പോലീസ് നടപടി നടക്കുകയാണെന്ന് സഹപ്രവർത്തകൻ ഫോൺ വിളിച്ചു പറഞ്ഞു... കുറെ ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ആകെ പ്രശ്നമാകുകയാണെന്നും ഒരു കാരണവശാലും റൂമിനു പുറത്തിറങ്ങരുതെന്നും അവൻ പറഞ്ഞപ്പോൾ ആകെ പേടിച്ചു...
നേരം പുലർന്നപ്പോഴേക്കും വെടിയൊച്ച നിലച്ചു.. പേൾ ചത്വരം പൂർണമായി ഒഴിപ്പിച്ചെന്നും കലാപകാരികളെ തുരത്തിയെന്നും സർക്കാർ ടി വി പറയുന്നുണ്ട്.. കൂടെ കാണിക്കുന്ന ദൃശ്യങ്ങളിൽ കവചിത പട്ടാളവാഹനങ്ങളും ടാങ്കുകളും നിരന്നു കിടക്കുന്ന പേൾ ചത്വരത്തിന്റെ ദൃശ്യം.. എവിടെയും പോലീസ് .. താമസിക്കുന്ന ഫ്ലാറ്റിനു കീഴിലും പോലീസ് വാഹനം.. ഭാര്യയേയും മോനേയും റൂമിലിരുത്തി... ഓഫീസിലേക്ക് ഇറങ്ങി.. താമസിക്കുന്നിടത്തുനിന്നും അഞ്ച് മിനിട്ടിന്റെ ദൂരത്തിലാണ് ഓഫീസ്.. പോലീസ് സാന്നിധ്യത്തിന്റെ ധൈര്യത്തിൽ ഓഫീസിലേക്കുള്ള വഴി ഓടിത്തീർത്തു...ഓഫീസിനു മുമ്പിലെ ഹൈവേയിൽ പട്ടാളം ചെക്പോസ്റ്റ് തീർത്തിർക്കുന്നു.. അവിടെയും കിടക്കുന്നു പട്ടാള ടാങ്കും കവചിത വാഹനങ്ങളും..
അന്നു പകൽ മുഴുവൻ സംഘർഷഭരിതമായിരുന്നു. വെടിയൊച്ചകൾ പലവട്ടം മുഴങ്ങി.. രാത്രി നടന്ന ഒഴിപ്പിക്കലിൽ അഞ്ചോളം പേർ കൊല്ലപ്പെട്ടിട്ടുണ്ട്. വൈകിട്ട് മൂന്നു മണിയായതോടെ വീണ്ടും പ്രക്ഷോഭകാരികൾ പേൾ ചത്വരത്തിലേക്ക് സംഘടിച്ചെത്തി. വീണ്ടും ആൾക്കാർ മരിച്ചു വീണു.. സ്ഥിതിഗതികൾ കൈവിട്ടു തുടങ്ങിയെന്നു ഭരണാധികാരികൾക്കു തോന്നിത്തുടങ്ങിയിരുന്നു... രണ്ട് ദിവസത്തിനുള്ളിൽ തന്നെ പത്തോളം പേർ മരിച്ചു. ബഹ് റൈൻ കിരീടാവകാശി നേരിട്ട് സമാധാന ചർച്ചകൾക്കായി രംഗത്തിറങ്ങി.. സർക്കാർ പ്രതിഷേധത്തെ അടിച്ചമർത്തില്ലെന്നും സമാധാനപരമായി പ്രതിഷേധിക്കാമെന്നും അദ്ദേഹം രാജ്യത്തോടായി നടത്തിയ പ്രഭാഷണത്തിൽ പറഞ്ഞു..പ്രശ്നങ്ങൾ പരിഹരിക്കാൻ ദേശീയ സംവാദം നടത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. പ്രക്ഷോഭകാരികൾ ആവേശത്തിലായി.. തങ്ങളുടെ സമരം വിജയപാതയിലാണെന്ന് അവർക്ക് തോന്നി.  അവർ വീണ്ടും പേൾ ചത്വരത്തിലേക്ക് സംഘടിച്ചെത്തി... പിറ്റേന്നായതോടെ സംഘർഷത്തിനു കുറച്ച് അയവു വന്നു.. പേൾ ചത്വരവും പരിസരവും പ്രക്ഷോഭകാരികൾ കൈയ്യടക്കിയെങ്കിലും നഗരത്തിന്റെ മറ്റു ഭാഗങ്ങളിൽ ജനജീവിതം സാധാരണമായി.. എങ്കിലും എല്ലാവരിലും ഒരു ഭയപ്പാടുയർന്നു കഴിഞ്ഞിരുന്നു.. ഈ നാട്ടിൽ തങ്ങൾ സുരക്ഷിതരല്ലെന്ന ബോധം... തെരുവുകൾ മിക്കപ്പോഴും ശൂന്യമായി കിടന്നു.. ആളുകൾ കഴിവതും വീട്ടിലും ഓഫീസിലും മാത്രമായി കഴിഞ്ഞു.. പേൾ ചത്വരം മാത്രം പ്രക്ഷോഭത്തിന്റെ സ്പന്ദിക്കുന്ന കേന്ദ്രമായി നിന്നു.. ദിനം പ്രതി അവിടെ ആൾകൂട്ടം പെരുകിക്കൊണ്ടിരുന്നു.. പൊതുയോഗങ്ങളും സമരഗാനങ്ങളും അവിടെ അനുസ്യൂതം തുടർന്നു.. പ്രക്ഷോഭകാരികൾ അവിടെ തമ്പടിച്ചു. അവിടെ അവർ ഭക്ഷണം പാകം ചെയ്തു.. ടെന്റുകൾ തീർത്തു..അങ്ങിനെ സമരം സമാധാനപരമായി മുന്നോട്ട്..
ആഴ്ച്ചകൾ പലത് കഴിഞ്ഞു.. പ്രക്ഷോഭകാരികളെ ഓഴിപ്പിക്കുന്നതിനു നടപടികൾ സ്വീകരിക്കുന്നില്ലെന്നത് ഒഴിച്ചാൽ  അവരുയർത്തിയ മറ്റൊരു പ്രശ്നത്തിനും പഝാര നിർദ്ദേശങ്ങൾ ഉയർന്നു വന്നില്ല. ദേശീയ സംവാദം മുന്നോട്ടുപോകാനാവാതെ വഴിമുട്ടി നിന്നു. നിന്നു... രാജഭരണം അവസാനിപ്പിച്ച് ജനാധിപത്യ രീതിയിൽ തിരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യം ഒരിക്കലും അംഗീകരിക്കപ്പെടില്ലെന്ന് ഉറപ്പായിരുന്നു..പേൾ ചത്വരത്തിൽ നിന്നും ഡൗൺ ഡൗൺ കിങ്ങ് ഹമദ് മുദ്രാവാക്യങ്ങൾ നിരന്തരം ഉയർന്നു.. വീണ്ടൂം സംഘർഷത്തിന്റെ മണൽകാറ്റുകൾ സമാധാനത്തിന്റെ വെള്ളിവെളിച്ചത്തിനു മേൽ നിഴൽ പടർത്തി..  സർക്കാർ അനുകൂലികൾ പ്രക്ഷോഭകാരികൾക്കെതിരെ ഒത്തു ചേർന്നു.ഇരുകൂട്ടരും തമ്മിൽ  പലയിടങ്ങളിലും സംഘർഷം രൂക്ഷമായി..

 2011 മാർച്ച് 14 .. പ്രക്ഷോഭം തുടങ്ങിയിട്ട് ഒരുമാസം പിന്നിടുമ്പോഴും പ്രക്ഷോഭകർ ഉന്നയിച്ച ആവശ്യങ്ങളിൽ സർക്കാർ അനുകൂല നിലപാടുകളെടുത്തില്ല. പ്രക്ഷോഭം കൂടുതൽ തീഷ്ണമായി. പതിവു പോലെ രാവിലെ ശങ്കറും ഗായത്രിയും സ്കൂളിലേക്ക് പോയി. രാവിലെ പതിനൊന്നു മണിയോടെ മൊബൈലിൽ ഒരു കോൾ.. ഗായത്രിയാണ്.. സ്കൂളിരിക്കുന്ന പ്രദേശങ്ങളിൽ പ്രക്ഷോഭം രൂക്ഷമാകുകയാണെന്നും അതിനാൽ അവർ നേരത്തെ തിരിച്ചു വരികയാണെന്നും പറഞ്ഞു..  മനസ്സ് പരിഭ്രാന്തമായി.. ഓഫീസിൽ നിന്നും മുന്നിലെ തെരുവിലേക്കിറങ്ങി...  ഓഫീസിനു നൂറു മീറ്റർ അകലത്തിലുള്ള വമ്പൻ ഹൈവേ പ്രക്ഷോഭകാരികൾ തടസ്സപ്പെടുത്തിയിരിക്കുന്നു. .. വലിയ വേസ്റ്റ് ബിന്നുകളും  കോൺക്രീറ്റ് ബീമുകളുമെല്ലാം റോഡീൽ നിരന്നിരിക്കുന്നു.. ഗായത്രിയും മോനും കയറിയ സ്കൂൾ ബസ് എത്തേണ്ട സമയം കഴിഞ്ഞിട്ടുണ്ട്. ഞാൻ വീണ്ടും അവളെ വിളിച്ചു.. വഴിയിൽ മുഴുവൻ ഗതാഗത തടസ്സമാണെന്നും ബസ്സ് ഏതൊക്കെയോ വഴിയിലൂടെ എത്താൻ ശ്രമിക്കുകയാണെന്നും അവൾ പറഞ്ഞു... സ്കൂളിൽ പോയ മറ്റു കുട്ടികളുടെ രക്ഷിതാക്കളും അവിടെയെത്തി.. ആശങ്കകൾക്കൊടുവിൽ മണിക്കൂറുകൾ താമസിച്ച് ബസ്സ് എത്തി.. ഗായത്രി ആകെ ഭയന്നിരുന്നു.. ശങ്കർ വഴിയിൽ കണ്ട കാഴ്ച്ചകളെക്കുറിച്ച് എന്നോട് വാതോരാതെ പറഞ്ഞു കൊണ്ടിരുന്നു..
ഗൾഫ് മേഖലയിലെ പ്രധാന ബാങ്കിങ്ങ് കേന്ദ്രമാണ് ബഹ് റൈൻ. പ്രക്ഷോഫം ബാങ്കിങ്ങ് ഉൾപ്പെടെയുള്ള എല്ലാ വ്യവസായങ്ങളെയും ബാധിച്ചു തുടങ്ങിയിരുന്നു. പ്രക്ഷോഭം കൂടുതൽ തീഷ്ണമാക്കുനതിന്റെ ഭാഗമായി പ്രധാന വ്യവസായിക മേഖലകളിൽ പ്രക്ഷോഭകർ ഉപരോധ സമരം ആരംഭിച്ചു. രാജയ്മ് ഏതാണ്ട് നിശ്ചലമായി.. പ്രക്ഷോഭകാരികളും സർക്കാർ അനുകൂലികളും തമ്മിൽ ഏറ്റുമുട്ടലുകൾ തുടർക്കഥയായി.. വിദേശികളും ആക്രമിക്കപ്പെട്ടു. രാജ്യം ഒരു കലാപത്തിലേക്ക് നീങ്ങി..
എന്തും സംഭവിക്കാവുന്ന സ്ഥിതി.. ബഹ് റൈനിലെ പരിമിതമായ പോലീസ് പട്ടാള സംവിധാനങ്ങൾക്ക് പ്രതിരോധിക്കുവാൻ കഴിയുന്നതിനും അപ്പുറത്തേക്ക് സംഘർഷം വളർന്നു കഴിഞ്ഞിരുന്നു.. ഇനി എന്ത് എന്നൊരു ചോദ്യം ഭരണാധികാരികൾക്കിടയിലും ഉയർന്നു.. സമാധാന ചർച്ചകൾ മാറ്റിവെച്ച് അവർ കർശന നടപടികൾക്കു തയ്യാറായി...


 2011 മാർച്ച് 16
അതിരാവിലെ മുതൽ പട്ടാള ഹെലിക്കോപറുകൾ താഴ്ന്നു പറന്നുകൊണ്ടിരുന്നു.. മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ പൊടുന്നനേ ലഭ്യമല്ലാതായി...മുദ്രാവാക്യം വിളികളും അലമുറകളും  അവ്യക്തമായി കേൾക്കാം.. ഞാൻ ജനലിലൂടെ പുറത്തേക്ക് നോക്കി.. അകാശം കറുത്ത പുകകൊണ്ടു മൂടിയിരിക്കുന്നു... പേൾ ചത്വരത്തിലെ പട്ടാള നടപടി ആരംഭിച്ചിരിക്കുന്നു.. സൗദി അറേബ്യൻ അതിർറ്റ്ഹ്തി കടന്ന് നിരനിരയായി പട്ടാള വാഹനങ്ങൾ ബഹ് റൈനിലേക്കെത്തിയത് ഒരുദിവസം മുമ്പാണ്.. ആകാശത്ത് ഹെലിക്കോപ്റ്ററുകളുടെ എണ്ണം കൂടിയിരിക്കുന്നു.. വശങ്ങൾ തുറന്ന അവയ്ക്കുള്ളിൽ നിന്നും തോക്കുമുനകൾ നീണ്ടു നിൽപ്പുണ്ടായിരുന്നു.. നിലവിളികളുടെ ശബ്ദം ഉയർന്നുകൊണ്ടിരുന്നു. അടുത്തുള്ള പള്ളികളിൽ നിന്നും അറബിയിൽ എന്തൊക്കെയോ ഉച്ചത്തിൽ വിളിച്ചു പറയുന്നുണ്ടായിരുന്നു.. ശങ്കറിനെ അരികത്ത് ചേർത്ത് ഞാനും ഗായത്രിയും റൂമിൽ എന്തു ചെയ്യണമെന്നറിയാതെ പകച്ചിരുന്നു..

ഉച്ച കഴിഞ്ഞപ്പോഴേക്കും മൊബൈൽ ബന്ധം പുനസ്ഥാപിക്കപ്പെട്ടു.  ഇന്റർനെറ്റിൽ ഞങ്ങൾ വാർത്തകൾക്കായി പരതി.. പട്ടാള നടപടിയിൽ ആറോളം പേർ മരിച്ചിരിക്കുന്നു.. രണ്ട് പോലീസ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിട്ടുണ്ട്.. രാജ്യത്ത് കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്...
അന്ന് ഗൾഫ് എഡിഷൻ പത്രം പുറത്തിറക്കാൻ ഞങ്ങൾക്ക് സാധിച്ചില്ല.. പ്രിന്റിങ്ങ് പ്രസ്സിനു നേരെയുണ്ടായ ആക്രമണത്തിൽ അവർക്ക് സാരമായ കേടുപാടുകൾ  പറ്റിയിരിക്കുന്നു.
പരിഭ്രാന്തിയുടേയും ഭയാശങ്കകളുടേയും ആ നാളുകളിലൊന്നിൽ നാട്ടിലേക്ക് തിരിച്ച് പോരുവാൻ സ്ഥാപനം എന്നോടു നിർദ്ദേശിച്ചു.. പ്രതിസന്ധികൾ പലതായിരുന്നെങ്കിലും.. ഏറ്റെടുത്ത ജോലി നന്നായി പൂർത്തിയാക്കണമെന്നായിരുന്നു മനസ്സിലെ മോഹം.. അതിനായി എന്നാലാവുന്ന വിധമൊക്കെ ശ്രമിക്കുകയും ചെയ്തിരുന്നു.. പക്ഷേ.... മോഹങ്ങൾക്ക് അർദ്ധവിരാമമിട്ട്... ബഹ് റൈനോട് വിട പറയേണ്ടി വന്നു..
 
ബഹ് റൈൻ എയർപോർട്ടിലെ കൃത്രിമ ശീതളിമയിൽ വിമാനവും കാത്തിരിക്കുമ്പോൾ മനസ്സ് പുറകോട്ട് പോയി ..ജീവിതാനുഭവങ്ങൾ കൊണ്ട് നിറഞ്ഞ മൂന്നു വർഷങ്ങൾ. നേരിടേണ്ടി വന്ന പ്രതിസന്ധികൾ നിരവധിയായിരുന്നു.. പലതും അതിജീവിച്ചു.. ചിലതിൽ തളർന്നു.. ഒരുപാട് ജീവിതങ്ങൾ കണ്ടു.. ഒരു പക്ഷേ അതു വരെയുള്ള ജീവിതത്തിൽ കണ്ടതിനേക്കാളുമൊക്കെ ഏറെ..
വിമാനം ഉയർന്നു തുടങ്ങിയിരുന്നു... ഞാൻ ജനലിലൂടെ താഴേക്ക് നോക്കി...രാത്രിയിലും ബഹ്റൈൻ പ്രകാശം പരത്തി നിൽക്കുകയാണ്..  ക്രുത്രിമമായി സൃഷ്ടിച്ച ആ പ്രകാശക്കാഴ്ച്ചകൾക്കപ്പുറം ഇരുണ്ട ഗലികളിലും ഇടുങ്ങിയ കൂരകളിലും പ്രതിഷേധം അപ്പോഴും അലയടിക്കുന്നുണ്ടെന്ന് എനിക്ക് തീർച്ചയായിരുന്നു. സീറ്റ് ബെൽറ്റ് ധരിക്കാതെ വഴക്കുണ്ടാക്കി എന്റെ മടിയിൽ കയറിയിരുന്ന് ശങ്കർ പുറം കാഴ്ച്ചകൾ കൗതുകത്തോടെ കാണുന്നുണ്ടായിരുന്നു..
 
അച്ഛേ ഇനി എന്നാ നമ്മൾ തിരിച്ചു വരുന്നേ.. ശങ്കുവിന്റെ ചോദ്യം
 
വരണം.. തിരിച്ചു വരണം.. ഞാനവനോട് വെറുതേ പറഞ്ഞു..
 
ബഹ് റൈന്റെ പ്രകാശക്കാഴ്ച്ചകൾ മങ്ങിത്തുടങ്ങിയിരുന്നു.. താഴെ കടലിന്റെ അനന്തമായ കറുപ്പ്.... ആ അനന്തതയിൽ പുതിയ സ്വപ്നങ്ങളുടെ വെളിച്ചത്തുരുത്തുകൾ തിരഞ്ഞ് ഞാനിരുന്നു...

Friday, July 12, 2013

ബഹ്റൈൻ ഓരോർമ്മക്കുറിപ്പ്

അച്ഛാ  ദേ ..ഹെലിക്കോപ്റ്റർ .. ഫ്ലാറ്റിലെ ജനലിലൂടെ തല പുറത്തേയ്ക്കിട്ട് ശങ്കർ വിളിച്ചു പറഞ്ഞു.. പോലീസിന്റെ നിരീക്ഷണ ഹെലിക്കോപറ്ററുകൾ  ബഹ്റൈൻ ആകാശത്തെ സ്ഥിരം കാഴ്ച്ചയാണെങ്കിലും ശങ്കറിനിപ്പോഴും അത് പുതുമയാണ്..   ഞാൻ അവനൊപ്പം ജനലിലൂടെ പുറത്തേക്കു നോക്കി.. സധാരണയിലും വളരെ താഴ്ന്നു പറക്കുന്ന ആ ഹെലിക്കോപറ്റർ പോലീസിന്റേതല്ല... അതൊരു യുദ്ധ ഹെലിക്കോപ്റ്ററാണ്. അമേരിക്കയിൽ നിന്നും ബഹ് റൈൻ സ്വന്തമാക്കിയിരിക്കുന്ന അപ്പാച്ചേ ശ്രേണിയിലുള്ള യുദ്ധഹെലിക്കോപറ്റർ.  തുറന്നു വെച്ച അതിന്റെ വശങ്ങളിലൂടെ ഉള്ളിലിരിക്കുന്ന പട്ടാളക്കരെയും തോക്കുകളും വ്യകതമായി കാണാം..   ഇതു വരെ ഭയപ്പെട്ടതു സംഭവിക്കുവാൻ പോകുന്നു.. ഞാൻ പെട്ടെന്നു ശങ്കറിനെ അകത്തേക്ക് വലിച്ച് ജനൽ അടച്ചു.. കഴിഞ്ഞ രണ്ട് മാസത്തോളമായി നടക്കുന്ന ആഭ്യന്തര കലഹത്തിൽ പട്ടാള ഇടപെടൽ ഉണ്ടായിരിക്കുന്നു.. ബഹ് റൈൻ ടി വി യിൽ കോസ് വേ കടന്ന് സൗദിയിൽ നിന്നും പട്ടാള വാഹനങ്ങളുടെ നീണ്ട നിര രാജ്യത്തേക്കെത്തുന്നതിന്റെ ദൃശ്യങ്ങൾ.... കലാപം അടിച്ചമർത്താൻ അയൽരാജ്യങ്ങളുടെ സഹായം തേടുമെന്ന് ബഹ് റൈൻ ഭരണാധികാരികൾ  പറഞ്ഞത് ടി വിയിലൂടെ കേട്ടിരുന്നു..   ഹെലിക്കോപ്റ്റർ കാഴ്ച്ച തടഞ്ഞതിന്റെ പിണക്കം മറന്ന് ശങ്കർ എന്റെ മടിയിൽ കയറിയിരുന്നു  മൊബൈൽ എടുത്തു കളിക്കുകയാണ്.. ഗായത്രി അടുക്കളയിൽ എന്തോ പാചകത്തിരക്കിലാണ്.അവളും ഭയപ്പാടിലാണ്... ഗായത്രിയും മോനും വീടിനു പുറത്തിറങ്ങിയിട്ടു ദിവസങ്ങളായി.. പുറത്തു നിന്നും അക്രമങ്ങളുടെ വാർത്തകളാണ് കേൾക്കുന്നതെല്ലാം.. വിദേശീയരെ കലാപകാരികൾ പലയിടങ്ങളിലും ആക്രമിക്കുന്നു. ഞങ്ങൾ താമസിക്കുന്ന ഗലിയിലെ പാകിസ്ഥാനി സ്വദേശികളെല്ലാം കൂടി സംരക്ഷണ സേനയുണ്ടാക്കിയിരിക്കുകയാണ്. ഹൈവേകളിലെ വാഹന ഗതാഗതം ഏതാണ്ട് നിലച്ചിരിക്കുന്നു... ഞങ്ങളുടെ ഓഫീസിനു മുമ്പിലെ റോഡുകളിൽ മുഴുവൻ ഗതാഗത തടസ്സം ഉണ്ടാക്കിയിരിക്കുകയാണ്.. കലാപം ആരംഭിച്ച് ഒരു മാസം കഴിഞ്ഞിരിക്കുന്നു.. ആദ്യ ദിവസങ്ങളിലെ ആക്രമണങ്ങളും കൊലപാതകങ്ങളുമൊക്കെ അടങ്ങി രാജ്യം സാധാരണ രീതിയിലേക്ക് തിരിച്ചു വരികയായിരുന്നു.. കലാപകാരികൾ തമ്പടിച്ച പേൾ ചത്വരത്തിൽ പ്രതിഷേധക്കാരുടെ എണ്ണം അനുദിനം വർധിച്ചു വന്നു.. പ്രസംഗങ്ങളും തെരുവു നാടകങ്ങളും പ്രക്ഷോഭ ഗാനങ്ങളുമൊക്കെ യായി ബഹ് റൈന്റെ അധസ്ഥിത വർഗം രാജവാഴ്ച്ചയുടെ അനീതികൾക്കെതിരെ തടിച്ചു കൂടി. താൽക്കാലികമായി കെട്ടിയുയർത്തിയ നൂറുകണക്കിനു ടെന്റുകൾ കൊണ്ട്  നിറഞ്ഞ ചത്വരം ഒരു കാർണിവൽ മൈതാനത്തെ ഓർമിപ്പിച്ചു. എന്നാൽ ദിനം കഴിയും തോറൂം തങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കാത്ത ഭരണാധികാരികൾക്കെതിരെ രോഷം പതഞ്ഞുയരുവാൻ തുടങ്ങി.. സമാധാനപരമായ ചർച്ചകൾ തുടങ്ങി വെച്ചെങ്കിലും രാജ ഭരണത്തിന്റെ അന്ത്യം എന്ന ആവശ്യത്തിൽ തട്ടി അവയെല്ലാം തുടങ്ങിയടത്തു തന്നെ അവസാനിച്ചു.  പ്രക്ഷോഭകർ വീണ്ടും അക്രമത്തിലേക്ക് തിരിഞ്ഞു.. വിദേശീയർ പലയിടങ്ങളിലും ആക്രമിക്കപ്പെട്ടു .. രാജ്യം ഒരു വംശീയകലാപത്തിന്റെ വക്കിലേക്കടുത്തു..ഈ അവസ്ഥയിലാണ് കലാപം നേരിടാൻ ബഹ്റൈൻ അയൽ രാജ്യങ്ങളുടെ സഹായം തേടിയത്.. ഇത്ര നാളും  ഭയത്തോടെ ഓർത്തിരുന്നത് സംഭവിക്കുവാൻ പോകുന്നുവെന്ന് മനസ്സ് പറഞ്ഞു.. ശങ്കു മടിയിലിരുന്ന് ഗെയിം കളി തുടരുകയാണ്.. അരികിലേക്ക് വന്ന ഗായത്രിയെ ചേർത്തു നിർത്തി കൈയ്യിൽ ഞാൻ മുറുകെ പിടിച്ചു.. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.. ഒരു വർഷം മുമ്പ് ബ ഹ് റൈനിലേക്കെത്തുമ്പോൾ എന്തു പ്രതീക്ഷകളായിരുന്നു.. അവളുടെ ആഗ്രഹം പോലെ ബഹ് റൈനിലെ പ്രമുഖ വിദ്യാലയത്തി അധ്യാപികയായി ജോലിയും  ലഭിച്ചു.  കഷ്ടപ്പെട്ടാണെങ്കിലും നല്ല ഒരു ജീവിതം സ്വപ്നം കണ്ടിരിക്കുമ്പോഴാണ് അശനിപാതം പോലെ കലാപക്കൊടി ഉയർന്നത്.."സാരമില്ലേടാ എല്ലാം ശരിയാകും.. ഞാനവളെ ആശ്വസിപ്പിക്കാൻ വൃഥാ ശ്രമിച്ചു. പുറത്ത് ഹെലിക്കോപ്റ്ററുകളുടെ മൂളൽ ശക്തമായിക്കൊണ്ടിരുന്നു
*                                     *                                          *

ബഹ്റൈൻ എയർപോർട്ടിൽ ആദ്യമായി വിമാനമിറങ്ങുമ്പോൾ നല്ല മഴയായിരുന്നു.... മരംകോച്ചുന്ന തണുപ്പും... ആദ്യം ഞാനമ്പരന്നു പോയി.. വായിച്ചും കേട്ടും പരിചയമുള്ള ഗൾഫ് വിശേഷങ്ങളിലൊന്നും മഴയും തണുപ്പും ഒരിക്കലും കടന്നു വന്നിരുന്നില്ല. ഗൾഫെന്നാൽ മരുഭൂമിയുടെ ചുവപ്പും ചൂടുമാണെന്നാണ് അതുവരെ കരുതിയിരുന്നത്. ആഡംബരകാറുകളും അംബരചുംബികളും ഷോപ്പിങ്ങ്മാളുകളും പണക്കൊഴുപ്പിന്റെ മേളകളും ചേർന്ന ഗൾഫിന്റെ മനസ്സിൽ പതിഞ്ഞ  ഭംഗിയുള്ള രൂപത്തിന്റെ മുഖം മൂടി പിന്നീടോരോ ദിവസവും അഴിഞ്ഞു വീഴുന്നത് കൗതുകത്തോടെ കണ്ടു നിന്നു.. ബഹ്റൈൻ തലസ്ഥാനമായ മനാമയിലെ എക്സ്പ്രസ് ഹൈവേകൾക്കും അംബരചുംബികൾക്കും അപ്പുറം ഇരുളടഞ്ഞ ഗലികളും അവിടങ്ങളിൽ ജീവിതസമരം നടത്തുന്ന ജനസമൂഹത്തേയും കണ്ടു. അവരിൽ എല്ലാവരും ഉണ്ടായിരുന്നു..അറബിയും സുഡാനിയും ഫിലിപ്പിനോയും ബംഗാളിയും പിന്നെ  മലയാളിയും...എല്ലാവരും.
ബഹ് റൈനിലെ പ്രശസ്തമായ പ്രിന്റിങ്ങ് ഹൗസുകളിലൊന്നിലാണ് ഞങ്ങളുടെ പത്രം പ്രിന്റ് ചെയ്തിരുന്നത്.. പിന്നീടുള്ള രാത്രികളിൽ ഞാൻ പ്രസ്സിലെ സ്ഥിരം സന്ദർശകനായി.. 12 മണി വരെ നീളുന്ന പ്രസ് ജോലികൾക്കിടയിൽ  പരിചയപ്പെട്ടവരെല്ലാം തന്നെ ദരിദ്രരായ അറബി യുവാക്കളായിരുന്നു... ഗൾഫിന്റെ സമ്പന്നതയുടെ പുറം മോടിക്കാഴ്ച്ചകൾ കൊണ്ടും  മനം മയക്കുന്ന ഗൾഫ് സുഗന്ധദ്രവ്യങ്ങളുടെ വശ്യതകൊണ്ടും  മറച്ച് വെയ്ക്കപ്പെട്ട യഥാർഥ ഗൾഫ് ജീവിതങ്ങളുടെ പരിഛേദങ്ങൾ..ഏതൊരു പ്രവാസിയേയും പോലെ കേരളത്തിന്റെ പച്ചപ്പിനെക്കുറിച്ചും മഴയെക്കുറിച്ചുമൊക്കെ പ്രസ്സിലെ സുഹൃത്തുക്കളോടു ഞാൻ വാചാലനായി. ഗൾഫിൽ മഴയുടെ സൗന്ദര്യം അനുഭവിക്കാൻ കഴിയാത്തതിൽ അവരോട് സങ്കടപ്പെട്ടു... പക്ഷേ അവർക്ക് പറയാനുള്ളത് മറ്റൊരു കഥയായിരുന്നു വല്ലപ്പോഴും എത്തുന്ന മഴയിൽ പോലും വെള്ളം ചോർന്നൊലിക്കുന്ന അവരുടെ വീടുകളെക്കുറിച്ച്.... മഴയിൽ വീടൂതകർന്ന് മരിച്ച അവരുടെ സുഹൃത്തിനെക്കുറിച്ച്... ശരിയായ വാഹന സൗകര്യം പോലുമില്ലാത്ത അവരുടെ ഉൾനാടൻ ഗ്രാമത്തെക്കുറിച്ച്..തൊഴിലില്ലായ്മയെക്കുറിച്ച് ... രാജ്യത്തിന്റെ സ്വത്തെല്ലാം കൈക്കലാക്കി സുഖിക്കുന്ന ന്യൂനപക്ഷം വരുന്ന ഭരണാധികാരികളുടെ അടിച്ചമർത്തലുകളെക്കുറിച്ച്... നമുക്ക് ഒരിക്കലും ചിന്തിക്കാനാവാത്ത മനുഷ്യാവകാശ ധ്വംസനങ്ങളെക്കുറിച്ച്.....  അമർഷത്തിന്റെ കനൽ അവരുടെയെല്ലാം ഉള്ളിൽ എരിയുന്നത് കണ്ട് സത്യത്തിൽ എനിക്ക് ഭയം തോന്നി...
അമർഷം ഇടയ്ക്കിടെ ഒറ്റപ്പെട്ട പ്രതിഷേധങ്ങളായി ഉയരുന്നുണ്ടായിരുന്നു.. യുവാക്കൾ സംഘം ചേർന്നു.. അവർ റോഡുകളിൽ ടയർ കത്തിച്ചും ഗതാഗതം തടസ്സപ്പെടുത്തിയും ഇടയ്ക്കിടെ പ്രതിഷേധം അറിയിച്ചു.. പക്ഷേ അവയൊക്കെ തീർത്തും ഒറ്റപ്പെട്ടതായിരുന്നു പൗരജീവിതത്തിൽ യാതൊരു ചലനവും സൃഷ്ടിക്കാതെ അവയൊക്കെ മാഞ്ഞു പോയി..  ഞങ്ങളുടെ വാഹനവും പല പ്രാവശ്യം കത്തുന്ന ടയറുകളെ പരിഹസിച്ച് മറികടന്നു പോയി...
എന്നാൽ ആ ഒറ്റപ്പെട്ട പ്രതിഷേധങ്ങൾ തുടർന്നു നടക്കാനിരിക്കുന്ന വലിയ പ്രതിഷേധത്തിന്റെ മുൻ സൂചനകൾ മാത്രമായിരുന്നു.. 
                                                                                                                      (തുടരും)

Saturday, June 25, 2011

ഒരു കൊച്ചു സന്തോഷം

 ബഹ്റൈനിൽ കണ്ടുമുട്ടിയ ചിലെരെക്കുറിച്ചെഴുതിയ കൊച്ചു കുറിപ്പ് ജൂൺ 26 ന്റെ ദേശാഭിമാനി വാരാന്ത്യപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു.. (വായിക്കാൻ പടത്തിൽ ക്ലിക്ക് ചെയ്യുക)

Sunday, March 27, 2011

അമിട്ട് ബ്രദേഴ്സ് - തിരക്കഥ

രംഗം 1
കേരളത്തിലെ ഒരു ഉൾനാടൻ ഗ്രാമത്തിലെ സാധാരണ വീട്ടിലേക്ക് ക്യാമറ അന്തോം കുന്തോം ഇല്ലാതെ പാഞ്ഞു കയറുന്നു.. പശ്ചാത്തലത്തിൽ ടെലിഫോൺ ബെല്ലിന്റെ ശബ്ദം..ഹലോ.. വക്കീലല്ലേ.. ഇത് ഞാനാണ് വക്രദൃഷ്ടി ധനേഷ്.. അമിട്ട് മീറ്റിനു പോകുന്നില്ലേ...

അയ്യോ.. അമിട്ടോ...ബോബ് പൊട്ടിയെന്നോ.. എവിടെ.. അമ്മേ..
കട്ടിലിൽ നിന്നും പുതപ്പുമുടുത്ത്.. ഇറങ്ങിയോടുന്ന ആളിലേക്ക് ക്യാമറ സൂം ചെയ്യുന്നു..  ഫോണിൽ അമിട്ടെന്നു കേട്ടപ്പോൾ താൻ ബഹ്റൈനിലാണെന്നും ആരോ ബോംബ് ഇട്ടതാണെന്നും വിചാരിച്ച് കിടക്കപ്പായയിൽ നിന്നും ചാടി ഓടിയ വക്കീലിന്റെ പുറകേ പായുന്ന ക്യാമറ..ബോബ് ഷെൽറ്റർ ആണെന്നു കരുതി അടുക്കളയിലെ  അടുപ്പിന്റെ ചുവട്ടിൽ ഒളിച്ച  വക്കീലിന്റെ പേടിച്ച മുഖത്തിന്റെ ക്ലോസപ്പ് ഷോട്ട്..

രംഗം 2
കൊച്ചിയെ ലക്ഷ്യമാക്കി നീങ്ങുന്ന കാറിൽ സുഖനിദ്രയിലായിരുന്ന ധനേഷ് പെട്ടെന്നു കണ്ണു തുറന്ന് മണം പിടിച്ചു കൊണ്ട്  ..കൊച്ചിയെത്തീ..  എന്നു പറയുന്നു.. വണ്ടി നേരെ പാർക്കിങ്ങ് ഏരിയായിലേക്ക്..  ക്രെയിനിന്റെ മുകളിൽ വെച്ചു കെട്ടിയ ക്യാമറ ഗൂഗിൾ എർത്തിന്റെ സൂം ഔട്ട് മോഡിനെ അനുസ്മരിപ്പിക്കും വിധം മുകളിലേക്കു പോകുന്നു.. മറൈൻ ഡ്രൈവിന്റെ  ആകാശദൃശ്യം... ആകാശത്തു നിന്നും താഴോട്ടു പോരുന്ന ക്യാമറയുടെ മുന്നിൽ ഇപ്പോൾ തെളിയുന്നത് ഒരു നോക്കിയാ എൻ 8 ഫോണാണ്.. ഫോൺ കയ്യിൽ പിടിച്ച് മറൈൻ ഡ്രൈവിലോടെ അങോട്ടും ഇങോട്ടും പാഞ്ഞു നടക്കുന്ന സുമുഖനായ ചെറുപ്പക്കാരനിലേക്ക് ക്യാമറ സൂം ചെയ്യുന്നു..ബായ്ക്ക്ഗ്രൗണ്ടിൽ അമിട്ട് പൊട്ടുന്ന ശബ്ദത്തിന്റെ സ്പെഷ്യൽ ഇഫക്റ്റ്സ്.. ക്യാമറയിൽ നിന്നും ഫോക്കസ് ആളുടെ മുഖത്തേക്ക് മാറുന്നു.. അമിട്ട് സി എ ഒ... എന്തോ മല മറിക്കുന്ന ടെൻഷൻ അദ്ദേഹത്തിന്റെ മുഖത്ത് വാരിത്തേച്ചിട്ടുണ്ട്.  ഇടയ്ക്കിടയ്ക്ക്  മൊബൈൽ എടുത്ത് ആരെയൊക്കെയോ വിളിച്ച്  എന്തൊക്കെയോ പറയുന്നുണ്ട്.. കാലത്ത് 8 മണിക്കെത്തുമെന്നു അറിയിച്ചിരുന്ന പലരേയും  9 മണിയായപ്പോൾ കിടക്കപ്പായയിൽ നിന്നും ഫോൺ വിളിച്ച് ഉണർത്തിയെങ്കിലും അവരിൽ പലരും എണീറ്റ് മൂത്രമൊഴിച്ചിട്ട് വീണ്ടും കിടന്നുറങ്ങിയതിനാൽ 10 മണിയായിട്ടും മീറ്റ് ഏരിയാ ഷെമീലിന്റെ ട്വീറ്റ് ഇല്ലാത്ത ടൈം ലൈൻ പോലെ യാതൊരു അനക്കവുമില്ലാതെ കിടക്കുകയാണ്.

രംഗം 3
എറണാകുളം റൈയിൽ വേ സ്റ്റേഷൻ.. "ന്യൂ ഡെൽഹിയിൽ നിന്നും തിരുവനതപുരം വരെ പോകുന്ന 6678 നമ്പർ കേരളാ എക്സ്പ്രസ് രണ്ടാമത്തെ പ്ലാറ്റ്ഫോമിൽ നിൽക്കുന്നു" എന്ന അനൗൺസ്മെന്റ് പശ്ചാത്തലത്തിൽ.. ലേഡീസ് കമ്പാർട്ട്മെന്റിന്റെ മുമ്പിലേക്ക് ക്യാമറ നീങ്ങൂന്നു.. ലേഡീസ് കമ്പാർട്ട്മെന്റിനുള്ളിൽ നിന്നും പുറത്തിറങ്ങുന്ന സ്ത്രീകൾക്കിടയിലൂടെ "എച്ചൂസ് മീ ലേഡീസ്" എന്നു പറഞ്ഞ് പഞ്ചാരചിരിയുമായി പുറത്തേക്കിറങ്ങുന്ന യുവാവ്.. ലേഡീസ് കമ്പാർട്ട്മെന്റിൽ നിന്നും സ്ത്രീകൾ ആശ്വാസത്തോടെ നെടുവീർപ്പിടുന്നതിന്റെ വിവിധ ദൃശ്യങ്ങൾ ഈ ഷോട്ടിനോടൊപ്പം മിക്സ് ചെയ്തു കാണിക്കുന്നു..  ക്യാമറ റെയിൽ വേസ്റ്റേഷനു പുറത്തെ ദൃശ്യങ്ങളിലേക്ക്..  ട്രെയിനിലെത്തിയ യുവാവ് ഇപ്പൊൾ സ്റ്റേഷനു പുറത്തേ വനിതാ ഓട്ടോ ഡ്രൈവറുമായി  സൗഹൃദ സംഭാഷണത്തിലാണ്. നിന്റെ പേര് കുര്യൻ ന്നാണെങ്കിലും കുഞ്ഞാലിക്കുട്ടി എന്നാണെങ്കിലും കാശ് കൃത്യമായി തന്നാൽ മറൈൻ ഡ്രൈവിൽ കൊണ്ടെത്തിക്കാം അല്ലാതെ കിന്നാരോം പറഞ്ഞോണ്ട് വന്നാൽ എന്റെ സ്വഭാവം മാറും..ഓട്ടോക്കാരിയുടെ ഡയലോഗിനു റിപ്ലെ ആയി സ്മൈലി മാത്രം അടിച്ച് കുര്യൻ ഓട്ടോയിലേക്ക് കയറുന്നതിന്റെ ദൃശ്യം.

രംഗം 4
മറൈൻ ഡ്രൈവിന്റെ വാക്ക് വേയുടെ സമീപ ദൃശ്യം. വെളുത്ത ടീ ഷർട്ടുമിട്ട് ജയിൽ പുള്ളികളേപ്പോലെ കൂട്ടം കൂടിനിൽക്കുന്ന ചെറുപ്പാക്കാരിലേക്ക് ക്യാമറ സൂം ചെയ്യുന്നു.പല തരക്കാരായവർ. പല സംസാര ശൈലികളുള്ളവർ മൊത്തത്തിൽ കേരളത്തിന്റെ ഒരു ക്രോസ് സെക്ഷൻ എന്നു പറയാവുന്ന ഒരു കൂട്ടം..പെട്ടെന്നു ക്യാമറ സ്ക്രീനിനു മുമ്പിൽ ഒരു വെള്ള മതിൽ.. സൂം ബായ്ക്ക് ചെയ്യുന്ന ക്യാമറയ്ക്കു മുമ്പിൽ ഒരു ഭീമാകാരരൂപം... അമിതവണ്ണമുള്ള ഇയാൾക്ക് ചുറ്റും  കൂടിനിൽക്കുന്ന ബാക്കി സംഘാംഗങ്ങളെ കണ്ടാൽ ചക്കപ്പഴത്തിൽ ഈച്ചകൾ പൊതിഞതു പോലെ തോന്നും . തുടർന്ന് വിദൂരത്തിൽ കാണുന്ന ഗോശ്രീ പാലത്തിലേക്ക് പോകുന്ന ക്യാമറ.. പാലത്തിൽ കൂടി പാഞ്ഞു വരുന്ന  ബൈക്കിൽ ഇപ്പോ തുന്നൽ പൊട്ടും എന്ന കണക്കിനുള്ള ബനിയനുമിട്ട് ഒരു യുവാവ്.... ക്ലോസപ്പ് ഷോട്ടിലേക്ക് മാറുമ്പോൾ യുവാവിന്റെ മുഖം വ്യക്തമാകുന്നു.. വിനു ഫ്രം വാരാപ്പുഴ..   ബൈക്ക് പാർക്ക് ചെയ്ത ശേഷം അയാൾ തിരക്കു പിടിച്ച്  ഹൈക്കോർട്ട് ജംഗ്ഷനിൽ വർക്ക്ഷോപ്പ് നടത്തുന്ന ആന്റപ്പൻ ചേട്ടന്റെ കട ലക്ഷ്യമാക്കി നടക്കുന്നു.  അവിടുള്ള വണ്ടികളുടെ ബ്രേക്ക് സെറ്റ് ചെയ്ത ശേഷം മറൈൻ ഡ്രൈവിലേക്ക് ഓടുന്ന വിനുവിന്റെ ബാക്ക് ഷോട്ടിൽ നിന്നും ക്യാമറ നേരെ അമിട്ട് മീറ്റ് വേദിയിലേക്ക് കട്ട് ചെയ്യുന്നു.

രംഗം 5
വേമ്പനാട്ട് കായലിലെ ചെളിയിൽ  ഫോക്കസ് ചെയ്ത ക്യാമറ പതിയെ അമിട്ട് അംഗങളുടെ ചെളിയിലേക്ക് തിരിയുന്നു.. ചെളിയടിക്കുന്നതിനൊപ്പം വിവിധ തരത്തിലുള്ള ക്യാമറകളിൽ സ്വന്തം ചിത്രങ്ങൾ പകർത്തി അളിയാ കിടിലം.. കൊല എന്നൊക്കെ പറഞ്ഞ് ആസ്വദിക്കുന്നവർ. പരസ്പരം പരിചയം പുതുക്കുന്നതിന്റെ ദൃശ്യങ്ങൾ. പെട്ടെന്ന് അയ്യോ റെക്കൊക്സ് വരുന്നേ രക്ഷിക്കണേ എന്നൊരു നിലവിളീ.. അമിട്ടന്മാരെല്ലാവരും ഭീതിയോടെ വാക്ക്വേയിലേക്ക് നോക്കുന്നു..ബാബു ആന്റണിക്ക് ഭീമൻ രഘുവിൽ ഉണ്ടാായതുപോലെ ഒരു അജാനബാഹു നടന്നു വരുന്ന ദൃശ്യം സ്ലോമോഷനിൽ.. അടുത്തു വന്ന് എല്ലാവരെയും ഒന്നു കനപ്പിച്ച് നോക്കിയതിനു ശേഷം.. കിളി ചിലയ്ക്കുന്ന ശബ്ദത്തിൽ അളിയന്മാരെ നിങ്ങളെ കാണാതെ ഞാൻ പേടിച്ചു നടക്കുവാരുന്നു എന്നു പരിഭ്രമത്തോടെ പറയുന്ന റെക്കോക്സ്.. ചുറ്റും കൂടി നിന്നവരുടെ മുഖത്തെ "അയ്യേ" എന്ന ഭാവം ക്ലോസപ്പ് ഷോട്ടിൽ.

രംഗം 6
വൺസ് അപ്പോൺ എ ടൈം കണ്ടിട്ടുണ്ടോ.. നിങുവ്വാ ചുങുവായുടെ  മ്യാവാത്യൂമാ ഞാനിനലെ കണ്ടു.. ഹോ കിടിലം പടം..  പൂവൻ കോഴിയുടെ  വാലുപോലെ മുടിയുള്ള ഒരു ചെറുപ്പക്കാരൻ അന്താരാഷ്ട്ര സിനിമകളെക്കുറിച്ച് ക്ലാസ് എടുക്കുന്ന രംഗം.ജൈ തെ വാന്റെയും സാ ജെ ജാന്റെയും ആരാധകരായ മറ്റ് അമിട്ടന്മാർ വായിൽകൊള്ളാത്ത സിനിമാ പേരുകൾ കേട്ട് മാജിക് മഷ്രൂം അടിച്ച കിത്തൂസിനേപ്പോലെ തലകറങ്ങിയിരിക്കുന്നു. മറൈൻ ഡ്രവിന്റെ മുൻഭാഗത്തേക്ക് ക്യാമറതിരിയുന്നു... ജി സി ഡി എ യ്ക്ക് മുമ്പിലെ ജനക്കൂട്ടത്തിലേക്ക് ക്യാമറ സൂം ചെയ്യുന്നു.. ആൾക്കൂട്ടത്തിനു നടുവിൽ കഷ്ടിച്ച് 8 വയസ്സു പ്രായം തോന്നുന്ന  ഒരു ചെറിയ പയ്യൻ പരിഭ്രമിച്ചു നിൽക്കുന്നു. ചുറ്റും കൂടി നിൽക്കുന്ന ആളുകളോട് അവൻ തമിഴിൽ എന്തൊക്കെയോ പറയുന്നുണ്ട്.തന്റെ ഇരട്ടി വലിപ്പമുള്ള ബാഗും തൂക്കി ചെന്നൈയിൽ നിന്നും വന്നിറങ്ങിയ പയ്യൻ  സ്കൂളിൽ പോകുന്ന വഴി ഒളിച്ചോടിയതാണെന്ന സംശയത്തെ തുടർന്നാണ് നാട്ടുകാർ പിടിച്ചു വെച്ചിരിക്കുന്നത്.താൻ ചെന്നൈ സൈദാപ്പേട്ടിലെ വാസുദേവാ ഹോട്ടലിലെ മേയർ ആണെന്നൊക്കെ പയ്യൻ പറയുന്നുണ്ടെങ്കിലും ആൾക്കാർ സമ്മതിക്കുന്നില്ല.

രംഗം 7
അമിട്ടന്മാർ എല്ലാം ബോട്ടിലേക്ക് ചാടിക്കയറുന്നു.. അപ്പോൾ ക്യാമറയും കൂടെ ച്ചാടുന്നു. ബോട്ടിന്റെ മുകൾ നിലയിൽ ലൈഫ് ജാക്കറ്റൊക്കെ ഇട്ട്  ഇല്ലാത്ത ധൈര്യം ഉണ്ടെന്നു വരുത്തി മസ്സിലു പിടിച്ചിരിക്കുന്ന അമിട്ടന്മാരുടേ ആകാശത്തുനിന്നുള്ള വൈഡ് ആങ്കിൾ ഷോട്ട്.. ബോട്ട് യാത്ര പുരോഗമിക്കുന്നതിന്റെ വിവിധ ദൃശ്യങ്ങൾ. കൊച്ചിക്കായലിലെ ഒരു മറവിൽ നിന്നും ബോട്ടിനു നേരെ ഒരു കോസ്റ്റ് ഗാർഡ് ബോട്ട് പാഞ്ഞു വരുന്നു. ബോട്ടുകാരോട് കയർക്കുന്ന കോസ്റ്റ്ഗാർഡുകാരുടേയും പേടിച്ചു വിറച്ചിരിക്കുന്ന അമിട്ടന്മാരുടേയും ക്ലോസപ് ഷോട്ടുകൾ.  നിരോധിത മേഖലയിൽ പ്രവേശിച്ച ബോട്ടിനോട്.. ഭാഗോ എന്നു പറഞ്ഞ് കോസ്റ്റ്ഗാർഡ് മടങ്ങിയതും..  ബോട്ടിന്റെ മുകൾ നിലയിൽ നിന്നും എഴുന്നേറ്റോടാൻ ശ്രമിക്കുന്ന കുര്യൻ.. ഇൻഡ്യാ ഗേറ്റ്, പാലികാ ബസാർ, ഓൾഡ് ഡെൽഹി ഏരിയാ തുടങ്ങിയ ഡൽഹിയിലെ നാലുപേർ കൂടുന്ന സ്ഥലങ്ങളിൽ എവിടെ എത്തിയാലും കുര്യൻ സ്ഥിരമായി കേൾക്കുന്ന വാക്കാണത്രേ ഭാഗോ.. ആദ്യ രണ്ടുമൂന്നു തവണ ഭാഗോ എന്നു കേട്ട് എന്താണ് എന്നു മനസ്സിലാകാതെ ചിരിച്ചു കൊണ്ടു നിന്നപ്പോൾ ഉണ്ടായ അനുഭവം മനസ്സിലുള്ളത്കൊണ്ട് ഇപ്പോൾ ഭാഗോയുടെ ഭാ കേട്ടാലുടൻ തന്നെ ഓടുകയാണ് പതിവെന്ന് വികാരാധീനനായി വിശദീകരിക്കുന്ന കുര്യന്റെ വിവിധ ദൃശ്യങ്ങൾ.കർണ്ണാടകത്തിൽ ആദ്യം അടി കഴിഞ്ഞിട്ടാണ് "ഓടി ബേയ്ക്കൂ" എന്നു പറയുന്നതെന്ന് വിവരിക്കുന്ന പോഞ്ഞിക്കര.

രംഗം 8
ബാംഗ്ലൂരിലെ ഒരു റെസിഡൻഷ്യൽ ഏരിയാ.. ഫ്ലാറ്റിന്റെ ഉള്ളിലെ ദൃശ്യം.. കള്ളിത്തോർത്തും ഉടുത്ത് കഴുത്തിൽ ടൈയ്യും കെട്ടിയ ഒരു യുവാവ്  ഫ്ലാറ്റിന്റെ അടുക്കളയിലൂടെ തിരക്കിട്ട് നടക്കുന്ന ദൃശ്യം.  അടുക്കളയിലെ വാഷ്ബേസിനിലിരിക്കുന്ന  കഴുകാനുള്ള പാത്ര കൂമ്പാരത്തിന്റെ   ദൃശ്യം.പാത്രം കഴുകുന്നതിനിടയിൽ അദ്ദേഹം ആരെയോ പേടിയോടെ നോക്കുന്നുണ്ട്.  ഇടയ്ക്കിടെ വരുന്ന ഫോൺകോളുകൾ അദ്ദേഹത്തെ നിരാശനാക്കുന്നുണ്ട്.ഓഫീസിൽ തിരക്കായിപ്പോയെടാ ഇന്നൊരു കെട്ടു പാത്രം .. സോറി പ്രോജക്റ്റ്  റിലീസ് ചെയ്യാനുണ്ട് എന്നു ഫോണിൽ പറഞു ദീർഘ നിശ്വാസം ഉതിർക്കുന്ന ഷോട്ട്.   തിരക്കിട്ട് പാത്രം കഴുകിയതിനു ശേഷം കള്ളിത്തോർത്തു മാറ്റി പാന്റിടാൻ മുറിയിലേക്കോടിയ യുവാവ്  കഴുകാനുള്ള തുണികളുടെ കൂമ്പാരം മുന്നിൽ കണ്ട് നിരാശയോടെ ടൈ അഴിച്ചിട്ട് തുണികളെടുത്ത് വാഷിങ് മെഷീനു സമീപത്തേക്ക് നടക്കുന്ന ദൃശ്യം.. തുണി കഴുകുന്നതിനിടയിലും യുവാവ് ചിന്താമഗ്നനാണ്. ഇടയ്ക്കിടെ മുറിയിലേക്കോടി കമ്പ്യൂട്ടറിൽ ട്വിറ്റർ എടുത്ത് എന്തൊക്കെയോ ട്വീറ്റ് ചെയ്യുന്നു..എല്ലാ ട്വീറ്റിന്റെയും അവസാനം "ഹൈ ഐക്യു" എന്നു ചേർക്കാൻ അയാൾ മറക്കുന്നില്ല.

രംഗം 9
കൊച്ചിയിലെ ഒരു ഹോട്ടലിന്റെ മുൻ വശം.. തീറ്റയെടുപ്പ് കഴിഞ്ഞ് അവശരായി പുറത്തേക്കിറങുന്ന അമിട്ടന്മാർ. വിവിധ വാഹങ്ങളിൽ കയറി എല്ലാവരും യാത്രയ്ക്ക് തയ്യാറാകുന്നു.. കൊച്ചി നഗരത്തിലൂടെ കുതിക്കുന്ന അമിട്ട് വാഹനങ്ങളുടെ വിവിധ ദൃശ്യങ്ങൾ. ബൈപാസിലെ വിജനമായൊരിടം.. . മുമ്പിൽ പോയ ഒരു പെട്ടി ഓട്ടോറിക്ഷയിൽ നിന്നും തെറിച്ചു വീണ ആപ്പിൾ എടുക്കുവാനായി റോഡിനു നടുവിലേക്കോടുന്ന ഒരു നാടോടി ബാലിക. ഇരുഭാഗത്തു നിന്നും വാഹനങ്ങൾ ചീറിപ്പാഞ്ഞു വരുന്നു.. എന്തും സംഭവിക്കാവുന്ന രംഗം. പെട്ടെന്ന് ഒരാൾ ഓടിയെത്തി ബാലികയെ റോഡരികിലേക്ക് തട്ടി മാറ്റുന്നു.. എന്നിട്ട് റോഡിൽ കിടന്ന ആപ്പിളുമെടുത്ത് റോഡരികിലേക്ക് തലകുത്തി മറിഞ്ഞ് സുരക്ഷിതനായി ലാന്റ് ചെയ്യുന്നു. ആപ്പിളിനായി കരയുന്ന കൊച്ചിനു കൊടുക്കാതെ അത് കിട്ടിയപാടെ ആക്രാന്തത്തോടെ കടിച്ചു തിന്നുന്ന ആളുടെ മുഖത്തേക്ക് ക്യാമറ സ്ലോ മോഷനിൽ സൂം ചെയ്യുന്നു.. ഇവിടെ വെച്ചാണ് നായകൻ രംഗപ്രവേശം ചെയ്യുന്നത്.. സൂപ്പർസ്റ്റാർ ഷാജിൻ... നായകൻ അമിട്ട് വാഹനത്ത്നുള്ളിലേക്ക് സ്ലോമോഷനിൽ കയറുന്നതിന്റെ ദൃശ്യങ്ങൾ..

രംഗം 10
ചേറായി കടാപ്പുറത്ത് അർമാദിക്കുന്ന അമിട്ടന്മാരുടെ വിവിധ ആങ്കിളിൽ നിന്നുള്ള ഷോട്ടുകൾ. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള വിവിധ പ്രദേശങ്ങളിൽ നിന്നും ട്വിറ്ററിലൂടെ സൗഹൃദലോകത്തെത്തിയ ഒരു പറ്റം യുവാക്കളുടെ സൗഹ്രുദത്തിന്റെ ആഴം വ്യക്തമാക്കുന്ന വിവിധ ദൃശ്യങ്ങൾ.കടലിലേക്ക് ചായുന്ന സൂര്യനിൽ നിന്നും തുടങ്ങുന്ന ഷോട്ട് ചെന്നു നിൽക്കുന്നത് അസ്തമന ഫോട്ടോ എടുക്കൻ എന്ന വ്യാജേന കടലിലെ കുളിസീൻ പടം പിടിക്കുന്ന കുര്യന്റെ ക്യാമറയുടെ ലെൻസിൽ. മീറ്റിന്റെ വരവ് ചെലവ് കണക്കുകൾ കൂട്ടാൻ സ്വന്തമായി ഉണ്ടാക്കിയ സോഫ്റ്റ് വെയർ ചതിച്ചതിനാൽ കയ്യിൽ നിന്നും കാശുപോയ സി ഇ ഒയുടെ ദീനരോദനത്തിലേക്ക് ക്യാമറ തിരിയുന്നു. പൈസയുടെ കാര്യമൊക്കെ ഇങ്ങിനെയാ ഇന്നു പോകും നാളെയും പോകും എന്നു പറഞ്ഞ് ആശ്വസിപ്പിക്കുന്ന സഹ അമിട്ടന്മാർ.

രംഗം 11
ഒബ്രോൺ മാൾ.. മൊബൈലിന്റെ പ്രൊമോഷനുവേണ്ടി ഡയലോഗ് വിടുന്ന പെൺകൊച്ചിനെ ഇടവും വലവും തിരിയാൻ സമ്മതിക്കാതെ അമിട്ടന്മാരുടെ കൂട്ടം.പെണ്ണു കെട്ടിയ സി ഇ ഒ യും പെണ്ണു കിട്ടാത്ത സൂപ്പർ സ്റ്റാറുമൊക്കെ പെൺകൊച്ചിന്റെ ഡയലോഗിനു മറുകോഡെഴുതുന്നതിന്റെ വിവിധ ദൃശ്യങ്ങൾ. അമിട്ടോ ഇതെന്തൊരു കുന്തം എന്ന മട്ടിൽ സംഭവം വീക്ഷിക്കുന്ന ഒബ്രോൺ മാളിലെ ജനസഞ്ചയത്തിന്റെ വൈഡ് ആങ്കിൾ ഷോട്ട്.പിന്നെ യാത്ര പറഞു പിരിയുന്നതിനുള്ള സമയം.... ചിരിച്ചും കളിച്ചും മറ്റെല്ലാം മറന്നും അടിച്ചുപൊളിച്ച ഒരു ദിവസത്തിന്റെ അവസാനം വീണ്ടും ജോലിയുടേയും  ജീവിതത്തിന്റെയും ലോകത്തേക്ക് മടങ്ങുന്ന അമിട്ട് അംഗങ്ങൾ..... മുമ്പൊരിക്കലും കണ്ടിട്ടില്ലാത്തവർ തമ്മിൽ വർഷങ്ങളുടെ ഹ്രുദയബന്ധം ഉണ്ടാക്കുന്ന ഈ മാന്ത്രിക വിദ്യ അമിട്ടിനു മാത്രം സ്വന്തമെണെന്നു തെളിയിക്കുന്ന വികാര നിർഭരമായ വിടപറയൽ രംഗങ്ങൾ..... കൊച്ചി നഗരത്തിന്റെ വാഹനത്തിരക്കിലേക്ക് ഊളയിടുന്ന അമിട്ട് വാഹനങ്ങളുടെ ദൃശ്യത്തിൽ ഷോട്ട് ഫ്രീസ് ചെയ്യുന്നു.... പശ്ചാത്തലത്തിൽ ഐഡിയാ സ്റ്റാർ സിങ്ങറിലെ എലിമിനേഷൻ റൗണ്ടിൽ പാടുന്ന ആ വിരഹ ഗാനത്തിന്റെ ശീലുകൾ.. " വിട പറയുകയാണോ ചിരിയുടെ വെൺ പ്രാവുകൾ".........

Tuesday, September 28, 2010

ഗെയിംസ് വേദിയില്‍ നിന്നും തല്സമയം...


നമസ്ക്കാരം കോമണ്‍വെല്ത്ത് ഗെയിംസ് തല്സമയ സംപ്രേഷണത്തിലേക്ക് സ്വാഗതം. ഗെയിംസ് നഗരിയില്‍ നിന്നും നേരിട്ടുള്ള വിഷേഷങ്ങളുമായി ഇന്നു മുതല്‍ ഞങ്ങളുടെ പ്രതിനിധികള്‍ നിങ്ങളോടൊപ്പം ഉണ്ടാകും..  

.. ഡേയ്.. അവിടെ പച്ചക്കളര്‍ മതി.. ദോ ആ ക്യാമറേടെ മുന്നിലുള്ള ചേച്ചി ഇരിക്കുന്ന കസേരേടെ ഒരു കാല്‍ പിടിപ്പിച്ചിട്ടില്ല.. അവിടേ രണ്ടിഷ്ടിക എടുത്തു വെച്ച് അഡ്ജസ്റ്റ് ചെയ്യ്.. 

ഹലോ.. ക്ഷമിക്കണം .. ഗെയിംസ് വില്ലേജിലെ ഞങ്ങളുടെ സ്റ്റുഡിയോയുടെ പണി നടന്നുകൊണ്ടിരിക്കുകയാണ്  പണി കരാര്‍ എടുത്തിരിക്കുന്ന മേസ്തിരി സുകുവിന്റെ ശബ്ദമാണ് നിങ്ങള്‍  ഇതു വരെ കേട്ടത്. തല്സമയ സംപ്രേഷണം തുടരുന്നു.. 

ഏറ്റവും പുതിയ വിവരങ്ങളുമായി ഗെയിംസ് വില്ലേജില്‍ നിന്നും രാജേഷ് നമ്മോടൊപ്പമുണ്ട്.. രാജേഷ് പറയൂ എന്താണവിടുത്തെ അവസ്ഥ..
ശാന്തി.. ഗെയിംസ് വില്ലേജില്‍  ആളുകള്‍ എത്തിത്തുടങ്ങിയിട്ടുണ്ട്.. പാമ്പ് വേലപ്പന്റെ നേതൃത്വത്തിലുള്ള 25 അംഗ പാമ്പ് പിടുത്ത സംഘമാണ് വില്ലേജില്‍ ആദ്യമെത്തിയത്. അവര്‍ സംഘങ്ങളായി തിരിഞ്ഞ് പാമ്പുകളെ കണ്ടെത്താനുള്ള ശ്രമത്തിലാണ്‍.. ഇതു വരെയായി  14 മൂര്‍ഖന്‍ 8 അണലി 15 ശംഖുവരയന്‍ 20 ചേര എന്നിങ്ങനെയാണ് ലഭിച്ച പാമ്പുകളുടേ കണക്ക്.. പണി പുരോഗമിക്കുന്നതിനനുസരിച്ച് എണ്ണം ഇനിയും വര്‍ദ്ധിക്കുമെന്നാണ് പ്രതീക്ഷയെന്നാണ് കുറച്ചു മുമ്പ് പാമ്പ് വേലപ്പന്‍ നമ്മോട് പറഞ്ഞത്.. നാണപ്പന്റെ നേതൃത്വത്തിലുള്ള എലിപിടുത്ത സംഘവും.. ഡെല്ഹി പോലീസ് നിയോഗിച്ച പ്രത്യേക പട്ടി പിടുത്തസംഘവും പണി തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. ഇനി ആമമാര്‍ക്ക് കൊതുകുതിരി സ്പോണ്സര്‍ ചെയ്യുന്ന കൊതുകുതുരത്തല്‍ സംഘമാണ് എത്താനുള്ളത്.. ശാന്തി....

നന്ദി രാജേഷ്.. ഇപ്പോള്‍  സ്റ്റേഡിയത്തിനുള്ളില്‍ നിന്നും പ്രമോദ് നമ്മോടൊപ്പം ചേരുന്നു.. പ്രമോദ് ഒരുക്കങ്ങള്‍ എവിടം വരെയെത്തി..

ശാന്തി.. ഇളകി വീണ മേല്പ്പാളി തിരികെ ഉറപ്പിക്കുന്ന ശ്രമങ്ങളാണ് ഇവിടെയിപ്പോള്‍ നടക്കുന്നത്.. ഒരെണ്ണം ഉറപ്പിക്കുമ്പോഴേക്കും അടുത്തത് ഇളകി വീഴുന്നതിനാല്‍ ഗെയിംസ് തീരുന്നത് വരെ ഇളകി വീഴുന്ന പാളികള്‍ അപ്പപ്പോള്‍ തന്നെ തിരികെ ഉറപ്പിക്കാന്‍  ഒരു പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നാണ് സംഘാടകര്‍ അറിയിച്ചത്. കൂടാതെ പാളി താഴെ വീണ് കാണികള്‍ക്കും കായികതാരങ്ങള്‍ക്കും പരിക്ക് പറ്റാതിരിക്കാന്‍ സ്റ്റേഡിയത്തിന്റെ മുകള്‍ ഭാഗം മുഴുവന്‍ മീന്‍ വല കെട്ടി സംക്ഷിക്കുവാനും അധികൃതര്‍ തീരുമാനിച്ചിട്ടുണ്ടെന്നാണ് അറിയുവാന്‍ കഴിഞ്ഞത്. ഇതിനായി മീന്‍ വലകള്‍ വാടകയ്ക്കെടുക്കാന്‍ വിവിധ മല്സ്യബന്ധന കേന്ദ്രങ്ങളിലേക്ക് പ്രത്യേക സംഘം തിരിച്ചു കഴിഞ്ഞിട്ടുണ്ട്.   ഗെയിംസ് തീരുന്നതു വരെ മല്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കായിക മന്ത്രാലയം നിര്‍ദ്ദേശം നല്കിയിട്ടുണ്ടെന്നും അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. സ്റ്റേഡിയത്തിലെ കസേരകളിലും മറ്റുമിരിക്കുന്ന കാണികള്‍ക്കും കായിക താരങ്ങള്‍ക്കും അവ ഒടിഞ്ഞു വീണ് അപകടം പറ്റാതിരിക്കാന്‍  കസേരകളില്‍ "സൂക്ഷിച്ചിരിക്കുക" എന്ന നിര്‍ദേശത്തോടുകൂടിയ സ്റ്റിക്കര്‍ പതിക്കാനും സംഘാടക സമിതി തീരുമാനിച്ചിട്ടുണ്ട് ..

ശരി പ്രമോദ് .. മറ്റൊരു പ്രധാന വാര്‍ത്തയിലേക്ക്.. ആസ്ട്രേലിയായില്‍ നിന്നും ഗെയിംസില്‍ പങ്കെടുക്കാനെത്തിയ ഡിസ്കസ് ത്രോ താരത്തിനു പരിശീലനത്തിനായി ലഭിച്ച ഡിസ്കസ്  പരിചിതമല്ലാത്ത എന്തോ പദാര്ത്ഥം കൊണ്ടുണ്ടാക്കിയതാണെന്ന് പരാതി ഉയര്ന്നിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങളുമായി പരിശീലന കേന്ദ്രത്തില്‍ നിന്നും പ്രിയ നമ്മോടൊപ്പമുണ്ട്.. പ്രിയാ കേള്‍ക്കാമോ.. എന്താണവിടെ സംഭവിച്ചത്..

ശാന്തി.. ആസ്ടേലിയന്‍ അത് ലറ്റിനു  ലഭിച്ച ഡിസ്കസ് ഗോതമ്പുമാവുകൊണ്ടുണ്ടാക്കിയതാണ് എന്നു സ്ഥിതീകരിച്ചിട്ടുണ്ട് . ഇതു സംബന്ധിച്ച് സംഘാടകസമിതിയുടെ വിശദീകരണം ലഭിച്ചിട്ടുണ്ട് അതുപ്രകാരം ഗെയിംസില്‍ പങ്കെടുക്കുന്ന ഇന്‍ഡ്യന്‍ കായിക താരങ്ങള്‍ക്ക് നല്കുന്നതിനായി കൊണ്ടു പോയ ചപ്പാത്തിയാണ് ആളുമാറി ആസ്ട്രേലിയന്‍ താരത്തിനു ലഭിച്ചത്. അവര്‍ ഇത് ഡിസ്കസ് ആണെന്നു തെറ്റിദ്ധരിച്ച് പരിശീലനത്തിനുപയോഗിക്കുകയായിരുന്നു. എന്നാല്‍ മാവു കൊണ്ടുള്ള ഡിസ്കസ് നന്നായി പ്രവര്ത്തിക്കുന്നു എന്നാണ് അവര്‍ അല്പം മുമ്പ് നമ്മോടു പറഞ്ഞത്. എന്തായാലും ഭാവിയില്‍ ഇത്തരം ഡിസ്കുകള്‍ മല്സരത്തിനു ഉപയോഗിക്കുവാന്‍ ഈ സംഭവം പ്രേരണയാകുമെന്നു കരുതുന്നു

അടുത്ത ദിവസം...
ഗെയിംസ് മല്സര വേദിയില്‍ നിന്നും തല്സമയം

ഗെയിംസ് വേദിയില്‍ നിന്നും ഒരു സന്തോഷവാര്ത്തയുണ്ട്.. ഗെയിംസിലെ പ്രധാന ഇനങ്ങളിലൊന്നായ പുരുഷന്മാരുടെ 400 മീറ്റര്‍ ഓട്ടത്തില്‍  ആഫ്രിക്കയില്‍ നിന്നുള്ള താരം ലോക റെക്കാര്‍ഡോടേ സ്വര്‍ണ്ണം കരസ്ഥമാക്കിയിരിക്കുന്നു.. തൊട്ടൂ മുമ്പത്തെ ലോകറിക്കാഡിനെക്കാള്‍ മിനിട്ടുകളുടെ വ്യത്യാസത്തിലാണ് പുതിയ റിക്കാഡ്.. ഇത് ഗെയിംസ് ചരിത്രത്തിലെ അത്യപൂര്‍വ സംഭമായേ കണക്കാക്കാന്‍ കഴിയൂ.. കൂടുതല്‍ വിവരങ്ങള്‍ക്കായി മല്സര വേദിയില്‍ നിന്നും പ്രമോദ് നമ്മോടൊപ്പം..

പ്രമോദ് 400 മീറ്ററില്‍ ലോക റിക്കാര്‍ഡ്.. ഗെയിംസ് ചരിത്രമാകുകയാണോ..
ശാന്തി.. അല്പം മുമ്പാണ് ആഫ്രിക്കന്‍ താരം 400 മീറ്ററില്‍ ലോക റിക്കോഡിട്ടത്.. നിലവിലുള്ള റിക്കാഡിനെക്കാള്‍ മിനിട്ടുകളുടെ വ്യത്യാസത്തിലാണ്‍.. പുതിയ റിക്കാഡിട്ടത്.. സാധാരണ സെക്കന്റുകളുടെ വ്യത്യാസം മാത്രമേ വരാറുള്ളൂ.. അതുകൊണ്ടു  ഒഫീഷ്യല്സ് ഫലം വിശദമായി വിലയിരുത്തുകയാണ്‍.. റിക്കാര്‍ഡ് തകര്‍ത്ത കായികതാരവും  അവിശ്വസനീയതയോടെയാണ് ഫലപ്രഖ്യാപനം ശ്രവിച്ചത്. മല്സര ഒഫീഷ്യല്സ് ട്രാക്കിനു സമീപം തന്നെയുണ്ട്.. അവര്‍ എന്തോ ഗൌരവകരമായ ചര്‍ച്ചയിലാണ്‍.. പല ഉപകരണങ്ങളും ഉപയോഗിച്ച് ഗ്രൌണ്ട് പരിശോധിക്കുന്നുണ്ട്.. എന്താണ് സംഭവിക്കുന്നത് എന്നു മനസ്സിലാകുന്നില്ല...
പ്രമോദ് വിശാംശങ്ങള്‍ ശേഖരിക്കുവാന്‍ ശ്രമിക്കൂ..
ശാന്തി... ഏറ്റവും ഒടുവില്‍ ലഭിച്ച വിവരപ്രകാരം 400 മീറ്ററിനായി തയ്യാറാക്കിയ ട്രാക്കിന്റെ നീളം യഥാര്ത്ഥത്തില്‍ 350 മീറ്ററേ ഉണ്ടായിരുന്നുള്ളൂ എന്ന നിര്ണായക വിവരം പുറത്തുവന്നിരിക്കുകയാണ് ശാന്തി..

പ്രമോദ് എന്താണ് സംഘാടക സമിതിയുടെ പ്രതികരണം..
സമിതി അംഗങ്ങളെയൊന്നും പ്രതികരണത്തിനായി ലഭ്യമല്ല.. എന്നാല്‍ ഒടുവില്‍ കിട്ടിയ വിവര പ്രകാരം 400 മീറ്റര്‍ ഓട്ടമല്സരം എന്നത് 350 മീറ്റര്‍ ഓട്ട മല്സരം എന്നാക്കി പ്രശ്നം പരിഹരിക്കുവാന്‍ ശ്രമം നടക്കുന്നുണ്ടെന്നാണ് അറിയുവാന്‍ കഴിഞ്ഞത്. 200 800 മീറ്റര്‍  മല്സരങ്ങളൂടെ പേരും ട്രാക്കിന്റെ നീളത്തിനനുസരിച്ച് മാറും എന്ന സൂചനയും ലഭിക്കുന്നുണ്ട്.

ഗെയിംസിനു ശേഷം...
സംഘാടക സമിതി തലവന്റെ പത്ര സമ്മേളനത്തിലേക്ക് തല്സമയം..

പരിമിതികള്‍ക്കിടയിലും ഗെയിംസ് ഭംഗിയാക്കാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്.. 2003 ലാണ് ഗെയിംസ് നടത്തിപ്പിനുള്ള അനുമത് ലഭിച്ചത് .. അതുകൊണ്ട് തന്നെ ഒരുക്കങ്ങള്‍ നടത്താന്‍ 7 വര്ഷം മാത്രമേ ലഭിച്ചുള്ളൂ. അതിന്റെ പ്രശ്നങ്ങളുണ്ടായിട്ടുണ്ടെങ്കിലും ഗെയിംസ് നടത്താമെന്ന് നമ്മള്‍ തെളിയിച്ചു. ഇനി ഒളിമ്പ്ക്സിനായി ആവശ്യപ്പെടാനാണു തീരുമാനം.. ഒരുക്കങ്ങള്‍ക്ക് മതിയായ സമയം ലഭിക്കുന്നതിനായി 2500 ലെ ഒളിമ്പിക്സ് ഇന്‍ഡ്യക്ക് അനുവദിക്കണമെന്ന് അന്താരാഷ്ട ഒളിമ്പിക്സ് അസോസിയേഷനോട് ആവശ്യപ്പെടൂം.. അതിലും ഞാന്‍ തന്നെ ആയിരിക്കും സംഘാടകസമിതി ചെയര്‍മാന്‍ ...
ജെയ് ഹിന്ദ്

Sunday, July 11, 2010

ഈ ഫുട്ബോളെന്നാല്‍

എന്താ മൊയ്തീനേ രാവിലെ വല്ല്യ സന്തോഷത്തിലാണല്ലോ..

ഹോ ആശ്വാസമായി കേശവാ..

മോള്‍ പ്ലസ് ടു ജയിക്കുമോന്ന് ആകെ ടെന്ഷനായിരുന്നു,,അതൊഴിഞ്ഞു കിട്ടി..

അതിനു റിസല്‍ട്ട് വന്നോ. എന്റെ മോനും എഴുതീട്ടിരിക്കുവാ..

അറിഞ്ഞു.. രാവിലെ ജിമ്മി പറഞ്ഞു മോള്‍ ജയിച്ചൂന്ന്

അതേതാ ജിമ്മി.. ഞാനറിയുന്ന പയ്യനാണോ..

എന്റെ കേശവാ.. അത് പയ്യനും മുതുക്കനുമൊന്നുമല്ല
വീട്ടിലെ പട്ടിയാ..
രാവിലെ അവന്‍ പ്രവചിച്ചു മോള്‍ ജയിച്ചെന്ന്.

ങേ.. അതെങ്ങിനെ..

ഇന്നലത്തെ മത്തിക്കറീം  ചോറും കൂടെ ഇന്നു രാവിലെ രണ്ടു പാത്രത്തിലാക്കി അവനു കൊടുത്തു..

വക്കു പൊട്ടിയതിലെ ആദ്യം കഴീച്ചാല്‍ ജയിക്കുമെന്നും കരിപിടിച്ചതിലെ കഴിച്ചാല്‍ തോല്ക്കുമെന്നും

ഭാഗ്യത്തിന്‍ അവനാദ്യം കഴിച്ചത് വക്കു പൊട്ടിയതിലേയാ..
ഹോ സമാധാനമായി..

------------------------------------------------------------------------


ഡാ കുഞ്ഞേ നീ ഇനി ടീവീടെ  റിമോട്ട് അച്ഛയ്ക്ക് താ.. ഫുട്ബോള്‍ തുടങ്ങാറായി..

അച്ഛേ ഈ സിനിമാ കൂടെ എനിക്കു കാണണാരുന്നു..

അതു നീ കളി കഴിഞ്ഞിട്ടു കണ്ടോ..
നിനക്കറിയാമോ ഈ ഫുട് ബോള്‍ എന്നു പറഞ്ഞാല്‍ വല്യ കളിയാ
നോക്കിക്കേ ചേട്ടന്മാരൊക്കെ ദേശീയ ഗാനം പാടുന്ന കണ്ടോ

കണ്ടു.. അവരെന്നാ ഫുട്ബോള്‍ തുടങ്ങാത്തെ അച്ഛേ

ഈ പാട്ടു തീരുമ്പം തുടങ്ങും..

അപ്പോ ഈ ഫുട് ബോളെന്നു പറഞ്ഞാല്‍ സീരിയലാണോ അച്ഛേ..
സീരിയലിനല്ലേ തുടങ്ങുമ്പം പാട്ടുള്ളത്..

------------------------------------------------------------------------

ബിജൂ.. മുടിയൊന്നു പറ്റെ വെട്ടണം.. കൂടെ താടിയും എടുക്കണം..

ങാഹാ ജോസഫ് ചേട്ടനെ ഈ വഴിക്കുകണ്ടിട്ട് കുറെ നാളായല്ലോ
മുടെയും താടിയുമൊക്കെ ആകെ വളര്ന്ന്‍ .. ഇതെന്തു പറ്റി..

ഒന്നും പറയേണ്ടടാ ഉവ്വേ.. ഒരബദ്ധം പറ്റി
ലോകകപ്പ് ഫുട് ബോള്‍ അല്ലേ.. നാട്ടുകാരുടെ ചിലവില്‍ മുടീം താടീം എടുക്കാമെന്നു വെച്ചു..

എന്നിട്ട്...

എന്നാ പറയാനാ.. കവലേലെ പിള്ളേരോട് അര്‍ജന്റീന തോല്ക്കുമെന്നും ഇല്ലേല്‍ തലമൊട്ടയടിച്ച് താടീം എടുക്കാമെന്നു ബെറ്റു വെച്ചു..
കാശു പോക്കറ്റില്‍ കിടക്കുകേം ചെയ്യും മുടീം വെട്ടും നടക്കും എന്നോര്ത്തു ബെറ്റീതാ.പണ്ടാരടങ്ങാന്‍  മരഡോണയും മെസ്സീമൊക്കെ ഇങ്ങനെ ചതിക്കുമെന്ന് ആരോര്ത്തു..
 ദാ കെടക്കുന്നു അര്‍ജന്റീന ഡിം..

Friday, June 25, 2010

ഞാന്‍ കണ്ട രാവണന്‍

കൊള്ളക്കാരനെന്നു പോലീസ് പറയുമെങ്കിലും  സത്ഗുണ സമ്പന്നനും പാവങ്ങളുടെ കണ്ണീരൊപ്പുന്നവനും കുട്ടികളുടെ മനസ്സുള്ളവനുമായ നായകന്‍. നായകന്റെ സ്വന്തം സഹോദരിയെ അവളുടെ കല്യാണദിവസം ബലാല്‍സംഗം ചെയ്യുന്ന പോലീസ്.. പ്രതികാരത്തിനായി പോലീസ് കമ്മീഷണറുടെ ഭാര്യയെ തട്ടിക്കൊണ്ടു വരുന്ന നായകന്‍.. പിന്നെ അടി... പിടി..... വെടി ....ബഹളം.. അവസാനം കമ്മീഷണറുടെ ഭാര്യയ്ക്ക് നായകനോട് പ്രണയം..
വര്ഷങ്ങളായി തമിഴ് സിനിമയിലും.. ഹിന്ദി സിനിമയിലും ഇടയ്ക്കിടെ മലയാളം സിനിമയിലും കണ്ടുവരുന്ന ഈ കഥയാണ് രാമായണം രാമന്‍ ,രാവണന്‍ ,എന്നൊക്കെ പറഞ്ഞ് മണി രത്നം പുറത്തിറക്കിയ രാവണനിലേയും കഥ.. എല്ലാം സെയിം സെയിം.. ഇതാണു രാമയണമെങ്കില്‍ ഇന്‍ഡ്യന്‍ സിനിമയില്‍ പുറത്തിറങ്ങിയിട്ടുള്ള ഒട്ടു മിക്ക സിനിന്മയുടേയും കഥ രാമായണത്തിന്റെ സ്വതന്ത്രാവിഷ്കാരം ആണെന്നു പറയേണ്ടി വരും.

ഏതാണ്ടിതല്ലേ നമ്മുടെ മോഹന്‍ ലാലിന്റെ രാ‌വണ പ്രഭുവിന്റെയും കഥ. അത്യാവശ്യം തല്ലുകൊള്ളിത്തരമൊക്കെയുള്ള നായകന്‍. നായകനെ ഒതുക്കാന്‍ പോലീസ് കമ്മീഷണറും കുറെ വില്ലന്മാരും  ..കമ്മീഷണര്‍ കെട്ടാനിരുന്ന പെണ്ണിനെ തട്ടിക്കൊണ്ടു പോകുന്ന നായകന്‍. അവസാനം കമ്മീഷണറുടെ പെണ്ണിന് നായകനോട് പ്രണയം..  തമിഴിലാണെങ്കില്‍ ഏതാണ്ടെല്ലാ വിജയ് , ധനുഷ് ചിത്രങ്ങളൂടേയും കഥ ഏതാണ്ടിതൊക്കെ തന്നെയാണ്

ഏറെ കൊട്ടി ഘോഷിക്കപ്പെട്ട രാവണന്‍ കഴിഞ്ഞ ദിവസം കണ്ടിറങ്ങിയപ്പോള്‍ മനസ്സില്‍ തോന്നിയ നിരാശ പറഞ്ഞറിയിക്കാന്‍ പറ്റാത്തതായിരുന്നു.  ദൈവത്തിന്റെ സ്വന്തം നാടിന്റെ പ്രകൃതി സൌന്ദര്യം മുഴുവന്‍ ഫ്രൈമില്‍ കാണിച്ചു തന്ന സന്തോഷ് ശിവന്റെ ക്യാമറക്കണ്ണല്ലാതെ മറ്റൊന്നുമില്ല ഈ സിനിമയില്‍ ഓര്ത്തെടുക്കാന്‍..

വീരയ്യയായി വിക്രം  തന്റെ പതിവ് ശൈലിയില്‍ അഭിനയിച്ചിരിക്കുന്നു. കല്ലിന്റെയും പാറയുടേയും മുകളില്‍ നിന്നും വെള്ളത്തിലിറങ്ങിയും അഭിനയിച്ചുവെന്നതൊഴിച്ചാല്‍ വിക്രം അല്ഭുതങ്ങള്‍ കാട്ടിയെന്നു എനിക്കു തോന്നുന്നില്ല. ഒരേ പാറ്റേണിലുള്ള അഭിനയരീതിയല്ലാതെ വല്ല്യ അല്ഭുതങ്ങളൊന്നും കാണിക്കാന്‍ തക്ക ഭീകര റോളൊന്നുമായിരുന്നില്ല വീരയ്യ എന്ന കഥാപാത്രം താനും. അന്യനും കന്തസ്വാമിയും കണ്ട ആര്‍ക്കും വിക്രം ഈ വേഷത്തില്‍ എന്തൊക്കെ ചെയ്യുമെന്നു പ്രവചിക്കാന്‍ പറ്റും.

ദോഷം പറയരുതല്ലോ മലയാളത്തിന്റെ സ്വന്തം പൃഥ്വിരാജ് തന്റെ ഭാഗം ഭംഗിയാക്കിയിട്ടുണ്ട്. എന്നാല്‍ അങ്ങേരും പല അഭിമുഖങ്ങളിലും പറഞ്ഞ പോലെ അത്ര മാത്രം സൂക്ഷ്മാഭിനയമൊന്നും ഈ സാധാരണക്കാരനായ പ്രേക്ഷകനു കാണാന്‍ സാധിച്ചില്ല. ഉള്ള സാധനം തെറ്റില്ലാതെ വൃത്തിയായി ചെയ്തിട്ടുണ്ട്. അത്ര തന്നെ. പ്രധാന കഥാപാത്രമായ ഐശ്വര്യ റായി.. മുഖമൊക്കെ വിറപ്പിച്ചും  പുരികം വളച്ചുമൊക്കെ അഭിനയിച്ചു തകര്‍ക്കാന്‍ ഏറെ പ്രയാസപ്പെട്ടിട്ടുണ്ട്.. ലോക സുന്ദരിയൊക്കെ തന്നെ .. അതു എട്ടു പത്തു കൊല്ലം മുമ്പ്.. ആ ക്രെഡിറ്റും വെച്ച് പൃഥ്വിരാജിന്റെ കൂടെ അഭിനയിക്കുമ്പോ എന്തോ അതങ്ങു ദഹിക്കുന്നില്ല..ചുമ്മാ കൊച്ചു പിള്ളേരുടെയൊക്കെ കൂടെ.   തനിക്ക് പ്രായമായി എന്നു ഐശ്വര്യയുടെ മുഖം ഉറക്കെ വിളിച്ചു പറയുന്നുമുണ്ട്.

റോജായും ബോംബെയുമൊക്കെ സംവിധാനം ചെയ്ത മണിരത്നം തന്നെയാണോ ഈ സിനിമയും സംവിധാനം ചെയ്തതെന്ന് ന്യായമയും സംശയം തോന്നും.. ഒരു മണിരത്നം സിനിമ കണ്ടുകൊണ്ടിരിക്കിമ്പൊള്‍ പണ്ടാരം ഇതൊന്നു തീര്ന്നാല്‍ വീട്ടില്‍ പോകാരുന്നു എന്നു തോന്നുന്നതും ഇതാദ്യം.

Wednesday, May 26, 2010

ഇടിവെട്ട് മലയാളം ട്വീറ്റേഴ്സ്

വിയന്നായിലുള്ള വെമ്പള്ളിയും.. ജോഹനാസ്ബര്‍ഗിലുള്ള അരവിന്ദും.. ബാംഗ്ലൂരുള്ള വിനുവും ടെക്നോപാര്‍ക്കിലെ രാകേഷുമൊക്കെ ഇപ്പൊ ദിവസവും കാലത്തും വൈകിട്ടൂം തമാശ പറഞ്ഞും പരസ്പരം കളിയാക്കിയും ചിരിച്ചും ചിരിപ്പിച്ചും ഒരുമിച്ചിരിക്കുന്ന ഒരു സ്ഥലമുണ്ട് ഇപ്പോള്‍ ഈ സൈബര്‍ ലോകത്ത്.. അതും ലോകത്തുതന്നെ ഏറ്റവും പോപ്പുലര്‍  മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററില്‍.. നാട്ടിലും മറുനാട്ടിലുമൊക്കെയായി ജീവിതം പറിച്ചു നടപ്പെടുമ്പോഴും ഉള്ളിലുള്ള മലയാളിയേയും.. നാട്ടിന്‍പുറത്തിന്റെ നമയേയും അതു നല്കുന്ന സൌഹൃദത്തേയും ഒക്കെ മനസ്സില്‍ കൊണ്ടു നടക്കുന്ന ഒരു കൂട്ടം.. ട്വിറ്ററില്‍ മലയാളത്തില്‍ ട്വീറ്റുന്നവരുടെ കൂട്ടായ്മ.. .. അസോസിയേഷന്‍ ഓഫ് മലയാളം ഇടിവെട്ട് ട്വീറ്റേഴ്സ്  - അമിട്ട് എന്ന പേരിലുള്ള സൌഹ്രുദകൂട്ടായ്മയില്‍ ഇപ്പോള്‍ ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും അംഗങ്ങളുണ്ട്.  
ജോലിയുടെ പരക്കം പാച്ചിലിനിടയില്‍ ഇടയ്ക്ക് അല്പമൊന്നു റിലാക്സ് ചെയ്യാനും.. ഇത്തിരി കൊച്ചു വര്ത്ത്മാനം പറയുവാനുമൊക്കെ ഇപ്പോള്‍ ഇവരെല്ലാവരും ദിവസവും എപ്പോഴെങ്കിലുമൊക്കെ അമിട്ടില്‍ എത്തിച്ചേരുന്നു.. സൌഹൃദം പങ്ക്‍ വെയ്ക്കുന്നു. നാടിന്റെ മണവും രുചിയുമുള്ള ട്വീറ്റുകള്‍ക്ക് മറുപടിയിടുന്നു പരസ്പരം കളി പറയുന്നു.. അങ്ങിനെ  ട്വിറ്ററിനേയും മലയാളി സ്വന്തം നാടാക്കി മാറ്റിയിരിക്കുന്നു. രാഷ്ട്രീയം സിനിമ സ്പോര്‍ട്സ് സാഹിത്യം എന്നു വേണ്ട ലോകത്ത് മലയാളികള്‍ ഇഷ്ടപ്പെടുന്നതെല്ലാം  ഇവിടെ ചര്‍ച്ചാവിഷയമാകും. അംഗങ്ങളുടെ കുടുംബത്തിലെ ആഘോഷങ്ങള്‍  പ്രിയപ്പെട്ടവരുടെ വേര്‍പാട് എല്ലാം എല്ലാവരും പരസ്പരം അറിയുകയും അറിയിക്കുകയും ചെയ്യും. അങ്ങിനെ ജീവിതത്തില്‍ ഒരിക്കല്‍ പോലും തമ്മില്‍ കാണാത്തവര്‍ തമ്മിലുള്ള സൌഹൃദത്തിന്റെ ഇഴയടുപ്പം വര്‍ദ്ധിക്കുകയാണ്‍..

അമിട്ടില്‍ ഒത്തുകൂടുമ്പോള്‍ സ്വന്തം നാട്ടിലെ ചെങ്ങാതിക്കൂട്ടത്തിലോ നാല്ക്കവയിലെ ചായക്കടയിലോ അമ്പലപ്പറമ്പിലേ ആല്ത്തറയിലോ ഒത്തുകൂടുന്ന സുഖമാണ് അനുഭവേദ്യമാകുന്നത്,. ചെറുതും വലുതുമായ വിഷയങ്ങള്‍ ആംഗലേയത്തിന്റെ ഔപചാരികതയില്ലാതെ അച്ചടി മലയാളത്തിന്റെ ചതുര വടിവുകള്‍ ഇല്ലാതെ സംസാരഭാഷയുടെ നീട്ടിക്കുറുക്കലുകളില്‍ പ്രത്യക്ഷപ്പെടുമ്പോള്‍  അത് തികച്ചും വ്യത്യസ്ത അനുഭവമാകുകയാണ്‍. ഔപചാരികതകളില്ലാത്ത സൌഹൃദമാണ് ലക്ഷ്യമെങ്കിലും  തൊഴില്‍ സംബന്ധമായ സംശയങ്ങളും പുതിയ സോഫ്റ്റ്വെയര്‍ അപ്ഡേറ്റ്സുകളും ജോലി ഒഴിവുകള്‍ സംബന്ധിച്ച വിശദാംശങ്ങളും ഒക്കെ ഇവര്‍ പങ്കുവെയ്ക്കുന്നു. ഗൌരവമേറിയ ചര്‍ച്ചകള്‍ക്കുള്ള വേദിയല്ലെങ്കില്‍ കൂടി ഈ കൂട്ടായ്മയെ കൂടുതല്‍ ഫലപ്രദമായി ഉപയോഗിക്കുന്നതിനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

 
അങ്ങിനെ നാടിന്റെ രുചിയും മണവുമുള്ള കൊച്ചു വര്ത്തമാനങ്ങളുമായി മലയാളം ട്വീറ്റിംഗ് കൂട്ടായ്മ മുന്നേറുകയാണ്‍.. www.amitmeet.co.cc എന്ന പെരില്‍ ഒരു വെബ് സൈറ്റും അമിട്ട് എന്ന പേരിലുള്ള നിംഗ് സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റും  മലയാളത്തിലെ ഈ  ഇടിവെട്ട് ട്വീറ്റേഴ്സിന്റേതായുണ്ട്. മനം മടുപ്പിക്കുന്ന ജോലിത്തിരക്കില്‍ അല്പസമയം മനസ്സൊന്നു ശാന്തമാക്കണമെന്നുണ്ടോ.. നാട്ടിന്‍പുറത്തെ ആ ചങ്ങാതിക്കൂട്ടത്തെ ഇടയ്ക്കെങ്കിലും നിങ്ങള്‍ മിസ്സ് ചെയ്യാറുണ്ടോ... പച്ചമലയാളത്തിന്റെ സുഖവും നര്മ്മവും ആസ്വദിക്കാന്‍ നിങ്ങള്‍ക്കിഷ്ടമാണോ എങ്കില്‍ അമിട്ടില്‍ നിങ്ങള്‍ക്കും പങ്ക്‍ ചേരാം..

Monday, January 11, 2010

പാപ്പീസ് ടീ ഷോപ്പ്

ങാഹാ തോമസുചേട്ടന്‍ ഇതെവിടാരുന്നു.. കണ്ടിട്ട് കുറേ ദിവസമായല്ലോ..

ഒന്നും പറയണ്ടെന്റെ പാപ്പി.. ഒരു പനീം തല ചുറ്റലും. രണ്ട് ദിവസം അടിഞ്ഞു കെടപ്പാരുന്നു. തലയൊന്നു പൊങ്ങിയപ്പോ ഇങ്ങു പോന്നു. രാവിലെ വന്ന് നിന്റെ കടേന്നൊരു ചായേന്റെ വെള്ളം കുടിച്ചില്ലേല്‍ ഒരു ഏനക്കേടാ..

അതു ശരിയാ.. കാലത്ത്  തോമാസുചേട്ടനോട് രണ്ട് നാട്ടു വര്ത്തമാനം പറഞ്ഞില്ലേല്‍   എനിക്കും ഒരു രസമില്ല..

നീ ഒരു ചായേം ആ പത്രവും കൂടി ഇങ്ങെട്.. വീട്ടീന്ന് കോണ്‍ഗ്രസ്സു പത്രമൊരണ്ണം വായിച്ചു.. ഇനി നിന്റെ കമ്യൂണിസ്റ്റ് പത്രം കൂടിയൊന്നു വായിച്ചേക്കാം..

എടാ പാപ്പി.. മറ്റേ ആ എച്ച് എം ടി ഭൂമിക്കേസില്‍ സുപ്രീം കോടതി ഏതാണ്ട് പറഞ്ഞല്ലോടാ.. വീട്ടിലെ പത്രത്തില്‍ നോക്കീട്ട് അതൊട്ടു കാണാനുമില്ല

അതു പിന്നെ തോമസു ചേട്ടാ സ്ഥലം വില്പന നടത്തിയതില്‍ യാതൊരു കുഴപ്പോം ഇല്ലെന്നാല്ലേ കോടതി പറഞ്ഞത്..  ഹോ എന്തൊക്കെ പുകിലാരുന്നു..

ശരിയാടാ പാപ്പി ഒരിടയ്ക്ക് പത്രം എടുത്താല്‍ എച്ച് എം ടി, എച്ച് എം ടി എന്നേ കാണാനുള്ളാരുന്നു..  ആ കരീം മന്ത്രി എന്തോ കട്ടെന്നോ വെട്ടിച്ചെന്നോ എന്തൊക്കെയാരുന്നു. ആട്ടെ അതിലൊന്നും ഒരു വാസ്തവോം ഇല്ലെന്നാണോടാ കോടതി പറഞ്ഞത്.

അതേയെന്റെ തോമാസു ചേട്ടാ.. ഭൂമി വെട്ടിപ്പുമില്ല തട്ടിപ്പുമില്ല എല്ലാം മുറപോലാണെന്നല്ലിയോ വലിയ കോടതി പറഞ്ഞത്..

അതു ശരിയായിരിക്കുമെടാ പാപ്പി.. വെറുതെയല്ല.. കുത്തിയിരുന്നു നോക്കീട്ടും വീട്ടിലെ പത്രത്തില്‍  ആ വാര്‍ത്തേടെ ഒരു പൊടി പോലും കാണാഞ്ഞത്.. ചാനലിലെ വാര്‍ത്തേല്‍ തലങ്ങും വിലങ്ങും കാണിച്ച് കാണിച്ച് അങ്ങു കളമശേരീല്‍ കിടക്കുന്ന ആ സ്ഥലം ഇപ്പോ എന്റെ തെക്കെപ്പറമ്പിലെ  റബര്‍ തോട്ടത്തേക്കാള്‍ നല്ല നിശ്ചയമാ..  ഇന്നലെ ചാനലിലും പടം കാണിച്ചില്ല..വാര്ത്ത വായിക്കുന്ന ഭരത്തോ... ജഗത്തോ .... അവനെന്തോ വീട്ടിപ്പോകാന്‍ സമയമായ പോലെ എന്തോ ഒന്നു പറഞ്ഞു പോകുന്നതു കേട്ടു..

എന്റെ തോമാസു ചേട്ടാ ഇതാ ഇവന്മാരുടെ ഒക്കെ കാര്യം.. നമ്മുടെ കള്ള് വാസുനേപ്പോലെയാ.. വെള്ളമടിച്ചാ പിന്നെ അവന് നല്ലതായിട്ട് ഈ ലോകത്താരുമില്ല. എല്ലാത്തിനും കുറ്റോം തെറീം അല്ലയോ.. എന്നാ വെള്ളമിറങ്ങീട്ട് കാര്യം പറഞ്ഞു മനസ്സിലാക്കാമെന്നു വെച്ചാ അവനു വെള്ളമിറങ്ങീട്ടും നാട്ടുകാരുടെ കുറ്റം തീര്ന്നിട്ടും ഉള്ള നേരവുമില്ല.

പാപ്പി കാര്യമൊക്കെ ശരിയാ.. എന്നാലും നിങ്ങളുടെ പാര്‍ട്ടിക്കാര്‍ ആ മദനിയേം ചുമക്കുന്നതെന്തിനാ.. അയാള്‍ വല്യ തീവ്ര വാദിയല്ലിയോ..

അതിനു ഞങ്ങളയാളെ ചുമക്കുന്നൊന്നുമില്ല തോമാസുചേട്ടാ..തിരഞ്ഞെടുപ്പു വന്നപ്പോ ഒരു പിന്തുണ അത്രേ ഉള്ളൂ... ജയിലീന്നു വന്നപ്പോ തീവ്രവാദം അയാള്‍ നിര്ത്തി എന്നല്ലേ മൈക്ക് വെച്ച്  പറഞ്ഞത്.. അതിനു ശേഷം അയാളുടെ പാര്‍ട്ടിക്കാരേ ആരേയെങ്കിലും തീവ്ര വാദത്തിനു പിടിച്ചിട്ടുണ്ടോ.. ഒരു തിരഞ്ഞെടുപ്പിന് അയാള്‍ പിന്തുണ തരാമെന്നു പറഞ്ഞു സ്വീകരിച്ചു അത്ര മാത്രം...

അല്ല എന്നാലും മുമ്പ് ഒരു പാട് തീവ്രവാദം നടത്തിയ പുള്ളിയല്ലിയോ.. ഇപ്പോ നിര്ത്തീന്നു പറഞ്ഞാലും..

തോമാസു ചേട്ടാ.. ഈ ടീ വിലൊക്കെ വന്നിരുന്നു ചര്‍ച്ച നടത്തുന്ന അജിതേനെ കണ്ടിട്ടുണ്ടോ..

പിന്നെ എനിക്കറിയാമ്പാടില്ലേ.. ആ പെണ്ണുമ്പിള്ള നക്സല്‍ അല്ലാരുന്നോ നക്സല്‍.. ഹോ  പണ്ടു കാലത്തൊക്കെ എന്നാ പേടിയാരുന്നു നക്സലിനെ..

അതേ അതന്നെ.. ആ നക്സല്‍ ഇപ്പോ ആ പരിപാടിയൊക്കെ നിര്ത്തി സാമൂഹ്യ പ്രവര്ത്തനം എന്നു പറഞ്ഞ് നടക്കുവല്ലേ.. പണ്ട് നീ നക്സലല്ലായിരുന്നോ എന്നും പറഞ്ഞ് ഏതെങ്കിലും ചാനലുകാരനോ പത്രക്കാരനോ ചര്‍ച്ച സംഘടിപ്പിക്കുന്നുണ്ടോ..

അതു ശരിയാടാ പാപ്പി അതുപിന്നെ നമ്മുടെ കൊള്ളക്കാരി ഫൂലന്‍ ദേവി എം പി വരെയായില്ലേ.. ജീവിച്ചിരുപ്പുണ്ടായിരുന്നേ ചിലപ്പോ മന്ത്രീം ആയേനേ..

അതാ ഞാന്‍ പറഞ്ഞത് തോമാസു ചേട്ടാ.. മദനി തീവ്രവാദം നിര്ത്തി ജനാധിപത്യത്തിന്റെ വഴിയേ വരുമ്പോ നീ പഴേ തീവ്രവാദിയല്ലേ നിനക്ക് അതാ പറ്റിയ പണി എന്നു പറഞ്ഞ് തിരിച്ചു വിടണോ..

പാപ്പി നീ പറയുന്നതും ശരിയാ.. എന്നാലും ഒരുത്തന്‍ ഒരു സുപ്രഭാതത്തില്‍ അങ്ങു പ്രഖ്യാപിച്ചാല്‍  നന്നായി എന്നങ്ങു വിശ്വസിക്കാമോ..

അതു പോട്ടെ തോമാസു ചേട്ടാ  കഴിഞ്ഞ ഒരഞ്ച് വര്ഷത്തില്‍ കേരളത്തില്‍ നടന്ന ഏതെങ്കിലും വര്‍ഗീയ കലാപങ്ങളിലോ കൊലപാതകങ്ങളിലോ മറ്റോ ഇയാളുടെയോ പാര്‍ട്ടിയുടെയോ പേരൊണ്ടോ.. ഇല്ല..

നീട്ടിയൊന്നു മുള്ളിയാല്‍ സി ബി ഐ അന്വേഷണം വേണമെന്നു പറയുന്ന നാട്ടില്‍ മാറാട് കേസ് സി ബി ഐ അന്വേഷിക്കണം എന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടൂം കേന്ദ്രം സമ്മതിക്കാത്തതെന്താ..

എന്താ..

കേരളത്തില്‍ അടുത്ത കാലത്ത് നടന്ന വര്‍ഗീയ സംഘര്ഷങ്ങളില്‍, കൊലപാതകങ്ങളില്‍ ഒന്നും മദനീം പാര്‍ട്ടീം പ്രതികളല്ല.. പിന്നെയാരാ ഇതൊക്കെ നടത്തീത്..

ആരാടാ.. അതൊന്നും ഒരു പത്രത്തിലും ചാനലിലും കണ്ടില്ലല്ലോടാ പാപ്പീ..

അതൊന്നും ഇവന്മാര്‍ കാണുകേലാ തോമാസു ചേട്ടാ..തീവ്രവാദ സംഘടനകളെ ഉണ്ടാക്കുന്നതും വളര്ത്തുന്നതും ഇവന്മാര്‍ക്കൊക്കെ വേണ്ടപ്പെട്ട ആളുകളല്ലിയോ.. തീവ്രവാദം മദനീടെം ഇടതുമുന്നണീടേം മേലേ ഇട്ടാല്‍ പിന്നെ യഥാര്ത്ഥ തീവ്രവാദികള്‍ക്ക് പണി സുഖമായിട്ടങ്ങു നടത്താമല്ലോ..

 തോമാസു ചേട്ടാ ഈ കോലാഹലമൊക്കെ ഉണ്ടാക്കി മദനീടെ ഭാര്യയെ അറസ്റ്റു ചെയ്തതിന്റെ പിറ്റേന്നത്തെ ചന്ദ്രിക പത്രം നിങ്ങള്‍ കണ്ടാരുന്നോ..

എന്നതാടാ പാപ്പീ.. അവര്‍ അറസ്റ്റ് ആഘോഷിച്ചു കാണുമല്ലോ.. അവരൊക്കെയല്ലേ അറസ്റ്റ് ചെയ്യണം തീവ്രവാദിയാണെന്നൊക്കെ പറഞ്ഞ് കളം കൊഴുപ്പിച്ചത്..

എന്റെ തോമാസു ചേട്ടാ.. അങ്ങിനെയൊന്നും അല്ലായിരുന്നെന്ന്.. സൂഫിയാ മദനിയെ ഇടതു സര്‍ക്കാര്‍ അറസ്റ്റു ചെയ്തെന്ന് വെണ്ടയ്ക്കാ വാര്ത്ത.. പണ്ടിതു പോലെ മദനിയേയും അറസ്റ്റ് ചെയ്തത് ഇടതു സര്‍ക്കാരാണെന്ന് സൈഡില്‍ വാര്ത്ത.. ഇടതു പക്ഷം മുസ്ലീങ്ങളെയെല്ലാം അറസ്റ്റ് ചെയ്യുന്നോരാണെന്ന് ഒരു കൊട്ട് . എങ്ങിനെയുണ്ട്..

അതു കൊള്ളാല്ലോടാ പാപ്പീ..തീവ്രവാദം മുഴുവന്‍ ഉണ്ടാക്കിയത് അവരാനെന്ന് പറഞ്ഞിട്ട് അറസ്റ്റ് ചെയ്തപ്പോ ഇങ്ങനെയൊരു താങ്ങ്.. ഇവരാള് കൊള്ളാമല്ലോ..

എന്തായാലും ഇപ്പൊ ഒന്നും കേല്ക്കാനില്ല.. അല്ലേ പത്രോ റ്റി വിം തുറന്നാല്‍ അതേ ഉണ്ടായിരുന്നുള്ളൂ..

വരും തോമാസു ചേട്ടാ.. പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ തീയതി ഒന്നു പ്രഖ്യാപിച്ചോട്ടെ.. അപ്പോ തുടങ്ങും അടുത്ത എപ്പിസോഡ്.. അതു വരെ റ്റി വിലെ പണ്‍പിള്ളേര്‍ പറയുന്ന പോലെ ഷോര്‍ട്ട് ബ്രേക്ക്‍ അല്ലയോ..

പാപ്പീ നീയാ ഉണ്ണിത്താന്റെ ഇന്റര്‍ വ്യൂ കണ്ടാരുന്നോ.. ഹോ എന്നാ തങ്കപ്പെട്ട വര്ത്തമാനമാ.. എല്ലാ ഇന്‍ഡ്യാക്കാരും സഹോദരീ സഹോദരന്മാരാണന്നല്ലേ അങ്ങേര് പറഞ്ഞത്..

ഹ ഹ .. എന്റെ തോമാസു ചേട്ടാ നിങ്ങളല്ലേ ഇത്തരം ആഭാസ പരിപാടിയൊക്കെ കാണാനിരിക്കൂ.. നാണമില്ലാത്തവരുടെ ആലിന്റെ കഥ കേള്‍ക്കാന്‍..

അല്ലെടാ പാപ്പി ഈ സക്കറിയാ പറഞ്ഞപോലെ അത് ഈ ഡിഫിക്കാരെല്ലാം കൂടെ ചേര്ന്ന്‍ പ്ലാനിട്ട് പിടിച്ചതല്ലേ..

അല്ല തോമാസു ചേട്ടാ.. ഈ മഞ്ചേരീലെ പ്രധാന പാര്‍ട്ടിയേതാ..

ലീഗ് ....അവരാണല്ലോ അവിടെ ജയിക്കുന്നത്..

ഈ ലീഗുകാരും കോണ്‍ഗ്രസ്സുകാരുമൊന്നും അവിടെ ഇല്ലാരുന്നോ.. ഇവരെ കുടുക്കീന്നു പറയുന്നത് ശരിയാണെങ്കില്‍ രക്ഷിക്കാനും സത്യം പറയാനും.. ചാനലുകാരൊക്കെ തലകുത്തിനിന്നിട്ടും മഞ്ചേരീന്ന് ഒരു കുഞ്ഞ് ലീഗുകാരനെയെങ്കിലും കിട്ടിയോ. ഇയാള്‍ക്കു വേണ്ടി പറയാന്‍..

അതു ശരിയാ.. എന്നാലും ഈ നാട്ടുകാര്‍ക്കെന്താ അയല്‍ വക്കക്കാരന്റെ കാര്യത്തില്‍ ഇത്ര താല്പര്യം.. അവരവിടെ എന്തോ ചെയ്യട്ടേ..

തോമാസു ചേട്ടാ.. ഈ പത്രത്തില്‍ ഇടയ്ക്കിടയ്ക്ക് കാണാറില്ലേ പെണ്‍ വാണിഭ സംഘം പിടിയില്‍ എന്നൊക്കെ വാര്‍ത്ത

ഉണ്ട്

അതിലൊക്കെ എന്തോന്നാ പറയുന്നത്.. രാത്രി സമയത്ത് വാഹനങ്ങള്‍ വന്നു പോകുന്നത് കണ്ട് സംശയം തോന്നിയ നാട്ടുകാര്‍ പോലീസില്‍ അറിയിച്ചതനുസരിച്ചാണ് പോലീസ് പിടിയിലായതെന്ന്..

അതു ശരിയാണല്ലോടാ.. പാപ്പീ..

എന്റെ തോമാസു ചേട്ടാ മഞ്ചേരിക്കാരും അതേ ചെയ്തൊള്ളൂ.. സംശയം തോന്നിയപ്പോള്‍ അവര്‍ തടഞ്ഞു വെച്ചു പോലീസില്‍ അറിയിച്ചു.. അത് ഉണ്ണിത്താനായത് കൊണ്ട് മനുഷ്യാവകാശമായി.. മണ്ണാങ്കട്ടയായി..  ഗൂഡാലോചനയായി..അഭിമുഖമായി .. ന്യായീകരിക്കാന്‍ ആളുമായി..

അല്ലെടാ.. ഈ സക്കറിയാ ഇക്കാര്യത്തില്‍ അയാളുടെ അഭിപ്രായം പറഞ്ഞതിന് ഡിഫിക്കാരെല്ലാം കൂടി അയാളെ തല്ലിയതെന്തിനാടാ..

ഞാനൊരു കാര്യം ചോദിക്കട്ടെ തോമാസു ചേട്ടാ.. നിങ്ങളുടെ വീടിനു മുമ്പില്‍ വന്ന് മൈക്ക് വെച്ചു കെട്ടി നിങ്ങളുടെ കുടുംബക്കാരെ അടക്കം അപവാദം പറഞ്ഞാല്‍ നിങ്ങളെന്തോ ചെയ്യും

എന്താ സംശയം.. അവനെന്റെ പിള്ളേരുടെ കൈക്ക് പണിയുണ്ടാക്കും..

എന്നാ അത്രേ സംഭവിച്ചുള്ളൂ.. പയ്യന്നൂരു പോയി മൈക്ക് വെച്ചു കെട്ടി ഇദ്ദേഹം പറഞ്ഞതെന്താണെന്നോ.. ഉണ്ണിത്താനല്ല ഡിഫിക്കാരും മഹിളാ അസോസിയേഷന്‍കാരുമാണ് കുഴപ്പക്കാരെന്ന്.. പോരാഞ്ഞ് പണ്ട്കാലത്ത് ഒളിവില്‍ കഴിഞ്ഞ നേതാക്കളെക്കുറിച്ച് അപവാദവും..

എന്നാ പിന്നെ ഇതു പോരാരുന്നു എന്നാടാ പാപ്പീ എന്റെ അഭിപ്രായം.. എന്തായാലും അതിനും റ്റി വീല്‍ ചര്‍ച്ചയോട് ചര്‍ച്ചയാരുന്നു..

ചര്‍ച്ചിക്കട്ടെ തോമാസു ചേട്ടാ.. എല്ലാം വയറ്റിപ്പിഴപ്പല്ലേ.. ഞാന്‍ ചായ വിറ്റു ജീവിക്കുന്നു.. നിങ്ങള്‍ റബര്‍ വെട്ടി ജീവിക്കുന്നു.. അവര്‍ വിവാദം ഉണ്ടാക്കി വിറ്റ് ജീവിക്കുന്നു.. നടക്കട്ടെ

എന്നാ ശരിയെടാ പാപ്പീ .. ഞാന്‍ പോകുവാ.. വൈകുന്നേരം ഇറങ്ങാം.. നീ ഒരഞ്ചാറു ദോശേം ഇച്ചിരി ചമ്മന്തീം കൂടി പൊതിഞ്ഞു തന്നേ.. മൂത്തവന്റെ സന്താനങ്ങള്‍ക്ക് പാപ്പിച്ചേട്ടന്റെ കടേലേ ദോശവേണമെന്ന് പറഞ്ഞാ വിട്ടത്.. ഇനി അത് കൊണ്ടു ചെന്നില്ലേല്‍  നല്ല പുകിലായിരിക്കും

Monday, December 21, 2009

ഓശാനാ ന്യൂസ് ചാനല്‍

രംഗം 1
ഓശാനാ ന്യൂസ് ചാനലിന്റെ ഓഫീസ്. സമയം രാത്രി 11 മണി. ഫ്ലാഷ് ന്യൂസും ബ്രേക്കിംഗ് ന്യൂസുമൊഴിഞ്ഞ് ഉറക്കം തൂങ്ങിയിരിക്കുന്ന ചാനലോഫീസിലേക്കൊരു ഫോണ്‍കോള്‍.

ഹലോ.. ഓശാനാ ചാനലല്ലേ..
അതേ.. ആരാണ്
ഞാന്‍  കുറ്റിക്കാട്ടീന്ന് റിപ്പോര്‍ട്ടര്‍ അബ്ദുവാണ്‍.  ഇവിടെയടുത്തൊരു പെണ്ണുകേസ് ഏതോ നേതാവാണെന്നു തോന്നുന്നു വിശദവിവരം അറിയില്ല അനേഷിക്കുന്നുണ്ട്,

ഹോ ആശ്വാസമായി ഫ്ലാഷ് ന്യൂസ് ഒന്നുമില്ലാതെ ബോറടിച്ചിരിക്കുവാരുന്നു.. എന്തായാലും ബ്രേക്കിംഗ് ന്യൂസ് തന്നെ കൊടുക്കാം.
അബ്ദൂ ബാക്കി വിവരം ഉടനേതരണേ..  ശരി..

ഏതു നേതാവാണെന്നറിഞ്ഞില്ലല്ലോ എന്തായാലും  "കുറ്റിക്കാട്ടില്‍ പെണ്ണുകേസ് പിടിയിലായത് ഇടതു നേതാവെന്നു സംശയം"  എന്നൊരു ബ്രേക്കിംഗ് ന്യൂസ് അങ്ങു കൊടുക്കാം. ഒരു പണി അങ്ങിനെയങ്ങു കിടക്കട്ടെ. പറ്റുമ്പോഴൊക്കെ അവന്മാര്‍ക്കിട്ട് പണി കൊടുക്കണമെന്നാണല്ലോ ആസ്ടേലിയായീന്ന് മുതലാളി വിളിച്ചപ്പോള്‍  പറഞ്ഞത് .  അല്ലെങ്കിലും ഈ  വലതിലെ നേതാക്കന്മാര്‍ക്കെന്താ സ്നേഹം. കുപ്പീം തുട്ടുമൊക്കെ ചോദിക്കാതെ തന്നെ വീട്ടിലെത്തിച്ചു തരില്ലേ. നമ്മളെക്കൊണ്ടാകുന്ന ഉപകാര സ്മരണ ചെയ്യണമല്ലോ.

ഹലോ.. ആരാണ്‍..
കുറ്റിക്കാട്ടീന്ന് അബ്ദുവാ.. അതേ... പിടിയിലായ നേതാവ് നമുക്ക് വേണ്ടപ്പെട്ടയാളാ..  ഈ ചാനലിലൊക്കെ വന്ന് തൊള്ള കീറി തെറിപറയുന്ന ആളില്ലയോ.. അയാളാ..

അയ്യോ.. അപകടമായോ.. അബ്ദൂ നീ ആളെ ശരിക്ക് കണ്ടോ.. ഇന്നു വൈകുന്നേരത്തെ ന്യൂസ് അവറിലിരുന്ന്  അര്‍ദ്ധരാത്രീല്‍ സൂര്യനുദിക്കുന്ന കാര്യം അങ്ങ് പറഞ്ഞേച്ചു പോയതേയുള്ളൂ.. ഇത്രപെട്ടന്നു രാത്രീ സൂര്യനുദിച്ചോ.. അബ്ദൂ.. നീയൊന്നു കൂടി നോക്കിക്കേ.. കൂടെയുള്ളത് ഏതെങ്കിലും വകയില്‍ വല്ല  അമ്മായിയോ അമ്മൂമ്മയോ വല്ലോം ആക്കാന്‍ പറ്റുമോന്ന്.. നമ്മുടെ ആളാ
വീണ്ടും വിളിക്കണേ.. ശരി.. .

സുരേഷേ..  വേഗം ബ്രേക്കിംഗ് ന്യൂസ്  അങ്ങു മാറ്റിക്കോ. ഇനി കൊടുക്കണ്ട  പകരം മറ്റേ തീവ്രവാദക്കേസിന്റെ ന്യൂസ് ഒന്നു കൂടിയങ്ങ് മൂപ്പിച്ചോ.. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിലും രമണിക്കും ഭാര്യക്കും പങ്ക്‍ എന്നങ്ങോട്ട് വിട്. ആള്‍ക്കാര്‍ വായിച്ച് അന്തം വിടട്ടെ.

ഹലോ.. ഓശാനാ ന്യൂസ് ഓഫീസല്ലേ..
അതേ..
ഇത്  മണപ്പുറത്തൂന്ന് ഭാസിയാ.. പെണ്ണു കേസില്‍ ഏതോ നേതാവിനെ പിടിച്ചു എന്നു കേട്ടല്ലോ.. ചാനലില്‍ വാര്ത്ത കാണാത്തതു കൊണ്ട് വിളിച്ചതാ..
ഏയ് അങ്ങിനെ ഒരു സംഭവം നടന്നിട്ടുണ്ടോ.. ഞങ്ങള്‍ക്ക് അറിവില്ലല്ലോ..
മറ്റേ കുളിര്മ്മ ചാനലില്‍ പറയുന്നുണ്ടല്ലോ..
ഹോ.. അത് പാര്‍ട്ടി ചാനലല്ലേ.. ഞങ്ങളെപ്പോലെ നേരോടെ നിര്‍ഭയം നിരന്തരം  കാണിക്കുന്നവരല്ലല്ലോ.. ഞങ്ങള്‍ പറയുന്നത് മാത്രം നിങ്ങള്‍ വിശ്വസിച്ചാല്‍ മതി..

ഈ പാര്‍ട്ടിക്കാര്‍ ചാനലു തുടങ്ങിയത് പാരയായി. തുടങ്ങാതിരിക്കാന്‍ എന്തൊക്കെ കളി കളിച്ചതാ.. കോര്‍പ്പൊറെറ്റ് പാര്‍ട്ടീന്നൊക്കെ പറഞ്ഞ് എത്ര പ്രാവശ്യം ചര്‍ച്ച സംഘടിപ്പിച്ചതാ..   ആള്‍ക്കാരെ പറ്റിച്ച് ഒരു വഴിക്കാക്കി ജീവിച്ചു പോകുവാരുന്നു. അപ്പോഴാ മനുഷ്യരെ മെനക്കെടുത്താന്‍ അവന്മാരുടെ ചാനല്‍ വന്നത്.

സുരേഷേ കുളിര്‍മ്മ ചാനലില്‍  വന്ന സ്ഥിതിക്ക് കുഞ്ഞാക്കുഞ്ഞായിട്ട് ആ താഴെക്കൂടെ വാര്‍ത്ത ഒന്നു സ്ക്രോള്‍ ചെയ്യിച്ചേക്ക്. ചെയ്തോന്നു ചോദിച്ചാല്‍ ചെയ്തു ഇല്ലേന്നു ചോദിച്ചാല്‍ ഇല്ല അങ്ങിനെ അണ്ടിനും സംക്രാന്തിക്കും ഒരു പ്രാവശ്യം എന്ന കണക്കിനങ്ങു പോകട്ടെ. ചാനല് നിക്ഷ്പക്ഷമാണെന്നാണല്ലോ നമ്മള്‍ പറയുന്നത്.

രംഗം 2
ഓശാനാ ന്യൂസ് ഓഫീസ്. പിറ്റേന്ന് ഉച്ചയ്ക്ക് 12 മണി

എന്റെ സുരേഷേ.. സമാധാനാമായി.. നേതാവിനെതായാലും ജാമ്യം കിട്ടി.. ഹോ രക്ഷപെട്ടു. അല്ലെങ്കില്‍ ജയിലില്‍ കൊണ്ടു പോകുന്നതൊക്കെ ന്യൂസില്‍ കൊടുക്കണ്ടി വന്നേനെ. ഇതിപ്പം ചിരിച്ചു കൈയ്യും വീശിയല്ലേ നേതാവ് വരുന്നത്. ആ ഷോട്ട് ഇടയ്ക്കിടയ്ക്ക് കാണിച്ചോ. ആള്‍ക്കാര്‍ കണ്ടാല്‍ നേതാവ് തിരഞ്ഞെടുപ്പില്‍ വിജയശ്രീലാളിതനായി വരുകാണോ എന്നു സംശയം തോന്നണം.
ജാമ്യത്തില്‍ വിട്ടു എന്നത് ബ്രേക്കിംഗ് ന്യൂസായി വെണ്ടയ്ക്കാ അക്ഷരത്തില്‍ പോകട്ടെ. കൂടെ നേതാവ് ചിരിക്കുന്ന ഫോട്ടോയും. പെണ്ണു കേസ് വെച്ച് നേതാവിനിത്തിരി മൈലേജ് കൂട്ടാന്‍ പറ്റുമോ എന്നു നമുക്കൊന്നു നോക്കാം.ഈ ഉര്‍വശീ ശാപം ഉപകാരമായി എന്നു കേട്ടിട്ടില്ലേ അതുപോലെ

ഹലോ തലസ്ഥാന ബ്യൂറോ അല്ലേ.. നമുക്ക് വല്ല മനുഷ്യാവകാശപ്രവര്‍ത്തകരേം കിട്ടാന്‍ സാധ്യതയുണ്ടോ.. നമ്മുടെ നേതാവിനെ രാത്രീല്‍ അറസ്റ്റ് ചെയ്തത് മനുഷ്യാവകാശ ലംഘനമാണെന്നും പറഞ്ഞ് ഒരു ചര്‍ച്ച സംഘടിപ്പിക്കാമായിരുന്നു. മറ്റേ ‌വനിതാ വിമോചനം പരിസ്ഥിതി  എക്സ് നക്സല് പാര്‍ട്ടികളാണേലും മതി അവരാണെങ്കില്‍ പിന്നെ എന്തു ചര്‍ച്ചേലും വന്നിരുന്ന്  കാച്ചിക്കോളും.

ഹലോ അബ്ദൂ.. നീയാ പെണ്ണിന്റെ വിശദാംശമനേഷിച്ചോ.. അവളൂടേ മൂന്നു തലമുറേല്‍ പെട്ട അരെങ്കിലും ഇടതു പക്ഷത്തുണ്ടോ എന്നു പ്രത്യേകം നോക്കണം. അങ്ങിനെയുണ്ടേല്‍ രക്ഷപെട്ടു. പിന്നെ ഇടതു ബന്ധം വെച്ച് ചര്‍ച്ച കൊഴുപ്പിക്കാമല്ലോ.

‌രംഗം3
ഓശാനാ ന്യൂസ്. ന്യൂസ് അവര്‍ :  രാത്രി 8 മണി

നേതാവിന്റെ അറസ്റ്റിനു പിന്നില്‍ ഗൂഡാലോചനയുണ്ടോ എന്നാണ് ഇന്ന് ന്യൂസ് അവര്‍ ചര്‍ച്ച ചെയ്യുന്നത്. അതിനു മുമ്പായി നേതാവ് സംഭവത്തെക്കുറിച്ച് വിശദീകരിക്കും.

പറയൂ എന്താണു സംഭവിച്ചത്.

രാവിലെ കോത്താഴത്ത് നേതൃത്വപരിശീലന ക്ലാസും കഴിഞ്ഞ് ഉച്ചയ്ക്ക് വനിതാദിനാഘോഷത്തിലും പങ്കെടുത്ത് വീട്ടിലെത്തിയപ്പോഴാണ് ഭാര്യ അരി തീര്‍ന്നു പോയി എന്നു പറയുന്നത്. പൊതു കാര്യം നോക്കി സ്വന്തം കുടുംബത്ത് അരി മേടിക്കുവാന്‍ പോലും മറന്നു പോയ ഞാന്‍ രാത്രി അരിവങ്ങാന്‍ കാറില്‍ ജംഗ്ഷനിലെ കടയിലെത്തിയപ്പോഴാണ്‍. അസമയത്ത് അവിടെ നില്ക്കുന്ന ആ സ്ത്രീയെ കണ്ടത്. ഗുണ്ടല്‍ പേട്ടില്‍  പോകാന്‍ നില്ക്കുകാണെന്നും ബസ്  ഇതു വരെ വന്നില്ലെന്നും പറഞ്ഞ് കരഞ്ഞപ്പോള്‍ എന്നിലെ പൊതു പ്രവര്‍ത്തകന് അത് സഹിച്ചില്ല. വെറും 300 കിലോമീറ്ററല്ലേ ഉള്ളൂ ഞാന്‍ കൊണ്ടു വിടാം എന്നു പരഞ്ഞ് അപ്പോ തന്നെ പോരുവാരുന്നു. ഏകദേശം 100 കിലോമീറ്റര്‍ പിന്നിട്ടപ്പോഴാണ് വീട്ടില്‍ പറഞ്ഞില്ലല്ലോ എന്നോര്‍ത്തത് . അപ്പോള്‍ തന്നെ ഭാര്യയെ വിളിച്ച് കാര്യം പറഞ്ഞു. സന്തോഷം കൊണ്ടവള്‍ കരയുന്നത് എനിക്ക് കേള്‍ക്കാമായിരുന്നു. ചേട്ടന്‍ പോയിട്ടിങ്ങ് വാ, അരിയിടണമോ വേണ്ടയോ എന്നു എന്നിട്ട് തീരുമാനിക്കാം എന്നാണവള്‍  അനന്ദാശ്രുക്കളോടെ പറഞ്ഞത്. 

കുറ്റിക്കാട്ടില്‍ ചെന്നപ്പോഴാണ്  പറഞ്ഞത്  ഗുണ്ടല്‍ പേട്ടില്‍ പോകണ്ട അവളെ കുറ്റിക്കാട്ടില്‍ വിട്ടാമതിയെന്ന്. എന്നാ കുറ്റിക്കാട്ടിലെ എന്റെ സുഹ്രുത്തിന്റെ ആളില്ലതെ കിടക്കുന്ന വീട്ടില്‍ കയറി വെറുതെ കുറച്ചു നേരം രാഷ്ട്രീയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് തിരിച്ചു പോരാമെന്നു കരുതി ഞങ്ങളവിടെയിരുന്ന് "ആസിയന്‍ കരാറും അടയ്ക്കായുടെ വിലയും" എന്ന വിഷയത്തെക്കുറിച്ച് ചര്‍ച്ച ചെയ്തോണ്ടിരിക്കുമ്പോഴാണ്   അക്രമികളായ ഇടതന്മാരെല്ലാം കൂടി വന്ന് ഞങ്ങളെ വളഞ്ഞു പിടിച്ചത്.

അപ്പോള്‍ താങ്കള്‍ വളരെ നല്ല ഉദ്ദേശത്തോടെയാണ് പോയത്..

അതേ..

ആസിയാന്‍ കരാറിനെക്കുറിച്ച് ചര്‍ച്ച ചെയ്യാനുണ്ടായ സാഹചര്യം എന്തായിരുന്നു.

അത് ആ കുട്ടി  അവളുടെ തോട്ടത്തിലെ അടയ്ക്കാ എല്ലാം വിളവെടുക്കാറായി നില്ക്കുവാണെന്നും ആസിയാന്‍ കരാര്‍ മൂലം അതിനെങ്ങാനും വിലയിടിയുമോ എന്നും ചോദിച്ചു. അടയ്ക്കാ നെഗറ്റീവ് ലിസ്റ്റിലായതിനാല്‍ വില കുറയുകയില്ലെന്നും. അല്ലെങ്കിലും മികച്ച ഗുണനിലവാരമുള്ള ഉല്പന്നങ്ങള്‍ക്ക് എന്നും മാര്‍ക്കറ്റ് ഉണ്ടാകുമെന്നും അവളെ പറഞ്ഞ് ബോധ്യപ്പെടുത്തുകയായിരുന്നു.

അറസ്റ്റിനു പിന്നില്‍ ഗൂഡാലോചനയുണ്ടെന്നാണോ താങ്കള്‍ പറയുന്നത്.

അതെ ഇതിനു പിന്നില്‍ ഒസാമാ ബിന്‍ ലാദന്‍ അടക്കമുള്ള ഭീകരര്‍ പ്രവര്ത്തിച്ചിട്ടുണ്ട്. അവരാണ് എന്നെ കുടുക്കിയത്.

കേരളജനതയോട് എന്താണ്  പറയാനുള്ളത്.

എന്റെ ജീവിതം തുറന്ന പുസ്തകമാണ്‍. അത്യാവശ്യം മറച്ചു വെച്ചിരുന്നതൊക്കെ പണ്ട്  സംഘടനായോഗം നടക്കുമ്പോള്‍ ഗ്രൂപ്പ് കളിയില്‍ മുണ്ട് പോയപ്പോള്‍ പുറത്തായി. അതില്‍പിന്നെ എനിക്ക് ഒന്നും തന്നെ ഒളിച്ചു വെയ്ക്കാനില്ല. ഇപ്പോഴിതാ രാത്രീല്‍  ഞാനെവിടെയാണെന്നും എന്താണ് ചെയ്യുന്നതെന്നും നിങ്ങളുടെ മുന്നില്‍ തുറന്നു വെച്ചിരിക്കുന്നു. അതു കൊണ്ട്  കേരളജനത ഉള്ളത് മനസ്സിലാക്കുമെന്ന് എനിക്കുറപ്പുണ്ട്.

അങ്ങിനെ വാക്കിലും പ്രവര്‍ത്തിയിലും തികച്ചും സംസ്കാര സമ്പന്നനും പരോപകാരിയുമായ നേതാവിന്റെ പരോപകാരപ്രദമായ ഒരു പ്രവര്‍ത്തിയാണ് തെറ്റിദ്ധരിക്കപ്പെട്ടതെന്ന് പ്രേക്ഷകര്‍ക്ക് മനസ്സിലായെന്നു കരുതുന്നു. ഇനിയും മനസ്സിലാകാത്തവര്‍ക്ക് നേതാവ് പ്രധാന മല്സരാര്ത്ഥിയായെത്തുന്ന ഈ തലമുറയിലെ മഹാത്മാഗാന്ധിയെ കണ്ടെത്തുന്നതിനുള്ള "ഐഡിയാ സ്റ്റാര്‍ ഗാന്ധി"   മല്സരത്തില്‍ നേതാവിന്റെ പ്രകടനം കാണാം ഒരിടവേളയ്ക്കു ശേഷം.
നമസ്കാരം.

Saturday, October 24, 2009

ഹലോ ഇത് കമ്മീഷനാണ്

ഹലോ...അതേ  കമ്മീഷന്‍ തന്നെ..

ആര് കേരളത്തീന്ന് നിരീക്ഷകനോ..
എങ്ങിനെ താമസമൊക്കെ... കടല്ത്തീരത്തെ ആ റിസോര്‍ട്ട് തന്നെ കിട്ടിയല്ലോ അല്ലേ..അവിടെയാകുമ്പോള്‍ നല്ല ചെമ്മീന്‍ ഫ്രൈ കിട്ടും..
മതി.. കുളിക്കാന്‍ മിനറല്‍ വാട്ടര്‍ ഉപയോഗിച്ചാല്‍ മതി.. നമ്മുടെ ആരോഗ്യം നമ്മള്‍ തന്നെ നോക്കേണ്ടേ..

പഞ്ചകര്മ്മ ചികല്സ വേണമെന്നോ..  അത് ലോകസഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് ചെയ്തതല്ലേ.. എടോ. അത് കളക്ടറെ മാറ്റുന്നതു പോലെ ഇടയ്ക്കിടയ്ക്ക് ചെയ്യാനുള്ളതല്ല.

പിന്നെ.... കാര്യങ്ങളെല്ലാം ഗുമ്മായി നടക്കുന്നില്ലേ..
കമ്മീഷനെന്നു കേട്ടാല്‍ കൊച്ചു കുഞ്ഞുങ്ങള്‍ പോലും ഉറക്കപ്പായേല്‍ എഴുന്നേറ്റിരുന്നു കരയണം.സ്ഥാനാര്ഥിയും കൂട്ടാളികളും ഉണ്ണുന്നതും ഉറങ്ങുന്നതും വരെ വീഡിയോയിലെടുത്തോ.. നമുക്ക് കാശു മുടക്കൊന്നുമില്ലല്ലോ..
വേണമെങ്കില്‍ തന്റെയും ഭാര്യയുടെയും ഹണിമൂണ്‍ വീഡിയോ കൂടി അവന്മാരെക്കൊണ്ട് ഷൂട്ട് ചെയ്യിപ്പിച്ചോ..

വേണം... കവലയിലെ തോമാച്ചന്റെ ചായക്കടയിലെ  ഭിത്തിയില്‍ ഒട്ടിച്ചിരിക്കുന്ന ഇലക്ഷന്‍ പ്രചരണ പോസ്റ്റര്‍ എല്ലാം പറിച്ചു മാറ്റണം.
എന്ത് അത് തോമാച്ചന്‍ തന്നെ ഒട്ടിച്ചതാണെന്നോ.. അതൊന്നും പറഞ്ഞിട്ട് കാര്യമില്ല.. ചായക്കട പൊതു സ്ഥലമായി ഇപ്പോള്‍ ചായകുടിച്ചോണ്ടിരുന്നപ്പോള്‍ ഞങ്ങള്‍ പ്രഖ്യാപിച്ചു.

എന്ത്.. ചന്തയില്‍ കൂടി ചുവപ്പ് ഷര്‍ട്ടിട്ട് യൂണിയന്‍കാര്‍ പോകുന്നുണ്ടെന്നോ.. അരാണേലും ഷര്‍ട്ട് ഊരിപ്പിക്ക്. അങ്ങിനെ ഏതെങ്കിലും പാര്‍ട്ടിയുടെ കൊടി തയ്പ്പിച്ച് ഉടുപ്പുണ്ടാക്കി കമ്മീഷനെ തോല്പ്പിക്കാമെന്നു ഒരുത്തനും വിചാരിക്കണ്ട.

പോളിംഗ് ബൂത്തിനു നൂറ് മീറ്റര്‍ ചുറ്റളവിലെ വീടുകളിലെങ്ങാനും അരിവാളുണ്ടോ എന്നു പ്രത്യേകം നോക്കണം ഉണ്ടെങ്കില്‍ പിടിച്ചെടുക്കാന്‍ വൈകണ്ട. ഇലക്ഷന്റന്നു  നെല്ലു കൊയ്യാനെന്നും പറഞ്ഞ് രാവിലെ ചിഹ്നവുമായിട്ടിറങ്ങാന്‍ ഉരുത്തനേയും അനുവദിക്കരുത്.

കമ്മീഷന്‍ ആരാണെന്നാ വിചാരിച്ചത്.. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ ജനവിധി നിര്ണ്ണയിക്കുന്ന ഉത്തരവാദിത്തം ഉള്ള ഭരണഘടനാ സ്ഥാപനമാണ്. ഒരുത്തനും ഒരു ചുക്കും നമ്മളെ ചെയ്യാന്‍ പറ്റില്ല. കൈയ്യില്‍ അധികാരമുണ്ടേ.. അധികാരം.

ഒന്നും നോക്കണ്ട.. കമ്മീഷനാ പറയുന്നത്.. ജുസ്റ്റ് റിമംബര്‍ ദാറ്റ്

 എന്നാല്‍ ശരി  ഫോണില്‍ വേറൊരു കോള് വരുന്നുണ്ട്.. അതൊന്നെടുക്കട്ടെ..
...................................................................................................

ഹലോ.. അതേ കമ്മീഷനാണ്.

ശരി മാഡം.. (ഇരുന്നിടത്തു നിന്നും എഴുന്നേല്ക്കുന്നു)

മനോമോഹന്‍ ജി വിളിച്ചിരുന്നു മാഡം ( കൈ കൊണ്ട് തലയില്‍ എളിമയോടെ ചൊറിയുന്നു)

വന്നിരുന്നു മാഡം ..സുധാകരന്‍ സാര്‍ വന്നിരുന്നു മാഡം..

എല്ലാം പറഞ്ഞു മാഡം..

തന്നു മാഡം.. ലിസ്റ്റ് തന്നു മാഡം..

മാറ്റാം മാഡം.. കളക്ടറെ ഇന്നു തന്നെ മാറ്റാം മാഡം.

കേന്ദ്രമന്ത്രീടെ പെരുമാറ്റച്ചട്ട ലംഘനമോ.. അതു പരിശോധിച്ചു തീരുമ്പോഴേക്കും ഇലക്ഷന്‍ കഴിയും മാഡം..
ഒന്നും പേടിക്കേണ്ട മാഡം..

കേന്ദ്രസേനയെ അയക്കാം മാഡം
ബി എസ് എഫ് വേണോ.. അതോ പട്ടാളം വേണോ മാഡം.
മാഡം പറഞ്ഞാല്‍ എന്‍ എസ് ജിയെ അയക്കാനും റെഡിയാണ് മാഡം.

സംസ്ഥാന മന്ത്രി സഭയോട് പോകാന്‍ പറ മാഡം..
ഇല്ല മാഡം അറോറയുടെ കാര്യം മറക്കില്ല മാഡം..

ശരി മാഡം.. വിളിച്ചു ബുദ്ധിമുട്ടണ്ടായിരുന്നു മാഡം
അരേലും ഒന്നു വിട്ട് അറിയിച്ചാല്‍ ഞങ്ങള്‍ അങ്ങോട്ടു വരുമായിരുന്നു മാഡം.
ശരി മാഡം.. നന്ദി മാഡം.. വെയ്ക്കട്ടെ മാഡം..
( കൈ തലയില്‍ നിന്നും എടുക്കുന്നു.. ദീര്‍ഘ ശ്വാസം)

.......................................................................................................

ഹലോ..
അതേ കമ്മീഷനാണ്‍..
എന്ത്.. രാത്രി എട്ട് മണി കഴിഞ്ഞിട്ടും മൈക്ക് വെച്ച് പ്രസംഗിക്കുന്നെന്നോ.. പിടിക്കവനെ.. ഓപ്പറേറ്ററെ അറസ്റ്റ് ചെയ്യ്..
സ്ഥാനാര്ഥിയോട് വിശദീകരണം ചോദിക്ക്..
ഇത് കമ്മീഷനാ കമ്മീഷന്‍.. ഹും..

Thursday, October 22, 2009

വ്യത്യസ്തനായ ബാലന്‍

ടുത്തയിടെ ടി ‌വിയില്‍ കണ്ട അഭിമുഖങ്ങളില്‍ ഏറെ ശ്രദ്ധേയമായ ഒന്നായിരുന്നു വൈദ്യുതി പട്ടികജാതി ക്ഷേമ വകുപ്പ് മന്ത്രി എ കെ ബാലനുമായി നികേഷ് കുമാര്‍ നടത്തിയ അഭിമുഖം. ചെങ്ങറ സമരം മുതല്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്ത്തന വിലയിരുത്തല്‍ വരെയെത്തിയ ആ അഭിമുഖ പരിപാടി മന്ത്രിയെന്ന നിലയ്ക്കും രാഷ്ട്രീയ പ്രവര്ത്തകന്‍ എന്ന നിലയിലും എ കെ ബാലന്‍ എന്ന വ്യക്തിയുടെ വേറിട്ട വ്യക്തിത്വത്തിന്റെ മാറ്ററിയിക്കുന്നതായിരുന്നു എന്ന് പറയാതെ വയ്യ. അഭിമുഖകാരനും പ്രേക്ഷകര്‍ക്കും ത്രുപ്തി നല്കുന്ന ഉത്തരങ്ങളും തന്റെ വകുപ്പുകളെപറ്റിയുള്ള ആധികാരിക വിശകലനങ്ങളും താന്‍ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനം എങ്ങിനെ വേറിട്ടു നില്ക്കുന്നു എന്നതിന്റെ വ്യക്തമായ വാദ മുഖങ്ങളുമായി എ കെ ബാലന്‍ കളം നിറഞ്ഞപ്പോള്‍ നികേഷ് കുമാര്‍ പലപ്പോഴും ശ്രദ്ധയുള്ള കേള്‍വിക്കാരനായൊതുങ്ങി.

ചെങ്ങറ ഭൂസമരവും അതിനെ സര്‍ക്കാര്‍ നേരിട്ട രീതിയുമായിരുന്നു അഭിമുഖത്തിന്റെ ആദ്യ ഭാഗങ്ങളില്‍ പരാമര്‍ശ വിഷയമായത്. ചെങ്ങറ സമരത്തിനെ അതിന്റെ വിശാലമായ അര്ത്ഥത്തില്‍ സമീപിക്കുമ്പോള്‍ തന്നെ സര്‍ക്കാരിന്റെ നിലപാട് ആദിവാസി ദളിത് വിരുദ്ധമാണ് എന്ന ളാഹ ഗോപാലന്റെ ആരോപണത്തിന്റെ മുന ഒടിക്കാനും മന്ത്രിക്ക് കഴിഞ്ഞു. . 49000 ഭൂരഹിതര്‍ക്ക് പട്ടയം നല്കിയതും 14000 ആദിവാസികള്‍ക്ക് ഭൂമി നല്കിയതും എല്ലാം അക്കമിട്ട് നിരത്തിയപ്പോള്‍ ചോദ്യകര്ത്താവിന് ആദിവാസികര്‍ക്കും ദളിതര്‍ക്കും ക്രുഷിഭൂമി എന്ന വിഷയത്തിലേക്ക് മാറെണ്ടി വന്നു. അതിലും മന്ത്രിക്ക് വ്യക്തമായ ഉത്തരം ഉണ്ടായിരുന്നു. ഇടതുപക്ഷ ഗവണ്‍ മെന്റ് അധികാരത്തില്‍ വന്നതിനു ശേഷം ആദിവാസികള്‍ക്കും പട്ടിക വിഭാഗങ്ങള്‍ക്കുമായി പുതുതായി നല്കിയതും വര്‍ദ്ധനവ് വരുത്തിയതുമായ വിവിധ ധന സഹായ പദ്ധതികളെക്കുറിച്ചും വികസന പരിപാടികളെക്കുറിച്ചും യാതൊരു രേഖകളുടെയും കുറിപ്പുകളുടേയും സഹായമില്ലാതെ  അക്കമിട്ട് ക്രുത്യതയോടെ നിരത്തിയത്  മന്ത്രിമാരല്ല ഉദ്യോഗസ്ഥന്മാരാണ് ഭരിക്കുന്നതെന്നും മന്ത്രിമാര്‍ക്ക് ഒന്നും അറിയില്ല എന്നും പ്രചരിപ്പിക്കുന്നവര്‍ക്കുള്ള ചുട്ട മറുപടിയായി. തന്റെ വകുപ്പിനെക്കുറിച്ചും അത് നടപ്പാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ചും തനിക്കു മുമ്പിലുള്ള വെല്ലുവിളികളെക്കുറിച്ചും അവ പരിഹരിക്കാന്‍ സ്വീകരിക്കുന്ന മാര്‍ഗങ്ങളെക്കുറിച്ചുമൊക്കെ ക്രുത്യതയും ദീര്‍ഘവീക്ഷണവുമുള്ള കണക്കുകളും വിവരങ്ങളും നിലപാടുകളും അവതരിപ്പിക്കുന്നത് കണ്ടപ്പോള്‍ എത്രമാത്രം ഗ്രുഹപാഠം തന്റെ വകുപ്പിനു വേണ്ടി അദ്ദേഹം നടത്തുന്നുണ്ട് എന്നത് വ്യക്തമായിരുന്നു..
അഭിമുഖത്തിന്റെ ആദ്യ ഭാഗത്തിന്റെ വീഡിയോ ദ്രുശ്യങ്ങള്‍ താഴെ.







വൈദ്യുതി മന്ത്രി എന്ന നിലയില്‍ ഏറ്റെടുത്തിട്ടുള്ള ഉത്തരദാദിത്തത്തെപ്പറ്റിയും തികഞ്ഞ ബോധ്യത്തോടെയാണ് മന്ത്രി സംസാരിച്ചത്. പാരിസ്ഥിതിക പ്രശ്നങ്ങള്‍ സ്രുഷ്ടിക്കാതെ പുതിയ വൈദ്യുതി പദ്ധതികള്‍ നടപ്പിലാക്കുന്നതിനെക്കുറിച്ചും അദ്ദേഹത്തിനു സുചിന്തിതമായ കാഴ്ച്ചപ്പാടുണ്ട്. വേനല്ക്കാലത്ത് കേരളത്തില്‍ വെള്ളം സമ്രുദ്ധമായൊഴുകുന്ന പുഴകളുടെയൊക്കെ മുകളില്‍ ഒരു ജല വൈദ്യുത പദ്ധതിയുണ്ടാകും എന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ ഇടുക്കി പദ്ധതിയിലെ വെള്ളം കൊണ്ട് ഏതു കടുത്ത വേനലിലും നിറഞ്ഞൊഴുകുന്ന തൊടുപുഴയാറിനെ ഓര്ത്തു.




അത്മവിശ്വാസവും നിശ്ചയദാര്‍ഡ്യവും തുടിക്കുന്ന വാക്കുകളിലൂടെ, എളിമയും നര്മ്മബോധവും വെളിവാകുന്ന സംഭാഷണ ശൈലിയിലൂടെ പ്രേക്ഷകരെ ആദ്യാവസാനം പിടിച്ചിരുത്താനും തന്റെ വകുപ്പിലെ പ്രവര്ത്തനങ്ങളും പദ്ധതികളും ജനങ്ങള്‍ക്കു മുമ്പില്‍ നിരത്താനും മന്ത്രിക്കു കഴിഞ്ഞു. അഭിമുഖം കണ്ടു കഴിഞ്ഞപ്പോള്‍ ഇത്തരം മന്ത്രിമാര്‍ കേരളത്തിനു മുതല്ക്കൂട്ടാണെന്ന് മനസ്സു പറഞ്ഞു.


Sunday, October 4, 2009

നിറമിഴിപ്പൂക്കള്‍

മൂന്ന് ദിവസം മുമ്പ് ചിന്ത അഗ്രഗേറ്ററില്‍ പുതിയ പോസ്റ്റുകള്‍ക്കായി പരതുമ്പോള്‍ അവിചാരിതമായി കണ്ട ഒരു പേര്.. ജ്യോനവന്‍ ..

ഇന്ന് ആ പേരിന്റെ ഉടമ ലോകത്തോട് വിട പറഞ്ഞുവെന്നറിയുമ്പോള്‍ നെഞ്ചില്‍ നീറുന്ന ദുഖമായി മാറിയതെങ്ങിനെയാണ് പ്രിയ സുഹ്രുത്തേ..

ഇനി ഒരിക്കല്‍ പോലും പുതിയ പോസ്റ്റുകള്‍ വരാത്ത നിന്റെ ബ്ലോഗില്‍ ആദ്യമായും അവസാനമായും പ്രാര്ത്ഥനയുടെ കമന്റിടുമ്പോള്‍ സത്യം അത് ഹ്രുദയത്തിനുള്ളില്‍ നിന്നു തന്നെയാണുയര്‍ന്നത്.

ലോകമേ തറവാട് എന്ന് പറഞ്ഞു തന്ന മഹാകവിയുടെ കാല്ക്കല്‍ പ്രണമിക്കുന്നു..

ആധുനികതയുടെ വര്‍ത്തമാനകാലത്ത് അത് ബൂലോകത്തിലൂടെ അനുഭവിച്ചറിയുന്നു..

ബൂലോകമേ നിന്റെ കണ്ണുനീര്‍ക്കടലില്‍ എന്റെ ഒരുപിടി നിറമിഴിപ്പൂക്കള്‍ കൂടി ചേര്‍ക്കുന്നു.

Monday, September 21, 2009

ഒരു'ജാതി' പ്രണയകഥ

അനന്തപുരിയിലെ മഴയില്‍ കുളിച്ച ഒരു പ്രഭാതത്തിന്റെ കുളിരില്‍ കിടക്ക വിട്ടെണീക്കാന്‍ മടിച്ച് ചുരുണ്ടുകൂടുമ്പോഴാണ്  മൊബൈല്‍ "കോലക്കുഴല്‍ വിളി കേട്ടോ" എന്നു പാടിയത്. വിളി കേള്‍ക്കാതിരിക്കാന്‍ പറ്റുമോ.. കഴിഞ്ഞദിവസം ഇങ്ങനെ മൊബൈലിന്റെ  "കോലക്കുഴല്‍ വിളി " കേട്ടിട്ടൂം മടി പിടിച്ച് കിടന്നപ്പോഴാണ് മൂന്നുവയസ്സുകാരന്‍ സല്പുത്രന് ആ വിളി കേട്ട് ഉള്വിളിയുണ്ടായതും നോക്കിയാ കമ്പനിക്കു പോലും സാധിക്കാത്ത വിധത്തില്‍ മൊബൈല്‍ കുഞ്ഞു കഷണങ്ങളാക്കിയതും.  കിടക്കയുടെ സുഖമുള്ള ചൂടില്‍ നിന്നും മഴയുടെ കുളിരിലേക്ക് ശരീരം ഷിഫ്റ്റ് ചെയ്ത് ഫോണെടുത്തു.... നാട്ടില്‍ നിന്നുംപ്രിയ സുഹ്രുത്ത് സാജുവാണ്.

എന്നാടാ തടിയാ.. എന്റെ  പ്രകോപിപ്പിക്കലിനു  "തടിയന്‍ നിന്റെ കൊച്ചാപ്പാ" എന്ന മറുപടി പറഞ്ഞ് അവന്‍ വിഷയത്തിലേക്കു കടന്നു. കാര്യം നിസ്സാരം.. അവന്‍ പെണ്ണൂകെട്ടാന്‍ തീരുമാനിച്ചിരിക്കുന്നു.കല്യാണലോചനകള്‍ തക്രുതിയായി നടക്കുന്നുണ്ട്. 

ഡാ വിഴിക്കത്തോട്ടില്‍ ഒരു പെണ്‍കൊച്ചൊണ്ട്.. തരക്കേടില്ലാത്ത ചുറ്റുപാടാ.. കാണാനും കുഴപ്പമില്ലെന്നാ ബ്രോക്കര്‍ പറഞ്ഞത്.

എന്നാ ധൈര്യമായി കെട്ടെടാ.. ദേ മഴക്കാലം ഇപ്പം തീരൂം കേട്ടോ..

പോടാ... നീയെന്നാ ഇനി നാട്ടിലേക്ക് ..

ഉടനെയില്ലടാ.. പോക്കറ്റ് കാലി..ഇപ്പോള്‍ പഴയ പോലെ കുട്ടിബാഗും തൂക്കി തോന്നുമ്പം ഇറങ്ങാന്‍  പറ്റുമോ.. കുട്ടി ഒന്നായില്ലേ..

പിന്നേ തിരുവനന്തപുരം എന്നു പറഞ്ഞാല്‍  അങ്ങ് അമേരിക്കേലല്ലേ..നിന്നെക്കൂട്ടി പെണ്ണൂകാണാന്‍ പോകാനിരിക്കുവാ ഞാന്‍.. നീയിങ്ങ് വാ..

ങാഹാ.. ഇങ്ങനെയുള്ള നല്ല കാര്യങ്ങള്‍ക്കണെങ്കില്‍ നേരത്തെ പറയെണ്ടേ.. ഒഫീഷ്യലായിട്ട് പോയി പെണ്‍പിള്ളേരുടെ വായിനോക്കുന്ന ഈ പരിപാടീടെ സുഖം ഒന്നു വേറെ തന്നെയാ..

എന്നതാ ഫോണിലൂടെയൊരു പെണ്‍ വിഷയം.. ഭാര്യാജി  കാപ്പിയുമായി പുറകില്‍.. അല്ലെങ്കിലും പെണ്ണ് എന്നൊരു  വാക്ക് എന്റെ നാവില്‍ നിന്നും വീണാല്‍ ക്രുത്യമായി അവള്‍ കേള്‍ക്കും.

ഓ ഒരു പെണ്ണു കാണാന്‍ പോകാനാ...ഒന്നു കെട്ടിയാലെന്താ.. ഇപ്പോഴും നമ്മളെയൊക്കെ കൊത്തിക്കൊണ്ടു പോകാന്‍ ആള്‍ക്കാര്‍ ക്യൂവാ.. നീ സൂക്ഷിച്ചോ..

പിന്നേ ആള്‍ക്കാരു കൊത്തിക്കോണ്ടു പോകാന്‍ ക്യൂ നില്ക്കാന്‍  ചേട്ടനാര്   ഇരട്ടത്തലയന്‍ പാമ്പോ.. അതോ വെള്ളി മൂങ്ങയോ..

ലവളിന്നു രാവിലെതന്നെ അപാര ഫോമിലാണല്ലോ.. അല്ലെങ്കിലും   എന്നെക്കുറിച്ചെന്തെങ്കിലും പറയുമ്പോള്‍ അവള്‍ക്കു പി സി ജോര്‍ജിന്റെ നാവാണ്. എന്തും പറയും.

സാജുവിനു വേണ്ടി അടുത്ത ഞായറാഴ്ച്ച വിട്ടു കൊടുക്കാന്‍ തീരുമാനിച്ച് പ്രഭാത ഗുസ്തികള്‍ക്കായി തയ്യാറെടുത്തു..


അമ്മൂമ്മെ.. ഈ അച്ഛയെന്നെ "എടാ"ന്നു വിളിച്ചു. ശനിയാഴ്ച രാത്രി നാട്ടിലെത്തിയപ്പോഴേ മകന്റെ പരാതി..

കഴിഞ്ഞ ദിവസം ഹൌസ് ഓണറെ "എടാ"ന്നു വിളിച്ചതിനു അവന്റെ അമ്മയുടെ കൈയ്യില്‍ നിന്നും തല്ല് കിട്ടിയതില്‍ പിന്നെ ആര് ആരെ  "എടാ"  എന്നു വിളിക്കുന്നു എന്ന ഗവേഷണത്തിലാണ്.

എന്തിനാടാ എന്റെ കൊച്ചിനെ "എടാ"ന്നു വിളിച്ചത്..അമ്മൂമ്മ..

അതുപിന്നെ എങ്ങിനെ വിളിക്കാതിരിക്കും .. ട്രെയിനില്‍  അടുത്തിരുന്ന പെണ്‍കൊച്ചുമായി കമ്പനിയടിച്ച് അതിന്റെ മടിയില്‍ കയറിയിരുന്ന്  മുഖത്തു നോക്കിപ്പറയുവാ അയ്യേ ഈ ചേച്ചിക്ക് അച്ഛേപ്പോലെ മീശയുണ്ടെന്ന്. പിന്നെ കായംകുളത്തിറങ്ങുന്നത് വരെ പെണ്‍കൊച്ചിന്റെ ചൂണ്ടുവിരല്‍ മൂക്കിനു താഴെ നിന്നും മാറിയിട്ടില്ല. അപ്പുറത്തിരുന്നുറങ്ങുന്ന വല്യപ്പന്റെ കുടവയര്‍ ചൂണ്ടി .. അതിനകത്ത് കുഞ്ഞുവാവയുണ്ടോ അമ്മേ എന്നടുത്ത സംശയം.


രാവിലെ തന്നെ സാജു കാറുമായി വന്നു. റബര്‍ തോട്ടങ്ങള്‍ അതിരിടുന്ന വഴിയിലൂടെ മാരുതി മന്ദമായൊഴുകി. ബാല്യവും കൌമാരവും ആഘോഷിച്ചു തീര്ത്തയിടങ്ങള്‍. ഈ നാട്ടിലെ ഒരോ പുല്ക്കൊടിക്കും ഞങ്ങളെ അറിയാമായിരുന്നു. പാമ്പോലിയിലെ എസ്റ്റേറ്റില്‍ സാജു പുതുതായി പണിയുന്ന വീടു കാണാന്‍ വണ്ടി നിര്ത്തി. ഞങ്ങളുടെ പഴയ ക്രിക്കറ്റ് സ്റ്റേഡിയം ആയിരുന്നു ഈ തോട്ടം.

വീടൊക്കെ അടിപൊളിയാണല്ലോടാ.. കാശ് കുറച്ച് പൊടിച്ചിട്ടുണ്ടല്ലോ.. വിഴിക്കത്തോടുകാരിക്കു  ഭാഗ്യമുണ്ടേല്‍ ഇതില്‍ പൊറുക്കാം..

മറുപടിയായി സാജുവിന്റെ നാണം കലര്ന്ന ചിരി. തിരിച്ച് കാറിനടുത്തേക്ക് നടക്കുമ്പോഴാണ്  വീടിനു മുറ്റത്തെ ജാതിമരം ശ്രദ്ധിച്ചത്.

ആ ഹാ ഈ ജാതിമരം നീ കളഞ്ഞില്ല അല്ലേ.. ...മറുപടിയായി  സാജു വീണ്ടും ചിരിച്ചു..

വളവുകളും തിരിവുകളും പിന്നിട്ട് കാറ് മുന്നോട്ടു കുതിക്കുമ്പോള്‍ ..ജാതിമരച്ചോട്ടില്‍ നിന്നും മനസ്സില്‍ തള്ളിക്കയറി മുമ്പോട്ടു വന്ന പഴയകാല ഓര്മ്മകള്‍ എന്നെ പിന്നോട്ടു  തിരിച്ചു വിളിച്ചുകൊണ്ടേയിരുന്നു.....

പണ്ടൊരു കോളേജ് കാലം.. സമയം തെറ്റി വന്ന പരീക്ഷാക്കാലത്തിന്റെ സൌജന്യത്തില്‍ വീണുകിട്ടിയ കുറച്ച് അവധിദിനങ്ങള്‍ നാട്ടില്‍ ചിലവഴിക്കാനെത്തിയതായിരുന്നു ഞാന് ‍. സാധാരണ ക്രിക്കറ്റ് ഗ്രൌണ്ടിലെ ശ്രീശാന്തിനെപ്പോലെ എപ്പോഴും വെറളിപിടിച്ചു നടക്കുന്ന സാജുവിനൊരു മിണ്ടാട്ടമില്ല. എന്തു പറ്റിയെടാ എന്നു ചോദിക്കുമ്പോഴൊക്കെ സത്യന്‍ സ്റ്റൈലില്‍ ഒരു ദീര്‍ഘനിശ്വാസവും വിട്ട് എഴുന്നേറ്റു പോകും.

ഇന്റലിജെന്സ് ബ്യൂറൊ വഴി അന്വേഷണം നടത്തി.. പ്രതിയെ കയ്യോടെ പിടിച്ചു.. ഷെറിന്‍.. പാലക്കാംകുഴിയില്‍ ചാക്കൊച്ചന്റെ മോള്‍.. സുന്ദരി... സുമുഖി... പാലാ അല്ഫോന്സാ കോളേജില്‍ പ്രീ ഡിഗ്രീക്കു പഠിക്കുന്നു.. കാരക്കുളം പള്ളിയിലെ യുവധാര എന്ന നസ്രാണി യുവജനക്കൂട്ടായ്മയുടെ പ്രസിഡന്റായ സാജുവിന് ജോയിന്റ് സെക്രട്ടറിയായ ഷെറിന്‍ എന്ന സുന്ദരിക്കുഞ്ഞാടിനോട് പ്രണയം തോന്നുക സ്വാഭാവികം..ജോയിന്റ് സെക്രട്ടറിയെ പ്രേമിക്കണം എന്നങ്ങോട്ട് ക്രുത്യമായി പറഞ്ഞിട്ടില്ലെങ്കിലും അയല്ക്കാരനെ സ്നേഹിക്കണം എന്നു കര്ത്താവ് പറഞ്ഞിട്ടൂണ്ടല്ലോ.. അതിന്റെ പരിധിയില്‍ ഇതെല്ലാം വരും എന്നാണ് സാജു പറയുന്നത്.

അവള്‍ക്കെന്നോട് എന്തോ ഒരു അടുപ്പം ഉണ്ടെന്നാടാ തോന്നുന്നത്.. പക്ഷെ എങ്ങിനെയാ അതൊന്ന് ഉറപ്പിക്കുക.. ഇനി അങ്ങിനെയൊന്നും ഇല്ലെങ്കില്‍ അവ്ളെന്തു വിചാരിക്കും.. വികാരിയച്ചനറിഞ്ഞാല്‍ നാണക്കേടല്ലേ...

ഒരു ആവറേജ് കാമുകനെ സത്യനാക്കാന്‍ ഇതില്‍ കൂടുതല്‍  എന്തു വേണം..

ഞാനും ശ്രീകുമാറും ഹരിലാലും ഉള്‍പ്പെട്ട സ്പെഷ്യല്‍ ടാസ്ക്‍ ഫോഴ്സ് പ്രശ്നമേറ്റെടുത്തു. ... സാജുക്കുഞ്ഞാടിന്റെ കടിഞ്ഞൂല്‍ പ്രണയമാണ്. കുറച്ചു പൊണ്ണത്തടിയും ഡയലോഗ്സും ഉണ്ടന്നേയുള്ളൂ.. ആളൊരു പഞ്ച പാവമാണ്‍.

എന്തായാലും നീ കാര്യം അവളോടു പറയണം.. പതിവുപോലെ ക്രിക്കറ്റ്കളി കഴിഞ്ഞ് വെടി പറഞ്ഞിരിക്കുന്ന സന്ധ്യകളിലൊന്നില്‍ ഞങ്ങള്‍ തീരുമാനം പ്രഖ്യാപിച്ചു.

അയ്യോ.. അതെങ്ങിനെയാ ഇടിപിടീന്ന്.. സാജുവിനാകെ വെപ്രാളം..

എന്നാ നീ പറയെണ്ടടാ.. കൂറച്ചു നാള്‍ കഴിയുമ്പോള്‍ പ്രസിഡന്റിനു സെക്രട്ടറി ഒരു കത്തു തരും.. അവളുടെ കല്യാണക്ഷണക്കത്ത്.. അന്നു പറഞ്ഞാ മതി..

ശ്രീകുമാര്‍ വയലന്റായി.. അല്ലെങ്കിലും ഇത്തരം കാര്യങ്ങളില്‍ അവനാണ് ഉസ്താദ്... നിലവില്‍ രണ്ട് ലൈനുണ്ട്.. മൂന്നാമത്തേത് പരീക്ഷണ ദശയിലും.

നിരന്തരമായ സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ പറയാം എന്നു സാജു അര സമ്മതം മൂളീ.. പക്ഷെ.. എന്ന്... എപ്പോള്‍ ...എവിടെ വെച്ച്.... എങ്ങിനെ...
ഞങ്ങള്‍ തല പുകഞ്ഞാലോചിച്ചു.. ആ വകയില്‍ കവലയിലെ വേണുച്ചേട്ടന്റെ കടയിലെ ദോശയും സാമ്പാറും അന്നു പതിവിലും നേരത്തെ തീര്ന്നു..

കോളെജ് കഴിഞ്ഞ് എല്ലാ ദിവസവും ഞങ്ങളുടെ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ മുമ്പിലൂടെയാണ് ഷെറിന്‍ പോകുന്നതെങ്കിലും ആ സമയത്ത് വഴിയില്‍ നിറയെ ആളാണ്. സ്കൂളും കോളെജും എല്ലാമായി ഇടവകയിലെ കുഞ്ഞാടുകള്‍ മുഴുവന്‍ റോഡിലൂടൊഴുകുന്ന സമയത്ത് പ്രണയ സന്ദേശം നല്കാന്‍ പോയാല്‍ അവളുടപ്പന്‍ ചാക്കോച്ചേട്ടന്‍ പണ്ട് കര്ത്താവ് ചെയ്തതു പോലെ വഴിതെറ്റിപ്പോയ സാജുക്കുഞ്ഞാടിനെ തിരക്കി ഒരു വരവു വരും..

പള്ളി.. യുവധാര.. അതൊന്നും സാജു ഒരു തരത്തിലും സമ്മതിക്കുന്നില്ല.. അവന്റെ ഇമേജ് പോകുമത്രേ..പിന്നേ ഇവനാര്‍ ഫാദര്‍ കോട്ടൂരോ പെണ്ണുകേസില്‍ പെട്ട് ഇമജ് പോകാന്‍.

അവസാനം വഴി കണ്ടു പിടിച്ചു. ശനിയാഴ്ച്ചകളില്‍ എന്‍ട്രന്സ് കോച്ചിംഗിനു പോയി അവള്‍ മടങ്ങി വരുമ്പോള്‍.  ആ സമയം കൂടെ ആരും ഉണ്ടാകില്ല.. വഴിയിലും തിരക്കില്ല..ലൊക്കേഷന്‍ ഞങ്ങളുടെ സ്റ്റേഡിയത്തിനു മുമ്പില്‍ തന്നെ മതി എന്നും തീരുമാനിച്ചു.. അവിടെയാകുമ്പോള്‍ അടുത്ത് വീടുകളൊന്നുമില്ല..

കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും ഞങ്ങള്‍ ഏറ്റെടുത്തു.. സാജു വെറുതെ നിന്ന് അഭിനയിച്ചാല്‍ മാത്രം മതി. വിവിധ സാഹചര്യങ്ങളില്‍ അവളുടെ മറുപടി അതിനുള്ള മറുമൊഴി എന്നിവ വരെ തീരുമാനിച്ചു.. അല്ലെങ്കിലും നമ്മള്‍ എന്തെങ്കിലും ചെയ്യുമ്പോള്‍ പ്രൊഫഷണല്‍ ആയിരിക്കണം.

അങ്ങിനെ ശനിയാഴ്ച്ച വൈകിട്ട് മൂന്നു മണിയോടെ ഞങ്ങള്‍ ലൊക്കേഷനിലെത്തി. ഞങ്ങള്‍ എന്നാല്‍ ഞാന്‍, സാജു, ഹരിലാല്‍..  ശ്രീകുമാറിന് അത്യാവശ്യ യാത്രയുണ്ട്. അവന്‍ എത്താന്‍ നോക്കം എന്നു സാജുവിന് ഉറപ്പു കൊടുത്തിട്ടുണ്ട്.

സാജുവിനാകെ ടെന്ഷന്‍.. 3. 45 ന്റെ കലൂര്‍ മോട്ടോഴ്സിന് അവള്‍ കുരുവിക്കൂട്ട് ലാന്റ് ചെയ്യും. പിന്നെ ഒരഞ്ച് മിനിട്ട് ഞങ്ങള്‍ നില്ക്കുന്നിടം വരെയെത്താന്‍.

അവള്‍ വരുമ്പോള്‍ സാജു എസ്റ്റേറ്റ് കം ക്രിക്കറ്റ് സ്റ്റേഡിയത്തിലെ റബര്‍ മരങ്ങളുടെ ക്ഷേമം അന്വേഷിച്ച് നില്ക്കുന്നു.... അവളെ കാണുന്നു.... സംസാരിക്കുന്നു.... പതിയെ വിഷയം അവതരിപ്പിക്കുന്നു. അതാണ് സ്റ്റോറീ ബോര്‍ഡ്. എനിക്കും ഹരിലാലിനും കഥയില്‍  റോളില്ല ഞങ്ങള്‍ അണിയറയില്‍ മാത്രം.

സമയം 3. 45 കഴിഞ്ഞു.. സാജുവിന്റെ നെഞ്ചിടിപ്പു കൂടി. ഹരിലാല്‍  തോട്ടത്തിലെ ജാതി മരത്തിന്റെ മുകളില്‍ കയറി നോക്കി.. അവള്‍  കയറ്റം  കയറി  വരുന്നത് അതില്‍ ഇരുന്നാല്‍ കാണാം..

ദാണ്ടെടാ വരുന്നുണ്ട്.....ഹരിലാലിന്റെ സന്ദേശം.. സാജു തയ്യാറായി.. ഞാന്‍ എവിടെ ഒളിക്കും..

രഞ്ജി.. ഇങ്ങു കേറിക്കോ.. ഇവിടെ ഇരുന്നാല് നല്ല വ്യൂവാ.. ഹരിലാല്‍ ജാതി മരത്തിലേക്ക് ക്ഷണിച്ചു..

അതു ശരിയാണെന്ന്‍ എനിക്കും തോന്നി.. നിറയെ ശിഖരങ്ങളും ഇടതൂര്ന്ന് ഇലകളുമായതിനാല്‍ അതിന്റെ മുകളിലാണെങ്കില്‍ പെട്ടെന്ന് ആരുടെയും ശ്രദ്ധയില്‍ പെടില്ല.

ജാതിയുടെ മുകളില്‍ സൌകര്യമായൊരു കൊമ്പില്‍ ഇരിപ്പുറപ്പിച്ചു. ഇലകള്‍ കാരണം ദ്രുശ്യ വ്യക്തത അല്പ്പം കുറവാണെങ്കിലും ക്ലോസ് റേഞ്ചിലാണ്‍. അത്യാവശ്യം സംഭാഷണം വരെ കേള്‍ക്കാം.

ഷെറിന്‍ അടുത്തു വന്നു..

ഇദെവിടെപ്പോയി... സാജുവിന്റെ ചോദ്യം.. പാവം... അവനറിയത്തില്ല.. അവളെവിടെപ്പോയെന്ന്..

അവള്‍ എന്‍ട്രന്സ് കോച്ചിംഗിന്റെ കാര്യം പറഞ്ഞു....

പിന്നെ പള്ളീലെ യുവധാരയുടെ എന്തൊക്കെയോ കാര്യങ്ങള്‍.. ബൈബിള്‍ ക്വിസ്സ് മല്സരമോ.. എന്തോ..

പിന്നെ ഇപ്പോഴല്ലേ ക്വിസ്സ് മല്സരം.. "കിസ്സ് " മല്സരത്തെക്കുറിച്ചു സംസാരിക്കെടാ.. ഹരിലാല്‍ ആവേശം മൂത്തു പൊറുപൊറുത്തു.

സംസാരം പിന്നെ പതുക്കെയായി.. അത്ര വ്യക്തമല്ല..

സാജു എന്തോ പറയുന്നുണ്ട്.. അവള്‍ ഇല്ല എന്നര്ത്ഥത്തില്‍ തലയാട്ടുന്നു..

അവന്റെ വളിച്ച മുഖം കണ്ടിട്ട് എന്തോ കുഴപ്പം ഉണ്ടെന്നു തോന്നുന്നു.. ഞങ്ങള്‍ ചെവി വട്ടം പിടിച്ചു..

രണ്ടുപേരും ഇപ്പോള്‍ റോഡരികില്‍ നില്ക്കുകയാണ്.. അവളെന്തോ പറഞ്ഞ് ചിരിക്കുന്നുണ്ട്..

പ്രശ്നമില്ലെന്നു തോന്നുന്നു അളിയാ.. ഞാന്‍ ഹരിലാലിനോട് പറഞ്ഞു..

അവന്‍ ഡയലോഗ് കേള്‍ക്കാനുള്ള കഠിന പരിശ്രമത്തിലാണ്.

അപ്പോഴാണത് സംഭവിച്ചത്..

ജാതിമരത്തിന്റെ മുകളിലിരുന്ന്  സംഭാഷണം ചോര്ത്താന്‍ ശ്രമിക്കവേ ഹരിലാല്‍ ചിവിട്ടിയ ചില്ലക്കൊമ്പ് ഒടിഞ്ഞതും.. എന്റ്റമ്മോ.. എന്ന ആര്ത്ത നാദത്തോടെ അവന്‍ താഴേക്ക് ബഞ്ചി ഡൈവിംഗ് നടത്തിയതും എല്ലാം ഒരു നിമിഷാര്‍ദ്ധത്തില്‍ കഴിഞ്ഞു..

അയ്യോ എന്റീശോയേ.. എന്നൊരു പെണ്‍ശബ്ദം... ഞാന്‍ നോക്കുമ്പോള്‍ ഷെറിന്‍ നിലവിളിച്ചുകൊണ്ട് റോഡിലൂടെ തെക്കോട്ട് പായുന്നു...മരത്തിനു താഴെ ഹരിലാല്‍ ഡിങ്കന്‍ സ്റ്റൈലില്‍ എഴുന്നേറ്റു നില്പ്പുണ്ട്. അവന്റെ ഉടുതുണി ജാതിമരത്തിനു മുകളില്‍ അപായ സിഗ്നലും കാട്ടി തൂങ്ങിക്കിടക്കുന്നു.

ഞാന്‍ പതിയെ താഴെയിറങ്ങി.. സാജു എല്ലാം തകര്ന്നു നില്ക്കുകയാണ്.

നശിപ്പിച്ചില്ലേടാ.. കാലമാടന്മാരേ.. അവന്‍ കരച്ചിലിന്റെ വക്കിലാണ്‍..

എന്താ.. എന്താ അളിയാ അവള്‍ പറഞ്ഞത്.. ഉടുമുണ്ടുപോലുമില്ലെങ്കിലും ഹരിലാലിന് ആകാംക്ഷ അടക്കാനാകുന്നില്ല..

നിന്റെ മറ്റോള്‍ടെ... പോടാ.....&%$#  നീ എന്നെക്കൊണ്ടൊന്നും പറയിപ്പിക്കല്ലേ..

രഞ്ജീ.. എല്ലാം ശരിയായി വന്നതായിരുന്നെടാ..  ഞാന്‍ കാര്യം പറഞ്ഞു.. ആദ്യം അവള്‍ക്കു പേടി.. ആരെങ്കിലും അറിഞ്ഞാലോ.. എന്ന്

അരും.. എന്റെ കൂട്ടുകാരു പോലും ഒരക്ഷരം അറിയില്ല എന്നു ഞാന്‍ പറയുകേം ഈ തെണ്ടി താഴോട്ടു ചാടുകേം ഒരുമിച്ചായിരുന്നു..

സാജു ഹരിലാലിനെ നോക്കി പല്ലിറുമ്മി..


എന്നെതാടാ.. വെറുതെ ചിരിക്കുന്നത്.. വട്ടായോ.. സാജുവിന്റെ ചോദ്യം എന്നെ ഓര്മ്മകളില്‍ നിന്നും ഉണര്ത്തി.

ഷെറിന്‍ ഇപ്പോള്‍ എവിടെയാടാ.. ഞാന്‍ ചോദിച്ചു..

അവളുടെ കല്യാണം കഴിഞ്ഞെടാ.. പത്തനംതിട്ടയിലോ മറ്റോ ആണെന്നു തോന്നുന്നു..
കല്യാണത്തിനെന്നെ വിളിച്ചാരുന്നു.. ഞാന്‍ പോയില്ല..

ഒരവശകാമുകന്റെ പ്രതികാരം..

എന്തു ചെയ്യാനാ അളിയാ.. ഒരോ കാലക്കേട്... അന്നാ &$%$ ഹരിലാലിന് ആ മരത്തിന്റെ മുകളീന്നു ചാടേണ്ട വല്ല കാര്യവും ഉണ്ടായിരുന്നോ.. അല്ലെങ്കില്‍ അവളിപ്പോള്‍ കുരുവിക്കൂട്ട് എന്റെ വീട്ടില്‍ നിന്നേനെ..

അതു പിന്നെ നീ അവളെ കാര്യം പറഞ്ഞു മനസ്സിലാക്കത്തില്ലായിരുന്നോ.. 

അതൊക്കെ കുറെ നോക്കിയതാടാ.. ഞാന്‍ ആള്‍ക്കാരെ ഒളിപ്പിച്ചിരുത്തുന്ന വിശ്വസിക്കാന്‍ കൊള്ളാത്തവനാന്നാ അവള്‍ പറഞ്ഞത്.. ങാ.. പോട്ടെ പുല്ല്..

സാജു വിഴിക്കത്തോട് ജംഗ്ഷനിലേക്ക് വണ്ടി തിരിച്ചു..


വിഴിക്കത്തോട്ടെ പെണ്‍കൊച്ച് കുഴപ്പമില്ല.. സെറ്റപ്പും ഓ ക്കെ.. ഒന്നു രണ്ടാഴ്ച്ചയ്ക്കുള്ളില്‍ കല്യാണം ഉറപ്പിച്ചു.. ഒരു മാസം കഴിഞ്ഞപ്പോള്‍ രാവിലെ വീണ്ടും സാജുവിന്റെ ഫോണ്‍കോള്‍..

ഡാ.. അവള്‍ വിളിച്ചു .. വിഴിക്കത്തോട് പള്ളിപ്പെരുന്നാളിനു വരാമോ എന്നു ചോദിച്ചു..

നീ പോടാ .. ചെന്ന് അടിച്ചു പൊളിക്ക്..

എന്നാലും എനിക്കൊരു ധൈര്യക്കേട് .. എന്നതാടാ പറയേണ്ടത്.. നാളെ കൂടെ പൊറുക്കേണ്ടതാ.. ഉള്ള അഭിപ്രായം കളയരുതല്ലോ..

‌പിന്നെ ചര്‍ച്ച..

ടാ .. നീ ധൈര്യമായിട്ട് പോ.. ഫോണ്‍ വെയ്ക്കുമ്പോള്‍ ഞാന്‍ പറഞ്ഞു.  ഇനി ഒരു അഡീഷണല്‍ ധൈര്യത്തിനു നമ്മുടെ ഹരിലാലിനെക്കൂടി കൂട്ടിക്കോ..

അയ്യോ.. സാജുവിന്റെ നിലവിളി.. ആറ്റു നോറ്റു കിട്ടിയ ഒരു പെണ്ണാ ഇനി ഈ കല്യാണം മുടക്കാന്‍ അവന്‍ പള്ളീടെ മുകളീന്ന് ചാടും...  വേണ്ടളിയാ....

Thursday, September 10, 2009

മുന്നൂറ്റി എണ്‍പത്തി ഏഴ് :: 387

പണ്ടൊക്കെ ഈ പത്താം ക്ലാസ് പരീക്ഷയെന്നു പറഞ്ഞാല്‍ ഇപ്പോഴത്തേതു പോലെ എ യിലും ബി യിലും ബി പ്ലസ്സിലും കിടന്നുകറങ്ങുന്ന പിള്ളേരു കളിയല്ലായിരുന്നു. നല്ല ഒന്നാം തരം റാങ്കും ഡിസ്റ്റിങ്ങ്ഷനും ഫസ്റ്റ് ക്ലാസുമൊക്കെ രാജാക്കന്മാരെപ്പോലെയാണ് വാണിരുന്നത്. ഇന്നു മക്കളെ സ്റ്റാര്‍ സിംഗറും സൂപ്പര്‍ സ്റ്റാറും ഒക്കെയാക്കാന്‍ പാടുപെടുന്ന മാതാപിതാക്കള്‍ അന്ന് ഫസ്റ്റ് ക്ലാസിന്റെയും ഡിസ്റ്റിങ്ങ്ഷന്റെയും പുറകെ പാഞ്ഞു നടന്നു. എന്തിധികം പറയുന്നു ഈ ഒമ്പതാം ക്ലാസ് അങ്ങ് കഴിഞ്ഞാല്‍ പിന്നെ ഒരു വര്ഷം കഠിനതടവും പിഴിച്ചിലുമായിരുന്നു. അതിരാവിലെ ട്യൂഷന്‍, സ്കൂളിലെത്തിയാല്‍ സ്പെഷ്യല്‍ ക്ലാസ്, വൈകിട്ടു തിരിച്ച് വീട്ടിലെത്തിയാല്‍ അമ്മയുടെ വക കൊട്ടിക്കലാശം. മുട്ടിനു മൂട്ടിനു ക്ലാസ് ടെസ്റ്റ്, അതു കഴിഞ്ഞൊരു റെസ്റ്റ് എടുക്കുമ്പോഴേക്കും ദാ വരുന്നു ഓണപ്പരീക്ഷയും ക്രിസ്തുമസ് പരീക്ഷയും... അങ്ങിനെ പത്താം ക്ലാസ് കഴിയുമ്പോഴേക്കും ജീവിതത്തിലെ അതുവരെ ചെയ്ത പാപങ്ങളെല്ലാം തമ്പുരാന്‍ പൊറുത്ത് മകനേ ഇനി ഒരു മൂന്നാലു കൊല്ലത്തേക്ക് നീ കുഞ്ഞാക്കുഞ്ഞ് പാപങ്ങളൊന്നും ചെയ്താല്‍ പ്രത്യേകം ശിക്ഷയില്ല അതിനു കൂടിയുള്ളത് ഈ പത്താം ക്ലാസില്‍ നിന്നും ഞാന്‍ മുന്‍കൂര്‍ ഇങ്ങെടുത്തു എന്നു പറയുന്ന സ്ഥിതിയായിരുന്നു. അങ്ങിനെ പത്താം ക്ലാസിന്റെ ഈ സുവര്ണ്ണ കാലത്താണ് ഞാന്‍ വലതു കാല്‍ വെച്ച് പത്തും ഗുസ്തീം പഠിക്കാന്‍ തുടങ്ങിയത്.

ഹൈസ്കൂള്‍ പഠനം എട്ടും ഒമ്പതും കഴിഞ്ഞ് പത്തില്‍ എത്തിയപ്പോഴേക്കും ഈ മീശമുളക്കുന്ന പ്രായത്തില്‍ ആണ്‍കുട്ടികളില്‍ സാധാരണയായി കണ്ടു വരാറുള്ള ഒരിനം പകര്‍ച്ചവ്യാധി എന്നെയും പിടീകൂടി. അസുഖത്തിന്റെ ഭാഗമായി കണ്ണാടിയുടെ മുമ്പില്‍ അങ്ങോട്ടൂം ഇങ്ങോട്ടൂം തിരിഞ്ഞുനിന്ന് സ്വന്തം സൌന്ദര്യം ആസ്വദിക്കുക. മൂക്കിനു താഴെ കൊച്ചി തീരത്തെ എണ്ണ ഖനനം പോലെ അങ്ങ് ആഴത്തിലെവിടെയോ മറഞ്ഞിരിക്കുന്ന മീശ ഖനനം ചെയ്തെടുക്കാനുള്ള അശ്രാന്ത പരിശ്രമം തുടങ്ങിയ രോഗലക്ഷണങ്ങള്‍ എന്നിവ കൂടാതെ അന്നുവരെ ശത്രു വര്‍ഗമെന്നു മുദ്രകുത്തി അകറ്റി നിര്ത്തിയിരുന്ന പെണ്‍കിടാങ്ങളോട് എന്തോ ഒരിത്..എന്ന പ്രധാന രോഗ ലക്ഷണം കൂടി അനുഭവപ്പെട്ടു തുടങ്ങി.

ഒന്നാം ക്ലാസു മുതലിങ്ങോട്ട് ഒരിക്കലും ക്ലാസിലെ ഒന്നാം സ്ഥാനം കിട്ടിയിട്ടില്ലെങ്കിലും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ ഏതെങ്കിലും ഒപ്പിച്ച് വീട്ടിലെ ആക്രമണത്തില്‍ നിന്നും വലിയ പരിക്കില്ലാതെ രക്ഷപെട്ടൂ പോന്നിരുന്നു. മകന് ഒരിക്കലും ഒന്നാം സ്ഥാനം ലഭിക്കാതെ നിരാശപ്പെട്ട അമ്മ ഒരു വര്ഷം പതിവുപോലെ രണ്ടാം സ്ഥാനക്കാരനായി വീട്ടിലെത്തിയപ്പോള്‍ നീയെന്നാടാ ഒരു ഒന്നാം സ്ഥാനവുമായി വരുന്നതെന്ന് ചോദിക്കുകയും അമ്മയുടെ ഈ ആഗ്രഹമൊന്ന് സാധിച്ചു കൊടുക്കാന്‍ എന്താണൊരു വഴി എന്ന് രണ്ടാം സ്ഥാനക്കാരന്റെ കുടില ബുദ്ധിയില്‍ ആലോചിച്ച് ഒരു വഴി കണ്ടുപിടിക്കുകയും ചെയ്തു. സ്ഥിരമായി ഒന്നാം സ്ഥാനം തട്ടിയെടുക്കുന്ന ബിനു വാസുദേവ് എന്ന ദുഷ്ടന്‍ അടുത്ത പരീക്ഷ്യ്ക്ക് തോറ്റുപോയാല്‍ എനിക്ക് ഒന്നാം സ്ഥാനം കിട്ടുമെന്നുള്ള എന്റെ മഹത്തായ കണ്ടുപിടുത്തം അമ്മ നിര്‍ദാഷണ്യം പുച്ഛിച്ചു തള്ളുകയും" ഒന്നാം സ്ഥാനക്കാരന്‍ തോറ്റു പോവുകയേ... പോടാ മണ്ടാ" എന്ന് എന്നെ അധിക്ഷേപിക്കുകയും ചെയ്തു. അങ്ങിനെ ആജീവനാന്തം രണ്ടാം സ്ഥാനക്കാരനായി കഴിഞ്ഞു വരികയായിരുന്നു.

എന്നാല്‍ പത്താം ക്ലാസിലെ ഓണപ്പരീക്ഷ കഴിഞ്ഞപ്പോള്‍ അച്ഛനും അമ്മയ്ക്കും എന്തോ പന്തികേട് തോന്നിത്തുടങ്ങി. രണ്ടിനും മൂന്നിനും താഴെ നാല്‍, അഞ്ച്, ആറ് എന്നിങ്ങനെ സ്ഥാനങ്ങള്‍ ഉണ്ടെന്നും അവയും കാലാകാലങ്ങളില്‍ വിദ്യാര്ത്ഥികള്‍ക്ക് നല്കപ്പെടുന്നതാണെന്നും പരിഭ്രമിക്കാന്‍ ഒന്നുമില്ലെന്നും ഞാന്‍ പരമാവധി പറഞ്ഞു നോക്കിയെങ്കിലും അവ്ര്‍ക്കങ്ങ് വിശ്വാസമായില്ല. അമ്മയുടെ കമാന്‍ഡോ ഓപ്പറേഷനും അച്ഛന്റെ സര്‍പ്രൈസ് അറ്റാക്കും ഫലപ്രദമാകാതെ വന്നപ്പോള്‍ അവര്‍ വൈദേശിക ശക്തികളൂടെ സഹായം തേടി. പൈകയിലെ ട്യൂഷന്‍ സെന്ററില്‍ ഉപരിപഠനത്തിനയച്ചു.രോഗി ഇച്ഛിച്ചത് പാല്‍ വൈദ്യന്‍ കല്പ്പിച്ചത് ഹോര് ലിക്സ് എന്ന അവസ്ഥയില്‍ ഞാന്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടി. സ്കൂളിലെ മനോമോഹിനികളായ ജോസ്മി, രമ്യ, കൊച്ചുറാണി തുടങ്ങിയ വിലക്കപ്പെട്ട കനികളെല്ലാം ഇതേ ട്യൂഷന്‍ സെന്ററിലാണ്. മിക്സഡ് സ്കൂളിലാണ് പഠിക്കുന്നതെങ്കിലും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ക്ലാസുകളായതിനാല്‍ ഇവരോടൊന്നും യാതൊരു വിധ നയതന്ത്ര ബന്ധങ്ങളും ഇല്ലാതെയിരിക്കുമ്പോഴാണ്. ഫ്രീയായി അവരുടെ രാജ്യത്ത് ഒരു എംബസി തുറക്കാനുള്ള സൌകര്യം ലഭിക്കുന്നത്. ആകെയൊരു പ്രശ്നം കൊച്ചുവെളുപ്പാന്‍കാലത്തെ എഴുന്നേറ്റു പോകണം എന്നുള്ളതാണ്.. അല്പം ബുദ്ധിമുട്ടാതെ ഒന്നും നടക്കില്ല എന്നമ്മ പറഞ്ഞപ്പോള്‍ ഞാനും തലയാട്ടി സമ്മതിച്ചു. പാവം അമ്മയ്ക്കറിയുമോ അല്പം ബുദ്ധിമുട്ടി മകന്‍ പോകുന്നത് എന്തുകാര്യം നടത്താനാണെന്ന്.

ട്യൂഷനും ക്ലാസ് ടെസ്റ്റും മുറയ്ക്കു നടന്നു. ഓണപ്പരീക്ഷകഴിഞ്ഞ് ക്രിസ്തുമസ് പരീക്ഷ വന്നുപോയി. ജന്മാവകാശമായ രണ്ടാം സ്ഥാനം നിലനിര്ത്താന്‍ ആയില്ലെങ്കിലും ഓണപ്പരീക്ഷയെക്കാള്‍ സ്ഥിതി ഭേദപ്പെട്ടതിനാല്‍ ഇവന്‍ രക്ഷപെട്ടോളും എന്നൊരു വിലയിരുത്തല്‍ വീട്ടിലെ ഉന്നത കേന്ദ്രങ്ങള്‍ നടത്തിയതിനാല്‍ കൂടുതല്‍ തെറ്റു തിരുത്തല്‍ നടപടിയൊന്നും ഉണ്ടായില്ല. അപ്പോഴേക്കും ട്യൂഷന്‍ സെന്ററിലും സ്ഥിതി മെച്ചപ്പെടുകയും നയതന്ത്രബന്ധങ്ങള്‍ കൂടുതല്‍ ശക്തമാകുകയും ചെയ്തിരുന്നതിനാല്‍ ഞാനും അതീവ സന്തോഷവാനായിരുന്നു.അവസാന ടേമില്‍ സ്കൂള്‍ യൂത്ത് ഫെസ്റ്റിവല്‍, പത്താം ക്ലാസിലെ സ്പെഷ്യല്‍ ടൂര്‍ പ്രോഗ്രാം, സോഷ്യല്‍, ഓട്ടോഗ്രാഫ് തുടങ്ങിയ സാമൂഹ്യപ്രവര്ത്തനങ്ങളില്‍ ഏര്‍പ്പെട്ട് അത്യധികം തിരക്കിലായതിനാല്‍ മോഡല്‍ പരീക്ഷ വന്നതും പോയതും അറിഞ്ഞുപോലുമില്ല.

പരീക്ഷപ്പേപ്പര്‍ കൈയ്യില്‍ കിട്ടിയപ്പോഴാണ് സംഗതിയുടെ ഗുരുതരാവസ്ഥ മനസ്സിലായത്. മാര്‍ക്കെങ്ങാനും വീട്ടിലറിഞ്ഞാല്‍ നീ പത്താം ക്ലാസ് ഈ കൊല്ലം എഴുതെണ്ടെന്നു വരെ പറഞ്ഞു കളയും. "ഈ മോഡല്‍ പരീക്ഷയുടെയൊന്നും പേപ്പര്‍ നോക്കത്തില്ലമ്മേ" എന്നൊരു നിര്‍ദോഷമായ നുണ പറഞ്ഞ് ആ പ്രശ്നവും പരിഹരിച്ചു. പരീക്ഷയ്ക്ക ഇനിയുള്ള പത്ത് ദിവസങ്ങള്‍ തകര്ത്തു പഠിച്ചുകളയാം എന്നു നിശ്ചയിച്ച് പുസ്തകം തുറന്നിരുന്നപ്പോഴാണ് അറിയുന്നത് ട്യൂഷന്‍ ക്ലാസ്സില്‍ ഈ ദിവസങ്ങളില്‍ സ്പെഷ്യല്‍ റിവിഷനുണ്ടെന്ന്.. സംഗതി പിടി വിട്ടു പോയി..ഞാന്‍ പോലും അറിയാതെ രാവിലെ ട്യൂഷന്‍ സെന്ററില്‍ എത്തി. ജോസ്മി രമ്യ.. എല്ലാവരും ഉണ്ട്..പഠനം പാല്പായസം എന്നു പറയുന്നത് വെറുതെയല്ല. അങ്ങിനെ പത്തു ദിവസം കൂടി ദാ എന്നു പോയി.. കാത്തിരുന്ന എസ് എസ് എല്‍ സി പരീക്ഷയും വന്നു. പരീക്ഷ്യ്ക്ക് ഉത്തരം എഴുതുന്നതിലും ബുദ്ധിമുട്ട് അതു കഴിഞ്ഞ് വീട്ടില്‍ വന്നാല്‍ അമ്മയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുന്നതാണ്. അതിനായി പരീക്ഷ ഹാളില്‍ നിന്നും ഇറങ്ങിയാലുടന്‍ അറിയില്ലാത്ത ചോദ്യങ്ങളുടെ ഉത്തരം അതുവരെയില്ലാത്ത താല്പര്യത്തോടെ ചോദിച്ചു മനസ്സിലാക്കി. വീട്ടില്‍ വന്ന് ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം പറഞ്ഞു ഞെളിഞ്ഞു നില്ക്കുന്ന എന്നെക്കണ്ട് അമ്മപോലും ഞെട്ടി..എങ്ങിനെയൊക്കെ കൂട്ടി നോക്കിയിട്ടൂം ഡിസ്റ്റിംഗ്ഷന്‍ ഉറപ്പ്.

എങ്ങിനെയുണ്ടായിരുന്നു പരീക്ഷയൊക്കെ എന്ന നാട്ടുകാരുടേയും വീട്ടുകാരുടെയും ചോദ്യത്തിന് കുഴപ്പമില്ലായിരുന്നു എന്നു ഞാനും .. ഡിസ്റ്റിംഗ്ഷനെങ്കിലും കിട്ടുമായിരിക്കും എന്ന് അമ്മയും മറുപടി പറഞ്ഞു. ഡിസ്റ്റിംഗ്ഷന്‍ എന്നു കേള്‍ക്കുമ്പോഴേ ചങ്കിടിപ്പ് കൂടുമെങ്കിലും അമ്മയുടെ ആത്മവിശ്വാസം കണ്ട് ഇനിയെങ്ങാനും ഡിസ്റ്റിംഗ്ഷന്‍ കിട്ടിപ്പോകുമോ എന്ന് ഞാന്‍ പോലും സംശയിച്ചു തുടങ്ങി. റിസള്‍ട്ട് വരാന്‍ ഇനിയും രണ്ടാഴ്ചയുണ്ടെങ്കിലും പരീക്ഷാഭവനിലെ ചേട്ടന്മാരെയാരെയോ സ്വാധീനിച്ച് അമ്മ റിസല്‍ട്ട് നേരത്തെയറിയാനുള്ള ചട്ടം കെട്ടി.അങ്ങിനെയൊരു ദിവസം സന്ധ്യക്ക് ഞെട്ടിപ്പിക്കുന്ന ആ വാര്ത്ത അമ്മയെ തേടിയെത്തി മോന്റെ റിസല്‍റ്റ് അറിഞ്ഞു.. 387 മാര്‍ക്ക്..കലിയിളകി വരുന്ന അമ്മയെക്കണ്ട് ഞാന്‍ തറവാട്ടിലേക്കോടി രക്ഷപെടുകയും വല്ല്യച്ഛന്റെയും വല്ല്യമ്മയുടെയും അധികാരപരിധിയില്‍ അഭയാര്ഥിയായി കഴിയുകയും ചെയ്തതിനാല്‍ കാര്യമായ ശാരീരികക്ഷതങ്ങളൊന്നും സംഭവിച്ചില്ല.

വീട്ടിലെ കോളിളക്കങ്ങളെല്ലാം ഒന്നൊതുങ്ങി പൂര്‍വസ്ഥിതി പ്രാപിച്ചപ്പോഴാണ് മറ്റൊരു വലിയ കുരിശ് എന്നെത്തേടിയെത്തിയത്. കുരുവിക്കൂട് ദേശത്തെ സമസ്തനായന്മാരുടെയും കൂട്ടായ്മയായ കരയോഗം നാട്ടിലെ നായന്മാരുടെ മക്കളില്‍ പത്താം ക്ലാസ്സില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കു വങ്ങുന്ന മിടുക്കന്മാര്‍ക്ക് 500 രൂപ ക്യാഷ് അവാര്‍ഡ് കൊടുക്കുന്നുണ്ടെന്നും ഈ വര്ഷം ആ അവാര്‍ഡ് എനിക്കാണെന്നുമുള്ള നഗ്നസത്യം കേട്ട് കേട്ട് ഞാന്‍ ഞെട്ടി. 387 മാര്‍ക്കുകാരനും അവാര്‍ഡ് കൊടുക്കുന്ന തലത്തിലേക്ക് നായര്‍ സംഘടന അധപതിച്ചുവല്ലോ.. മന്നത്ത് പദ്മനാഭനെങ്ങാനും ഇതറിഞ്ഞാല്‍ അന്നു തന്നെ നായര്‍ സര്‍ വീസ് സൊസൈറ്റിപിരിച്ചുവിട്ട് കാശിക്കു പോയേനേ. എനിക്കവാര്‍ഡ് വേണ്ടെന്നു കരഞ്ഞു പറഞ്ഞിട്ടും നായന്മാര്‍ സമ്മതിക്കുന്നില്ല. ഒളിച്ചു പോകും എന്നു വരെ വീട്ടില്‍ ഭീഷണി പുറപ്പെടുവിച്ചു. എന്നാല്‍ നന്നായി 500 രൂപ ഞങ്ങള്‍ വാങ്ങിക്കൊള്ളാം എന്നായി അച്ഛനും അമ്മയും. നിരന്തരമായ സമ്മ്ര്‍ദ്ദങ്ങള്‍ക്കൊടുവില്‍ നോട്ടീസില്‍ മാര്‍ക്ക് എഴുതില്ല എന്നും യോഗസ്ഥലത്ത് മാര്‍ക്കിനെക്കുറിച്ച് ഒരക്ഷരം പറയില്ല എന്നുമുള്ള ഉറപ്പില്‍ അവാര്‍ഡ് വാങ്ങാന്‍ സമ്മതിക്കേണ്ടി വന്നു.

പഞ്ചായത്ത് പ്രസിഡന്റ് കര്ത്താവ് സാറാണ് അവാര്‍ഡ് നല്കുന്നത്. യോഗസ്ഥലത്തെത്തി ആരുടെയും കണ്ണില്‍ പെടാതെ പുറകില്‍ പതുങ്ങി നിന്നു. ഈ അവാര്‍ഡ് മാത്രമല്ല കരയോഗം വക സ്കൂളിലെ കുട്ടികള്‍ക്കുള്ള വിവിധ സമ്മാനങ്ങളും യോഗത്തില്‍ വിതരണം ചെയ്യുന്നുണ്ട്. അതിനിടയില്‍ എപ്പോഴെങ്കിലും കാശും വാങ്ങി മുങ്ങാം.

പ്രസംഗങ്ങളെല്ലാം കഴിഞ്ഞു. ഇനി സമ്മാന ദാനമാണ്‍. അനൌണ്സ്മെന്റ് കേട്ട് നെഞ്ചിടിപ്പ് കൂടി. സ്കൂളിലെ കുട്ടികള്‍ക്കുള്ള സമ്മാനങ്ങളാണ് ആദ്യം. ഞാന്‍ അവാര്‍ഡും വാങ്ങി ഏറ്റവും എളുപ്പം സ്ഥലം കാലിയാക്കാനുള്ള വഴി നോക്കി വെച്ചു.

ഇനി ഇക്കഴിഞ്ഞ എസ് എസ് എല്‍ സി പരീക്ഷയില്‍ മികച്ച വിജയം നേടിയ കരയോഗാംഗങ്ങളുടെ മക്കള്‍ക്കുള്ള ക്യാഷ് അവാര്‍ഡാണ്‍.. അതിനര്ഹനായിരിക്കുന്നത് വിശ്വനാഥന്‍ നായരുടെ മകന്‍ രഞ്ജിത്..

ഞാന്‍ സദസ്സിലിരിക്കുന്ന അമ്മയെ ഒന്നു നോക്കി.. ഹും അവന്റെ ഒരു മികച്ച വിജയം എന്ന ഭാവം മുഖത്തു വരുത്തി മസ്സില്‍ പിടിച്ചിരിപ്പുണ്ട്.

ഒരു സൈഡ് പറ്റി സ്റ്റേജിലേക്കു ചെന്നു.

അഹാ.. വിശ്വന്റെ മകനാണല്ലേ.. കര്ത്താവ് സാറിന് അച്ഛനെയറിയാം..

ഞാന്‍ അതെയെന്നര്ത്ഥത്തില്‍ ഒരു വളിച്ച ചിരി ചിരിച്ചു... എത്രയും പെട്ടെന്ന് അവാര്‍ഡും വാങ്ങി രക്ഷപെടണം.

ഭാഗ്യം കൂടുതല്‍ ചോദ്യങ്ങളൊന്നുമില്ലാതെ സാറ് അവാര്‍ഡുതുകയടങ്ങിയ കവര്‍ കൈയ്യില്‍ തന്നു..ഞാന്‍ ആരെയും നോക്കാതെ പുറത്തേക്കു നടന്നു

അപ്പോഴാണ് അപ്രതീക്ഷിതമായി ആ ചോദ്യം ഉയര്ന്നത്.. ആട്ടെ എത്ര മാര്‍ക്കുണ്ടായിരുന്നു..കര്ത്താവ് സാറാണ്

തുലഞ്ഞു.. ഞാന്‍ തിരിഞ്ഞു ദയനീയമായി സാറിനെ ഒന്നു നോക്കി..
ഇങ്ങനെ ഒരാക്രമണം പ്രതീക്ഷിച്ചിരുന്നില്ല..

ഞാന്‍ 387 ന്റെ ആദ്യത്തെ മൂന്ന് വിഴുങ്ങി 87 നല്ലവണ്ണം കേള്‍ക്കത്തക്ക വിധം പറഞ്ഞ് ഒരു പരീക്ഷണം നടത്തി.. സാറ് 387 എന്നോ 487 എന്നോ സൌകര്യം പോലെ കേട്ടോട്ടെ ഇനി 587 എന്നു കേട്ടാലും നമുക്കു വിരോധമില്ല.

എത്രയാ.. കേട്ടില്ല.. സാറ് എന്നേം കോണ്ടെ പോകൂ...

ഞാന്‍ ഒന്നു കൂടി മുന്നോട്ട് ചെന്ന് പരീക്ഷണം ഒരിക്കല്‍ കൂടി നടത്തി.. പക്ഷെ എന്തു ചെയ്യാം വരാനുള്ളത് വഴിയില്‍ തങ്ങില്ലല്ലോ.. സാറിനടുത്തേക്കു ചെന്നു പറയാനുള്ള ശ്രമത്തില്‍ ഞാന്‍ എത്തപ്പെട്ടത്. പ്രസംഗത്തിനായി വെച്ചിരുന്ന മൈക്കിനു മുമ്പിലാണ്‍..

മുന്നൂറ്റി എണ്‍പത്തിയേഴേ .. എന്നുള്ള എന്റെ അനൌണ്സ്മെന്റ് ഹോളിനകത്തെ സ്പീക്കറിലൂടെയും പുറത്ത് തെങ്ങിലെ കോളാമ്പിയിലൂടെയും കുരുവിക്കൂടു മുഴുവന്‍ സമ്പ്രേഷണം ചെയ്യപ്പെട്ടു.

അങ്ങിനെ ആ അരമന രഹസ്യം അങ്ങാടിപ്പാട്ടായി. അതോടുകൂടി സ്വതവേ ചെല്ലപ്പേരുകള്‍ക്ക് പഞ്ഞമില്ലാതിരുന്ന എനിക്ക് ഒരു പേരു കൂടി വീണൂ.. മുന്നൂറ്റി എണ്‍പത്തിയേഴ്..

കവലയില്‍ കൂടി സൈക്കിളില്‍ പാഞ്ഞു പോകുമ്പോള്‍ അവിടെ സ്ഥിരമായി കുടികൊള്ളുന്ന ആസ്ഥാന ഗായകര്‍ നീട്ടി വിളിച്ചു .. ഡാ.. മുന്നൂറ്റി എണ്‍പത്തിയേഴേ.. നീ എങ്ങോട്ടാ.. ഇനീം ഉണ്ടോ അവാര്‍ഡ് വല്ലതും..ക്രിക്കറ്റ് കളി കാണാന്‍ ക്ലബ്ബിലെങ്ങാനും പോയി സ്കോര്‍ ചോദിച്ചാല്‍ അപ്പോഴും ഉത്തരം 387..

അങ്ങിനെ എസ് എസ് എല്‍ സി പരീക്ഷയുടെ ചരിത്രത്തില്‍ ആദ്യമായി 387 എന്ന ആര്‍ക്കും വേണ്ടാതെ കിടന്ന മാര്‍ക്ക് നാട്ടിലെങ്ങും പ്രചുര പ്രചാരം നേടി.പക്ഷെ അതോടൊപ്പം എന്റെ കമ്പോള നിലവാരം റബറിന്റെ വില പോലെ 8...7...3...എന്നിങ്ങനെ കുത്തനെ ഇടിഞ്ഞു.

വാല്ക്കഷണം:
ഈയിടെ വെക്കേഷനു നാട്ടിലെത്തി ഭാര്യയും മകനുമൊത്ത് കവലയിലൂടെ പോകുമ്പോള്‍ പിന്നില്‍ നിന്നും ഒരു വിളി.. ഡാ മുന്നൂറ്റി എണ്‍പത്തിയേഴേ..ഞാന്‍ തിരിഞ്ഞു നോക്കിയില്ല. ഡാ.. നിന്നെത്തന്നെ.. കവലയിലെ ചായക്കട നടത്തുന്ന വേണുച്ചേട്ടനാണ്‍.

ചേട്ടനെയാണോ ‌വിളിക്കുന്നത്.. ഭാര്യയുടെ ചോദ്യം.. അവള്‍ തിരിഞ്ഞു നോക്കിയപ്പോള്‍ വേണുച്ചേട്ടന്‍ കൈ കാണിച്ചു വിളിച്ചു. ഗത്യന്തരമില്ലാതെ ഞാന്‍ ‌വേണുച്ചേട്ടന്റെ അടുത്തേക്കു ചെന്നു.

അതെന്താ ഈ 387 .. തിരികെ നടക്കുമ്പോള്‍ ഭാര്യയുടെ ചോദ്യം..
ഞാന്‍ സംഭവം വിവരിച്ചു കൊടുത്തു..

ഏയ് ഇത് അതൊന്നും ആയിരിക്കില്ല..ഐ ലവ് യൂ വിനു 143 എന്നൊക്കെ പറയുമ്പോലെ വല്ല പെണ്‍പിള്ളേരുടെയും പേരിന്റെ കോഡായിരിക്കും . എനിക്കു ചേട്ടനെ നന്നായി അറിയത്തില്ലേ.. അവളുടെ കമന്റ്....