Monday, January 11, 2010

പാപ്പീസ് ടീ ഷോപ്പ്

ങാഹാ തോമസുചേട്ടന്‍ ഇതെവിടാരുന്നു.. കണ്ടിട്ട് കുറേ ദിവസമായല്ലോ..

ഒന്നും പറയണ്ടെന്റെ പാപ്പി.. ഒരു പനീം തല ചുറ്റലും. രണ്ട് ദിവസം അടിഞ്ഞു കെടപ്പാരുന്നു. തലയൊന്നു പൊങ്ങിയപ്പോ ഇങ്ങു പോന്നു. രാവിലെ വന്ന് നിന്റെ കടേന്നൊരു ചായേന്റെ വെള്ളം കുടിച്ചില്ലേല്‍ ഒരു ഏനക്കേടാ..

അതു ശരിയാ.. കാലത്ത്  തോമാസുചേട്ടനോട് രണ്ട് നാട്ടു വര്ത്തമാനം പറഞ്ഞില്ലേല്‍   എനിക്കും ഒരു രസമില്ല..

നീ ഒരു ചായേം ആ പത്രവും കൂടി ഇങ്ങെട്.. വീട്ടീന്ന് കോണ്‍ഗ്രസ്സു പത്രമൊരണ്ണം വായിച്ചു.. ഇനി നിന്റെ കമ്യൂണിസ്റ്റ് പത്രം കൂടിയൊന്നു വായിച്ചേക്കാം..

എടാ പാപ്പി.. മറ്റേ ആ എച്ച് എം ടി ഭൂമിക്കേസില്‍ സുപ്രീം കോടതി ഏതാണ്ട് പറഞ്ഞല്ലോടാ.. വീട്ടിലെ പത്രത്തില്‍ നോക്കീട്ട് അതൊട്ടു കാണാനുമില്ല

അതു പിന്നെ തോമസു ചേട്ടാ സ്ഥലം വില്പന നടത്തിയതില്‍ യാതൊരു കുഴപ്പോം ഇല്ലെന്നാല്ലേ കോടതി പറഞ്ഞത്..  ഹോ എന്തൊക്കെ പുകിലാരുന്നു..

ശരിയാടാ പാപ്പി ഒരിടയ്ക്ക് പത്രം എടുത്താല്‍ എച്ച് എം ടി, എച്ച് എം ടി എന്നേ കാണാനുള്ളാരുന്നു..  ആ കരീം മന്ത്രി എന്തോ കട്ടെന്നോ വെട്ടിച്ചെന്നോ എന്തൊക്കെയാരുന്നു. ആട്ടെ അതിലൊന്നും ഒരു വാസ്തവോം ഇല്ലെന്നാണോടാ കോടതി പറഞ്ഞത്.

അതേയെന്റെ തോമാസു ചേട്ടാ.. ഭൂമി വെട്ടിപ്പുമില്ല തട്ടിപ്പുമില്ല എല്ലാം മുറപോലാണെന്നല്ലിയോ വലിയ കോടതി പറഞ്ഞത്..

അതു ശരിയായിരിക്കുമെടാ പാപ്പി.. വെറുതെയല്ല.. കുത്തിയിരുന്നു നോക്കീട്ടും വീട്ടിലെ പത്രത്തില്‍  ആ വാര്‍ത്തേടെ ഒരു പൊടി പോലും കാണാഞ്ഞത്.. ചാനലിലെ വാര്‍ത്തേല്‍ തലങ്ങും വിലങ്ങും കാണിച്ച് കാണിച്ച് അങ്ങു കളമശേരീല്‍ കിടക്കുന്ന ആ സ്ഥലം ഇപ്പോ എന്റെ തെക്കെപ്പറമ്പിലെ  റബര്‍ തോട്ടത്തേക്കാള്‍ നല്ല നിശ്ചയമാ..  ഇന്നലെ ചാനലിലും പടം കാണിച്ചില്ല..വാര്ത്ത വായിക്കുന്ന ഭരത്തോ... ജഗത്തോ .... അവനെന്തോ വീട്ടിപ്പോകാന്‍ സമയമായ പോലെ എന്തോ ഒന്നു പറഞ്ഞു പോകുന്നതു കേട്ടു..

എന്റെ തോമാസു ചേട്ടാ ഇതാ ഇവന്മാരുടെ ഒക്കെ കാര്യം.. നമ്മുടെ കള്ള് വാസുനേപ്പോലെയാ.. വെള്ളമടിച്ചാ പിന്നെ അവന് നല്ലതായിട്ട് ഈ ലോകത്താരുമില്ല. എല്ലാത്തിനും കുറ്റോം തെറീം അല്ലയോ.. എന്നാ വെള്ളമിറങ്ങീട്ട് കാര്യം പറഞ്ഞു മനസ്സിലാക്കാമെന്നു വെച്ചാ അവനു വെള്ളമിറങ്ങീട്ടും നാട്ടുകാരുടെ കുറ്റം തീര്ന്നിട്ടും ഉള്ള നേരവുമില്ല.

പാപ്പി കാര്യമൊക്കെ ശരിയാ.. എന്നാലും നിങ്ങളുടെ പാര്‍ട്ടിക്കാര്‍ ആ മദനിയേം ചുമക്കുന്നതെന്തിനാ.. അയാള്‍ വല്യ തീവ്ര വാദിയല്ലിയോ..

അതിനു ഞങ്ങളയാളെ ചുമക്കുന്നൊന്നുമില്ല തോമാസുചേട്ടാ..തിരഞ്ഞെടുപ്പു വന്നപ്പോ ഒരു പിന്തുണ അത്രേ ഉള്ളൂ... ജയിലീന്നു വന്നപ്പോ തീവ്രവാദം അയാള്‍ നിര്ത്തി എന്നല്ലേ മൈക്ക് വെച്ച്  പറഞ്ഞത്.. അതിനു ശേഷം അയാളുടെ പാര്‍ട്ടിക്കാരേ ആരേയെങ്കിലും തീവ്ര വാദത്തിനു പിടിച്ചിട്ടുണ്ടോ.. ഒരു തിരഞ്ഞെടുപ്പിന് അയാള്‍ പിന്തുണ തരാമെന്നു പറഞ്ഞു സ്വീകരിച്ചു അത്ര മാത്രം...

അല്ല എന്നാലും മുമ്പ് ഒരു പാട് തീവ്രവാദം നടത്തിയ പുള്ളിയല്ലിയോ.. ഇപ്പോ നിര്ത്തീന്നു പറഞ്ഞാലും..

തോമാസു ചേട്ടാ.. ഈ ടീ വിലൊക്കെ വന്നിരുന്നു ചര്‍ച്ച നടത്തുന്ന അജിതേനെ കണ്ടിട്ടുണ്ടോ..

പിന്നെ എനിക്കറിയാമ്പാടില്ലേ.. ആ പെണ്ണുമ്പിള്ള നക്സല്‍ അല്ലാരുന്നോ നക്സല്‍.. ഹോ  പണ്ടു കാലത്തൊക്കെ എന്നാ പേടിയാരുന്നു നക്സലിനെ..

അതേ അതന്നെ.. ആ നക്സല്‍ ഇപ്പോ ആ പരിപാടിയൊക്കെ നിര്ത്തി സാമൂഹ്യ പ്രവര്ത്തനം എന്നു പറഞ്ഞ് നടക്കുവല്ലേ.. പണ്ട് നീ നക്സലല്ലായിരുന്നോ എന്നും പറഞ്ഞ് ഏതെങ്കിലും ചാനലുകാരനോ പത്രക്കാരനോ ചര്‍ച്ച സംഘടിപ്പിക്കുന്നുണ്ടോ..

അതു ശരിയാടാ പാപ്പി അതുപിന്നെ നമ്മുടെ കൊള്ളക്കാരി ഫൂലന്‍ ദേവി എം പി വരെയായില്ലേ.. ജീവിച്ചിരുപ്പുണ്ടായിരുന്നേ ചിലപ്പോ മന്ത്രീം ആയേനേ..

അതാ ഞാന്‍ പറഞ്ഞത് തോമാസു ചേട്ടാ.. മദനി തീവ്രവാദം നിര്ത്തി ജനാധിപത്യത്തിന്റെ വഴിയേ വരുമ്പോ നീ പഴേ തീവ്രവാദിയല്ലേ നിനക്ക് അതാ പറ്റിയ പണി എന്നു പറഞ്ഞ് തിരിച്ചു വിടണോ..

പാപ്പി നീ പറയുന്നതും ശരിയാ.. എന്നാലും ഒരുത്തന്‍ ഒരു സുപ്രഭാതത്തില്‍ അങ്ങു പ്രഖ്യാപിച്ചാല്‍  നന്നായി എന്നങ്ങു വിശ്വസിക്കാമോ..

അതു പോട്ടെ തോമാസു ചേട്ടാ  കഴിഞ്ഞ ഒരഞ്ച് വര്ഷത്തില്‍ കേരളത്തില്‍ നടന്ന ഏതെങ്കിലും വര്‍ഗീയ കലാപങ്ങളിലോ കൊലപാതകങ്ങളിലോ മറ്റോ ഇയാളുടെയോ പാര്‍ട്ടിയുടെയോ പേരൊണ്ടോ.. ഇല്ല..

നീട്ടിയൊന്നു മുള്ളിയാല്‍ സി ബി ഐ അന്വേഷണം വേണമെന്നു പറയുന്ന നാട്ടില്‍ മാറാട് കേസ് സി ബി ഐ അന്വേഷിക്കണം എന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടൂം കേന്ദ്രം സമ്മതിക്കാത്തതെന്താ..

എന്താ..

കേരളത്തില്‍ അടുത്ത കാലത്ത് നടന്ന വര്‍ഗീയ സംഘര്ഷങ്ങളില്‍, കൊലപാതകങ്ങളില്‍ ഒന്നും മദനീം പാര്‍ട്ടീം പ്രതികളല്ല.. പിന്നെയാരാ ഇതൊക്കെ നടത്തീത്..

ആരാടാ.. അതൊന്നും ഒരു പത്രത്തിലും ചാനലിലും കണ്ടില്ലല്ലോടാ പാപ്പീ..

അതൊന്നും ഇവന്മാര്‍ കാണുകേലാ തോമാസു ചേട്ടാ..തീവ്രവാദ സംഘടനകളെ ഉണ്ടാക്കുന്നതും വളര്ത്തുന്നതും ഇവന്മാര്‍ക്കൊക്കെ വേണ്ടപ്പെട്ട ആളുകളല്ലിയോ.. തീവ്രവാദം മദനീടെം ഇടതുമുന്നണീടേം മേലേ ഇട്ടാല്‍ പിന്നെ യഥാര്ത്ഥ തീവ്രവാദികള്‍ക്ക് പണി സുഖമായിട്ടങ്ങു നടത്താമല്ലോ..

 തോമാസു ചേട്ടാ ഈ കോലാഹലമൊക്കെ ഉണ്ടാക്കി മദനീടെ ഭാര്യയെ അറസ്റ്റു ചെയ്തതിന്റെ പിറ്റേന്നത്തെ ചന്ദ്രിക പത്രം നിങ്ങള്‍ കണ്ടാരുന്നോ..

എന്നതാടാ പാപ്പീ.. അവര്‍ അറസ്റ്റ് ആഘോഷിച്ചു കാണുമല്ലോ.. അവരൊക്കെയല്ലേ അറസ്റ്റ് ചെയ്യണം തീവ്രവാദിയാണെന്നൊക്കെ പറഞ്ഞ് കളം കൊഴുപ്പിച്ചത്..

എന്റെ തോമാസു ചേട്ടാ.. അങ്ങിനെയൊന്നും അല്ലായിരുന്നെന്ന്.. സൂഫിയാ മദനിയെ ഇടതു സര്‍ക്കാര്‍ അറസ്റ്റു ചെയ്തെന്ന് വെണ്ടയ്ക്കാ വാര്ത്ത.. പണ്ടിതു പോലെ മദനിയേയും അറസ്റ്റ് ചെയ്തത് ഇടതു സര്‍ക്കാരാണെന്ന് സൈഡില്‍ വാര്ത്ത.. ഇടതു പക്ഷം മുസ്ലീങ്ങളെയെല്ലാം അറസ്റ്റ് ചെയ്യുന്നോരാണെന്ന് ഒരു കൊട്ട് . എങ്ങിനെയുണ്ട്..

അതു കൊള്ളാല്ലോടാ പാപ്പീ..തീവ്രവാദം മുഴുവന്‍ ഉണ്ടാക്കിയത് അവരാനെന്ന് പറഞ്ഞിട്ട് അറസ്റ്റ് ചെയ്തപ്പോ ഇങ്ങനെയൊരു താങ്ങ്.. ഇവരാള് കൊള്ളാമല്ലോ..

എന്തായാലും ഇപ്പൊ ഒന്നും കേല്ക്കാനില്ല.. അല്ലേ പത്രോ റ്റി വിം തുറന്നാല്‍ അതേ ഉണ്ടായിരുന്നുള്ളൂ..

വരും തോമാസു ചേട്ടാ.. പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ തീയതി ഒന്നു പ്രഖ്യാപിച്ചോട്ടെ.. അപ്പോ തുടങ്ങും അടുത്ത എപ്പിസോഡ്.. അതു വരെ റ്റി വിലെ പണ്‍പിള്ളേര്‍ പറയുന്ന പോലെ ഷോര്‍ട്ട് ബ്രേക്ക്‍ അല്ലയോ..

പാപ്പീ നീയാ ഉണ്ണിത്താന്റെ ഇന്റര്‍ വ്യൂ കണ്ടാരുന്നോ.. ഹോ എന്നാ തങ്കപ്പെട്ട വര്ത്തമാനമാ.. എല്ലാ ഇന്‍ഡ്യാക്കാരും സഹോദരീ സഹോദരന്മാരാണന്നല്ലേ അങ്ങേര് പറഞ്ഞത്..

ഹ ഹ .. എന്റെ തോമാസു ചേട്ടാ നിങ്ങളല്ലേ ഇത്തരം ആഭാസ പരിപാടിയൊക്കെ കാണാനിരിക്കൂ.. നാണമില്ലാത്തവരുടെ ആലിന്റെ കഥ കേള്‍ക്കാന്‍..

അല്ലെടാ പാപ്പി ഈ സക്കറിയാ പറഞ്ഞപോലെ അത് ഈ ഡിഫിക്കാരെല്ലാം കൂടെ ചേര്ന്ന്‍ പ്ലാനിട്ട് പിടിച്ചതല്ലേ..

അല്ല തോമാസു ചേട്ടാ.. ഈ മഞ്ചേരീലെ പ്രധാന പാര്‍ട്ടിയേതാ..

ലീഗ് ....അവരാണല്ലോ അവിടെ ജയിക്കുന്നത്..

ഈ ലീഗുകാരും കോണ്‍ഗ്രസ്സുകാരുമൊന്നും അവിടെ ഇല്ലാരുന്നോ.. ഇവരെ കുടുക്കീന്നു പറയുന്നത് ശരിയാണെങ്കില്‍ രക്ഷിക്കാനും സത്യം പറയാനും.. ചാനലുകാരൊക്കെ തലകുത്തിനിന്നിട്ടും മഞ്ചേരീന്ന് ഒരു കുഞ്ഞ് ലീഗുകാരനെയെങ്കിലും കിട്ടിയോ. ഇയാള്‍ക്കു വേണ്ടി പറയാന്‍..

അതു ശരിയാ.. എന്നാലും ഈ നാട്ടുകാര്‍ക്കെന്താ അയല്‍ വക്കക്കാരന്റെ കാര്യത്തില്‍ ഇത്ര താല്പര്യം.. അവരവിടെ എന്തോ ചെയ്യട്ടേ..

തോമാസു ചേട്ടാ.. ഈ പത്രത്തില്‍ ഇടയ്ക്കിടയ്ക്ക് കാണാറില്ലേ പെണ്‍ വാണിഭ സംഘം പിടിയില്‍ എന്നൊക്കെ വാര്‍ത്ത

ഉണ്ട്

അതിലൊക്കെ എന്തോന്നാ പറയുന്നത്.. രാത്രി സമയത്ത് വാഹനങ്ങള്‍ വന്നു പോകുന്നത് കണ്ട് സംശയം തോന്നിയ നാട്ടുകാര്‍ പോലീസില്‍ അറിയിച്ചതനുസരിച്ചാണ് പോലീസ് പിടിയിലായതെന്ന്..

അതു ശരിയാണല്ലോടാ.. പാപ്പീ..

എന്റെ തോമാസു ചേട്ടാ മഞ്ചേരിക്കാരും അതേ ചെയ്തൊള്ളൂ.. സംശയം തോന്നിയപ്പോള്‍ അവര്‍ തടഞ്ഞു വെച്ചു പോലീസില്‍ അറിയിച്ചു.. അത് ഉണ്ണിത്താനായത് കൊണ്ട് മനുഷ്യാവകാശമായി.. മണ്ണാങ്കട്ടയായി..  ഗൂഡാലോചനയായി..അഭിമുഖമായി .. ന്യായീകരിക്കാന്‍ ആളുമായി..

അല്ലെടാ.. ഈ സക്കറിയാ ഇക്കാര്യത്തില്‍ അയാളുടെ അഭിപ്രായം പറഞ്ഞതിന് ഡിഫിക്കാരെല്ലാം കൂടി അയാളെ തല്ലിയതെന്തിനാടാ..

ഞാനൊരു കാര്യം ചോദിക്കട്ടെ തോമാസു ചേട്ടാ.. നിങ്ങളുടെ വീടിനു മുമ്പില്‍ വന്ന് മൈക്ക് വെച്ചു കെട്ടി നിങ്ങളുടെ കുടുംബക്കാരെ അടക്കം അപവാദം പറഞ്ഞാല്‍ നിങ്ങളെന്തോ ചെയ്യും

എന്താ സംശയം.. അവനെന്റെ പിള്ളേരുടെ കൈക്ക് പണിയുണ്ടാക്കും..

എന്നാ അത്രേ സംഭവിച്ചുള്ളൂ.. പയ്യന്നൂരു പോയി മൈക്ക് വെച്ചു കെട്ടി ഇദ്ദേഹം പറഞ്ഞതെന്താണെന്നോ.. ഉണ്ണിത്താനല്ല ഡിഫിക്കാരും മഹിളാ അസോസിയേഷന്‍കാരുമാണ് കുഴപ്പക്കാരെന്ന്.. പോരാഞ്ഞ് പണ്ട്കാലത്ത് ഒളിവില്‍ കഴിഞ്ഞ നേതാക്കളെക്കുറിച്ച് അപവാദവും..

എന്നാ പിന്നെ ഇതു പോരാരുന്നു എന്നാടാ പാപ്പീ എന്റെ അഭിപ്രായം.. എന്തായാലും അതിനും റ്റി വീല്‍ ചര്‍ച്ചയോട് ചര്‍ച്ചയാരുന്നു..

ചര്‍ച്ചിക്കട്ടെ തോമാസു ചേട്ടാ.. എല്ലാം വയറ്റിപ്പിഴപ്പല്ലേ.. ഞാന്‍ ചായ വിറ്റു ജീവിക്കുന്നു.. നിങ്ങള്‍ റബര്‍ വെട്ടി ജീവിക്കുന്നു.. അവര്‍ വിവാദം ഉണ്ടാക്കി വിറ്റ് ജീവിക്കുന്നു.. നടക്കട്ടെ

എന്നാ ശരിയെടാ പാപ്പീ .. ഞാന്‍ പോകുവാ.. വൈകുന്നേരം ഇറങ്ങാം.. നീ ഒരഞ്ചാറു ദോശേം ഇച്ചിരി ചമ്മന്തീം കൂടി പൊതിഞ്ഞു തന്നേ.. മൂത്തവന്റെ സന്താനങ്ങള്‍ക്ക് പാപ്പിച്ചേട്ടന്റെ കടേലേ ദോശവേണമെന്ന് പറഞ്ഞാ വിട്ടത്.. ഇനി അത് കൊണ്ടു ചെന്നില്ലേല്‍  നല്ല പുകിലായിരിക്കും

16 comments:

രഞ്ജിത് വിശ്വം I ranji said...

ചര്‍ച്ചിക്കട്ടെ തോമാസു ചേട്ടാ.. എല്ലാം വയറ്റിപ്പിഴപ്പല്ലേ.. ഞാന്‍ ചായ വിറ്റു ജീവിക്കുന്നു.. നിങ്ങള്‍ റബര്‍ വെട്ടി ജീവിക്കുന്നു.. അവര്‍ വിവാദം ഉണ്ടാക്കി വിറ്റ് ജീവിക്കുന്നു.. നടക്കട്ടെ

മുരളി I Murali Nair said...

ഉണ്ണിത്താന്‍ പോയി തുലയട്ടെ, അയാളെ പണ്ടേ എല്ലാവരും തഴഞ്ഞതാണ്..
പക്ഷെ സക്കറിയ പറഞ്ഞ കാര്യങ്ങളില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു വിഷയമുണ്ട്‌.
ഒരു സ്ത്രീയെയും പുരുഷനെയും ഒരു മുറിയിലോ അല്ല്ലെങ്കില്‍ പാര്‍ക്കിലോ ,എവിടെയെങ്കിലും ഒന്നിച്ച് കണ്ടാല്‍ അത് അനാശാസ്യമായി വ്യാഖ്യാനിക്കപ്പെടുന്ന ഒരു സമൂഹമായി ഇന്ന് കേരളം മാറിയിരിക്കുന്നു.ഇത്തരത്തിലുള്ള വാര്‍ത്തകളും കോലാഹലങ്ങളും കണ്ടാണ്‌ പുതു തലമുറ വളരുന്നത്‌ പോലും.കപട സദാചാരം എന്ന വാക്ക് പോലും മലയാളിയോട് ചേര്‍ത്തു വച്ച് ഉപയോഗിക്കപ്പെടുമ്പോള്‍,ബൌദ്ധികമായും സാമൂഹികപരമായും ഇത്രയും ഉന്നതിയില്‍ നില്‍ക്കുന്ന ഒരു നാടായിട്ടും ഈ വിഷയത്തില്‍ മാത്രം മലയാളികള്‍ എന്ത് കൊണ്ട് ഇങ്ങനെ ആയിത്തീര്‍ന്നു അന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.എത്ര പ്രതിരോധിച്ചാലും സത്യം അതാണ്‌.ഒരു സ്ത്രീക്ക് രാത്രി ഏഴുമണിക്ക് ശേഷം ഇവിടെ തനിച്ചു നടക്കാന്‍ കഴിയുന്നില്ല,സഹപ്രവര്‍ത്തകന്റെയോ സുഹൃത്തിന്റെയോ കൂടെ ഒരു സാധാരണ,സൌഹൃദ സംഭാഷണം പോലും നടത്താന്‍ സാധിക്കുന്നില്ല ,എല്ലായിടത്തും അവര്‍ നിരീക്ഷിക്കപ്പെടുകയാണ്.സ്ത്രീ പുരുഷ അസമത്വം നേര്‍ത്തു നേര്‍ത്തു ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് നമ്മള്‍ മലയാളികള്‍ ഇപ്പോഴും ശിലായുഗത്തില്‍ തന്നെയാണ് എന്ന് തോന്നിപ്പോകും വിധത്തിലാണ് സദാചാര വിഷയത്തില്‍ നമ്മുടെ ഇടപെടലുകള്‍.
അതുകൊണ്ട് സക്കറിയയുടെ വാക്കുകള്‍ക്കു തീര്‍ച്ചയായും പ്രാധാന്യമുണ്ട്, ഉണ്ണിത്താനോ dyfi യോ pdp യോ ഒന്നുമല്ല വിഷയം.സദാചാരത്തിന്റെ കാര്യത്തില്‍ കണ്ണടച്ചിരുട്ടാക്കുന്ന മലയാളിയുടെ മനോഭാവം തന്നെയാണ് പ്രശ്നം.
ഓ.ടോ :
പാപ്പിയും തോമസേട്ടനും ചര്‍ച്ച ചെയ്ത മറ്റു വിഷയങ്ങള്‍ കാണാഞ്ഞിട്ടല്ല, കണ്ടില്ലെന്നു നടിച്ചതാണ്.

വിഷ്ണു said...

ഹ ഹ...ശരിക്കും പാപ്പീസ്‌ ടി ഷാപ്പില്‍ നിന്ന് ഒരു പരിപ്പ് വടയും കട്ടന്‍ കാപ്പിയും കുടിച്ച എഫ്ഫക്റ്റ്‌. ഇനി ഒരു ദിനേശ് ബീഡി ആവാം ;-)

പ്രദീപ്‌ said...

ആശാനെ നല്ല എഴുത്ത് , എങ്കിലും മദ്ദനി , ഉണ്ണിത്താന്‍ കേസുകള്‍ ത്രിപ്തികരമായില്ല .
കാരണം കമ്മ്യുനിസ്റ്റ് പാര്‍ടിയില്‍ നിന്ന് ജനങ്ങള്‍ , മറ്റു പാര്‍ടിയില്‍ നിന്ന് പ്രതീക്ഷിക്കുന്നതിലും കൂടുതല്‍ പ്രതീക്ഷിക്കുന്നു .
ഈ അമിത പ്രതീക്ഷയാണ് ആളുകളെ കൊണ്ട് പാര്‍ട്ടിയെ കുറ്റം പറയിപ്പിക്കുന്നത് . അല്ലാതെ പാര്‍ട്ടിയെ നശിപ്പിക്കണം എന്നൊരു ആഗ്രഹം വിമര്‍ശകരില്‍ ഭൂരി പക്ഷത്തിനും ഇല്ല . ( ആര്‍ക്കും തന്നെ ഉണ്ടെന്നു തോന്നുന്നില്ല ) .

pattepadamramji said...

നന്നായി. കുറേ കാര്യങ്ങള്‍ മാധ്യമങ്ങള്‍ ജനങ്ങളുടെ തലയില്‍ കുത്തിക്കയറ്റി അവരുടെ ശരിയായ ചിന്തകളെ വികലമാക്കുന്നതാണ് കാരണം. അതെല്ലാം തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുന്നു എന്നത്‌ സത്യം.

ആശംസകള്‍...

സ്വപ്ന ജീവി said...

ലോകത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചകള്‍ സംഗടിപ്പിക്കുന്ന ജന വിഭാഗം മലയാളികളാണ്. എന്തിനും ഏതിനും ചര്‍ച്ച ചെയ്യുക, ഒടുവില്‍ എല്ലാം മറക്കുക. ഇതെല്ലാം വയറ്റുപിഴപ്പിനു വേണ്ടിയല്ലേ.

jayanEvoor said...

ഹും...
അമ്മയെ തല്ലിയാലും രണ്ടഭിപ്രായമുള്ള നാടാണ്.
അയ്യപ്പ ബൈജു പറയുന്നപോലെ
ഒടുക്കം ഉണ്ണിത്താൻ ആരായി!?
മാലാഖ!

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

രഞ്ജിത്,

പതിവുപോലെ നന്നായിരിക്കുന്നു..മര്‍മ്മങ്ങളില്‍ തന്നെ കൊടുത്തു

ആശംസകള്‍

Typist | എഴുത്തുകാരി said...

ശരിക്കും ഒരു ആനുകാലിക ചര്‍ച്ച തന്നെ. ഒന്നും വിട്ടില്ല.

Vinod Nair said...

renjith the problem for people like me is not about wether madani is still a terroist or not, the problem is party joining hands with communal leaders , i think many in kerala will respond the same way if party supports modi too. congress dont have a princple or culture , but that was not the case with communist party , we had many ethics to follow, and we beleived in the party principles. the problem is we love those principles more than party leaders, party is mving towrds accepting party sectery lines rather than partys principls. anything or everything the leaders say or do becomes correct. if it is vs or pinarayi wrong is wrong, correct is correct. is this really happening in the party now ???

Biju George said...

നന്നായിട്ടുണ്ട്...

ഗോപീകൃഷ്ണ൯ said...

നന്നായിരിക്കുന്നു ...

പാലക്കുഴി said...

ബൂലോഗത്ത് വലിയ പഴക്കമില്ല. എത്താൻ താമസിച്ചു. എത്തിയതിൽ സന്തോ‍ഷം. ആനുകാലിക വിഷയം നന്നായി കൈകാര്യം ചെയ്തു . ആശംസകൾ

ഷിനോജേക്കബ് കൂറ്റനാട് said...

നന്നായിട്ടുണ്ട്...

Sapna Anu B.George said...

നല്ല എഴുത്തും ഇവിടെ കണ്ടതിലും പരിചപ്പെട്ടതിലും സന്തോഷം

അഭിമന്യു said...

ഒരു നിമിഷം സുഹൃത്തേ,
നിങ്ങളൊക്കെ വല്യ ബൂലോക പുലികളല്ലേ?
താഴെ കൊടുത്തിരിക്കുന്ന എന്‍റെ പോസ്റ്റില്‍ ഒരു പ്രതികരണം പ്രതീക്ഷിക്കുന്നു.നിങ്ങളുടെ ബ്ലോഗ് ഞാന്‍ വായിച്ചില്ല, എങ്കില്‍ കൂടി അര്‍ഹതപ്പെട്ട വിഷയമായതിനാലാണ്‌ ഇങ്ങനെ ഒരു കമന്‍റ്‌ ഇട്ടത്, ക്ഷമിക്കണം.ഇനി ആവര്‍ത്തിക്കില്ല, ദയവായി പോസ്റ്റ് നോക്കുക.

അമ്മ നഗ്നയല്ല