Thursday, July 25, 2013

ബഹ്റൈൻ ഒരു ഓർമ്മക്കുറിപ്പ് - ഭാഗം 2


മനാമ നഗര വീഥികളിലൂടെ സുഹൃത്തിന്റെ കാറിൽ പോകുമ്പോൾ ഏതോ യുദ്ധരംഗത്താണെന്നു തോന്നി.. എങ്ങും പട്ടാള വാഹനങ്ങൾ... നീണ്ട പീരങ്കിത്തലകളുമായി കൂറ്റൻ ടാങ്കുകൾ നഗരവീഥികൾ കൈയ്യടക്കിയിരിക്കുന്നു. എങ്ങും തോക്കുധാരികളായ പട്ടാളക്കാർ. റോഡീൽ ആളുകളും വാഹനങ്ങളും തീരെ കുറവ്.. ആരും പുറത്തിറങ്ങുന്നില്ല. പത്രം അച്ചടിക്കുന്ന പ്രിന്റിങ്ങ് പ്രസ്സിൽ അത്യാവശ്യമായി പോകേണ്ടതിനാലാണ് ഞങ്ങൾ ഈ സാഹസത്തിനു മുതിർന്നത്. ഹൈ വേയിൽ പലയിടങ്ങളിലും ചെക്ക് പോസ്റ്റുകൾ. പരിശോധനയ്ക്കായി നിർത്തിയ ഞങ്ങളുടെ കാറിനുള്ളിലേക്ക് തോക്കുധാരിയായ ഒരു പോലീസുകാരൻ എത്തിനോക്കി.. വിദേശികൾ ആണെന്നു കണ്ട് പൊയ്ക്കൊള്ളാൻ പറഞ്ഞു...പേൾ ചത്വരത്തിനരികത്തെ പാലത്തിലൂടെ ഞങ്ങളുടെ വാഹനം കടന്നു പോയി. ചത്വരത്തിനടുത്തേക്കെത്തുന്ന റോഡുകൾ ബ്ലോക്ക് ചെയ്തിരിക്കുന്നു. പ്രക്ഷോഭകാരികളെ ഒഴിപ്പിച്ച് പ്രദേശം പട്ടാളത്തിന്റെ അധീനതയിലാക്കിയിരിക്കുന്നു. ഭയപ്പാടോടെ ആ കാഴ്ച്ച കണ്ട് ഞങ്ങൾ എത്രയും വേഗം പ്രസ്സിലെത്താനായി കുതിച്ചു.

****                 *******                ********
2011 ഫെബ്രുവരി 14.. എന്തോ പ്രതിഷേധപ്രകടനം നടക്കുവാൻ പോകുന്നുണ്ടെന്നും അതിനാൽ കഴിവതും അന്ന് പുറത്തിറങ്ങേണ്ടെന്നും പ്രിന്റിങ്ങ് പ്രസ്സിലെ സ്വദേശികളായ  സുഹൃത്തുക്കൾ  പറഞ്ഞു.  ഇത്തവണ സാധാരണ പോലെയായിരിക്കില്ല.. ശക്തമായ പ്രക്ഷോഭം നടക്കും.. ഈജിപ്റ്റിലേയും മറ്റ് അറബ് നാടുകളിലേയും മുല്ലപ്പൂ വിപ്ലവത്തിന്റെ ആവേശം ആവരുടെ മുഖത്ത് വായിക്കാമായിരുന്നു. പ്രവാസി സമൂഹത്തിനിടയല്ലും ഫെബ്രുവരി 14 ന്റെ സമരത്തെപ്പറ്റി ആശങ്കൾ കൂടീ വന്നു.. ഇത്തവണ എന്തെങ്കിലും സംഭവിക്കും.. അവർ രണ്ടും കല്പിച്ചാണ്.. പ്രക്ഷോഭകാരികളുമായി ബന്ധമുള്ള ചില പ്രവാസി സുഹ്രുത്തുക്കളും തറപ്പിച്ൿഹു പറഞ്ഞു.. ഫെബ്രുവരി 13 ന്റെ സന്ധ്യക്ക് പതിവില്ലാത്ത ഒരു പിരിമുറുക്കം ഉണ്ടായിരുന്നു.  നഗരത്തിലെ വഴികൾ പതിവിലും നേരത്തെ വിജനമായി..
പ്രതീക്ഷിച്ചതു പോലെ ഫെബ്രുവരി പതിനാലിന്റെ  പ്രഭാതം അശുഭ വാർത്തകളൂമായാണെത്തിയത്... മനാമാ നഗരത്തിന്റെ അതിരുകളിലുള്ള ഗ്രാമങ്ങളിൽ പോലീസും പ്രക്ഷോഭകാരികളും തമ്മിൽ ഏറ്റുമുട്ടൽ ആരംഭിച്ചു എന്നറിയുവാൻ കഴിഞ്ഞു.. ആരൊക്കെയോ മരിച്ചിരിക്കുന്നു.. നിരത്തുകളും  തെരുവുകളും  വിജനമായിക്കിടന്നു.. .. എങ്ങും പോലീസ് വാഹങ്ങളുടെ സൈറനുകളുടെ ശബ്ദം മാത്രം.. ഉച്ചയോടെ പ്രക്ഷോഭകാരികൾ നഗരത്തിലേക്കു നീങ്ങുന്നെന്ന വിവരം ലഭിച്ചു..  സംഘടിച്ചെത്തിയ പ്രക്ഷോഭകർ മനാമയിലെ ദേശീയസ്മാരകമായ പേൾ പ്രതിമയ്ക്കു ചുറ്റും തമ്പടിച്ചു.. അവരുടെ എണ്ണം പെരുകിക്കൊണ്ടിരുന്നു.. ഒരു ഫുട്ബോൾ ഗ്രൗണ്ടിനൊപ്പം  വലിപ്പമുള്ള പേൾ ചത്വരവും അതിനു സമീപപ്രദേശങ്ങളും പ്രക്ഷോഭകർ കൈയ്യടക്കി... നഗരത്തിൽ പലയിടത്തും കർഫ്യൂ പ്രഖ്യാപിച്ചു.. പല പ്രദേശങ്ങളിലും പോലീസുമായി ഏറ്റുമുട്ടലും നടക്കുന്നുണ്ട്... ആകാശത്ത് പോലീസിന്റെ നിരീക്ഷണ ഹെലിക്കോപ്റ്ററുകൾ പതിവില്ലാത്ത വിധം താഴ്ന്നു പറക്കുന്നുണ്ടായിരുന്നു...എന്താകുമെന്നറിയില്ല.. എന്തായാലും പത്രം പുറത്തിറക്കണമല്ലോ.. ഭയപ്പാടോടെ ഞങ്ങൾ ഓഫീസിലിരുന്നു...
അസാധാരണമായ എന്തൊക്കെയോ ശബ്ദം കേട്ടാണ് രാത്രിയിൽ ഉണർന്നത്... ആദ്യം ഒന്നും മനസ്സിലായില്ല... കേൾക്കുന്നത് വെടിയൊച്ചയാണെന്ന് തിരിച്ചറിഞ്ഞപ്പോൾ ഭയം ഇരട്ടിച്ചു...ഫ്ലാറ്റിന്റെ ജനൽ വഴിപുറത്തേക്ക് നോക്കി..വെടിയൊച്ചയ്ക്കൊപ്പം വലിയ ആരവും ആർത്തനാദങ്ങളും കേൾക്കുന്നുണ്ട്.. ഞങ്ങൾ താമസിക്കുന്നിടത്തുനിന്നും കഷ്ടിച്ച് 2 കിലോമീറ്റർ അപ്പുറത്താണ് പ്രക്ഷോഭകാരികൾ സംഘടിച്ചിരിക്കുന്നത്.. ബഹ് റൈന്റെ പരന്ന ഭൂപ്രകൃതിയിൽ ദൂരെ നിന്നും പുക ഉയരുന്നത് വ്യക്തമായി കാണാം.. പെട്ടെന്ന് കുറെ ആളുകൾ നിലവിളിച്ചു കൊണ്ട് ഞങ്ങൾ താമസിക്കുന്ന ഫ്ലാറ്റിനു മുമ്പിലൂടെ ഓടിപ്പോയി.. തൊട്ടു പുറകേ ഒരു പോലീസ് വാഹനവും..
പേൾ ചത്വരത്തിലുള്ളവരെ ഒഴിപ്പിക്കുന്ന പോലീസ് നടപടി നടക്കുകയാണെന്ന് സഹപ്രവർത്തകൻ ഫോൺ വിളിച്ചു പറഞ്ഞു... കുറെ ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ആകെ പ്രശ്നമാകുകയാണെന്നും ഒരു കാരണവശാലും റൂമിനു പുറത്തിറങ്ങരുതെന്നും അവൻ പറഞ്ഞപ്പോൾ ആകെ പേടിച്ചു...
നേരം പുലർന്നപ്പോഴേക്കും വെടിയൊച്ച നിലച്ചു.. പേൾ ചത്വരം പൂർണമായി ഒഴിപ്പിച്ചെന്നും കലാപകാരികളെ തുരത്തിയെന്നും സർക്കാർ ടി വി പറയുന്നുണ്ട്.. കൂടെ കാണിക്കുന്ന ദൃശ്യങ്ങളിൽ കവചിത പട്ടാളവാഹനങ്ങളും ടാങ്കുകളും നിരന്നു കിടക്കുന്ന പേൾ ചത്വരത്തിന്റെ ദൃശ്യം.. എവിടെയും പോലീസ് .. താമസിക്കുന്ന ഫ്ലാറ്റിനു കീഴിലും പോലീസ് വാഹനം.. ഭാര്യയേയും മോനേയും റൂമിലിരുത്തി... ഓഫീസിലേക്ക് ഇറങ്ങി.. താമസിക്കുന്നിടത്തുനിന്നും അഞ്ച് മിനിട്ടിന്റെ ദൂരത്തിലാണ് ഓഫീസ്.. പോലീസ് സാന്നിധ്യത്തിന്റെ ധൈര്യത്തിൽ ഓഫീസിലേക്കുള്ള വഴി ഓടിത്തീർത്തു...ഓഫീസിനു മുമ്പിലെ ഹൈവേയിൽ പട്ടാളം ചെക്പോസ്റ്റ് തീർത്തിർക്കുന്നു.. അവിടെയും കിടക്കുന്നു പട്ടാള ടാങ്കും കവചിത വാഹനങ്ങളും..
അന്നു പകൽ മുഴുവൻ സംഘർഷഭരിതമായിരുന്നു. വെടിയൊച്ചകൾ പലവട്ടം മുഴങ്ങി.. രാത്രി നടന്ന ഒഴിപ്പിക്കലിൽ അഞ്ചോളം പേർ കൊല്ലപ്പെട്ടിട്ടുണ്ട്. വൈകിട്ട് മൂന്നു മണിയായതോടെ വീണ്ടും പ്രക്ഷോഭകാരികൾ പേൾ ചത്വരത്തിലേക്ക് സംഘടിച്ചെത്തി. വീണ്ടും ആൾക്കാർ മരിച്ചു വീണു.. സ്ഥിതിഗതികൾ കൈവിട്ടു തുടങ്ങിയെന്നു ഭരണാധികാരികൾക്കു തോന്നിത്തുടങ്ങിയിരുന്നു... രണ്ട് ദിവസത്തിനുള്ളിൽ തന്നെ പത്തോളം പേർ മരിച്ചു. ബഹ് റൈൻ കിരീടാവകാശി നേരിട്ട് സമാധാന ചർച്ചകൾക്കായി രംഗത്തിറങ്ങി.. സർക്കാർ പ്രതിഷേധത്തെ അടിച്ചമർത്തില്ലെന്നും സമാധാനപരമായി പ്രതിഷേധിക്കാമെന്നും അദ്ദേഹം രാജ്യത്തോടായി നടത്തിയ പ്രഭാഷണത്തിൽ പറഞ്ഞു..പ്രശ്നങ്ങൾ പരിഹരിക്കാൻ ദേശീയ സംവാദം നടത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. പ്രക്ഷോഭകാരികൾ ആവേശത്തിലായി.. തങ്ങളുടെ സമരം വിജയപാതയിലാണെന്ന് അവർക്ക് തോന്നി.  അവർ വീണ്ടും പേൾ ചത്വരത്തിലേക്ക് സംഘടിച്ചെത്തി... പിറ്റേന്നായതോടെ സംഘർഷത്തിനു കുറച്ച് അയവു വന്നു.. പേൾ ചത്വരവും പരിസരവും പ്രക്ഷോഭകാരികൾ കൈയ്യടക്കിയെങ്കിലും നഗരത്തിന്റെ മറ്റു ഭാഗങ്ങളിൽ ജനജീവിതം സാധാരണമായി.. എങ്കിലും എല്ലാവരിലും ഒരു ഭയപ്പാടുയർന്നു കഴിഞ്ഞിരുന്നു.. ഈ നാട്ടിൽ തങ്ങൾ സുരക്ഷിതരല്ലെന്ന ബോധം... തെരുവുകൾ മിക്കപ്പോഴും ശൂന്യമായി കിടന്നു.. ആളുകൾ കഴിവതും വീട്ടിലും ഓഫീസിലും മാത്രമായി കഴിഞ്ഞു.. പേൾ ചത്വരം മാത്രം പ്രക്ഷോഭത്തിന്റെ സ്പന്ദിക്കുന്ന കേന്ദ്രമായി നിന്നു.. ദിനം പ്രതി അവിടെ ആൾകൂട്ടം പെരുകിക്കൊണ്ടിരുന്നു.. പൊതുയോഗങ്ങളും സമരഗാനങ്ങളും അവിടെ അനുസ്യൂതം തുടർന്നു.. പ്രക്ഷോഭകാരികൾ അവിടെ തമ്പടിച്ചു. അവിടെ അവർ ഭക്ഷണം പാകം ചെയ്തു.. ടെന്റുകൾ തീർത്തു..അങ്ങിനെ സമരം സമാധാനപരമായി മുന്നോട്ട്..
ആഴ്ച്ചകൾ പലത് കഴിഞ്ഞു.. പ്രക്ഷോഭകാരികളെ ഓഴിപ്പിക്കുന്നതിനു നടപടികൾ സ്വീകരിക്കുന്നില്ലെന്നത് ഒഴിച്ചാൽ  അവരുയർത്തിയ മറ്റൊരു പ്രശ്നത്തിനും പഝാര നിർദ്ദേശങ്ങൾ ഉയർന്നു വന്നില്ല. ദേശീയ സംവാദം മുന്നോട്ടുപോകാനാവാതെ വഴിമുട്ടി നിന്നു. നിന്നു... രാജഭരണം അവസാനിപ്പിച്ച് ജനാധിപത്യ രീതിയിൽ തിരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യം ഒരിക്കലും അംഗീകരിക്കപ്പെടില്ലെന്ന് ഉറപ്പായിരുന്നു..പേൾ ചത്വരത്തിൽ നിന്നും ഡൗൺ ഡൗൺ കിങ്ങ് ഹമദ് മുദ്രാവാക്യങ്ങൾ നിരന്തരം ഉയർന്നു.. വീണ്ടൂം സംഘർഷത്തിന്റെ മണൽകാറ്റുകൾ സമാധാനത്തിന്റെ വെള്ളിവെളിച്ചത്തിനു മേൽ നിഴൽ പടർത്തി..  സർക്കാർ അനുകൂലികൾ പ്രക്ഷോഭകാരികൾക്കെതിരെ ഒത്തു ചേർന്നു.ഇരുകൂട്ടരും തമ്മിൽ  പലയിടങ്ങളിലും സംഘർഷം രൂക്ഷമായി..

 2011 മാർച്ച് 14 .. പ്രക്ഷോഭം തുടങ്ങിയിട്ട് ഒരുമാസം പിന്നിടുമ്പോഴും പ്രക്ഷോഭകർ ഉന്നയിച്ച ആവശ്യങ്ങളിൽ സർക്കാർ അനുകൂല നിലപാടുകളെടുത്തില്ല. പ്രക്ഷോഭം കൂടുതൽ തീഷ്ണമായി. പതിവു പോലെ രാവിലെ ശങ്കറും ഗായത്രിയും സ്കൂളിലേക്ക് പോയി. രാവിലെ പതിനൊന്നു മണിയോടെ മൊബൈലിൽ ഒരു കോൾ.. ഗായത്രിയാണ്.. സ്കൂളിരിക്കുന്ന പ്രദേശങ്ങളിൽ പ്രക്ഷോഭം രൂക്ഷമാകുകയാണെന്നും അതിനാൽ അവർ നേരത്തെ തിരിച്ചു വരികയാണെന്നും പറഞ്ഞു..  മനസ്സ് പരിഭ്രാന്തമായി.. ഓഫീസിൽ നിന്നും മുന്നിലെ തെരുവിലേക്കിറങ്ങി...  ഓഫീസിനു നൂറു മീറ്റർ അകലത്തിലുള്ള വമ്പൻ ഹൈവേ പ്രക്ഷോഭകാരികൾ തടസ്സപ്പെടുത്തിയിരിക്കുന്നു. .. വലിയ വേസ്റ്റ് ബിന്നുകളും  കോൺക്രീറ്റ് ബീമുകളുമെല്ലാം റോഡീൽ നിരന്നിരിക്കുന്നു.. ഗായത്രിയും മോനും കയറിയ സ്കൂൾ ബസ് എത്തേണ്ട സമയം കഴിഞ്ഞിട്ടുണ്ട്. ഞാൻ വീണ്ടും അവളെ വിളിച്ചു.. വഴിയിൽ മുഴുവൻ ഗതാഗത തടസ്സമാണെന്നും ബസ്സ് ഏതൊക്കെയോ വഴിയിലൂടെ എത്താൻ ശ്രമിക്കുകയാണെന്നും അവൾ പറഞ്ഞു... സ്കൂളിൽ പോയ മറ്റു കുട്ടികളുടെ രക്ഷിതാക്കളും അവിടെയെത്തി.. ആശങ്കകൾക്കൊടുവിൽ മണിക്കൂറുകൾ താമസിച്ച് ബസ്സ് എത്തി.. ഗായത്രി ആകെ ഭയന്നിരുന്നു.. ശങ്കർ വഴിയിൽ കണ്ട കാഴ്ച്ചകളെക്കുറിച്ച് എന്നോട് വാതോരാതെ പറഞ്ഞു കൊണ്ടിരുന്നു..
ഗൾഫ് മേഖലയിലെ പ്രധാന ബാങ്കിങ്ങ് കേന്ദ്രമാണ് ബഹ് റൈൻ. പ്രക്ഷോഫം ബാങ്കിങ്ങ് ഉൾപ്പെടെയുള്ള എല്ലാ വ്യവസായങ്ങളെയും ബാധിച്ചു തുടങ്ങിയിരുന്നു. പ്രക്ഷോഭം കൂടുതൽ തീഷ്ണമാക്കുനതിന്റെ ഭാഗമായി പ്രധാന വ്യവസായിക മേഖലകളിൽ പ്രക്ഷോഭകർ ഉപരോധ സമരം ആരംഭിച്ചു. രാജയ്മ് ഏതാണ്ട് നിശ്ചലമായി.. പ്രക്ഷോഭകാരികളും സർക്കാർ അനുകൂലികളും തമ്മിൽ ഏറ്റുമുട്ടലുകൾ തുടർക്കഥയായി.. വിദേശികളും ആക്രമിക്കപ്പെട്ടു. രാജ്യം ഒരു കലാപത്തിലേക്ക് നീങ്ങി..
എന്തും സംഭവിക്കാവുന്ന സ്ഥിതി.. ബഹ് റൈനിലെ പരിമിതമായ പോലീസ് പട്ടാള സംവിധാനങ്ങൾക്ക് പ്രതിരോധിക്കുവാൻ കഴിയുന്നതിനും അപ്പുറത്തേക്ക് സംഘർഷം വളർന്നു കഴിഞ്ഞിരുന്നു.. ഇനി എന്ത് എന്നൊരു ചോദ്യം ഭരണാധികാരികൾക്കിടയിലും ഉയർന്നു.. സമാധാന ചർച്ചകൾ മാറ്റിവെച്ച് അവർ കർശന നടപടികൾക്കു തയ്യാറായി...


 2011 മാർച്ച് 16
അതിരാവിലെ മുതൽ പട്ടാള ഹെലിക്കോപറുകൾ താഴ്ന്നു പറന്നുകൊണ്ടിരുന്നു.. മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ പൊടുന്നനേ ലഭ്യമല്ലാതായി...മുദ്രാവാക്യം വിളികളും അലമുറകളും  അവ്യക്തമായി കേൾക്കാം.. ഞാൻ ജനലിലൂടെ പുറത്തേക്ക് നോക്കി.. അകാശം കറുത്ത പുകകൊണ്ടു മൂടിയിരിക്കുന്നു... പേൾ ചത്വരത്തിലെ പട്ടാള നടപടി ആരംഭിച്ചിരിക്കുന്നു.. സൗദി അറേബ്യൻ അതിർറ്റ്ഹ്തി കടന്ന് നിരനിരയായി പട്ടാള വാഹനങ്ങൾ ബഹ് റൈനിലേക്കെത്തിയത് ഒരുദിവസം മുമ്പാണ്.. ആകാശത്ത് ഹെലിക്കോപ്റ്ററുകളുടെ എണ്ണം കൂടിയിരിക്കുന്നു.. വശങ്ങൾ തുറന്ന അവയ്ക്കുള്ളിൽ നിന്നും തോക്കുമുനകൾ നീണ്ടു നിൽപ്പുണ്ടായിരുന്നു.. നിലവിളികളുടെ ശബ്ദം ഉയർന്നുകൊണ്ടിരുന്നു. അടുത്തുള്ള പള്ളികളിൽ നിന്നും അറബിയിൽ എന്തൊക്കെയോ ഉച്ചത്തിൽ വിളിച്ചു പറയുന്നുണ്ടായിരുന്നു.. ശങ്കറിനെ അരികത്ത് ചേർത്ത് ഞാനും ഗായത്രിയും റൂമിൽ എന്തു ചെയ്യണമെന്നറിയാതെ പകച്ചിരുന്നു..

ഉച്ച കഴിഞ്ഞപ്പോഴേക്കും മൊബൈൽ ബന്ധം പുനസ്ഥാപിക്കപ്പെട്ടു.  ഇന്റർനെറ്റിൽ ഞങ്ങൾ വാർത്തകൾക്കായി പരതി.. പട്ടാള നടപടിയിൽ ആറോളം പേർ മരിച്ചിരിക്കുന്നു.. രണ്ട് പോലീസ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിട്ടുണ്ട്.. രാജ്യത്ത് കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്...
അന്ന് ഗൾഫ് എഡിഷൻ പത്രം പുറത്തിറക്കാൻ ഞങ്ങൾക്ക് സാധിച്ചില്ല.. പ്രിന്റിങ്ങ് പ്രസ്സിനു നേരെയുണ്ടായ ആക്രമണത്തിൽ അവർക്ക് സാരമായ കേടുപാടുകൾ  പറ്റിയിരിക്കുന്നു.
പരിഭ്രാന്തിയുടേയും ഭയാശങ്കകളുടേയും ആ നാളുകളിലൊന്നിൽ നാട്ടിലേക്ക് തിരിച്ച് പോരുവാൻ സ്ഥാപനം എന്നോടു നിർദ്ദേശിച്ചു.. പ്രതിസന്ധികൾ പലതായിരുന്നെങ്കിലും.. ഏറ്റെടുത്ത ജോലി നന്നായി പൂർത്തിയാക്കണമെന്നായിരുന്നു മനസ്സിലെ മോഹം.. അതിനായി എന്നാലാവുന്ന വിധമൊക്കെ ശ്രമിക്കുകയും ചെയ്തിരുന്നു.. പക്ഷേ.... മോഹങ്ങൾക്ക് അർദ്ധവിരാമമിട്ട്... ബഹ് റൈനോട് വിട പറയേണ്ടി വന്നു..
 
ബഹ് റൈൻ എയർപോർട്ടിലെ കൃത്രിമ ശീതളിമയിൽ വിമാനവും കാത്തിരിക്കുമ്പോൾ മനസ്സ് പുറകോട്ട് പോയി ..ജീവിതാനുഭവങ്ങൾ കൊണ്ട് നിറഞ്ഞ മൂന്നു വർഷങ്ങൾ. നേരിടേണ്ടി വന്ന പ്രതിസന്ധികൾ നിരവധിയായിരുന്നു.. പലതും അതിജീവിച്ചു.. ചിലതിൽ തളർന്നു.. ഒരുപാട് ജീവിതങ്ങൾ കണ്ടു.. ഒരു പക്ഷേ അതു വരെയുള്ള ജീവിതത്തിൽ കണ്ടതിനേക്കാളുമൊക്കെ ഏറെ..
വിമാനം ഉയർന്നു തുടങ്ങിയിരുന്നു... ഞാൻ ജനലിലൂടെ താഴേക്ക് നോക്കി...രാത്രിയിലും ബഹ്റൈൻ പ്രകാശം പരത്തി നിൽക്കുകയാണ്..  ക്രുത്രിമമായി സൃഷ്ടിച്ച ആ പ്രകാശക്കാഴ്ച്ചകൾക്കപ്പുറം ഇരുണ്ട ഗലികളിലും ഇടുങ്ങിയ കൂരകളിലും പ്രതിഷേധം അപ്പോഴും അലയടിക്കുന്നുണ്ടെന്ന് എനിക്ക് തീർച്ചയായിരുന്നു. സീറ്റ് ബെൽറ്റ് ധരിക്കാതെ വഴക്കുണ്ടാക്കി എന്റെ മടിയിൽ കയറിയിരുന്ന് ശങ്കർ പുറം കാഴ്ച്ചകൾ കൗതുകത്തോടെ കാണുന്നുണ്ടായിരുന്നു..
 
അച്ഛേ ഇനി എന്നാ നമ്മൾ തിരിച്ചു വരുന്നേ.. ശങ്കുവിന്റെ ചോദ്യം
 
വരണം.. തിരിച്ചു വരണം.. ഞാനവനോട് വെറുതേ പറഞ്ഞു..
 
ബഹ് റൈന്റെ പ്രകാശക്കാഴ്ച്ചകൾ മങ്ങിത്തുടങ്ങിയിരുന്നു.. താഴെ കടലിന്റെ അനന്തമായ കറുപ്പ്.... ആ അനന്തതയിൽ പുതിയ സ്വപ്നങ്ങളുടെ വെളിച്ചത്തുരുത്തുകൾ തിരഞ്ഞ് ഞാനിരുന്നു...

No comments: