Friday, July 31, 2009

ബ്ലോഗ്‌ മീറ്റും ശ്രീജയും പിന്നെ ഇന്ദുലേഖയും..

സജീവന്റെ മൊബൈലില്‍ വന്ന മെസ്സേജ് വായിച്ചപ്പോള്‍ ശ്രീജയ്ക്ക് രക്തം ഇരച്ചു കയറി.. വീണ്ടും അവള്‍ തന്നെ ഇന്ദു ലേഖ .. "ബ്ലോഗ് മീറ്റിനു വരില്ലേ " എന്ന് . എന്റീശ്വരാ ഞാനിത് എന്തൊക്കെ കാണണം . ഒരു കുടുംബമായിട്ടു മര്യാദയ്ക്ക് ജീവിക്കുവാന്‍ ഇവളോന്നുംസമ്മതിക്കില്ലേ..ഒരു ഇന്ദുലേഖ.. ചേട്ടന്റെ പ്രീ ഡിഗ്രി ക്ലാസ്മേറ്റ്‌.അവള്‍ തന്നെ ആയിരിക്കും. ഓട്ടോ ഗ്രാഫേല്‍ അവളെഴുതിയതെന്താ "വിടരുന്ന പൂക്കള്‍ കൊഴിഞ്ഞാലും ഞാന്‍ നിന്നെ മറക്കില്ല" കള്ളന്‍ ...ആരും കാണാതെ സൂക്ഷിച്ചു വെച്ചിരിക്കുക ആയിരുന്നു അലമാരയുടെ അടിത്തട്ടില്‍ ..അതു വായിച്ച അന്നു മുതല്‍ ഒരു സംശയം തോന്നിയതാ.. എത്ര പ്രാവശ്യം ചോദിച്ചു കല്യാണത്തിന് മുന്പ് ആരെയെങ്കിലും പ്രേമിച്ചിട്ടുണ്ടോ എന്ന്.. ചോദിക്കുമ്പോഴൊക്കെ തമാശയാണ്.. "പോടീ അവിടുന്നു നീയെല്ലേ എന്റെ കാമുകി " എന്ന് പറഞ്ഞു സുഖിപ്പിക്കും .മോള്‍ക്ക്‌ ഇന്ദു എന്ന് പേരിടണമെന്ന് എന്തായിരുന്നു വാശി.. ഞാന്‍ സമ്മതിച്ചില്ല .. അങ്ങിനെ ഇപ്പോള്‍ പഴയ കാമുകിയുടെ പേരു വിളിച്ചു മോളെ കൊഞ്ചിക്കണ്ട ഓര്‍ക്കും തോറും ശ്രീജയ്ക്ക് ദേഷ്യം കൂടിക്കൂടി വന്നു.

ശ്രീജേ എനിക്കു കാള്‍ വല്ലതും വന്നോ .... മൊബൈലിന്റെ ശബ്ദം കേട്ടു .സജീവ്‌ മുറിയിലേക്ക് വന്നു. ശ്രീജ പെട്ടെന്ന് മൊബൈല് അയാള്‍ക്ക്‌ നീട്ടി.. ഇന്നാഎന്തോ മെസേജാ.. " .. ബ്ലോഗ് മീറ്റിന്റെയാ ഇവരുടെ ഒരു കാര്യം എത്ര മെസ്സേജ് ആണ് അയക്കുന്നത് ഞാന്‍ ചെല്ലുമെന്ന് അറിയിച്ചതാണല്ലോ... സജീവ്‌ ചിരിച്ചു കൊണ്ടു പറഞ്ഞു... ഹും.. അതെങ്ങിനെയാ കാമുകി പ്രത്യേകം വിളിക്കണ്ടേ.. ശ്രീജ മനസ്സില്‍ പറഞ്ഞു. രണ്ടുമൂന്നു വര്‍ഷമായി തുടങ്ങിയ പരിപാടിയാ ബ്ലോഗ്‌.. രാത്രി വെളുക്കുവോളം എന്തൊക്കെയോ ഇരുന്നു കമ്പ്യൂട്ടറില്‍ അടിച്ചു കേറ്റുന്നതു കാണാം.. ബ്ലോഗ്‌ ലിസ്റ്റ്‌ ചെയ്തെന്നോ കമന്റ്‌ കൂടിയെന്നൊ ഒക്കെ പറഞ്ഞ്‌ വലിയ കളിയും ചിരിയുമാ.. എഴുതിയതൊക്കെ വായിക്കാന്‍ നിര്‍ബന്ധിക്കും..വായിക്കാനൊക്കെ നല്ല രസമുണ്ട്‌.അതിലും രസം അതില്‍ ഓരൊന്നെഴുതുന്ന ആള്‍ക്കാരുടെ പേരു വായിക്കാനാ ..ഇങ്ങനെയും പേരുള്ള മനുഷ്യരുണ്ടോ.. തൂലികാ നാമം എന്നൊക്കെ കേട്ടിട്ടുണ്ട്‌. എന്നാലും അതിനുമില്ലെ ഒരു മര്യാദ...ഇതു ചുമ്മാ വായിക്കു തോന്നിയതൊക്കെ.. ചേട്ടന്‍ എന്തെഴുതിയാലും അവളുടെ കമന്റ്‌ ഉണ്ട്‌.. എല്ലാം നന്നായിരിക്കുന്നു പോലും.. ഓര്‍ക്കൂട്ടിലും അവളുണ്ട്‌.. ഫ്രണ്ട്‌സ്‌ ലിസ്റ്റില്‍.. ഡീറ്റെയ്ല്സ്‌ അറിയാന്‍ ഒരു ദിവസം ചേട്ടന്‍ അറിയാതെ കയറി നോക്കി.. ഫോട്ടോ അവളുടേതല്ല.. ഏതോ സിനിമ നടിയുടെ.. ആണുങ്ങളെ വീഴ്ത്താന്‍ ഓരോരൊ നമ്പരുകള്‍..

ടീ... കടപ്പുറത്തൊരു റിസൊര്‍ട്ടില്‍ വെച്ചാണു മീറ്റ്‌. നീ പോരുന്നോ.. മോളെക്കൂടി കൂട്ടാം.. ഒരു ഫാമിലി ട്രിപ്പ്‌ ആക്കിയേക്കാം. സജീവ്‌ ചോദിച്ചു.. .. ഞാനൊക്കെ അവിടെ വന്നിട്ടെന്തിനാ വെറുതെ വായില്‍ നൊക്കി ഇരിക്കാന്‍ ഞാനില്ല ... പറഞ്ഞു കഴിഞ്ഞപ്പൊളാണു ശ്രീജയ്ക്കു അങ്ങിനെ പറയേണ്ടിയിരുന്നില്ല എന്നു തോന്നിയത്‌. അവളും വരുമല്ലോ.. ഇന്ദുലേഖ.. ഒന്നു കാണണം.. എന്നിട്ട്‌ വേണം പറയാന്‍ നാടകമൊന്ന് അവസാനിപ്പിക്കാന്‍. എന്നാല്‍ ഞാനും വരാം സജീവേട്ടാ.. ശ്രീജ നിലപാട്‌ മാറ്റിക്കൊണ്ട്‌ പറഞ്ഞു. "വരുന്നില്ലെങ്കില്‍ വേണ്ടാ , അവിടെ വന്നു ബോര്‍ അടിച്ചുവെന്നു പറയരുത്‌..." " ഹും.. ആര്‍ക്കാണു ബോര്‍ അടിക്കുന്നതെന്നു കാണാം. ഞാന്‍ അവളെ ഒന്നു കാണട്ടെ.." ശ്രീജ മനസ്സില്‍ പറഞ്ഞു. സജീവ്‌ പുറത്തേക്കിറങ്ങിയപ്പൊള്‍ ശ്രീജ മൊബയ്‌ലിന്റെ കോണ്‍ ടാക്റ്റ്‌ ലിസ്റ്റ്‌ പരിശോധിച്ചു. ദാ അവളുടെ നമ്പര്‍... ശ്രീജയുടെ കൈകള്‍ യാന്ത്രികമായി ഡയലിലേക്കു നീണ്ടു. മറുവശത്ത്‌ ബെല്‍.. പക്ഷെ ആരും എടുക്കുന്നില്ല...രണ്ടാമതൊന്നു കൂടി വിളിക്കുവാന്‍ ആലോചിച്ച്‌ ശ്രീജ പിന്തിരിഞ്ഞു.. അപ്പൊള്‍ അതാ ഫോണ്‍ വീണ്ടും ശബ്ദിച്ചു.. മെസേജ്‌ ആണു,,,"ഡ്യൂട്ടിയിലാ കുറച്ചു കഴിഞ്ഞ്‌ വിളിക്കാം".അപ്പോള്‍ അവള്‍ക്ക്‌ ജോലിയുണ്ട്‌.. വേലയും കൂലിയും ഇല്ലാതെ വീട്ടില്‍ ഇരിക്കുന്ന നമുക്കൊക്കെ എന്തു വില...ശ്രീജയ്ക്കു കരച്ചില്‍ വന്നു. ബ്ലോഗിങ്ങ്‌ തുടങ്ങിയതില്‍ പിന്നെയാണു ഇതു ഇത്രയും കൂടിയത്‌.വൈകിട്ട്‌ ഓഫിസില്‍ നിന്നും വന്നാല്‍ പിന്നെ കമ്പ്യൂട്ടരിനു മുന്‍പിലാ തന്നൊടും മോളോടും വര്‍ത്തമാനം പറയുവാന്‍ പോലും സമയമില്ല. പോസ്റ്റിംഗ്‌, അഗ്രഗേറ്റര്‍ എന്നൊക്കെ പറയുന്നതു കേള്‍ക്കാം.

കാറില്‍ മോളോടൊപ്പം ഇരിക്കുമ്പോള്‍ ശ്രീജ അസ്വസ്ത്ഥയായിരുന്നു..മീറ്റിനു വേണ്ടി അതി രാവിലെ പുറപ്പെട്ടതാണ്. മോള്‍ വലിയ സന്തൊഷത്തിലാണ് .ബ്ലോഗും മീറ്റുമൊന്നും അറിയില്ലെങ്കിലും യാത്ര അവള്‍ക്കു വലിയ ഇഷ്ടമാണ് . രണ്ട്‌ വയസ്സേ ആയിട്ടുള്ളൂ.. "മീറ്റിങ്ങ്‌ ഒക്കെ ആയി കുഞ്ഞിനു മടുക്കുമോ എന്തോ" സജീവ്‌ ഉറക്കെ പറഞ്ഞു. "കടല്‍ തീരം ഒക്കെ ആയതിനാല്‍ കാഴ്ച്ച കണ്ടിരുന്നോളും. അല്ലെ മോളൂ".. അയാള്‍ അവളുടെ കവിളില്‍ തലോടി. ശ്രീജ ഒന്നും മിണ്ടിയില്ല. "നീയെന്താടീ ഇങ്ങനെ വീര്‍ത്തിരിക്കുന്നത്‌.. രാവിലെ മുതല്‍ ഞാന്‍ ശ്രദ്ധിക്കുന്നതാ.." ഹേയ്‌ .. ഒന്നുമില്ല..അയാളുടെ ചോദ്യത്തിനുത്തരം രണ്ടു വാക്കില്‍ ഒതുക്കി അവള്‍ വീണ്ടും ചിന്തയില്‍ മുഴുകി.

ഓഡിറ്റോറിയത്തിന്റെ മുന്‍പില്‍ കാര്‍ പാര്ക്കു ചെയ്തു പുറത്തിറങ്ങി ഹാളിലേക്കു നടക്കുമ്പോള്‍ ശ്രീജയുടെ കണ്ണുകള്‍ അവിടെയെല്ലാം തിരയുന്നുണ്ടായിരുന്നു. ഇന്ദുലേഖ അവള്‍ വന്നിട്ടുണ്ടാകുമൊ....ഓഡിറ്റോറിയത്തിന്റെ മുന്‍വശത്തു കുറെ പേര്‍ കൂടി നില്‍ക്കുന്നുണ്ട്‌, സജീവ്‌ അവരുടെ അടുത്തേക്കു പോയി, ശ്രീജ ഓഡിറ്റോറിയത്തിനുള്ളിലേക്കു കണ്ണോടിച്ചു. അകത്ത്‌ കുറേ സ്ത്രീകള്‍ ഇരിപ്പുണ്ട്‌, അവരിലാരാണ് ഇന്ദുലേഖ.. "നീ ഇവിടെ നില്‍ക്കുവാണോ.. വാ എല്ലാവരെയും പരിചയപ്പെടാം". സജീവിനു പിറകെ അവള്‍ അകത്തേക്കു നടന്നു. പരിചയപ്പെട്ട ഒരോ സ്ത്രീയേയും അവള്‍ ആകാംഷയോടെ നോക്കി.. പക്ഷെ ഇന്ദുലേഖ അവരുടെ കൂടെ ഇല്ലായിരുന്നു. ശ്രീജ അക്ഷമയൊടെ കാത്തിരുന്നു.

മീറ്റിംഗ്‌ തുടങ്ങി.. പതിവ്‌ ഔപചാരികതകള്‍ കഴിഞ്ഞ ശേഷം പരിചയപ്പെടല്‍ ആരംഭിച്ചു.വിചിത്രമായ പേരുകളിലുള്ള ബ്ലോഗ്‌ ഉടമകള്‍ മുഖം മൂടികള്‍ അഴിച്ച്‌ സാധാരണക്കാരായി.. പല നാടുകളില്‍ നിന്നും വന്ന പല തരക്കാര്.. ഒരു പക്ഷെ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത അവരെ കൂട്ടിയിണക്കുന്ന ബ്ലോഗ്‌ എന്ന കൂറ്റന്‍ വലയെക്കുറിച്ച്‌ പലരും ആവേശത്തോടെ സംസാരിച്ചു. ഓരൊരുത്തരായി വന്നു പൊയ്ക്കൊണ്ടിരുന്നു. ഇന്ദു ലേഖ മാത്രം വന്നില്ല...മീറ്റിങ്ങിന്റെ ചിട്ടകള്‍ മോള്‍ക്ക്‌ പിടിക്കാത്തതിനാല്‍ ശ്രീജ അവളെയും കൊണ്ടു പുറത്തിറങ്ങി..താമസിച്ചു വരുന്ന ബ്ലോഗര് മാര് അപ്പൊഴും എത്തിക്കൊണ്ടിരുന്നു.. പക്ഷെ കൂട്ടത്തിലൊന്നും ഒരു സ്ത്രീ മുഖം പോലും ഉണ്ടായിരുന്നില്ല. ഓഡിറ്റോറിയത്തിന്റെ മുന്‍പില്‍ കടല്‍ ഇരയ്ക്കുന്നുണ്ടായിരുന്നു. തിരകളെ നൊക്കി നിന്നപ്പോള്‍ മനസ്സ്‌ ഒന്നു ശാന്തമായതായി ശ്രീജയ്ക്കു തോന്നി.. അവള്‍ വരില്ലായിരിക്കും.. എന്തായാലും ഇതു കഴിഞ്ഞു വീട്ടില്‍ എത്തിയാല്‍ ചേട്ടനോട്‌ കരഞ്ഞ്‌ പറയാം..എനിക്കുള്ള സ്നേഹം പങ്കു വെയ്ക്കരുതെന്ന്...തന്നോടുള്ള സ്നേഹത്തിനു കുറവൊന്നും വരുത്തിയിട്ടില്ല ഇതു വരെ..എന്നാലും.. ഇനി ടെന്‍ഷന്‍ സഹിക്കാന്‍ വയ്യ....

അകത്തെ ഉച്ച ഭാഷിണിയില്‍ നിന്നു പെട്ടെന്നാണവള്‍ കേട്ടത്‌.. ഇനി ഇന്ദുലേഖ നിങ്ങളോട്‌ സംസാരിക്കും...ശ്രീജ അതു കേട്ട്‌ തരിച്ച്‌ നിന്നു. അകത്തേക്കോടുവാള്‍ അവള്‍ ആവുന്നത്ര ശ്രമിച്ചു.. പക്ഷെ കാലുകള്‍ മുന്നോട്ടു നീങ്ങുന്നില്ല..മോളേയും എടുത്ത്‌ എങ്ങിനെയൊ അവള്‍ വാതില്‍ക്കലെത്തി.. എവിടെ ഇന്ദു ലേഖ അവളുടെ കണ്ണുകള്‍ വേദിയില്‍ ആകമാനം പരതി.. അവിടെയെങ്ങും ഒരു സ്ത്രീ മുഖം പോലും ഉണ്ടായിരുന്നില്ല..ആ പേരു കേട്ടുവെന്ന് തനിക്കു തോന്നിയതാണോ... അവള്‍ സംശയിച്ചു...അല്ല.. വ്യക്തമായി കെട്ടതാണ്. എന്താണ് തനിക്കു സംഭവിക്കുന്നതെന്നു അവള്‍ക്ക്‌ മനസ്സിലാവുന്നുണ്ടായിരുന്നില്ല...ഓഡിറ്റോറിയത്തിന്റെ വാതിലില്‍ ചാരി അവള്‍ തളല്‍ന്നു നിന്നു... അപ്പൊള്‍ വേദിയിലുണ്ടായിരുന്ന മധ്യ വയസ്കന്‍ സംസാരിച്ചു തുടങ്ങി. "നിങ്ങള്‍ ഇന്ദുലേഖയെ ആണ് പ്രതീക്ഷിക്കുന്നത്‌ എന്നെനിക്കറിയാം,പക്ഷെ അവള്‍ വന്നില്ല...കൊണ്ട്‌ വരണമെന്നുണ്ടായിരുന്നു..പക്ഷെ

അമ്മയില്ലാതെ വരില്ല എന്നു വാശി പിടിച്ചു.. അവള്‍ എന്റെ മൂന്നു വയസ്സുള്ള മോളാ... ഒരുബ്ലോഗ്‌ തുടങ്ങിയപ്പോള്‍ അത്‌ അവളുടെ പേരില ആകട്ടെ എന്നു വിചാരിച്ചു. വലുതായി ഇനി ബ്ലോഗ്‌ എഴുതാറാകുംമ്പോഴേക്കും ഒരു സമ്മാനമായി ഈ ബ്ലോഗ്‌ അവള്‍ക്കു നല്‍കാം ... ഹാളിലുള്ള എല്ലാവരും പൊട്ടിച്ചിരിച്ചു. ചിലര്‍ മറ്റുള്ളവരെ കളിയാക്കി..കേട്ടതു വിശ്വസിക്കാനാകാതെ ശ്രീജ വാതിലില്‍ മുഖമമര്‍ര്ത്തി നിന്നു.. എന്നിട്ട്‌ ആരും കാണാതെപൊട്ടിക്കരഞ്ഞു... എടീ നീ ഇവിടെ എന്തെടുക്കുവാ.. സജീവന്റെ ശബ്ദം കേട്ട്‌ അവള്‍ മുഖമുയര്ത്തി.. എന്തു പറ്റി ശ്രീ.. കണ്ണ് ചുവന്നിരിക്കുന്നു... സജീവ്‌ ചോദിച്ചു... ഒന്നുമില്ല ചേട്ടാ എന്തോ പൊടി പോയി.. കടല്‍ക്കരയില്‍ നിന്നപ്പോള്‍..അവള്‍ കണ്ണ് തുടച്ചുകൊണ്ടു പറഞ്ഞു.. മോളെയുമെടുത്ത്‌ സജീവ്‌ അകത്തേക്കു നടന്നു.. അവന്റെ കയ്യില്‍ മുറുകെ പിടിച്ച്‌ ശ്രീജയും..

19 comments:

ഡോക്ടര്‍ said...

കൊള്ളാം.... നല്ല എഴുത്ത്‌.... :)

സമാന്തരന്‍ said...

അത് കൊള്ളാം.
വാശിപിടിച്ച് കൂടെ പോന്ന പല ശ്രീജമാരും ചെറായികടൽ നോക്കി നെടുവീർപ്പിടുന്നതു കണ്ടിരുന്നു.. അപ്പൊ ഇതാണല്ലേ കാര്യം...


എഴുത്ത് നന്നായിരിക്കുന്നു
ആശംസകൾ..

ramanika said...

ഒരു മീറ്റു കൊണ്ട് ഒരു പ്രോബ്ലം അവസാനിച്ചല്ലോ അത് നന്നായി
എഴുത്ത് മനോഹരം!

താരകൻ said...

enthu nalla katha..asmsakal

Typist | എഴുത്തുകാരി said...

ബ്ലോഗ് വരുത്തിവക്കുന്ന ഓരോ പുലിവാലുകളേയ്!

ബിനോയ്//HariNav said...

ഉം.. ഉം.. ഇതൊക്കെ പറഞ്ഞ് വീട്ടുകാരിയെ പറ്റിക്കാം‌ന്നാല്ലേ.

സം‌ഭവം കൊള്ളാട്ടാ :)

പാവത്താൻ said...

കൊള്ളാം. വത്യസ്തമായ ഒരു മീറ്റ്‌ പോസ്റ്റ്‌. ഒരു കുടുംബ കലഹം ഒഴിവായല്ലോ.
പിന്നെ ഒരു സംശയം, ശരിക്കുള്ള സുന്ദരിമാരൊക്കെ ഏതു നമ്പരിലാ വിളിക്കുന്നതും മെസേജയക്കുന്നതും?

മുസാഫിര്‍ said...

ഇങ്ങനെയൊന്ന് സംഭവിച്ച് കൂടായ്കയില്ല.നല്ല കഥ.

കണ്ണനുണ്ണി said...

ഇന്ദു എന്ന നല്ല പേര് കുഞ്ഞിനു ഇടാതെ മിസ്സ്‌ ആക്കി....ശ്ശൊ കഷ്ടായി

ഷിനില്‍ നെടുങ്ങാട് said...

മനോഹരമ.സുന്ദരമായ ആവിഷ്കാരം.

ആശംസകള്‍

ചാണക്യന്‍ said...

തകര്‍പ്പന്‍ മീറ്റ് കഥ....അഭിനന്ദനങ്ങള്‍...

Deepa Bijo Alexander said...

കലക്കി......! :-)

രഞ്ജിത് വിശ്വം I ranji said...

ഡോക്ടറ് : നന്ദി‌
സമാന്ദരന്‍ : അതെ അതാണ് കാര്യം
രമണിക : നന്ദി
രാമചന്ദ്രന്‍ : :))
താരകന്‍ : നന്ദി
എഴുത്തുകാരി : അതെ രസമുള്ള പുലിവാലുകള്‍
ബിനോയി : ഇതു വായിച്ചതില്‍ പിന്നെ സംശയം കൂടി. അവളാരാ മോള്‍ :)
പാവത്താന്‍ : പാവം നമുക്കൊക്കെ ആരു മെസേജ് അയക്കാനാ..
മുസാഫിര്‍ : നന്ദി
കണ്ണനുണ്ണി : അതിനു ഇനിയും സമയമുണ്ടല്ലോ കണ്ണാ
ഷിനില്‍, ചാണക്യന്‍, ദീപ : നന്ദി

Sreejith said...

കൊള്ളാം വക്കീലെ നനായിട്ടുണ്ട്, എഴുത്തിന്റെ ബാലപാഠം കഴിഞ്ഞു, ഇനി പോരട്ടെ ഓരോന്നായി

siva // ശിവ said...

രസകരമായ കഥ....

വാവ.... said...

മനോഹരന്മായ എഴുത്ത്,, പേരില്‍ എന്തിരിക്കുന്നു എന്ന് ചോദിക്കുമ്പോള്‍? പേരിനു ഒരു കുടുംബത്തിന്റെ താളം തെറ്റിക്കാന്‍ പറ്റുമ്മെന്നും,അടര്‍ന്നു പോകുന്ന പൂവിതളുകള്‍ കുട്ടിചേര്‍ക്കാന്‍ പറ്റിലെന്നും ഓര്‍മിക്കുന്ന എഴുത്ത്...തൂലിക വടവാളക്കുക അല്ലാതെ ഒരു കൊലവാളകരുതെ ,ഓരോ അച്ഛന്മാര്‍കും ഒരു വഴി കാട്ടിയാകട്ടെ ഇ അച്ചന്റെ സമ്മാനം ......

കുക്കു.. said...

:)

kochi kazhchakal said...

pazhaya cinemakadha pole.........

Kalindi said...

kollam,nalla kadha.