Tuesday, July 14, 2009

നിത്യ

ട്രാവല്‍ ഏജന്‍സിയുടെ മുന്‍പിലേക്ക് ബസ്സ് വന്നു നിന്നു. ബാഗ്‌ എടുത്തു മറ്റു യാത്രക്കാര്‍ക്കൊപ്പം ജീവനും ബസ്സിലേക്ക് കയറി . ആദ്യ സ്റ്റോപ്പ്‌ ആയതിനാല്‍ ബസ്സിനുള്ളില്‍ യാത്രക്കാര്‍ ആരുമില്ല . ജോലിക്കായുള്ള ഇന്റര്‍വ്യൂവിനായി ഇന്നു രാവിലെയാണ് ജീവന്‍ ഉദ്യാന നഗരത്തിലെത്തിയത്.. എം ബി കഴിഞ്ഞു ജോലിക്കായുള്ള തിരച്ചിലിലാണ്..

എന്തോ... ജോലി കിട്ടുമെന്ന് മനസ്സു പറയുന്നു..ദക്ഷിണേന്ത്യയിലെ പ്രശസ്തമായ പരസ്യ ഏജന്‍സി ആണ്..... തനിക്കേറ്റവും ഇഷ്ടപ്പെട്ട മേഖല അതിനാല്‍ ഇന്റര്‍വ്യൂ ബോര്‍ഡിന്റെ ചോദ്യങ്ങള്‍ക്ക് ആത്മ വിശ്വാസത്തോടെ മറുപടി നല്‍കാനായി. ഇനി എല്ലാം ദൈവത്തിന്റെ കൈയ്യില്‍.. 

കയ്യിലുള്ള ട്രാവല്‍ ബാഗ്‌ ബസ്സിന്റെ ലഗേജ്‌ കരിയറില്‍ വെച്ചു ജീവന്‍ സീറ്റിലിരുന്നു. സൈഡ് സീറ്റ് ആണ് .....വഴി വക്കുകളിലെ ജീവിതം കണ്ടു പോകാം . ആളനക്കമില്ലാത്ത വിജന പ്രദേശങ്ങളിലൂടെ ഉള്ള ട്രെയിന്‍ യാത്ര അതുകൊണ്ടുതന്നെ ഇഷ്ടമല്ല ..ബസ്സ് പുറപ്പെടാനൊരുങ്ങി. കുറച്ചു യാത്രക്കാരെ ഉള്ളൂ .. നഗരം വിടും മുന്പ് ഒരു സ്റ്റോപ്പ്‌ കൂടിയുണ്ട് . കൂടുതല്‍ പേര്‍ അവിടെ നിന്നാണ്.

ബസ്സ് നഗരാതിര്‍ത്തിക്ക് മുന്പുള്ള സ്റ്റോപ്പില്‍ എത്തി . യാത്ത്രക്കാര്‍ കയറിക്കൊണ്ടിരുന്നു..ഭാര്യയും ഭര്‍ത്താവും .. സ്നേഹിതര്‍, എല്ലാവര്‍ക്കൊപ്പവും ആരെങ്കിലുമുണ്ട് .. ബസില്‍ തനിച്ചു താന്‍ മാത്രമേ ഉള്ളൂ എന്ന് ജീവന് തോന്നി.. ജീവന്റെ അടുത്ത സീറ്റ് അപ്പോഴും ഒഴിഞ്ഞു കിടന്നു..ആരാണാവോ വരുന്നത് . കഴിഞ്ഞ തവണ വന്നു മടങ്ങിയപ്പോള്‍ ഒരു അച്ചായനായിരുന്നു കൂട്ട്.. യാത്ര തുടങ്ങിയപ്പോള്‍ മുതല്‍ അച്ചായന്‍ ഉറക്കം തുടങ്ങി.. ഇടക്കിടക്ക് തോളിലേക്ക് ചാഞ്ഞു വീഴും ..ദുരിതം പിടിച്ച യാത്ര..

"എക്സ്ക്യുസ് മീ.... " ജീവന്‍ ചിന്തകളില്‍ നിന്നും ഉണര്‍ന്നു ..

. പ്ലീസ് എനിക്കാ സൈഡ് സീറ്റ് ഒന്നു തരുമോ.. ഇവിടെ ഇരുന്നാല്‍ എനിക്ക് വല്ലാത്ത വീര്‍പ്പുമുട്ടലാ ... പ്ലീസ്..  

വെളുത്തു മെലിഞ്ഞ ഒരു പെണ്‍കുട്ടി.. കയ്യില്‍ ചെറിയ ഒരു ബാഗ്‌.. ചുരിദാര്‍ ആണ് വേഷം.. സൈഡ് സീറ്റില്‍ നിന്നും മാറുവാന്‍ ജീവന് ഒട്ടും ഇഷ്ടം ഉണ്ടായിരുന്നില്ല .. എങ്കിലും .. ഒരു പെണ്‍കുട്ടിയല്ലേ ചോദിക്കുന്നത്.. ജീവന്‍ തൊട്ടടുത്ത സീറ്റിലേക്ക് മാറിയിരുന്നു. അവനു ചെറു ചിരി സമ്മാനിച്ച്‌ അവള്‍ കയറിയിരുന്നു .. പേഴ്സില്‍ നിന്നും മൊബൈല് ഫോണെടുത്തു 

 " ഹലോ പപ്പാ.. ഞാന്‍ ബസ്സില്‍ കയറി.. ഇനിയെങ്കിലും പറയൂ പപ്പാ.. എന്താണ് വിശേഷം.. എനിക്ക് ടെന്‍ഷന്‍ അടിക്കാന്‍ വയ്യ.. "  

ഫോണില്‍ പപ്പയോടു കൊഞ്ചുന്ന അവളെ ഇടം കണ്ണിട്ടു നോക്കി ജീവനിരുന്നു. ബസ്സ് നഗരാതിര്‍ത്തി വിട്ടു മുന്നോട്ടു കുതിക്കാന്‍ തുടങ്ങിയിരിക്കുന്നു.. വിശാലമായ ഹൈവേ ... ജീവന്‍ സീറ്റിലേക്ക് ചാരിയിരുന്നു.. ചെറുതായൊന്ന് മായന്ങണം .. ഇന്നലെ രാത്രിയിലും യാത്ര ആയതിനാല്‍ ഉറക്കം ശരിയായില്ല ..

ചേട്ടാ.. ജീവന്‍ കണ്ണ് തുറന്നു നോക്കി..അവള്‍ തന്നെ.. ഫോണ്‍ വെച്ചു ഇപ്പോള്‍ നോവലിന്റെ പുറത്താണ്  

വെള്ളമുണ്ടോ കയ്യില്‍ .. തിരക്കിനിടയില്‍ ഞാന്‍ വാങ്ങാന്‍ മറന്നു

ജീവന്‍ ബാഗില്‍ നിന്നും വെള്ളക്കുപ്പി എടുത്ത്‌ അവള്ക്ക് നീട്ടി.. 

 എന്റെ ഒരു മറവി .. വെള്ളക്കുപ്പി തിരിചെല്‍പ്പിക്കുംപോള്‍ അവള്‍ പറഞ്ഞു.. ഏറ്റവും ആവശ്യമുള്ളത് എപ്പോഴും മറക്കും..

 ജീവന്‍ അവളെ നോക്കി വെറുതെ ചിരിച്ചു.  

ചേട്ടന്റെ പേരെന്താ .. എവിടെയാ ജോലി..ഒറ്റ ശ്വാസത്തിലാണ് ചോദ്യം.. ജീവന്‍ പേരും ആഗമന ഉദ്ദേശവും പറഞ്ഞു..ഞാന്‍ നിത്യ.. അവള്‍ സ്വയം പരിചയപ്പെടുത്തി..  

നഗരത്തിലെ പ്രശസ്തമായ എഞ്ചിനീയറിംഗ് കോളേജിലെ അവസാന വര്‍ഷ വിദ്യാര്ത്ഥി..കൊച്ചി നഗര പ്രാന്തത്തിലാണ് വീട്.

" ഇനി രണ്ടു മാസം കൂടിയെ ഉള്ളൂ അത് കഴിഞ്ഞാല്‍ ഞാനും ചേട്ടനെ പോലെ ജോലി അന്വേഷണത്തില്‍ ആകും .. " ചിരിച്ചു കൊണ്ടു അവള്‍ പറഞ്ഞു.. 
പിന്നെയും എന്തൊക്കെയോ അവള്‍ ചോദിച്ചു.. ഇടവേളകളില്ലാതെ സംസാരിക്കുന്ന അവളുടെ പ്രകൃതം ജീവന് ഇഷ്ടമായി.. ഒറ്റയ്ക്കുള്ള യാത്രകളില്‍ ഇങ്ങനെ ഒരു കൂട്ട് അപൂര്‍വമായേ കിട്ടാറുള്ളൂ. എല്ലാവരും അവരവരുടെ ലോകത്ത് ഒതുങ്ങിക്കൂടുന്ന വിരസമായ യാത്രകളാണ് അധികവും.. മനുഷ്യന്‍ എത്ര മാത്രം അന്തര്മുഖരാനെന്നു മനസ്സിലാകുന്നത്‌ യാത്രകളില്‍ ആണെന്ന് തോന്നാറുണ്ട് പലപ്പോഴും..

എന്റെ "ചേട്ടാ" വിളി ബോര്‍ ആകുന്നുണ്ടോ.. ഇടയ്ക്കവള്‍ ചോദിച്ചു.. കോളേജിലെ സീനിയര്‍ ചേട്ടന്മാരെ വിളിച്ചു ശീലിച്ചതാ ... ഇപ്പോള്‍ പ്രായത്തില്‍ മൂത്ത ആരെ കണ്ടാലും ചേട്ടാ എന്നെ നാവില്‍ വരൂ.."  

അയ്യോ എനിക്കത് വളരെ ഇഷ്ടപ്പെട്ടു"..ജീവന്‍ ചിരിച്ചു കൊണ്ടു പറഞ്ഞു..നിത്യ അങ്ങിനെ വിളിക്കുമ്പോള്‍ വളരെ അടുപ്പമുള്ള ഒരാളെപ്പോലെ തോന്നുന്നു.. 
 എന്തായിരുന്നു പപ്പയുമായി ഫോണില്‍ ഒരു വടം വലി അവന്‍ അവളോടു ചോദിച്ചു..  

ഒന്നും പറയേണ്ട ചേട്ടാ പപ്പയുടെ കാര്യം.. ഇന്നു രാവിലെ വിളിച്ചു പറയുകാ ഉടനെ വീട്ടില്‍ ചെല്ലണം എന്ന് .. എന്താ കാര്യം എന്ന് ചോദിച്ചിട്ട് പറയുന്നുമില്ല .. ഞാന്‍ ടെന്‍ഷന്‍ അടിച്ചു മടുത്തു ...
സംസാരം പപ്പയെ കുറിച്ചായി.. കൊച്ചി നഗരത്തില്‍ ബിസിനസ്സ് ആണ് പപ്പയ്ക്ക്.. അച്ഛനും അമ്മയും കൂടാതെ രണ്ടു സഹോദരങ്ങള്‍ കൂടി.. ഏറ്റവും ഇളയ അനിയന്‍ ഇപ്പോള്‍ നാലാം ക്ലാസില്‍ പഠിക്കുന്നു .. അവന്‍ എന്നെക്കാള്‍ ഒത്തിരി ഇളയതാ .. ഞാനാ അവനെ വളര്തിയതൊക്കെ .. എന്നോടു വലിയ സ്നേഹമാ .. നിത്യ സംസാരിച്ചുകൊണ്ടേ ഇരുന്നു കൌതുകത്തോടെ എല്ലാം കേട്ടു ജീവനും...

രാത്രിയായി ... .. ഭക്ഷണം കഴിക്കുന്നതിനായി ബസ്സ് നിര്ത്തി ..എല്ലാവരും പുറത്തിറങ്ങി..ജീവനോടൊപ്പം നിത്യയും വന്നു.. 

 ചേട്ടനുള്ളത് നന്നായി അല്ലെങ്കില്‍ ഞാന്‍ ഒറ്റയ്ക്കായി പോയേനെ.. നോക്കിക്കേ എല്ലാ പെണ്‍കുട്ടികളുടെ കൂടെയും ആണുങ്ങള്‍ ഉണ്ട്..ഞാനും ചേട്ടനും മാത്രമെ ഉള്ളൂ ഫ്രീ ..  

ജീവന്‍ അത് കെട്ട് പൊട്ടിച്ചിരിച്ചു...വീണ്ടും യാത്ര ...ബസ്സില്‍ എല്ലാവരും ഉറക്കത്തിലായി ..നിത്യ കുറെ നേരം കൂടി സംസാരിച്ചിരുന്നു.. പിന്നീട് ഉറങ്ങി ...ജീവന് എന്തോ ഉറക്കം വന്നില്ല ബസ്സിലെ സിനിമയും കണ്ടിരുന്നു.. ഇടക്ക് എപ്പോഴോ നിത്യ അവന്റെ തോളിലേക്ക് ചാഞ്ഞു..തല തട്ടി മാറ്റാതെ.. അവളെ ഉണര്‍ത്താതെ ശ്രദ്ധയോടെ അവനിരുന്നു..

രാത്രിയിലെപ്പോഴോ കേരള അതിര്‍ത്തിയില്‍ ബസ്സ് നിന്നു..പെട്ടന്ന് ഏതോ സംഘടന ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്രേ ... വാഹനങ്ങളുടെ നീണ്ട നിരകള്‍ക്കു പിന്നില്‍ അവയിലോന്നായി അവരുടെ ബസും യാത്ര പാതിയില്‍ മുടങ്ങിക്കിടന്നു... പിറ്റേ ദിവസം ഉച്ച വരെ.. ചെറിയ തമിഴ്നാട്‌ ഗ്രാമത്തില്‍ അവര്‍ കാത്തു കിടന്നു.. രാവിലെ ജീവന്‍ തന്നെ അടുത്തൊരു വീട് കണ്ടെത്തി ..പ്രാഥമിക കൃത്യങ്ങള്‍ക്കുള്ള സൌകര്യം ഒരുക്കി കൊടുത്തു .. ഭക്ഷണം ഒന്നും കിട്ടിയില്ല .. അടുത്ത കടയില്‍ നിന്നും കുറെ പഴം വാങ്ങി കഴിച്ചു.. പിന്നെ വാഹനങ്ങള്‍ നിറഞ്ഞ വഴിയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു.. ഒരുപാടു നാളത്തെ സൌഹൃദത്തിന്റെ അടുപ്പം അവര്‍ തമ്മില്‍ ഉണ്ടെന്നു അവര്ക്കു തോന്നി..വയലിന്റെ കരയിലെ തണലില്‍ ഇരുന്നു നിത്യ പറഞ്ഞാലും പറഞ്ഞാലും തീരാത്ത അവളുടെ വിശേഷങ്ങളുടെ കെട്ട് തുറന്നു.. ജീവനെ ക്കുറിച്ച് ചോദിച്ചു.. അങ്ങിനെ അങ്ങിനെ......... 

"പപ്പാ ഒരു കുഴപ്പവുമില്ല എനിക്കൊരു നല്ല കമ്പനി കിട്ടി".. ഇടയ്ക്ക് വിളിച്ചു വിവരം തിരക്കിയ അച്ഛനോടവള്‍ പറഞ്ഞു..

"പപ്പാ കിടന്നു കയറു പൊട്ടിക്കുക ആണല്ലോ.. മകളെ കെട്ടിച്ചു വിടാനുള്ള പരിപാടിയാണെന്ന് തോന്നുന്നു.. അതാ കാര്യം സര്‍പ്രൈസ്ആക്കി വെയ്ക്കുന്നത്.." ജീവന്‍ കളി പറഞ്ഞു..."

ഹും ... അങ്ങിനെ ആണേല്‍ പപ്പാ തന്നെ കെട്ടത്തെ ഉള്ളൂ.. എനിക്കിപ്പോഴോന്നും കല്യാണം വേണ്ട എന്ന് ഞാന്‍ പപ്പയോടു പറഞ്ഞിട്ടുണ്ട്.." 

 പിന്നെ ... അത് കല്യാണം കഴിക്കാരാകുന്ന എല്ലാ പെണ്‍കുട്ടികളും പറയുന്നതാ ഇതു.. അല്ലെങ്കില്‍ വല്ല പ്രേമവും കാണും.. ജീവന്‍ വീണ്ടും പ്രകോപിപ്പിച്ചു.. 

 ഇല്ല ചേട്ടാ നിലവില്‍ ഒന്നും ഇല്ല .. എന്നാലും ഒന്നു പ്രേമിച്ചു കെട്ടണം എന്ന് മോഹം ഉണ്ട് നമ്മുടെ കൂടെ ഒക്കെ കൂടി നമുക്കു പറ്റുന്നതാണോ എന്നൊക്കെ അറിഞ്ഞു കല്യാണം കഴിക്കാന എനിക്കിഷ്ടം.. ചേട്ടനെ പോലെ നല്ല കമ്പനി ആയ ഒരാള്‍... അവള്‍ പറഞ്ഞതു പെട്ടെന്ന് നിര്ത്തി.. ജീവന്‍ അവളുടെ മുഖത്തേക്ക് കണ്ണിമയ്ക്കാതെ നോക്കി അവള്‍ മിഴി താഴ്ത്തിയിരുന്നു ..പിന്നീട് കുറെ നേരത്തേക്ക് രണ്ടുപേരും ഒന്നും സംസാരിച്ചില്ല...എങ്കിലും മൌനത്തിനു അര്‍ഥങ്ങള്‍ പെരുകിക്കൊണ്ടേ ഇരുന്നു..

ബസ്സ് എറണാകുളം എത്തിയപ്പോഴേക്കും രാത്രിയായിരുന്നു..നിത്യ ബാഗ്‌ എടുത്ത്‌ ഇറങ്ങുവാന്‍ തയ്യാറായി..ജീവന് ഇനിയും രണ്ടു മണിക്കൂര്‍ യാത്ര കൂടിയുണ്ട്.. ബസ്സ് സ്റ്റോപ്പില്‍ നിത്യയുടെ അച്ഛന്‍ കാത്തു നിന്നിരുന്നു.. ഞാന്‍ വിളിക്കാം ചേട്ടാ.. ഇറങ്ങാന്‍ നേരം അവള്‍ പറഞ്ഞു..

വീണ്ടും യാത്ര തുടര്‍ന്നു.. ഉറക്കത്തിലായിരുന്ന ജീവനെ ഫോണിന്റെ ബെല്‍ ഉണര്‍ത്തി ...നിത്യ.. ചേട്ടാ ഞാന്‍ വീട്ടില്‍ എത്തി.. പപ്പാ ഇതു വരെ സസ്പെന്‍സ് പൊട്ടിച്ചിട്ടില്ല .. ഭാഗ്യം എന്തായാലും കല്യാണാലോചന അല്ല.. ഞാന്‍ മമ്മിയോടു ചോദിച്ചു..

" അപ്പോള്‍ ഇനി നല്ല കമ്പനി ആയ ഒരാളെ കണ്ടുപിടിക്ക്" ജീവന്‍ പറഞ്ഞു.. 

"ഞാന്‍ പപ്പയോടു പറയണമോ എന്നാലോചിക്കുവാ".. അവള്‍ പറഞ്ഞു.. "എന്ത്.". ജീവന്‍ ചോദിച്ചു.. 

"അങ്ങിനെ ഒരാളെ കണ്ടു പിടിച്ചു എന്ന്"... ജീവന്റെ ഹൃദയം വല്ലാതെ തുടിച്ചു.. 

 ചേട്ടാ .. ഞാന്‍ പിന്നെ വിളിക്കാം.. പപ്പാ വരുന്നുണ്ട്.. അവള്‍ ഫോണ്‍ വെച്ചു.. എല്ലാം ഒരു സ്വപ്നം പോലെ ജീവന് തോന്നി... നിത്യ.. ഇന്നലെ പരിചയപ്പെട്ട പെണ്കുട്ടി അവള്‍ ഇന്നു തന്റെ പ്രിയപ്പെട്ടവള്‍ ആയി മാറിയിരിക്കുന്നു.. പിന്നീടുള്ള യാത്രയില്‍ ജീവന്‍ ഉറങ്ങിയാതെ ഇല്ല...

വീട്ടിലെത്തിയപ്പോള്‍ രാത്രി ഏറെ വൈകിയിരുന്നു.. അതിനാല്‍ പിറ്റേന്ന് താമസിച്ചാണ് എഴുന്നേറ്റത്‌..കാപ്പി കുടിക്കുമ്പോള്‍ ജീവന്‍ അമ്മയോട് നിത്യയെക്കുരിച്ചു പറഞ്ഞു... എല്ലാ കാര്യവും അമ്മയോട് പറഞ്ഞാലേ സമാധാനമാകൂ.. പണ്ടു മുതലേ ഉള്ള ശീലമാണ്.. പക്ഷെ അവള്‍ അവസാനം പറഞ്ഞതു മാത്രം പറഞ്ഞില്ല.. കൊള്ളാം നിന്റെ ഓരോ കാര്യങ്ങള്‍ അമ്മ ചിരിച്ചു കൊണ്ടു പറഞ്ഞു..

താമസിച്ചു എഴുന്നേറ്റത്‌ കൊണ്ടു പത്രം വായിക്കുവാനെടുത്തപ്പോള്‍ ഉച്ചയായി.. സ്പോര്‍ട്സ് , പ്രാദേശികം പിന്നെ രാഷ്ട്രീയം എന്നിങ്ങനെ ആണ് പത്ര വായനയിലെ മുന്‍ ഗണന ക്രമം.. അവസാനമായി ചരമ പേജിലൂടെ ഒന്നു കണ്ണോടിച്ചപ്പോള്‍ ജീവന്‍ ഒന്നു പകച്ചു.. അഞ്ചംഗ കുടുംബം മരിച്ച ചെയ്ത നിലയില്‍... കൊച്ചിയില്‍ നിന്നും ഉള്ള വാര്‍ത്തയില്‍ നിത്യയുടെ ചിത്രം.. അതെ അവള്‍ തന്നെ ...അവനു വിശ്വസിക്കാനായില്ല.. കട ബാധ്യതയെ തുടര്‍ന്നു കുടുംബ നാഥന്‍ കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ ശേഷം വിഷം കഴിച്ചു മരിക്കുകയായിരുന്നു.. ജീവന് മുഴുവന്‍ വായിക്കുവാന്‍ കഴിഞ്ഞില്ല ...അമ്മേ.. അവന്‍ അലറി വിളിച്ചു.. ഓടി വന്ന അമ്മ ഒന്നും മനസ്സിലാകാതെ നിന്നു .. അവന്‍ അമ്മയെ കെട്ടിപ്പിടിച്ചു കരഞ്ഞു ...

ജീവന്‍ എത്തുമ്പോള്‍ മൃതദേഹങ്ങള്‍ വഹിച്ച ആംബുലന്‍സുകള്‍ വരിവരിയായി വീട്ടിലെക്കെത്തുന്നുണ്ടായിരുന്നു... അലങ്കരിച്ച പെട്ടികളിലോന്നില്‍ നിത്യഉറങ്ങിക്കിടന്നു.. ജീവന്‍ ഒന്നു നോക്കി... പിന്നെ നിറഞ്ഞ കണ്ണുകള്‍ തുടച്ചു തിരിഞ്ഞു നടന്നു... ചേട്ടാ.. പോകുവാണോ.. അവള്‍ അങ്ങിനെ ചോദിക്കുന്നത് പോലെ അവന് തോന്നി... അവന്‍ തിരിഞ്ഞു നോക്കാതെ മുന്നോട്ടു നടന്നു...

19 comments:

Ranjith Viswam said...

ഇടവേളകളില്ലാതെ സംസാരിക്കുന്ന അവളുടെ പ്രകൃതം ജീവന് ഇഷ്ടമായി.. ഒറ്റയ്ക്കുള്ള യാത്രകളില്‍ ഇങ്ങനെ ഒരു കൂട്ട് അപൂര്‍വമായേ കിട്ടാറുള്ളൂ. എല്ലാവരും അവരവരുടെ ലോകത്ത് ഒതുങ്ങിക്കൂടുന്ന വിരസമായ യാത്രകളാണ് അധികവും.. മനുഷ്യന്‍ എത്ര മാത്രം അന്തര്മുഖരാനെന്നു മനസ്സിലാകുന്നത്‌ യാത്രകളില്‍ ആണെന്ന് തോന്നാറുണ്ട് പലപ്പോഴും..

Captain Haddock said...

:(

liked the style of writing. The story left a weep in the heart.

Parukutty said...

good one... .

കണ്ണനുണ്ണി said...

മനസ്സിലൊരു നുള്ള് വിഷമം കോരി ഇട്ടു കൊണ്ട് നിര്‍ത്തിയല്ലോ മാഷെ.
എങ്കിലും നന്നായിട്ടോ

വാഴക്കാവരയന്‍ said...

Enthina pavathine konnathu? yadhaarthyangal enkilum

syamsundar said...

niranja kannukal thudachu thirike nadakkumbol akashathu orayiram nakshatrangalkkidayil anchu munakalulla orennam jeevane nokki kaikatti chirikkunnathayi thonni...bhoomiyile thante priyappettathine etho thirayunna pole...athu nithya ayirunnenkil?.........jeevan pinne ottum samayam kalanjilla....neenda jeevitha ytrakkidayilevideyo manassiloralpam sneham niranja sambashanam orikkal koodi kelkkan...........

സൂത്രന്‍..!! said...

:( good story

lakshmy said...

ഇത്തരം ഒരന്ത്യം ഒട്ടും പ്രതീക്ഷിച്ചില്ല. പക്ഷെ കഥാന്ത്യത്തിലുള്ള പോലുള്ള ന്യൂസ് ആണല്ലോ ഈയിടെ കേൾക്കുന്നതു മുഴുവൻ

താരകൻ said...

നല്ല കഥ..ആശംസകൾ

Atticus Finch said...

good one renjith, good one. could have avoided the repeated use of the name of the protagonist. using 'he' at some places could have have helped the narrative flow.

രഘുനാഥന്‍ said...

നന്നായി മാഷേ

വാവ.... said...

വളരെ നന്നായി മാഷെ..ആര്‍ഭാടവും പൊങ്ങച്ചവും ഒട്ടും കുറക്കാതെ മലയാളീ അവസാനം കണ്ടെത്തുന്ന വഴി ആത്മഹത്യ...സുന്ദരമായ ഭുമിയില്‍ ജീവിച്ചു കൊതി തീരാത്ത ഒത്തിരി ജന്മങ്ങള്‍ കാലയവനികയില്‍ പോയി മറിയുമ്പോള്‍..സ്വയം ജീവന്‍ ഹോമികുനവര്ക് ആരു മാപ്പ് നല്‍കും?....
[നല്ല ജന്മങ്ങള്‍ക്ക് ഭുമിയില്‍ ആയുസ്സ്‌ കൂറവാണ് നിഷേധികന്നവത്ത സത്യവും..]
ദൈവ വിധി നടപ്പിലാകുന്ന വെറും കളിപ്പാവകള്‍ നമ്മള്‍.. അടുത്ത ജന്മത്തില്‍ എങ്കിലും ജീവന് നിത്യ ജീവിത സഖിയായി വരാന്‍ നമ്മുക്ക് ആശിക്കാം..

സ്വപ്ന ജീവി said...

നന്നായിട്ടുണ്ട്, അവസാനം കൊണ്ട് വന്നു വിഷമിപ്പിച്ചു.

എഴുത്തിന്റെ ബാലപാഠം said...

അഭിപ്രായങ്ങള്‍ പറഞ്ഞ എല്ലാവറ്ക്കും നന്ദി....

പാവത്താൻ said...

ഇവിടെ വരാനൽപം വൈകി.
നല്ല കഥ.ഇനിയും കാണാം.. ആശംസകൾ

വേദ വ്യാസന്‍ said...

നൊമ്പരമായി നിത്യ

കിത്തൂസ് said...

രണ്ജിത്തേട്ടാ, ഡെസ്പ് :(

ചെലക്കാണ്ട് പോടാ said...

വക്കീല്‍ ഈ അടുത്തായി ഈ ലൈനാണല്ലോ, ഫുള്ള് ഡെസ്പ് കഥകള്‍...

കൊള്ളാം, ആദ്യം വായിച്ചപ്പോള്‍ തോന്നി, എന്തോ അത്യാഹിതമാണെന്ന്, ബട്ട് കൂട്ട ആത്മഹത്യയാവുമെന്ന് വിചാരിച്ചില്ല...

വാഴക്കാവരയന്‍ (Sinoj Cyriac) said...

ഇതൊന്നു വായിച്ചതായിരുന്നു, പിന്നെയും വായിച്ചു.......