Wednesday, April 22, 2009

സ്നേഹക്കടല്‍

അങ്ങിനെ ഒരു വിഷു കൂടി കഴിയുന്നു... കോട്ടെജിന്റെ വരാന്തയിലിരുന്നു ദിവാകരന്‍ ആരോടെന്നില്ലാതെ ഉറക്കെ പറഞ്ഞു... എന്നിട്ട് മെല്ലെ തിരിഞ്ഞു സാവിത്രിയെ നോക്കി.. അവര്‍ ഒന്നും മിണ്ടിയില്ല ..പക്ഷെആ കണ്ണുകളില്‍ ആഘോഷം ഇല്ലാത്ത വിഷുക്കാലത്തിന്റെ ദുഃഖം നിറഞ്ഞു നില്ക്കുന്നത് അയാള്‍ക്ക്‌ കാണാമായിരുന്നു.. എല്ലാവരും ഉണ്ടെന്‍കിലും ആരുമില്ലാത്ത ഒരു വിഷു കൂടി.. ആരുമില്ലെന്ന് ആര് പറഞ്ഞു .. സ്നേഹാലയം എന്ന് ഓമനപ്പേരുള്ള ഈ വൃദ്ധ സദനത്തിലെ സ്നേഹിതര്‍ക്കൊപ്പം ഇതു പതിനന്ചാമത്തെ വിഷു..ഇവിടെയെത്തുമ്പോള്‍ പ്രായം അറുപത്തി ഒന്ന്. അച്ഛനെയും... അമ്മയെയും നോക്കുന്നതിന്റെ സാമ്പത്തിക ബാധ്യതയുടെ കണക്കുകള്‍ മകന്റെയും ഭാര്യയുടെയും ഉറക്കം കളയുന്നു എന്ന് തിരിച്ചറിഞ്ഞ നാള്‍...ഏക മകന്റെ ഭാര്യയുടെ മുന വെച്ച വാക്കുകള്‍ കേട്ടു കണ്ണീരില്‍ കുതിര്‍ന്ന മുഖവുമായി ഒരു രാത്രി സാവിത്രി ആണ് പറഞ്ഞതു .... നമുക്കെവിറെക്കെന്കിലും പോകാം ചേട്ടാ.. എന്ന്..സ്വന്തം വീട്ടില്‍ അന്യയാകുന്നതിന്റെ തീവ്ര ദുഃഖം അവളുടെ കണ്ണ്നീരിലൂറെ അയാളറിഞ്ഞു.. എങ്കിലും പിടിച്ചു നിക്കാന്‍ ശ്രമിച്ചു.. ആര്ക്കും ഒരു ഭാരമാകാതെ... കഴിയുന്നതും എല്ലാം സഹിച്ചു..കഴിഞ്ഞില്ല പതിനെട്ടാമത്തെ വയസ്സില്‍ തന്റെ ജീവിതത്തിന്റെ ഭാഗമായ പ്രിയതമയുടെ കണ്ണുനീര്‍ ഏറെ നാള്‍ കാണാനുള്ള കരുത്ത് ദിവാകരനില്ലായിരുന്നു..എന്‍ജിനിയരിങ്ങിനു പഠിക്കുന്ന ചെറുമകന് വേണ്ടി തങ്ങളുടെ കൊച്ചു മുറി ഒഴിഞ്ഞു കൊടുക്കണം എന്ന് മകന്‍ ആവശ്യപ്പെട്ട ദിവസം തീരുമാനിച്ചു.. അന്നാണ് ആ വീട്ടിലെ അവസാന ദിനമെന്ന്... പ്രായമൊക്കെ ആയില്ലേ ഇനി ആ ഊണ് മുറിയുടെ കോണില്‍ കിടന്നാല്‍ മതി.. മധുവിധു കാലമൊന്നും അല്ലല്ലോ...മകന്റെ ഭാര്യയുടെ പുച്ചതോറെയുള്ള കമന്റ് കേട്ടു ഒന്നും മിണ്ടാതെ സാവിത്രിയെയും കൂട്ടി ഇറങ്ങിയതാണ്..എങ്ങോട്റെന്നില്ലാത്ത ആ യാത്രയില്‍ ഈശ്വരന്‍ എത്തിച്ചത് ഇവിടെയാണ്.. .

നീണ്ട പതിനഞ്ച് വര്‍ഷങ്ങള്‍.. സര്‍ക്കാര്‍ നല്കുന്ന പെന്‍ഷന്‍ കൊണ്ടു ഈ സ്നേഹാലയത്തില്‍ ..അയാള്‍ സാവിത്രിയെ കണ്ണിമയ്ക്കാതെ നോക്കിയിരുന്നു...കാലം കടന്നു പോകുന്നത് സാവിത്രിയിലൂടെയാണ് താന്‍ അറിയുന്നത്..പണ്ടു.. പരിഭ്രമം മാറാത്ത ഒരു പതിനെട്ടു കാരി ആദ്യമായി തന്റേതു മാത്രമായ നാള്‍ അയാളോര്‍ത്തു.. അവള്‍ അമ്മയായത്..തലയിലെ നീണ്ട മുടിയില്‍ ആദ്യ നര കണ്ട നാളില്‍ ചേട്ടാ നോക്കൂ നമുക്കു പ്രായമായിത്തുടങ്ങി എന്ന് അവള്‍ കളി പറഞ്ഞു ചിരിച്ചത്......ഇപ്പോള്‍ തലയില്‍ മുഴുവന്‍ വെള്ളി നൂലുകള്‍ നിറഞ്ഞിരിക്കുന്നു.. എങ്കിലും ആ പതിനെട്ടുകാരിയോടു തോന്നിയ ഇഷ്ടം.. അതിന്നും മനസ്സിലുണ്ട് ..എന്ത് പറ്റി ദിവാകരേട്ടാ.. സാവിത്രിയുടെ ചോദ്യം അയാളെ ചിന്തകളില്‍ നിന്നുണര്‍ത്തി... സമയം മൂന്നു മണിയാകുന്നു.. ടി വിയില്‍ വിഷു സ്പെഷ്യല്‍ സിനിമ തകര്‍ക്കുകയാണ്..എല്ലാവരും അവിടെ ഉണ്ട് സാവിത്രിയോടൊപ്പം അയാള്‍ അവിടേക്ക് നടന്നു..

രാത്രി സാവിത്രി കുറെ കരഞ്ഞു.. അല്ലെങ്കിലും വിശേഷ ദിവസങ്ങളില്‍ ഇതു പതിവാണ്..ഇവിടെ വന്ന ആദ്യ വര്‍ഷങ്ങളില്‍ ഓണവും വിഷുവുമൊക്കെ വരുമ്പോള്‍ അവര്‍ കാത്തിരിക്കുമായിരുന്നു..മകനെയും കൊച്ചു മക്കളെയും..പക്ഷെ ആരും വന്നില്ല.. ഒരിക്കല്‍ പോലും.. തങ്ങള്‍ ഇവിടെ ഉണ്ട് എന്നറിയിച്ചിരുന്നു..എന്നിട്ടും .... അയാളുടെ കൂടെ ജോലി ചെയ്തിരുന്ന ജോസഫ് ഒരിക്കല്‍ വന്നപ്പോള്‍ പറഞ്ഞു ..മോനേ കണ്ടിരുന്നു എന്ന്.. ജോലിത്തിരക്കാണത്രേ അച്ഛനെയും അമ്മയെയും കാണാന്‍ പോകാന്‍ സമയം കിട്ടുന്നില്ല പോലും.. അന്ന് സാവിത്രി കരഞ്ഞപ്പോള്‍ അയാള്‍ വല്ലാതെ ദേഷ്യപ്പെട്ടു.. എന്നിട്ട് ആരും കാണാതെ മുറ്റത്തെ ഇരുട്ടില്‍ പോയി പൊട്ടിക്കരഞ്ഞു.. ആര്ക്കും വേണ്ടാതവുക .. അതും സ്നേഹിച്ചു വളര്‍ത്തിയ സ്വന്തം മകന്‍ പോലും..

പിന്നെ ഒരിക്കല്‍ അയാള്‍ക്കൊരു കത്ത് വന്നു.. വെള്ളിക്കിന്നരികള്‍ കൊണ്ടലങ്കരിച്ച മനോഹരമായൊരു കത്ത്.. കൊച്ചു മകന്റെ വിവാഹ ക്ഷണ പത്രം ... അന്ന് സാവിത്രിയുടെ കണ്ണ് നീര്‍ അടക്കാന്‍ അയാള്‍ ഒന്നും പറഞ്ഞില്ല.. . വെറുതെ പുറത്തിറങ്ങി നടന്നു.. കുറെ നടന്നാല്‍ കടല്‍ തീരമാകും.. ആവര്‍ത്തനത്തിന്റെ വിരസതയില്ലാതെ ആഞ്ഞടിച്ചു കൊണ്ടേയിരിക്കുന്ന തിരമാലകളെ നോക്കി കുറെ നേരമിരുന്നു.. എല്ലാ ദുഖങ്ങളും അടക്കുന്ന താളമാണ് കടലിന്.. കൈ വിട്ടു പോകുന്ന കരയിലേക്ക് വീണ്ടും വീണ്ടും എത്തുന്ന കടലിന്റെ സ്നേഹ താളം...

വിഷുക്കാലം കഴിഞ്ഞു ... മീനച്ചൂട് ഇടവപ്പാതിക്ക് വഴിമാറി പിന്നെ തുള്ളിക്കൊരുകുടവുമായി കര്‍ക്കിടകം പെയ്തൊഴിഞ്ഞു.. ഋതുക്കള്‍ മുറ തെറ്റാതെ മാറി മാറി വന്നു.. മാറ്റമില്ലാതെ ജീവിതവുമായി അവര്‍ രണ്ടു പേരും സ്നേഹാലയത്തിന്റെ കരുതലില്‍ പരിഭവമില്ലാതെ കഴിഞ്ഞു ... കൂട്ടുകാര്‍ പലരും വന്നു പോയി...ചിലര്‍ മക്കളുടെ കൂടെ തിരിച്ചു പോയി... മറ്റു ചിലര്‍ ഒരിക്കലും മടങ്ങി വരാതെ യാത്രയായി .... പുതിയ അന്തേവാസികള്‍ വന്നു... ഓരോരുത്തര്‍ക്കും ഉണ്ടായിരുന്നു ഹൃദയം നുറുക്കുന്ന ജീവിത കഥകള്‍...

അതൊരു ഓണക്കാലം ആയിരുന്നു...സ്നേഹാലയത്തിന്റെ ഉദ്യാനത്തില്‍ നിറയെ പൂക്കള്‍... പറിക്കുവാനും പൂക്കളം ഇടാനും കുട്ടികളില്ലാതെ വിഷാദത്തോറെ അവ പൂത്തു പൊഴിഞ്ഞു.. പൂക്കള്‍ പറിച്ചു പൂക്കളമിട്ട് കുട്ടികളാവാന്‍ അവര്‍ വൃഥാ ശ്രമിച്ചു..പക്ഷെ ഇളം പൂക്കള്‍ അവരുടെ തഴമ്പിച്ച കൈകള്‍ക്ക് വഴങ്ങാന്‍ കൂട്ടാക്കിയാതെഇല്ല . വൈകിട്ട് തോട്ടത്തില്‍ വെറുതെ നടക്കുമ്പോളാണ് അയാള്‍ ശ്രദ്ധിച്ചത്.. സ്നേഹാലയത്തിലേക്ക് പോയ കാറില്‍ പരിചയമുള്ളൊരു മുഖം.. മോന്‍.. കാര്‍ വളവുതിരിഞ്ഞു വന്നപ്പോള്‍ അയാള്‍ ഒന്നു കൂടി നോക്കി.. അതെ അവന്‍ തന്നെ...ഹൃദയം നിശ്ചലമായത് പോലെ അയാള്‍ക്ക്‌ തോന്നി.. സാവിത്രീ.. അയാള്‍ ഉറക്കെ വിളിച്ചു.. പക്ഷെ ശബ്ദം ഉയര്‍ന്നില്ല... അയാള്‍ സാവിത്രിയുടെ അടുത്തേക്കോടി .. അവളുടെ കൈയ്യില്‍ മുറുകെ പിടിച്ചു .. . എടീ മോന്‍..സാവിത്രിയുടെ കൈപിടിച്ചു അയാള്‍ വാതില്ക്കലെക്കോടി.

കാറിന്റെ പുറകിലെ സീറ്റില്‍ മകന്‍.. അയാള്‍ക്ക്‌ വിശ്വസിക്കാനായില്ല...ആകെ ക്ഷീണിച്ചിരിക്കുന്നു..കാര്‍ ഡ്രൈവര്‍ വന്നു പുറകിലെ ഡിക്കി തുറന്നു... ഒരു വീല്‍ ചെയര്‍ പുറത്തേക്ക് എടുത്തു വെച്ചു.. അയാളും ഭാര്യയും അന്തിച്ചു നിന്നു..പുറകിലെ സീറ്റില്‍ നിന്നും ഡ്രൈവറുടെ സഹായത്തോടെ മകന്‍ വീല്‍ ചെയറിലേക്ക്‌ കടന്നിരുന്നു... അവന്റെ കാലുകളിലോന്നു മുട്ടിനു താഴേക്ക്‌ മുറിച്ചു മാറ്റിയിരിക്കുന്നെന്നു ഒരു ഞെട്ടലോടെ അയാള്‍ തിരിച്ചറിഞ്ഞു... മോനേ എന്ന് അലറി വിളിച്ചു സാവ്ത്രി അവന്റെ അരികിലെക്കൊടി.. മുഖത്ത് നോക്കാനാവാതെ മകന്‍ തല കുനിച്ചിരുന്നു.. പ്രമേഹം മൂലം മുറിച്ചു മാറ്റപ്പെട്ട കാലിനെയും ,ഭര്‍ത്താവിനെ ഉപേക്ഷിച്ചു മകനോടൊപ്പം പോയ ഭാര്യയേയും കുറിച്ചു ഡ്രൈവര്‍ ആണ് അവരോടു പറഞ്ഞതു...വല്യ കഷ്ടമാ സാറിന്റെ കാര്യം.. കുറെ നാള്‍ ആശുപത്രിയില്‍ കിടന്നു ആരും ഇല്ലാതെ.. ഇങ്ങോട്ട് കൊണ്ടു വരാന്‍ മാത്രം എന്നോടു പറഞ്ഞു.. ഇവിടെ ആരുണ്ട്‌ എന്ന് ചോദിച്ചിട്ട് സാര്‍ ഒന്നും പറഞ്ഞില്ല.. അയാള്‍ ഭാര്യയെ നോക്കി... നിറഞ്ഞ കണ്ണുകളിലെ സന്തോഷം അനുഭവിച്ചറിഞ്ഞു..

രണ്ടു പേര്‍ക്കുള്ള അവരുടെ മുറിയില്‍ ഒരു കട്ടില്‍ കൂടി വന്നു.. ഒന്നും മിണ്ടാതെ മകന്റെ നെറ്റിയില്‍ തലോടി സാവിത്രി ഏറെ നേരം ഇരുന്നു.. അയാള്‍ പതിവു നടത്തത്തിനു പുറത്തേക്കിറങ്ങി.. ഒഴിവു ദിനമാല്ലാതതിനാലാവാം ബീച്ചില്‍ തിരക്ക് തീരെ ഇല്ല.. കടല്‍ പതിവിലും ശാന്തമാണെന്ന് അയാള്‍ക്ക്‌ തോന്നി.. തീരം വിട്ടു പോകാന്‍ മടിച്ചു തിരകള്‍ തുള്ളി തുള്ളി അവിടെ പതുങ്ങി നിന്നു.. അവയുടെ ആര്‍ദ്രമായ സ്നേഹനാദം കേട്ടു അയാള്‍ മെല്ലെ നടന്നു...

5 comments:

കുമാരന്‍ said...

നന്നായിട്ടുണ്ട്..

അരങ്ങ്‌ said...

നല്ല എഴുത്ത്‌. വിഷാദവും, എകാന്തതയും, സുഖകരമായ ഓര്‍മ്മകളുമെല്ലാം ഹൃദയത്തില്‍ നനുത്ത ഒരു വിങ്ങല്‍ മാതിരി കയറിക്കൂടുന്നു. അഭിനന്ദനങ്ങള്‍.

കെ.കെ.എസ് said...

നന്നായിരിക്കുന്നു.ആശംസകൾ..

വാഴക്കാവരയന്‍ said...

എന്തൊക്കെയോ പോലെ വായിച്ചു കഴിഞ്ഞപ്പോള്‍.....

Vazhakkad said...

Nannayi,
Evideyo Oru vallatha veerppu muttal
Best Wishes.