Sunday, August 16, 2009

വിഭ്രാന്തിയുടെ വഴികള്‍

നാട്ടിലിപ്പോള്‍ മഴയാണോ ശേഖരേട്ടാ..നമ്മുടെ തോട്ടത്തിലെ കുരുമുളകൊക്കെ എങ്ങിനെ... ഇപ്പ്രാവശ്യം മുളകിനു കുറച്ചു വിലയുണ്ടെന്നു തോന്നുന്നു അല്ലെ.. ബിനു സംസാരിച്ചു കൊണ്ടേ ഇരുന്നു.. ചോദ്യങ്ങള്‍ക്കെല്ലാം ഒറ്റ വാക്കില്‍ മറുപടി നല്കി ശേഖരെട്ടനും... ജീപ്പ് കയറ്റം കയറുകയാണ്‍.. ഇരു വശത്തും ചെന്‍കുത്തായ മലനിരകള്‍... അവയ്ക്കിടെയിലൂടെ വളഞ്ഞും തിരിഞ്ഞും പോകുന്ന വീതി കുറഞ്ഞ വഴി... നഗരത്തില്‍ നിന്നും യാത്ര തുടങ്ങിയിട്ടിപ്പോള്‍ മൂന്ന് മണിക്കൂറായി.. ശേഖരന്‍ തിരിഞ്ഞു നോക്കി. സംസാരം നിര്ത്തി ബിനു പുറകിലെ കാഴ്ചകള്‍ കണ്ടിരിക്കുകയാണ്‍. എന്നാലും രമയേം മോളെയും കൊണ്ടുവരാമായിരുന്നു ശേഖരേട്ടന്‍... എത്ര നാളായി രണ്ടു പേരെയും കണ്ടിട്ട്... മോള്‍ എന്നെ അന്വേഷിക്കാറുണ്ടോ ശേഖരേട്ടാ..ബിനുവിന്‍റെ ചോദ്യത്തിനു മറുപടി തലയാട്ടില്‍ ഒതുക്കി ശേഖരന്‍ പിന്നെയും ഡ്രൈവിംഗ് തുടര്ന്നു....

നഗരത്തിലെ പ്രശസ്തമായ മാനസിക രോഗ ചികല്സാകേന്ദ്രത്തില്‍ നിന്നും ബിനു തിരികെ നാട്ടിലേക്കുള്ള യാത്രയിലാണ്‍.. നീണ്ട നാളത്തെ ആശുപത്രിവാസം.... എങ്ങിനെ അവിടെ എത്തി എന്ന് എത്ര ആലോചിച്ചിട്ടും അവന്‍റെ മനസ്സിലെക്കെത്തിയില്ല.. ഡോക്ടറോടും പലപ്പോഴും ചോദിച്ചു ഞാന്‍ എങ്ങിനെ ഇവിടെ എത്തി എന്ന്.. എല്ലാം പറയാമെന്ന് പല പ്രാവശ്യം പറഞ്ഞു.. മറ്റു പല കാര്യങ്ങളും പറഞ്ഞെന്‍കിലും ഇക്കാര്യം മാത്രം എന്തോ അദ്ദേഹവും പറഞ്ഞില്ല....അവസാനം അവിടെ നിന്നു പോരാനിറങ്ങിയപ്പോള്‍ തന്‍റെ കയ്യില്‍ പിടിച്ചു പറഞ്ഞു...എല്ലാം ശേഖരേട്ടന്‍ പറയും ബിനു എന്ന്.. കിഴക്കന്‍ മലയോര ഗ്രാമത്തിലെ തന്‍റെ വീട്.. കളിയും ചിരിയുമായി നടന്ന കുട്ടിക്കാലം.. പിന്നെ പൊന്ന് തരുന്ന മണ്ണിനെ പ്രണയിച്ച കൌമാരവും യൌവ്വനവും..... രമ.... ചിന്നു മോള്‍..എല്ലാം മനസ്സില്‍ മായാതെയുണ്ട്... സന്തോഷം നിറഞ്ഞ നാളുകള്‍.. പൊന്നുമോളുടെ ആദ്യത്തെ കരച്ചില്‍... അവളെ തന്‍റെ കയ്യിലേക്കു ആദ്യമായി തരുമ്പോള്‍ രമയുടെ മുഖത്തു നിറഞ്ഞു നിന്ന സന്തോഷം.. എല്ലാം... പിന്നെ.. പിന്നെങ്ങിനെയാണ് താന്‍ ആശുപത്രിയിലെത്തിയത്... മനസ്സില്‍ ചിതറിക്കിടക്കുന്ന ഓര്മ്മകള്‍ കൂട്ടിച്ചേര്‍ക്കാന്‍ ബിനു ആവുന്നത്ര ശ്രമിച്ചു...അമ്മേ.. എന്നു വിളിച്ച് അലറിക്കരഞ്ഞു കൊണ്ടോടുന്ന ചിന്നു മോളുടെ മുഖമാണ് മനസ്സിന്‍റെ ഓര്മ്മച്ചെപ്പില്‍ അവസാനമുള്ളത്....പിന്നെ വ്യക്തമല്ലാത്ത മനസ്സിലാകാത്ത കുറെ ചിത്രങ്ങള്‍... ഓര്ത്തെടുക്കാന്‍ ശ്രമിക്കുമ്പോഴൊക്കെ മാഞ്ഞുപോകുന്ന നിറക്കൂട്ടുകള്‍...

മോള്‍ക്കെത്ര വയസ്സായിട്ടൂണ്ടാകും.. താന്‍ ആശുപത്രിയില്‍ എത്തിയിട്ട് രണ്ട് വര്ഷമായെന്നാണ് ഡിസ്ചാര്‍ജ് ചെയ്തപ്പോള്‍ ഡോക്ടര്‍ പറഞ്ഞത്..ബിനു വര്ഷങ്ങളെ ഓര്മയുമായി കൂട്ടിക്കെട്ടാന്‍ ശ്രമിച്ചു.. പക്ഷെ കഴിയുന്നില്ല... എവിടെയൊക്കെയോ..എന്തൊക്കെയോ..നഷ്ടപ്പെട്ടു പോകുന്നു... എവിടെയായിരിക്കും ഇപ്പോള്‍ രമയും മോളും..കഴിഞ്ഞ പ്രാവശ്യം ശേഖരേട്ടന്‍ വന്ന്പ്പോളും ചോദിച്ചിരുന്നു.. അവരവിടെയുണ്ട് സുഖമായിരിക്കുന്നു എന്നു മാത്രം പറഞ്ഞു. തന്‍റെ അസുഖം കണ്ട് ഭയന്നു പോയിട്ടുണ്ടാകും. അല്ലെന്‍കിലും അവര്‍ക്ക് വന്നു കാണാന്‍ പറ്റുന്ന ഒരിടത്തായിരുന്നില്ലല്ലൊ താന്‍ ഇതു വരെ....രമ.. അവള്‍ തന്നെ കാത്തിരിക്കുന്നുണ്ടാകുമോ...? അസുഖം മൂലം അവള്‍ തന്നില്‍ നിന്നും വിട്ടു പോയാല്‍... ബിനുവിനു അതു ചിന്തിക്കാന്‍ പോലും ആയില്ല..

കയറ്റത്തിനിടയിലുള്ള വിശ്രമകേന്ദ്രത്തില്‍ ശേഖരേട്ടന്‍ ജീപ്പ് നിര്ത്തി.പണ്ടും ശേഖരേട്ടന്‍റെ സ്ഥിരം വിശ്രമസ്ഥലമാണിത്. അന്നൊക്കെ എന്തു രസമായിരുന്നു മലഞ്ചരക്കുമായി നഗരത്തിലേക്കുള്ള ശേഖരേട്ടന്‍റെ ഒപ്പമുള്ള യാത്രകള്‍.. പാട്ടും കളിയും ചിരിയുമായി.. ഇന്നിപ്പോള്‍ ശേഖരേട്ടനും മാറിയിരിക്കുന്നു.. വഴിവക്കിലെ തട്ടുകടയില്‍ നിന്നും ചൂടുചായ വാങ്ങിക്കുടിക്കുമ്പോള്‍ ബിനു ഓര്ത്തു.

മഴ ചെറുതായി പെയ്യുവാന്‍ തുടങ്ങുന്നുണ്ടായിരുന്നു.. പ്രധാന പാതയില്‍ നിന്നും ജീപ്പ് ചെറിയ ചെമ്മണ്‍ പാതയിലേക്കു കയറി.. ഇനി ഏറിയാല്‍ അര മണിക്കൂറ് ..അതു കഴിഞ്ഞാല്‍ തന്‍റെ ഗ്രാമമായി.. മുന്‍പില്‍ ശേഖരേട്ടന്‍റെ ശ്രദ്ധ ഡ്രൈവിംഗില്‍ മാത്രമാണ്‍.. മഴ മൂലം റോഡും ആകെ തകര്ന്നിട്ടുണ്ട്. പാത പലയിടത്തും നീറ്ചാലുകളായി മാറിയിരിക്കുന്നു. എത്രയും വേഗം വീട്ടിലെത്താന്‍ ബിനുവിന്‍റെ മനസ്സ് തിരക്കു കൂട്ടി.

ജംഗ്ഷനിലെത്തിയപ്പോള്‍ സന്ധ്യയായിരുന്നു... മഴയായതിനാലാകാം ജംഗ്ഷനില്‍ ആള്തിരക്കു വളരെക്കുറവ്. ജീപ്പില്‍ നിന്നും ഇറങ്ങിയ ബിനുവിനെ കണ്ടവര്‍ കൌതുകതോടെ അവനെ നോക്കി.. മിക്കവരും അവന്‍റെ പരിചയക്കാരാണ്‍..പക്ഷെ എന്തോ ഒരു അകല്ച്ച അവര്‍ തന്നില്‍ നിന്നും സൂക്ഷിക്കുന്നതായി ബിനുവിനു തോന്നി.. എല്ലാവരും അറിഞ്ഞിരിക്കും തന്‍റെ അസുഖത്തിനെപ്പറ്റി.. അല്ലെന്‍കിലും ഗ്രാമത്തില്‍ ഒരു വാര്ത പരക്കാന്‍ അധിക നേരം വേണ്ടല്ലോ.. ബാര്‍ബര്‍ ഷോപ്പിലെ കരുണേട്ടന്‍ മാത്രം അവന്‍റെ അടുത്തേക്കു വന്നു കൈ പിടിച്ചു.. എല്ലാം സുഖമായോ മോനെ... ചോദിക്കുമ്പോള്‍ കരുണേട്ടന്‍റെ കണ്ണ് നിറഞ്ഞിരുന്നു.. കരുണേട്ടനു എന്നും തന്നോടു സ്നേഹമായിരുന്നു.. തനിക്കങ്ങോട്ടും.. ഒരേട്ടനെപ്പോലെ ആത്മാര്ത്ഥ സുഹ്രുത്തിനെപ്പോലെ..ആത്മബന്ധം സൂക്ഷിച്ചിരുന്നു... എല്ലാം മാറി കരുണേട്ടാ.. അവന്‍ അയാളുടെ കയ്യില്‍ മുറുകെപ്പിടിച്ചു.

വീട്ടിലേക്കുള്ള ഇടവഴിയില്‍ ആകെ ചെടികള്‍ വളര്ന്നു കാടായിരിക്കുന്നു.. താനുള്ളപ്പോള്‍ അവയെല്ലാം വെട്ടീക്കളഞ്ഞ് വ്രുത്തിയാക്കുമായിരുന്നു... രമയും കൂടും ചിലപ്പോള്‍... ‌വീടിനു മുമ്പിലെത്തിയപ്പോള്‍ ബിനു സംശയത്തോടെ ശേഖരേട്ടനെ നോക്കി.. അവിടെ ആരെയും കാണാനുണ്ടായിരുന്നില്ല.. അവരെവിടെ ശേഖരേട്ടാ.. ബിനു അക്ഷമയോടെ ചോദിച്ചു.. ശേഖരേട്ടന്‍ മറുപടി പറയാതെ അവനെതന്നെ നോക്കി നിന്നു... എനിക്കവരെ കാണണം.. പറ ശേഖരേട്ടാ അവരെവിടെയാ.. ബിനു അയാളുടെ തോളില്‍ ഇരുകൈകളും പിടിച്ച് കുലുക്കി... ബിനൂ... ശേഖരേട്ടന്‍ പതുക്കെ വിളിച്ചു.. നിനക്കൊന്നും ഓര്മ്മയില്ലെന്നതു സത്യമാണോ.. അതോ നീയെന്നെ...ശേഖരേട്ടന്‍റെ കണ്ണുകള്‍ നിറഞ്ഞിരുന്നു..ശേഖരേട്ടാ.. എന്തു പറ്റി എന്‍റെ രമയ്ക്കും മോള്‍ക്കും.. എനിക്കറിയണം..വിങ്ങിപ്പൊട്ടിക്കൊണ്ട് ബിനു ചോദിച്ചു.. അശുഭമായതെന്തോ സംഭവിച്ചിട്ടുണ്ടെന്നു അവന്‍റെ മനസ് പറഞ്ഞുകൊണ്ടിരുന്നു..ശേഖരേട്ടന്‍ അവനേയും കൂട്ടി വീടിന്‍റെ തെക്കെ മൂലയിലേക്കു നടന്നു... അവിടെ മണ്ണിന്‍റെ രണ്ടു കൂനകള്‍.. ഒന്നു വലുതും ഒന്നു ചെറുതും..നെഞ്ച് പൊട്ടിപ്പോകുന്ന വേദനയില്‍ ബിനു അലറിക്കരഞ്ഞു... ശേഖരേട്ടാ.. എങ്ങിനെയാണിത്.. എന്തുപറ്റി.... ആരാണിത് ചെയ്തത് ഭ്രാന്തമായ ചേഷ്ടകളോടേ ബിനു അയാളെ നെഞ്ചില്‍ തലയിടിച്ചു കരഞ്ഞു.. ശേഖരേട്ടന്‍ ഒന്നും പറഞ്ഞില്ല... മെല്ലെ അവനെ തോളില്‍ താങ്ങി മുന്‍ വശത്തെക്കു നടന്നു..

മുറിക്കകത്തെ ബെഞ്ചില്‍ ബിനുവിനെയിരുത്തി അയാള്‍ അകത്തേക്കു പോയി... തിരിച്ചു വരുമ്പോള്‍ കൈയ്യില്‍ ഒരു പത്രവുമുണ്ടായിരുന്നു.. ഒരു പഴയ പത്രം.. അയാള്‍ പത്രം ബിനുവിനു നീട്ടീ...ബിനു കണ്ടു.. ഒന്നാം പേജില്‍ രമയുടെയും മോളുടേയും ചിത്രം... നിറകണ്ണൂകളോടെ ബിനു വാര്ത്ത വായിച്ചു.. മനോരോഗിയായ യുവാവ് ഭാര്യയെയും കുഞ്ഞിനേയും വെട്ടിക്കൊന്നു... വിശ്വാസമാകാതെ ബിനു ശേഖരേട്ടനെ നോക്കി.. അയാള്‍ അവനു മുഖം കൊടുക്കാതെ തിരിഞ്ഞു നില്ക്കുകയായിരുന്നു.കുറെക്കാലമായി മനോരോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്ന യുവാവ് പോടുന്നനെ ആക്രമാസക്തനാവുകയായിരുന്നു.. മുറ്റത്തു കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ ആക്രമിക്കുന്നതു തടയാന്‍ ശ്രമിച്ച ഭാര്യയേയും വാക്കത്തി കൊണ്ടു വെട്ടിക്കൊല്ലുകയായിരുന്നു.. വാര്ത്ത തുടര്ന്നു..

ശേഖരേട്ടാ... അലറി വിളിച്ചുകൊണ്ടു ബിനു മുറ്റത്തേക്കു പാഞ്ഞു.. ഇല്ല... ഞാനല്ല.. എനിക്കതിനാവില്ല....അലറിക്കൊണ്ടവന്‍ ശേഖരേട്ടന്‍റെ കാലില്‍ വീണു കരഞ്ഞു..... എന്തിനാ ശേഖരേട്ടാ എന്‍റെ അസുഖം ചികല്സിച്ചു മാറ്റിയത്.. നിങ്ങള്‍ക്കൊക്കെ കൂടി എന്നെ കൊന്നു കളയാമായിരുന്നില്ലേ... ഒന്നുമറിയാത്ത, വേദനകളില്ലാത്ത രോഗാവസ്ഥയിലേക്കു വീണ്ടും മടങ്ങിയെന്‍കില്‍ എന്നു ബിനു ആശിച്ചു.. ഇതെല്ലാം മനോ വിഭ്രാന്തികളാണെന്നു മനസ്സിനെ വിശ്വസിപ്പിക്കാന്‍ അവന്‍ വ്രുഥാ ശ്രമിച്ചു..പക്ഷെ എന്തോ...വിഭ്രാന്തിയുടെ കാലങ്ങളിലേക്കു തിരിച്ചു പോകാന്‍ അവന്‍റെ മനസ്സ് കൂട്ടാക്കിയതേയില്ല.... അകലെ മലമടക്കുകളില്‍ മഴ പെയ്തു തുടങ്ങിയിരുന്നു..മലകളെ കുളിപ്പിച്ച് അത് താഴ്വാരത്തിലേക്കു പെയ്തിറങ്ങി...സര്‍വവും കുളിര്‍പ്പിക്കുന്ന പെരുമഴയിലും അണയാത്ത നെഞ്ചുമായി അവനും...

14 comments:

രഞ്ജിത്‌ വിശ്വം I ranjith viswam said...

പക്ഷെ എന്തോ...വിഭ്രാന്തിയുടെ കാലങ്ങളിലേക്കു തിരിച്ചു പോകാന്‍ അവന്‍റെ മനസ്സ് കൂട്ടാക്കിയതേയില്ല....

Typist | എഴുത്തുകാരി said...

എന്താ പറയുക എന്നറിയില്ല. വായിച്ചു കഴിഞ്ഞപ്പോള്‍ മനസ്സില്‍ എന്തോ പോലെ....

ramanika said...

എന്തിനാ ശേഖരേട്ടാ എന്‍റെ അസുഖം ചികല്സിച്ചു മാറ്റിയത്..
ഈ ചോദ്യം ചെവിയില്‍ മുഴങ്ങുന്നു !
നല്ല രചന !

അരുണ്‍ കായംകുളം said...

നല്ല കഥ, അറിയാതെ മനോരോഗി ആയ ഒരാളുടെ മനസിന്‍റെ വിഭ്രാന്തി അറിയാനുണ്ട്

നിരക്ഷരന്‍ said...

വളച്ചുകെട്ടൊന്നുമില്ലാതെ ഉള്ളില്‍ത്തട്ടുന്ന രീതിയില്‍ കഥ പറഞ്ഞിരിക്കുന്നു.

ബിനോയ്//Binoy said...

രഞിത്ത്‌ജീ, കഥ വായിച്ച് തുടങ്ങിയപ്പോഴേ ക്ലൈമാക്സ് മനസ്സിലായിപ്പോയി.

ശൈലി പതിവ്‌പോലെ ഉഷാര്‍ :)

തറവാടി said...

നല്ല കഥ, ഒതുക്കമുള്ള എഴുത്ത് , നല്ല പോസ്റ്റ് :)

mini//മിനി said...

മനസ്സ് എന്ന മഹാസമുദ്രം, അതില്‍ മുങ്ങിയും പൊങ്ങിയും മനുഷ്യന്‍ മുന്നേറുന്നു. ഓര്‍മ്മകള്‍ എവിടെയോ ചിതറുന്നു. വളരെ നന്നായിട്ടുണ്ട്.

മാണിക്യം said...

മനസ്സിന്റെ താളപ്പിഴ
അതില്‍ നിന്നുയര്‍‌ന്ന വിഭ്രാന്തി
അതിന്റെ പരിണിതഫലങ്ങള്‍
മനസ്സില്‍ തട്ടും വിധം നിസ്സഹായനായ ബിനൂവിനെ
വാക്കുകളിലൂടെ വരച്ചിട്ടു

"ശേഖരേട്ടാ... അലറി വിളിച്ചുകൊണ്ടു ബിനു മുറ്റത്തേക്കു പാഞ്ഞു.. ഇല്ല... ഞാനല്ല.. എനിക്കതിനാവില്ല.... .."

ഈ ചിത്രം മനസ്സില്‍ ഒരിക്കലും മായതെ തെളിഞ്ഞു കിടക്കന്‍ മാത്രം ശക്തമായ ആഖ്യായനം.

ഇനിയും 'എഴുത്തിന്റെ ബാലപാഠത്തില്‍'
നിന്ന് മനോഹരമായ പുതിയ പാഠങ്ങള്‍ ഉയരട്ടെ എന്നാശംസിക്കുന്നു

നന്മകള്‍ നേര്‍ന്നുകൊണ്ട്
മാണിക്യം

siva // ശിവ said...

വളരെ നല്ല കഥ.....

പാവത്താൻ said...

സര്‍വവും കുളിര്‍പ്പിക്കുന്ന പെരുമഴയിലും അണയാത്ത നെഞ്ചുമായി അവനും... ഞാനും... നല്ല കഥ...

ശ്രീ said...

നന്നായിരിയ്ക്കുന്നു.

രഞ്ജിത്‌ വിശ്വം I ranjith viswam said...

വന്നു വായിച്ച് അഭിപ്രായം പറഞ്ഞ എല്ലാ ബൂലോകര്‍ക്കും നന്ദി

പ്രവാസി said...

മനസ്സിന്റെ ചരടുകള്‍ പോട്ടുന്നതിലും വേദന തിരിച്ചറിവുകള്‍...വെട്ടയാടിത്തുടങ്ങുംപോഴാണ്.....
നല്ല കഥ ...ആശംസകള്‍..