Wednesday, March 25, 2009

ഒരു രാജ്യത്തിന്റെ കഥ

കഥ നടക്കുന്നത് അങ്ങ് ദൂരെ അറബിക്കടല്‍ സമുദ്രവുമായി പ്രേമം പങ്കു വെക്കുന്ന വന്കരത്തുംപത്തൊരു കൊച്ചു രാജ്യത്തിലാണ്. മലയും പുഴയും വയലും കായലും ഒക്കെ നിറഞ്ഞ രാജ്യം..സ്വദെശിയരായ ജന്മിമാരും വൈദേശിക തമ്പ്രാന്മാരും കൊടികുത്തി വാണിരുന്ന രാജ്യം. കൊയ്യുന്ന വയലേലകളും തല ചായ്ക്കുന്ന ഭൂമിയും സ്വന്തമല്ലാത്ത പാവങ്ങള്‍ താമസിച്ചിരുന്ന കാലം.രാജ്യത്തെ ജനങ്ങളെയാകെ അടിമകളാക്കിയ തമ്പ്രാക്കന്മാരെ നിരന്തര സമരങ്ങളിലൂടെ പുറത്താക്കി ജനങ്ങള്‍ തന്നെ അവരെ ഭരിക്കാന്‍ രാജാക്കന്മാരെ തിരഞ്ഞെടുത്തു. വിവിധ രാജാക്കന്മാര്‍ മാറി മാറി ഭരിച്ചു. അവര്‍ ജനങ്ങളുടെ പ്രീതിക്കും അപ്പ്രീതിക്കും പാത്രമായി. നാടിനെ നശിപ്പിക്കുവാന്‍ ശ്രമിച്ചവരെ ജനം കണക്കറ്റ് ശിക്ഷിച്ചു. ജനങ്ങളെ ഹൃദയത്തോട് ചേര്ത്തു സേവിച്ചവര്‍ക്ക് അവര്‍ തങ്ങളുടെ ഹൃദയത്തില്‍ സ്ഥാനം കൊടുത്തു. അങ്ങിനെ ജനങ്ങളുടെ രാജാക്കന്മാര്‍ രാജ്യം ഭരിച്ചു വന്ന കാലം..ജനകീയ രാജാക്കന്മാരുടെ ഭരണം ജനജീവിതം ആകെ മാറ്റി മറിച്ചു. പാളയില്‍ കഞ്ഞി കുടിച്ചു മാറുമറക്കാതെ നടന്നവരുടെ പിന്‍ മുരക്കാര്‍ പഠിപ്പും പത്രാസുമായി മലയും പുഴയും കായലും കടന്നു ലോകം മുഴുവനുമെത്തി. തമ്പ്രാനും അടിയാനും ഇല്ലാതെയായി. എല്ലാവര്ക്കും എല്ലാമാകാന്‍ കഴിയുന്ന ഒരു രാജ്യമായി നാട് മാറി.

കാലം കുറെ ക്കഴിഞ്ഞു ..ജനാധികാരത്തിന്റെ തണലില്‍ ജനജീവിതം മെച്ചപ്പെട്ടു. പലരും പണക്കാരായി..എന്നാല്‍ ചിലര്‍ തുടങ്ങിയടിത്തു തന്നെ കുഴഞ്ഞു നിന്നു.. കൂടുതല്‍ നേട്ടം കൊയ്തവര്‍ അവിടേക്കെതാന്‍ പ്രയാസപ്പെടുന്നവരെ കണ്ടില്ലെന്നു നടിച്ചു..അവകാശങ്ങള്‍ക്കായി ഇന്നലെകളില്‍ സമരം ചെയ്തവര്‍ അതിലൂടെ നേടിയെടുത്ത അവകാശങ്ങള്‍ കൊണ്ടു ജീവിതം മെച്ചപ്പെട്ടപ്പോള്‍ കഷ്ടപ്പെടുന്നവന്റെ അവകാശ സമരങ്ങളെ പുചതൊടെ നോക്കി മുഖം തിരിച്ചു.. അത് മൂലം തനിക്കുണ്ടാകുന്ന നഷ്ടങ്ങളെ ഓര്ത്തു വിലപിച്ചു. ജനങ്ങള്‍ പുറത്താക്കിയ തമ്പ്രാക്കാന്‍ മാറും അവര്‍ക്കൊപ്പം ചേര്ന്നു. അവരുടെ പിണിയാളുകള്‍ സമരങ്ങളില്ലാത്ത കാലത്തിന്റെ സ്വപ്‌നങ്ങള്‍ നാട് നീളെ പാടി നടന്നു. അങ്ങിനെ വന്ന വഴി മറന്ന പുതു തലമുറയിലെ പുത്തന്‍ തമ്പുരാന്മാര്‍ പഴയ തമ്പുരാക്കന്മാരുടെ പിന്തുണയോടെ രാജ കോടതിയെ സമീപിച്ചു. പണിമുടക്കും സമരങ്ങളും നിരോധിക്കനമെന്നയിരുന്നു ആവശ്യം..

രാജകൊട്ടാരത്തില്‍ ജനിച്ചു വിദേശ രാജ്യങ്ങളില്‍ പഠിച്ചു വളര്‍ന്ന രാജ ന്യായാധിപന് കഷ്ടപ്പെടുന്നവന്റെ വിഷമം മനസ്സിലായതേയില്ല. സമരങ്ങളും പണിമുടക്കും ആണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം എന്ന് കണ്ടെത്തിയ അദ്ദേഹം അവ നിരോധിക്കണം എന്ന് രാജാവിന് നിര്ദ്ദേശം നല്കി. തമ്പുരാക്കന്മാര്‍ ആനന്ദ നൃത്തമാടി. അവരുടെ വിളംബര സന്ഘങ്ങള്‍ വാര്ത്ത നാട് നീളെ പരത്തി.

സൌജന്യമായി വിദ്യാഭ്യാസം നല്‍കിയിരുന്ന രാജ പാഠശാലകള്‍ തമ്പുരാക്കന്മാര്‍ക്ക് വില്‍ക്കനമെന്നതായിരുന്നു അടുത്ത ആവശ്യം. ജനങ്ങളെ പഠിപ്പിക്കുക എന്നത് രാജാവിന്റെ പണിയല്ലെന്ന് അവര്‍ നാടുനീളെ പ്രചരിപ്പിച്ചു. നിറം അടിക്കാത്ത സ്കൂളുകളും കാലൊടിഞ്ഞ മേശകളും കാരണമാണ് രാജ്യത്തെ വിദ്യാഭ്യാസത്തിന്റെ ഗുണ നിലവാരം കുറയുന്നത്‌ എന്നവര്‍ കണ്ടെത്തി. അധികാരത്തില്‍ ഇരുന്ന രാജാവ് പാഠശാലകള്‍ നടത്തുവാന്‍ നല്കിയ അനുവാദം ഉപയോഗിച്ചു നാട് നീളെ തമ്പുരാക്കന്മാര്‍ പാഠശാലകള്‍ തുടങ്ങി. ആഡംബര പൂര്‍ണമായ പാടശാലകളില്‍ പഠിക്കാനെത്തിയ കുഞ്ഞുങ്ങള്‍ പണം കൊടുക്കാനില്ലാതെ പഠനം നിര്ത്തി. ചിലര്‍ ആത്മഹത്യ ചെയ്തു. പ്രശ്നത്തിന്റെ ഗൌരവം മനസ്സിലാകി രാജാവ് ഇടപെട്ടു.. പണമില്ലാത്ത കുട്ടികളെയും പഠിപ്പിക്കണം എന്ന് ഉത്തരവിട്ടു.

നഷ്ടക്കണക്കുകള്‍ കാട്ടി തമ്പുരാക്കന്മാര്‍ രാജകൊടതിയിലെത്തി. പണംകൊണ്ടുള്ള മെത്തയില്‍ ഉറങ്ങുന്ന ന്യായാധിപന് പണമില്ലായ്മ എന്തെന്ന് മനസ്സിലായില്ല. അദ്ദേഹം പാഠശാലയുടെ ലാഭവും നഷ്ടവും കമ്പോള നിലവാരത്തില്‍ കണക്കുകൂട്ടി. എന്നിട്ട് പാവം തമ്പുരാക്കന്മാര്‍ക്ക് വരുന്ന നഷ്ടത്തെക്കുറിച്ച് നെടുവീര്‍പ്പിട്ടു. സാധാരണക്കാരന്റെ കുട്ടികള്‍ തങ്ങള്‍ക്കും പഠിക്കണം എന്നാവശ്യപ്പെട്ടു സമരം നടത്തി. സമരം മൂലമുണ്ടാകുന്ന നഷ്ടക്കണക്കുകള്‍ തമ്പുരാന്റെ വാര്‍ത്ത വാഹകര്‍ നാടുനീളെ വീണ്ടും പാടിനടന്നു.

രാജ ചികല്സാലയതിലെക്കായിരുന്നു അടുത്ത ഉന്നം . പുത്തന്‍പാടശാലകളില്‍ പഠിച്ചു വന്ന വൈദ്യന്മാര്‍ രാജ ചികല്സാലയങ്ങളെ പുഛത്തോടെ നോക്കി. അവിടെ ചേര്ന്നു ജോലി ചെയ്യാന്‍ വിസമ്മതിച്ചു. അവര്‍ക്കായി മണി മന്ദിരങ്ങള്‍ പോലെയുള്ള ചികല്സാലയങ്ങള്‍ രാജ്യത്തോരുങ്ങി. അവിടുത്തെ ചികല്സാചെലവ് കണ്ടു ജനങ്ങള്‍ തലയില്‍ കൈ വച്ചു . തമ്പുരാക്കന്മാര്‍ അവിടെ സുഖ ചികല്‍സ നടത്തി . സാധാരണക്കാരായ രോഗികള്‍ പണം കുറയ്ക്കുന്നതിനായി രാജ കോടതിയെ സമീപിച്ചു. ന്യായാധിപന്‍ സുഖ ചികല്‍സയില്‍ ആയിരുന്നതിനാല്‍ അവരുടെ പരാതി കേള്‍ക്കാന്‍ ആളുണ്ടായിരുന്നില്ല.

രാജ്യം പതിയെ വീണ്ടും തമ്പുരാക്കന്മാരുടെ കയ്യിലേക്ക് പൊയ്ക്കൊണ്ടിരുന്നു. പുത്തന്‍ തമ്പുരാക്കാന്‍ മാരെ മുന്‍ നിര്ത്തി പഴയ തമ്പുരാക്കന്മാര്‍ തന്ത്രം പയറ്റി. തെറ്റുകള്‍ ചെയ്ത ചുരുക്കം രാജാക്കന്മാരുടെ പേര് പറഞ്ഞു രാജഭരണത്തെ ആകെ അവര്‍ മോശമാക്കി ചിത്രീകരിച്ചു. തങ്ങള്‍ക്കനുകൂലമായി ചിന്തിക്കുന്ന ന്യായാധിപ ഭരണമാണ് നല്ലതെന്ന് വിളംബര സന്ഘങ്ങള്‍ നാടിലാകെ പാടി. പാവം സാധാരണക്കാര്‍ക്ക് ഒന്നും മനസ്സിലായില്ല..

താനാണ് ഏറ്റവും വലിയവനെന്നു ന്യായാധിപന് തോന്നി. അദ്ദേഹം രാജാവിന് കല്പനകള്‍ പുറപ്പെടുവിച്ചു തുടങ്ങി. എതിര്‍ത്ത രാജാവിനെ മോശക്കാരനാക്കാന്‍ വാര്‍ത്താ സന്ഘങ്ങള്‍ മത്സരിച്ചു . ജനങ്ങള്‍ തുണി കഴുകുന്നതിനാല്‍ തോടുകള്‍ മലിനമാകുന്നു എന്നും അവര്‍ ചുമയ്ക്കുന്നതിനാല്‍ അന്തരീക്ഷത്തില്‍ അണുക്കള്‍ പരക്കുന്നെന്നും കണ്ടെത്തിയ ന്യായാധിപന്‍ തുണി കഴുകലും ചുമയും നിരോധിച്ചു ഉത്തരവായി. വിളംബര സന്ഘങ്ങള്‍ ന്യായാധിപന്റെ ഉത്തരവിനെ പുകഴ്ത്തി. ചുമ അടക്കാനാവാതെ പാവം ജനം ബുദ്ധിമുട്ടി.

ഉത്തരവുകള്‍ കൊണ്ടു വളഞ്ഞ ജനം രാജ്യം ഉപേക്ഷിച്ചു പാലായനം ചെയ്തു തുടങ്ങി. അവരുടെ വസ്തുക്കള്‍ തമ്പുരാക്കന്മാര്‍ വാങ്ങിക്കൂട്ടി. അവിടങ്ങളില്‍ വന്‍ ചൂതാട്ട കേന്ദ്രങ്ങളും വ്യഭിചാര ശാലകളും മദ്യപാന ശാലകളും ഉയര്ന്നു. അവയ്ക്ക് രാജാവ് ചുമത്തിയ നികുതി ജനങ്ങളുടെ വിനോദോപാധികള്‍ ഇല്ലാതാക്കുന്നു എന്ന് കാണിച്ചു ന്യായാധിപന്‍ റദ്ദാക്കി.

അങ്ങിനെ പതിയെ പതിയെ രാജ്യം വീണ്ടും തമ്പുരാക്കന്മാരുടെ കൈയ്യിലായി. തങ്ങളെ സഹായിച്ച പുത്തന്‍ തമ്പുരാക്കന്മാരെ അവര്‍ തന്ത്രപരമായി ഇല്ലാതാക്കി. അപകടം തിരിച്ചറിഞ്ഞു എതിര്‍ത്തവരെ ഇല്ലാത്ത കുറ്റങ്ങള്‍ ചുമത്തി ജയിലിലടച്ചു. അനുസരണയുള്ളവരെ അടിമകളാക്കി കൂടെ നിര്ത്തി. രാജ്യം വീണ്ടും അടിമത്തത്തിലേക്കു തിരിച്ചു പോയി. വയലേലകളില്‍ പണി എടുക്കുന്നവരുടെ പിന്മുറക്കാരായ പുത്തന്‍ തമ്പുരാക്കന്മാര്‍ പഴയ തമ്പ്രാക്കലുടെ അടിമകളായി അവരുടെ കച്ചവടങ്ങള്‍ നടത്തി തൃപ്തിയടഞ്ഞു.

അങ്ങ് ദൂരെ രാജ്യത്തിന് പുറത്തായവരും പുറത്താക്കപ്പെട്ടവരും ഒത്തുകൂടി. അവര്‍ തങ്ങളുടെ തെറ്റുകള്‍ പരസ്പരം ഏറ്റു പറഞ്ഞു വിലപിച്ചു. കൂട്ടത്തിലെ ഊര്ജസ്വലരായ ചെറുപ്പക്കാര്‍ അവരുടെ നേതൃത്വം ഏറ്റെടുത്തു. പ്രായമായവര്‍ അടിമത്തത്തിനെതിരെ പോരാടിയ തങ്ങളുടെ അനുഭവങ്ങള്‍ പറഞ്ഞു. അവര്‍ സംഘ ബോധത്തോടെ ഒരുമിച്ചു. എന്നിട്ട് വല്ലാത്തൊരു ആവേശത്തോടെ രാജ്യാതിര്‍ത്തിയിലെ കോട്ട വാതില്‍ക്കലേക്ക്‌ നീങ്ങി.

4 comments:

രഞ്ജിത് വിശ്വം I ranji said...

സമൂഹത്തിന്റെ അജണ്ടകല്‍ നിശ്ചയിക്കേണ്ടത് ആരെന്നു തീരുമാനിക്കാന്‍ നേരമായി.

Mr. X said...

മനോഹരം, രഞ്ജിത്ത്...

ഈ നാടിന്റെ കഥ... ഹൃദയസ്പര്‍ശിയായി പറഞ്ഞിരിക്കുന്നു... ഇത് വായിച്ചിട്ട് എനിക്കും എന്തൊക്കെയോ പറയണം എന്ന്, ഒന്ന് പ്രതികരിക്കണം എന്ന് തോന്നുന്നു...

Superb.

പകല്‍കിനാവന്‍ | daYdreaMer said...

കൊള്ളാം രഞ്ജിത്..
അക്ഷര തെറ്റുകള്‍ തിരുത്താന്‍ ശ്രമിക്കുമല്ലോ...ആശംസകള്‍..

Sreejith said...

ഒരു പഴയ തമിള്‍ വിപ്ലവ വാക്യം ഉണ്ട്, അത് തുടങ്ങുനത് എങ്ങനെയാണെന്ന് ഞാന്‍ ഒര്കുന്നില്ല പക്ഷെ അവസാനിക്കുന്നത്‌ ഇങ്ങനെയാണ് "...........ആനാല്‍ പുലയാടി കൂട്ടം അഴിവതില്ലേ", ലോകത്ത് ഒരിക്കലും നശിപ്പിക്ക പെടാത്ത ഒന്നാണ് തൊഴിലാളി വര്‍ഗം. വിപ്ലവം തിരിച്ചു വരും, അത് തോക്കിന്‍ കുഴലിലൂടെ ആവുമോ എന്ന് എനിക്കറിയില്ല പക്ഷെ തിരിച്ചു വരും, ജനങ്ങള്‍ തെറ്റ് മനസിലാക്കാന്‍ അതികം കാത്തിരിക്കേണ്ട, ഇടയ ലേഖനങ്ങളും, കല്ലുവച്ച നുണകളും അവസാനിക്കുന്ന കാലം വരും.