Friday, July 12, 2013

ബഹ്റൈൻ ഓരോർമ്മക്കുറിപ്പ്

അച്ഛാ  ദേ ..ഹെലിക്കോപ്റ്റർ .. ഫ്ലാറ്റിലെ ജനലിലൂടെ തല പുറത്തേയ്ക്കിട്ട് ശങ്കർ വിളിച്ചു പറഞ്ഞു.. പോലീസിന്റെ നിരീക്ഷണ ഹെലിക്കോപറ്ററുകൾ  ബഹ്റൈൻ ആകാശത്തെ സ്ഥിരം കാഴ്ച്ചയാണെങ്കിലും ശങ്കറിനിപ്പോഴും അത് പുതുമയാണ്..   ഞാൻ അവനൊപ്പം ജനലിലൂടെ പുറത്തേക്കു നോക്കി.. സധാരണയിലും വളരെ താഴ്ന്നു പറക്കുന്ന ആ ഹെലിക്കോപറ്റർ പോലീസിന്റേതല്ല... അതൊരു യുദ്ധ ഹെലിക്കോപ്റ്ററാണ്. അമേരിക്കയിൽ നിന്നും ബഹ് റൈൻ സ്വന്തമാക്കിയിരിക്കുന്ന അപ്പാച്ചേ ശ്രേണിയിലുള്ള യുദ്ധഹെലിക്കോപറ്റർ.  തുറന്നു വെച്ച അതിന്റെ വശങ്ങളിലൂടെ ഉള്ളിലിരിക്കുന്ന പട്ടാളക്കരെയും തോക്കുകളും വ്യകതമായി കാണാം..   ഇതു വരെ ഭയപ്പെട്ടതു സംഭവിക്കുവാൻ പോകുന്നു.. ഞാൻ പെട്ടെന്നു ശങ്കറിനെ അകത്തേക്ക് വലിച്ച് ജനൽ അടച്ചു.. കഴിഞ്ഞ രണ്ട് മാസത്തോളമായി നടക്കുന്ന ആഭ്യന്തര കലഹത്തിൽ പട്ടാള ഇടപെടൽ ഉണ്ടായിരിക്കുന്നു.. ബഹ് റൈൻ ടി വി യിൽ കോസ് വേ കടന്ന് സൗദിയിൽ നിന്നും പട്ടാള വാഹനങ്ങളുടെ നീണ്ട നിര രാജ്യത്തേക്കെത്തുന്നതിന്റെ ദൃശ്യങ്ങൾ.... കലാപം അടിച്ചമർത്താൻ അയൽരാജ്യങ്ങളുടെ സഹായം തേടുമെന്ന് ബഹ് റൈൻ ഭരണാധികാരികൾ  പറഞ്ഞത് ടി വിയിലൂടെ കേട്ടിരുന്നു..   ഹെലിക്കോപ്റ്റർ കാഴ്ച്ച തടഞ്ഞതിന്റെ പിണക്കം മറന്ന് ശങ്കർ എന്റെ മടിയിൽ കയറിയിരുന്നു  മൊബൈൽ എടുത്തു കളിക്കുകയാണ്.. ഗായത്രി അടുക്കളയിൽ എന്തോ പാചകത്തിരക്കിലാണ്.അവളും ഭയപ്പാടിലാണ്... ഗായത്രിയും മോനും വീടിനു പുറത്തിറങ്ങിയിട്ടു ദിവസങ്ങളായി.. പുറത്തു നിന്നും അക്രമങ്ങളുടെ വാർത്തകളാണ് കേൾക്കുന്നതെല്ലാം.. വിദേശീയരെ കലാപകാരികൾ പലയിടങ്ങളിലും ആക്രമിക്കുന്നു. ഞങ്ങൾ താമസിക്കുന്ന ഗലിയിലെ പാകിസ്ഥാനി സ്വദേശികളെല്ലാം കൂടി സംരക്ഷണ സേനയുണ്ടാക്കിയിരിക്കുകയാണ്. ഹൈവേകളിലെ വാഹന ഗതാഗതം ഏതാണ്ട് നിലച്ചിരിക്കുന്നു... ഞങ്ങളുടെ ഓഫീസിനു മുമ്പിലെ റോഡുകളിൽ മുഴുവൻ ഗതാഗത തടസ്സം ഉണ്ടാക്കിയിരിക്കുകയാണ്.. കലാപം ആരംഭിച്ച് ഒരു മാസം കഴിഞ്ഞിരിക്കുന്നു.. ആദ്യ ദിവസങ്ങളിലെ ആക്രമണങ്ങളും കൊലപാതകങ്ങളുമൊക്കെ അടങ്ങി രാജ്യം സാധാരണ രീതിയിലേക്ക് തിരിച്ചു വരികയായിരുന്നു.. കലാപകാരികൾ തമ്പടിച്ച പേൾ ചത്വരത്തിൽ പ്രതിഷേധക്കാരുടെ എണ്ണം അനുദിനം വർധിച്ചു വന്നു.. പ്രസംഗങ്ങളും തെരുവു നാടകങ്ങളും പ്രക്ഷോഭ ഗാനങ്ങളുമൊക്കെ യായി ബഹ് റൈന്റെ അധസ്ഥിത വർഗം രാജവാഴ്ച്ചയുടെ അനീതികൾക്കെതിരെ തടിച്ചു കൂടി. താൽക്കാലികമായി കെട്ടിയുയർത്തിയ നൂറുകണക്കിനു ടെന്റുകൾ കൊണ്ട്  നിറഞ്ഞ ചത്വരം ഒരു കാർണിവൽ മൈതാനത്തെ ഓർമിപ്പിച്ചു. എന്നാൽ ദിനം കഴിയും തോറൂം തങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കാത്ത ഭരണാധികാരികൾക്കെതിരെ രോഷം പതഞ്ഞുയരുവാൻ തുടങ്ങി.. സമാധാനപരമായ ചർച്ചകൾ തുടങ്ങി വെച്ചെങ്കിലും രാജ ഭരണത്തിന്റെ അന്ത്യം എന്ന ആവശ്യത്തിൽ തട്ടി അവയെല്ലാം തുടങ്ങിയടത്തു തന്നെ അവസാനിച്ചു.  പ്രക്ഷോഭകർ വീണ്ടും അക്രമത്തിലേക്ക് തിരിഞ്ഞു.. വിദേശീയർ പലയിടങ്ങളിലും ആക്രമിക്കപ്പെട്ടു .. രാജ്യം ഒരു വംശീയകലാപത്തിന്റെ വക്കിലേക്കടുത്തു..ഈ അവസ്ഥയിലാണ് കലാപം നേരിടാൻ ബഹ്റൈൻ അയൽ രാജ്യങ്ങളുടെ സഹായം തേടിയത്.. ഇത്ര നാളും  ഭയത്തോടെ ഓർത്തിരുന്നത് സംഭവിക്കുവാൻ പോകുന്നുവെന്ന് മനസ്സ് പറഞ്ഞു.. ശങ്കു മടിയിലിരുന്ന് ഗെയിം കളി തുടരുകയാണ്.. അരികിലേക്ക് വന്ന ഗായത്രിയെ ചേർത്തു നിർത്തി കൈയ്യിൽ ഞാൻ മുറുകെ പിടിച്ചു.. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.. ഒരു വർഷം മുമ്പ് ബ ഹ് റൈനിലേക്കെത്തുമ്പോൾ എന്തു പ്രതീക്ഷകളായിരുന്നു.. അവളുടെ ആഗ്രഹം പോലെ ബഹ് റൈനിലെ പ്രമുഖ വിദ്യാലയത്തി അധ്യാപികയായി ജോലിയും  ലഭിച്ചു.  കഷ്ടപ്പെട്ടാണെങ്കിലും നല്ല ഒരു ജീവിതം സ്വപ്നം കണ്ടിരിക്കുമ്പോഴാണ് അശനിപാതം പോലെ കലാപക്കൊടി ഉയർന്നത്.."സാരമില്ലേടാ എല്ലാം ശരിയാകും.. ഞാനവളെ ആശ്വസിപ്പിക്കാൻ വൃഥാ ശ്രമിച്ചു. പുറത്ത് ഹെലിക്കോപ്റ്ററുകളുടെ മൂളൽ ശക്തമായിക്കൊണ്ടിരുന്നു
*                                     *                                          *

ബഹ്റൈൻ എയർപോർട്ടിൽ ആദ്യമായി വിമാനമിറങ്ങുമ്പോൾ നല്ല മഴയായിരുന്നു.... മരംകോച്ചുന്ന തണുപ്പും... ആദ്യം ഞാനമ്പരന്നു പോയി.. വായിച്ചും കേട്ടും പരിചയമുള്ള ഗൾഫ് വിശേഷങ്ങളിലൊന്നും മഴയും തണുപ്പും ഒരിക്കലും കടന്നു വന്നിരുന്നില്ല. ഗൾഫെന്നാൽ മരുഭൂമിയുടെ ചുവപ്പും ചൂടുമാണെന്നാണ് അതുവരെ കരുതിയിരുന്നത്. ആഡംബരകാറുകളും അംബരചുംബികളും ഷോപ്പിങ്ങ്മാളുകളും പണക്കൊഴുപ്പിന്റെ മേളകളും ചേർന്ന ഗൾഫിന്റെ മനസ്സിൽ പതിഞ്ഞ  ഭംഗിയുള്ള രൂപത്തിന്റെ മുഖം മൂടി പിന്നീടോരോ ദിവസവും അഴിഞ്ഞു വീഴുന്നത് കൗതുകത്തോടെ കണ്ടു നിന്നു.. ബഹ്റൈൻ തലസ്ഥാനമായ മനാമയിലെ എക്സ്പ്രസ് ഹൈവേകൾക്കും അംബരചുംബികൾക്കും അപ്പുറം ഇരുളടഞ്ഞ ഗലികളും അവിടങ്ങളിൽ ജീവിതസമരം നടത്തുന്ന ജനസമൂഹത്തേയും കണ്ടു. അവരിൽ എല്ലാവരും ഉണ്ടായിരുന്നു..അറബിയും സുഡാനിയും ഫിലിപ്പിനോയും ബംഗാളിയും പിന്നെ  മലയാളിയും...എല്ലാവരും.
ബഹ് റൈനിലെ പ്രശസ്തമായ പ്രിന്റിങ്ങ് ഹൗസുകളിലൊന്നിലാണ് ഞങ്ങളുടെ പത്രം പ്രിന്റ് ചെയ്തിരുന്നത്.. പിന്നീടുള്ള രാത്രികളിൽ ഞാൻ പ്രസ്സിലെ സ്ഥിരം സന്ദർശകനായി.. 12 മണി വരെ നീളുന്ന പ്രസ് ജോലികൾക്കിടയിൽ  പരിചയപ്പെട്ടവരെല്ലാം തന്നെ ദരിദ്രരായ അറബി യുവാക്കളായിരുന്നു... ഗൾഫിന്റെ സമ്പന്നതയുടെ പുറം മോടിക്കാഴ്ച്ചകൾ കൊണ്ടും  മനം മയക്കുന്ന ഗൾഫ് സുഗന്ധദ്രവ്യങ്ങളുടെ വശ്യതകൊണ്ടും  മറച്ച് വെയ്ക്കപ്പെട്ട യഥാർഥ ഗൾഫ് ജീവിതങ്ങളുടെ പരിഛേദങ്ങൾ..ഏതൊരു പ്രവാസിയേയും പോലെ കേരളത്തിന്റെ പച്ചപ്പിനെക്കുറിച്ചും മഴയെക്കുറിച്ചുമൊക്കെ പ്രസ്സിലെ സുഹൃത്തുക്കളോടു ഞാൻ വാചാലനായി. ഗൾഫിൽ മഴയുടെ സൗന്ദര്യം അനുഭവിക്കാൻ കഴിയാത്തതിൽ അവരോട് സങ്കടപ്പെട്ടു... പക്ഷേ അവർക്ക് പറയാനുള്ളത് മറ്റൊരു കഥയായിരുന്നു വല്ലപ്പോഴും എത്തുന്ന മഴയിൽ പോലും വെള്ളം ചോർന്നൊലിക്കുന്ന അവരുടെ വീടുകളെക്കുറിച്ച്.... മഴയിൽ വീടൂതകർന്ന് മരിച്ച അവരുടെ സുഹൃത്തിനെക്കുറിച്ച്... ശരിയായ വാഹന സൗകര്യം പോലുമില്ലാത്ത അവരുടെ ഉൾനാടൻ ഗ്രാമത്തെക്കുറിച്ച്..തൊഴിലില്ലായ്മയെക്കുറിച്ച് ... രാജ്യത്തിന്റെ സ്വത്തെല്ലാം കൈക്കലാക്കി സുഖിക്കുന്ന ന്യൂനപക്ഷം വരുന്ന ഭരണാധികാരികളുടെ അടിച്ചമർത്തലുകളെക്കുറിച്ച്... നമുക്ക് ഒരിക്കലും ചിന്തിക്കാനാവാത്ത മനുഷ്യാവകാശ ധ്വംസനങ്ങളെക്കുറിച്ച്.....  അമർഷത്തിന്റെ കനൽ അവരുടെയെല്ലാം ഉള്ളിൽ എരിയുന്നത് കണ്ട് സത്യത്തിൽ എനിക്ക് ഭയം തോന്നി...
അമർഷം ഇടയ്ക്കിടെ ഒറ്റപ്പെട്ട പ്രതിഷേധങ്ങളായി ഉയരുന്നുണ്ടായിരുന്നു.. യുവാക്കൾ സംഘം ചേർന്നു.. അവർ റോഡുകളിൽ ടയർ കത്തിച്ചും ഗതാഗതം തടസ്സപ്പെടുത്തിയും ഇടയ്ക്കിടെ പ്രതിഷേധം അറിയിച്ചു.. പക്ഷേ അവയൊക്കെ തീർത്തും ഒറ്റപ്പെട്ടതായിരുന്നു പൗരജീവിതത്തിൽ യാതൊരു ചലനവും സൃഷ്ടിക്കാതെ അവയൊക്കെ മാഞ്ഞു പോയി..  ഞങ്ങളുടെ വാഹനവും പല പ്രാവശ്യം കത്തുന്ന ടയറുകളെ പരിഹസിച്ച് മറികടന്നു പോയി...
എന്നാൽ ആ ഒറ്റപ്പെട്ട പ്രതിഷേധങ്ങൾ തുടർന്നു നടക്കാനിരിക്കുന്ന വലിയ പ്രതിഷേധത്തിന്റെ മുൻ സൂചനകൾ മാത്രമായിരുന്നു.. 
                                                                                                                      (തുടരും)

3 comments:

SAJU JOHN said...

നന്നായി രഞ്ജിത്ത്,

ഒരു തിരിഞ്ഞുനോട്ടം നടത്തുകയാണല്ലേ......

ആ നല്ല ചിരി മിസ്സ് ചെയ്യുന്നു.....

ajith said...

പ്രതിഷേധക്കാരുടെ മദ്ധ്യത്തിലൂടെ ആ തുടക്കനാളുകളിലും പിന്നെയുമൊക്കെ എനിയ്ക്ക് യാത്ര ചെയ്യേണ്ടിവന്നിട്ടുണ്ട്. വിരലിലെണ്ണാവുന്ന വിദേശീയര്‍ ആക്രമിക്കപ്പെട്ടിട്ടുണ്ടെന്നല്ലേയുള്ളു.

പ്രസംഗങ്ങളും തെരുവു നാടകങ്ങളും പ്രക്ഷോഭ ഗാനങ്ങളുമൊക്കെ യായി ബഹ് റൈന്റെ അധസ്ഥിത വർഗം രാജവാഴ്ച്ചയുടെ അനീതികൾക്കെതിരെ തടിച്ചു കൂടി.

തെറ്റിദ്ധരിപ്പിക്കുന്ന വാചകം!!

Asif Rashid said...

very good
Asif