Tuesday, September 28, 2010

ഗെയിംസ് വേദിയില്‍ നിന്നും തല്സമയം...


നമസ്ക്കാരം കോമണ്‍വെല്ത്ത് ഗെയിംസ് തല്സമയ സംപ്രേഷണത്തിലേക്ക് സ്വാഗതം. ഗെയിംസ് നഗരിയില്‍ നിന്നും നേരിട്ടുള്ള വിഷേഷങ്ങളുമായി ഇന്നു മുതല്‍ ഞങ്ങളുടെ പ്രതിനിധികള്‍ നിങ്ങളോടൊപ്പം ഉണ്ടാകും..  

.. ഡേയ്.. അവിടെ പച്ചക്കളര്‍ മതി.. ദോ ആ ക്യാമറേടെ മുന്നിലുള്ള ചേച്ചി ഇരിക്കുന്ന കസേരേടെ ഒരു കാല്‍ പിടിപ്പിച്ചിട്ടില്ല.. അവിടേ രണ്ടിഷ്ടിക എടുത്തു വെച്ച് അഡ്ജസ്റ്റ് ചെയ്യ്.. 

ഹലോ.. ക്ഷമിക്കണം .. ഗെയിംസ് വില്ലേജിലെ ഞങ്ങളുടെ സ്റ്റുഡിയോയുടെ പണി നടന്നുകൊണ്ടിരിക്കുകയാണ്  പണി കരാര്‍ എടുത്തിരിക്കുന്ന മേസ്തിരി സുകുവിന്റെ ശബ്ദമാണ് നിങ്ങള്‍  ഇതു വരെ കേട്ടത്. തല്സമയ സംപ്രേഷണം തുടരുന്നു.. 

ഏറ്റവും പുതിയ വിവരങ്ങളുമായി ഗെയിംസ് വില്ലേജില്‍ നിന്നും രാജേഷ് നമ്മോടൊപ്പമുണ്ട്.. രാജേഷ് പറയൂ എന്താണവിടുത്തെ അവസ്ഥ..
ശാന്തി.. ഗെയിംസ് വില്ലേജില്‍  ആളുകള്‍ എത്തിത്തുടങ്ങിയിട്ടുണ്ട്.. പാമ്പ് വേലപ്പന്റെ നേതൃത്വത്തിലുള്ള 25 അംഗ പാമ്പ് പിടുത്ത സംഘമാണ് വില്ലേജില്‍ ആദ്യമെത്തിയത്. അവര്‍ സംഘങ്ങളായി തിരിഞ്ഞ് പാമ്പുകളെ കണ്ടെത്താനുള്ള ശ്രമത്തിലാണ്‍.. ഇതു വരെയായി  14 മൂര്‍ഖന്‍ 8 അണലി 15 ശംഖുവരയന്‍ 20 ചേര എന്നിങ്ങനെയാണ് ലഭിച്ച പാമ്പുകളുടേ കണക്ക്.. പണി പുരോഗമിക്കുന്നതിനനുസരിച്ച് എണ്ണം ഇനിയും വര്‍ദ്ധിക്കുമെന്നാണ് പ്രതീക്ഷയെന്നാണ് കുറച്ചു മുമ്പ് പാമ്പ് വേലപ്പന്‍ നമ്മോട് പറഞ്ഞത്.. നാണപ്പന്റെ നേതൃത്വത്തിലുള്ള എലിപിടുത്ത സംഘവും.. ഡെല്ഹി പോലീസ് നിയോഗിച്ച പ്രത്യേക പട്ടി പിടുത്തസംഘവും പണി തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. ഇനി ആമമാര്‍ക്ക് കൊതുകുതിരി സ്പോണ്സര്‍ ചെയ്യുന്ന കൊതുകുതുരത്തല്‍ സംഘമാണ് എത്താനുള്ളത്.. ശാന്തി....

നന്ദി രാജേഷ്.. ഇപ്പോള്‍  സ്റ്റേഡിയത്തിനുള്ളില്‍ നിന്നും പ്രമോദ് നമ്മോടൊപ്പം ചേരുന്നു.. പ്രമോദ് ഒരുക്കങ്ങള്‍ എവിടം വരെയെത്തി..

ശാന്തി.. ഇളകി വീണ മേല്പ്പാളി തിരികെ ഉറപ്പിക്കുന്ന ശ്രമങ്ങളാണ് ഇവിടെയിപ്പോള്‍ നടക്കുന്നത്.. ഒരെണ്ണം ഉറപ്പിക്കുമ്പോഴേക്കും അടുത്തത് ഇളകി വീഴുന്നതിനാല്‍ ഗെയിംസ് തീരുന്നത് വരെ ഇളകി വീഴുന്ന പാളികള്‍ അപ്പപ്പോള്‍ തന്നെ തിരികെ ഉറപ്പിക്കാന്‍  ഒരു പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നാണ് സംഘാടകര്‍ അറിയിച്ചത്. കൂടാതെ പാളി താഴെ വീണ് കാണികള്‍ക്കും കായികതാരങ്ങള്‍ക്കും പരിക്ക് പറ്റാതിരിക്കാന്‍ സ്റ്റേഡിയത്തിന്റെ മുകള്‍ ഭാഗം മുഴുവന്‍ മീന്‍ വല കെട്ടി സംക്ഷിക്കുവാനും അധികൃതര്‍ തീരുമാനിച്ചിട്ടുണ്ടെന്നാണ് അറിയുവാന്‍ കഴിഞ്ഞത്. ഇതിനായി മീന്‍ വലകള്‍ വാടകയ്ക്കെടുക്കാന്‍ വിവിധ മല്സ്യബന്ധന കേന്ദ്രങ്ങളിലേക്ക് പ്രത്യേക സംഘം തിരിച്ചു കഴിഞ്ഞിട്ടുണ്ട്.   ഗെയിംസ് തീരുന്നതു വരെ മല്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കായിക മന്ത്രാലയം നിര്‍ദ്ദേശം നല്കിയിട്ടുണ്ടെന്നും അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. സ്റ്റേഡിയത്തിലെ കസേരകളിലും മറ്റുമിരിക്കുന്ന കാണികള്‍ക്കും കായിക താരങ്ങള്‍ക്കും അവ ഒടിഞ്ഞു വീണ് അപകടം പറ്റാതിരിക്കാന്‍  കസേരകളില്‍ "സൂക്ഷിച്ചിരിക്കുക" എന്ന നിര്‍ദേശത്തോടുകൂടിയ സ്റ്റിക്കര്‍ പതിക്കാനും സംഘാടക സമിതി തീരുമാനിച്ചിട്ടുണ്ട് ..

ശരി പ്രമോദ് .. മറ്റൊരു പ്രധാന വാര്‍ത്തയിലേക്ക്.. ആസ്ട്രേലിയായില്‍ നിന്നും ഗെയിംസില്‍ പങ്കെടുക്കാനെത്തിയ ഡിസ്കസ് ത്രോ താരത്തിനു പരിശീലനത്തിനായി ലഭിച്ച ഡിസ്കസ്  പരിചിതമല്ലാത്ത എന്തോ പദാര്ത്ഥം കൊണ്ടുണ്ടാക്കിയതാണെന്ന് പരാതി ഉയര്ന്നിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങളുമായി പരിശീലന കേന്ദ്രത്തില്‍ നിന്നും പ്രിയ നമ്മോടൊപ്പമുണ്ട്.. പ്രിയാ കേള്‍ക്കാമോ.. എന്താണവിടെ സംഭവിച്ചത്..

ശാന്തി.. ആസ്ടേലിയന്‍ അത് ലറ്റിനു  ലഭിച്ച ഡിസ്കസ് ഗോതമ്പുമാവുകൊണ്ടുണ്ടാക്കിയതാണ് എന്നു സ്ഥിതീകരിച്ചിട്ടുണ്ട് . ഇതു സംബന്ധിച്ച് സംഘാടകസമിതിയുടെ വിശദീകരണം ലഭിച്ചിട്ടുണ്ട് അതുപ്രകാരം ഗെയിംസില്‍ പങ്കെടുക്കുന്ന ഇന്‍ഡ്യന്‍ കായിക താരങ്ങള്‍ക്ക് നല്കുന്നതിനായി കൊണ്ടു പോയ ചപ്പാത്തിയാണ് ആളുമാറി ആസ്ട്രേലിയന്‍ താരത്തിനു ലഭിച്ചത്. അവര്‍ ഇത് ഡിസ്കസ് ആണെന്നു തെറ്റിദ്ധരിച്ച് പരിശീലനത്തിനുപയോഗിക്കുകയായിരുന്നു. എന്നാല്‍ മാവു കൊണ്ടുള്ള ഡിസ്കസ് നന്നായി പ്രവര്ത്തിക്കുന്നു എന്നാണ് അവര്‍ അല്പം മുമ്പ് നമ്മോടു പറഞ്ഞത്. എന്തായാലും ഭാവിയില്‍ ഇത്തരം ഡിസ്കുകള്‍ മല്സരത്തിനു ഉപയോഗിക്കുവാന്‍ ഈ സംഭവം പ്രേരണയാകുമെന്നു കരുതുന്നു

അടുത്ത ദിവസം...
ഗെയിംസ് മല്സര വേദിയില്‍ നിന്നും തല്സമയം

ഗെയിംസ് വേദിയില്‍ നിന്നും ഒരു സന്തോഷവാര്ത്തയുണ്ട്.. ഗെയിംസിലെ പ്രധാന ഇനങ്ങളിലൊന്നായ പുരുഷന്മാരുടെ 400 മീറ്റര്‍ ഓട്ടത്തില്‍  ആഫ്രിക്കയില്‍ നിന്നുള്ള താരം ലോക റെക്കാര്‍ഡോടേ സ്വര്‍ണ്ണം കരസ്ഥമാക്കിയിരിക്കുന്നു.. തൊട്ടൂ മുമ്പത്തെ ലോകറിക്കാഡിനെക്കാള്‍ മിനിട്ടുകളുടെ വ്യത്യാസത്തിലാണ് പുതിയ റിക്കാഡ്.. ഇത് ഗെയിംസ് ചരിത്രത്തിലെ അത്യപൂര്‍വ സംഭമായേ കണക്കാക്കാന്‍ കഴിയൂ.. കൂടുതല്‍ വിവരങ്ങള്‍ക്കായി മല്സര വേദിയില്‍ നിന്നും പ്രമോദ് നമ്മോടൊപ്പം..

പ്രമോദ് 400 മീറ്ററില്‍ ലോക റിക്കാര്‍ഡ്.. ഗെയിംസ് ചരിത്രമാകുകയാണോ..
ശാന്തി.. അല്പം മുമ്പാണ് ആഫ്രിക്കന്‍ താരം 400 മീറ്ററില്‍ ലോക റിക്കോഡിട്ടത്.. നിലവിലുള്ള റിക്കാഡിനെക്കാള്‍ മിനിട്ടുകളുടെ വ്യത്യാസത്തിലാണ്‍.. പുതിയ റിക്കാഡിട്ടത്.. സാധാരണ സെക്കന്റുകളുടെ വ്യത്യാസം മാത്രമേ വരാറുള്ളൂ.. അതുകൊണ്ടു  ഒഫീഷ്യല്സ് ഫലം വിശദമായി വിലയിരുത്തുകയാണ്‍.. റിക്കാര്‍ഡ് തകര്‍ത്ത കായികതാരവും  അവിശ്വസനീയതയോടെയാണ് ഫലപ്രഖ്യാപനം ശ്രവിച്ചത്. മല്സര ഒഫീഷ്യല്സ് ട്രാക്കിനു സമീപം തന്നെയുണ്ട്.. അവര്‍ എന്തോ ഗൌരവകരമായ ചര്‍ച്ചയിലാണ്‍.. പല ഉപകരണങ്ങളും ഉപയോഗിച്ച് ഗ്രൌണ്ട് പരിശോധിക്കുന്നുണ്ട്.. എന്താണ് സംഭവിക്കുന്നത് എന്നു മനസ്സിലാകുന്നില്ല...
പ്രമോദ് വിശാംശങ്ങള്‍ ശേഖരിക്കുവാന്‍ ശ്രമിക്കൂ..
ശാന്തി... ഏറ്റവും ഒടുവില്‍ ലഭിച്ച വിവരപ്രകാരം 400 മീറ്ററിനായി തയ്യാറാക്കിയ ട്രാക്കിന്റെ നീളം യഥാര്ത്ഥത്തില്‍ 350 മീറ്ററേ ഉണ്ടായിരുന്നുള്ളൂ എന്ന നിര്ണായക വിവരം പുറത്തുവന്നിരിക്കുകയാണ് ശാന്തി..

പ്രമോദ് എന്താണ് സംഘാടക സമിതിയുടെ പ്രതികരണം..
സമിതി അംഗങ്ങളെയൊന്നും പ്രതികരണത്തിനായി ലഭ്യമല്ല.. എന്നാല്‍ ഒടുവില്‍ കിട്ടിയ വിവര പ്രകാരം 400 മീറ്റര്‍ ഓട്ടമല്സരം എന്നത് 350 മീറ്റര്‍ ഓട്ട മല്സരം എന്നാക്കി പ്രശ്നം പരിഹരിക്കുവാന്‍ ശ്രമം നടക്കുന്നുണ്ടെന്നാണ് അറിയുവാന്‍ കഴിഞ്ഞത്. 200 800 മീറ്റര്‍  മല്സരങ്ങളൂടെ പേരും ട്രാക്കിന്റെ നീളത്തിനനുസരിച്ച് മാറും എന്ന സൂചനയും ലഭിക്കുന്നുണ്ട്.

ഗെയിംസിനു ശേഷം...
സംഘാടക സമിതി തലവന്റെ പത്ര സമ്മേളനത്തിലേക്ക് തല്സമയം..

പരിമിതികള്‍ക്കിടയിലും ഗെയിംസ് ഭംഗിയാക്കാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്.. 2003 ലാണ് ഗെയിംസ് നടത്തിപ്പിനുള്ള അനുമത് ലഭിച്ചത് .. അതുകൊണ്ട് തന്നെ ഒരുക്കങ്ങള്‍ നടത്താന്‍ 7 വര്ഷം മാത്രമേ ലഭിച്ചുള്ളൂ. അതിന്റെ പ്രശ്നങ്ങളുണ്ടായിട്ടുണ്ടെങ്കിലും ഗെയിംസ് നടത്താമെന്ന് നമ്മള്‍ തെളിയിച്ചു. ഇനി ഒളിമ്പ്ക്സിനായി ആവശ്യപ്പെടാനാണു തീരുമാനം.. ഒരുക്കങ്ങള്‍ക്ക് മതിയായ സമയം ലഭിക്കുന്നതിനായി 2500 ലെ ഒളിമ്പിക്സ് ഇന്‍ഡ്യക്ക് അനുവദിക്കണമെന്ന് അന്താരാഷ്ട ഒളിമ്പിക്സ് അസോസിയേഷനോട് ആവശ്യപ്പെടൂം.. അതിലും ഞാന്‍ തന്നെ ആയിരിക്കും സംഘാടകസമിതി ചെയര്‍മാന്‍ ...
ജെയ് ഹിന്ദ്

16 comments:

രഞ്ജിത് വിശ്വം I ranji said...

2500 ന്റെ ഒളിമ്പിക്സിലും ഞാന്‍ തന്നെയായിരിക്കും സംഘാടകസമിതി അധ്യക്ഷന്‍.. ഗെയിംസ് വിഷേഷങ്ങള്‍

ചെറുവാടി said...

ഇതൊക്കെ കൂടാതെ എല്ലാവര്‍ക്കും ഓരോ ഹെല്‍മറ്റ് കൂടെ വിതരണം ചെയ്യുന്നുണ്ട്. സംഘാടകര്‍ക്കായി പ്രത്യേകം പറഞ്ഞുണ്ടാക്കിയ ഹെല്‍മറ്റും ഉണ്ടാവും.

ചെലക്കാണ്ട് പോടാ said...

100 മീറ്റര്‍ മിനുട്ടുകളുടെ വ്യത്യാസം. അത് മാത്രം അങ്ങട് ശരിയായില്ല....

അരവിന്ദ് :: aravind said...

ലോല്‍സ്! :-)

നൂറ് മീറ്റര്‍ ഓട്ടത്തില്‍ ഇന്ത്യക്കാരന്‍ ഫസ്റ്റടിച്ചു.
ങേ?
വെടിപൊട്ടുന്ന ശ്ബ്ദം കേട്ട് നോക്കിയതും‍ കുറേ ആളുകള്‍ നേരെ ഓടി വരുന്നത് കണ്ട് കൈയ്യിലുള്ള സിമന്റ് ചട്ടിയും താഴെയിട്ട് ട്രാക്കിലെ ഗട്ടര്‍ നിരത്തിക്കൊണ്ട് നിന്ന ഇന്ത്യക്കാരന്‍ അയ്യോ എന്നെ തല്ലല്ലേ എന്നും പറഞ്ഞ് ഓടുകയായിരുന്നു.

ധനേഷ് said...

കിടിലം!!!

---
“അയ്യോ ജാവലിന് ത്രോ അനൌണ്സ് ചെയ്തോ? “
“ഉവ്വ,എന്നാ പറ്റി?“
“അല്ല, അത് നാളെ നടത്തിയാ മതിയോ? ആ എറിയാനുള്ള സുനയെല്ലാം കൂടെ കുത്തി നിര്ത്തീട്ടാ ഇന്നലെ പൊളിഞ്ഞ് വീഴാന് പോയാ ഗാലറീടെ സൈഡ് പിന്നേം വാര്ത്ത് വെച്ചിരിക്കുന്നത്.. സിമന്റൊന്ന് ഒറച്ചോട്ടെ.. “
“ഞഞ്ഞായി..”
---

Anonymous said...

ഹ ഹ.. കൊള്ളാം..

ആചാര്യന്‍ said...

ഫാ ...അഭിമാനം...എന്തു അഭിമാനം...ക്രിക്കെറ്റ് എന്തു,ഫുട്ബാല്‍ എന്തു ,ഹോക്കി എന്തു ,എന്ന് അറിയാത്ത പന്ന മക്കള്‍ ആണ് അതിന്റെയൊക്കെ തലപ്പത്ത് കിടന്നു വിരാജിക്കുന്നത് ..അതുപോലെ തന്നെ ഗെഇംസ് എന്തു ഒളിമ്പിക്സ് എന്തു എന്ന് അറിയാത്ത പന്നന്‍ ആണ് , ഇതിന്റെ തലപ്പത്തും,നൂറു കണക്കിന് "തെരുവ് തെണ്ടികള്‍ "ഉള്ള ഇന്ത്യയ്ക്ക് അവര്‍ക്ക് കഞ്ഞി കൊടുക്കാന്‍ വകയില്ല..ഗൈംസ് എന്ന പേരില്‍ ആയിരക്കണക്കിന് കോടികള്‍ ,ഈ പട്ടികളുടെ അണ്ണാക്കില്‍ തിരുകാന്‍ കാശുണ്ട് അല്ലെ എന്തൊരു വിരോധാഭാസ ഗൈംസ്...

ആവോലിക്കാരന്‍ said...

കിക്കിക്കി വക്കീലണ്ണന്‍ പിന്നേം തകര്‍ത്തു

vavvakkavu said...

കൊള്ളാം കൊള്ളാം

ഏകലവ്യന്‍ said...

"ഏറ്റവും ഒടുവില്‍ ലഭിച്ച വിവരപ്രകാരം 100 മീറ്ററിനായി തയ്യാറാക്കിയ ട്രാക്കിന്റെ നീളം യഥാര്ത്ഥത്തില്‍ 80 മീറ്ററേ ഉണ്ടായിരുന്നുള്ളൂ എന്നു വെളിപ്പെട്ടിരിക്കുകയാണ്‍. അതുപോലെ തന്നെ സ്റ്റേഡിയത്തിനു ചുറ്റുമുള്ള 400 മീറ്റര്‍ ട്രാക്കിന്റെ നീളം 350 മീറ്ററേ ഉള്ളൂ എന്ന വിലപ്പെട്ട വിവരവും പുറത്തുവന്നിരിക്കുകയാണ്" ഇതിലും വലുതൊക്കെ വരാനിരിക്കുന്നതല്ലേയുള്ളൂ... Let's just wait & see...:(

ഒഴാക്കന്‍. said...

ചിരിപ്പിച്ചു

പട്ടേപ്പാടം റാംജി said...

ആക്ഷേപ ഹാസ്യം ജോറായി.

ആളവന്‍താന്‍ said...

ഒക്കെ നന്നായി. പക്ഷെ ആ 100 മീ. ഓട്ടം ഒരു പോട്ടത്തരമായിപ്പോയി. സെക്കണ്ടുകളില്‍ അവസാനിക്കുന്ന ഇനത്തില്‍ മിനിട്ടുകളുടെ വ്യത്ത്യാസം വന്നത് എങ്ങനെയാ ചേട്ടാ. ഏറ്റവും പുതിയ റെക്കോര്ഡ് 9.58 സെക്കണ്ട് ആണ്‌ (ഉസൈന്‍ ബോള്‍ട്ട്.). 100 മീ. മാറ്റി വല്ല 400 മീ. റിലെയോ മറ്റോ ആക്കിയാല്‍ സാധനം സൂപ്പര്‍. ഏതായാലും ഗെയിംസിന്റെ കര്‍ട്ടന്‍ പൊങ്ങാന്‍ പോവല്ലേ.. ദേ കിടക്കുന്നു എന്‍റെ വക വേറെ ഒരു കര്‍ട്ടന്‍ റൈസര്‍

രഞ്ജിത് വിശ്വം I ranji said...

ആളവന്താന്‍ തെറ്റ് ചൂണ്ടിക്കാണിച്ചതിനു നന്ദി.. മാറ്റിയിട്ടുണ്ട്

കാക്കര kaakkara said...

കഷ്ടം...

ജീവിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ടവരുടെ കൂടെയാണ്‌ കാക്കരയും...

ഗെയിംസ് വില്ലേജ് ശുചികരിക്കാത്തതിൽ മാനക്കേട് തോന്നുന്നവർക്ക്‌ പാവങ്ങളെ നാടുകടത്തുന്നതിൽ നാണക്കേട് തോന്നുന്നില്ലായെന്നതാണ്‌ നമ്മുടെ ശാപം.

ബിനോയ്//HariNav said...

ha ha ha :)