Wednesday, August 26, 2009

ന്യൂസ് റ്റി വിയ്ക്കു വേണ്ടി ബിനീത

ഓണാഘോഷ നഗരിയില്‍ നിന്നും ന്യൂസ് റ്റി വിയ്ക്കു വേണ്ടി ബിനീത.. കെ സുധീര്‍ ? ന്യൂസ് ക്ലിപ്പിന്റെ അവസാന ഷോട്ടും തീര്ത്ത ശേഷം ബിനീത സുധീറിനെ നോക്കി. കെ ബിനി..ഫൈന്‍.. സുധീര്‍ ക്യാമറയ്ക്കു പുറകില്‍ നിന്നും കൈയ്യുയര്ത്തിപ്പറഞ്ഞു. അങ്ങിനെ ഒരു പണി കൂടി കഴിഞ്ഞു. ഇനി പുത്തരിക്കണ്ടത്തേക്ക് പോകണം അവിടെ ഓണം ഫെയര്‍ പൊടിപൊടിക്കുന്നുണ്ട്. അടുത്ത ബുള്ളറ്റിനില്‍ അതേക്കുറിച്ചുകൂടി ഒരു ഐറ്റം വേണമെന്നാണു ന്യൂസ് ഡെസ്കില്‍ നിന്നും ശിവേട്ടന്‍ വിളിച്ചു പറഞ്ഞത്. നല്ലോരോണമായിട്ട് നാടു മുഴുവന്‍ തെണ്ടാനാണു യോഗം..ബിബിതയ്ക്ക് ദേഷ്യവും സങ്കടവും ഒരുമിച്ചു വന്നു. ഇപ്പോള്‍ വീട്ടില്‍ നല്ല മേളമായിരിക്കും. ചേച്ചിയും ചേട്ടനും മക്കളും എല്ലാവരും എത്തിയിട്ടുണ്ട്, എന്തു ചെയ്യാന്‍ നമ്മുടെ പണി ഇങ്ങനെയായിപ്പോയില്ലേ.. മറ്റുള്ളവര്‍ക്കു അവധി കിട്ടുമ്പോള്‍ തനിക്ക് തിരക്കോടു തിരക്ക്.." ബിനി കമോണ് ഗെറ്റ് ഇന്‍.. സുധീറിന്റെ ശ്ബ്ദം കേട്ട് അവള്‍ ചിന്തയില്‍ നിന്നുണര്ന്നു.. അല്ല സുധീ.. നമുക്കെന്നാ ഓണത്തിനൊരു അവധി കിട്ടുന്നത്..കാറിലിരിക്കുമ്പോള്‍ ബിനീതയുടെ ചോദ്യം കേട്ട് സുധീര്‍ ചിരിച്ചു.. അതിനീ പണ്ടാര ചാനല്‍ പൂട്ടണം മോളേ..എന്നാല്‍ പിന്നെ നിനക്ക് സൌകര്യമായിട്ട് ഓണമോ വിഷുവോ ഒക്കെ കൂടാം..

നേരം ഉച്ചയോടടുക്കുന്നു.. നല്ലൊരു തിരുവോണമായിട്ട് ഇന്നു പട്ടിണിയാകുമോ.. .. ഓണവിശേഷം നാട്ടുകാരെ അറിയിക്കാന്‍ രാവിലെ വീട്ടില്‍ നിന്നിറങ്ങിയതാ. ഓണമായതിനാല്‍ ഇന്നു ഹോട്ടലുകളും കാര്യമായൊന്നും തുറന്നിട്ടില്ല. ബിനീ നിന്റെ ബാഗില്‍ പട്ടി ബിസ്കറ്റ് വല്ലതുമുണ്ടോ.. സുധീര്‍ കളിയാക്കി ചോദിച്ചു. എപ്പോഴും ബാഗില്‍ കാണുന്ന ബിസ്കറ്റ് പായ്കറ്റിനു സഹപ്രവര്തകര്‍ ഇട്ടിരിക്കുന്ന ചെല്ലപ്പേരാണു പട്ടി ബിസ്കറ്റ്.. " അയ്യടാ.. അങ്ങിനെ ഇപ്പൊ നീ പട്ടി ബിസ്കറ്റ് തിന്നെണ്ട മോനേ." ബിനീത ബാഗില്‍ നിന്നും ബിസ്കറ്റ് എടുത്ത് കഴിച്ചുകൊണ്ട് പറഞ്ഞു.. പിന്നെ സുധീറിനും ഒരെണ്ണം കൊടുത്തു. പാവം രാവിലെ മുതല്‍ അവനും പട്ടിണിയാ..

തിരുവോണമായിട്ട് സ്പെഷ്യല്‍ ഐറ്റം ഒന്നുമില്ലേ ബിനീ.. വീണ്ടും ശിവേട്ടന്റെ കോള്‍. ഇതിപ്പോള്‍ സ്ഥിരം സാധനങ്ങള്‍ തന്നെ..ഓണം മാവേലി.. ഷോപ്പിംഗ് തിരക്ക് ... എന്തെങ്കിലും പുതിയതൊന്നു ചെയ്യാന്‍ നോക്ക്... നമുക്ക് വൈകിട്ടത്തെ പ്രൈം ടൈം ന്യൂസില്‍ കൊടുക്കാം.. ശിവേട്ടന്റെ ഒരു കാര്യം..ഫോണ്‍ കട്ടുചെയ്ത് ബിനീത ഉറക്ക പറഞ്ഞു..എങ്ങിനെയെങ്കിലും ഇതൊന്നു തീര്ത്തു വീട്ടിലെത്തുന്നതിനെക്കുറിച്ച് ആലോചിക്കുമ്പോഴാ സ്പെഷ്യല്‍ ഐറ്റം..ഇതിപ്പം എന്താ ചെയ്യുക.. എന്താ ബിനി പണി കിട്ടിയോ.. സുധീര്‍ ചോദിച്ചു.. സുധീ നീ വണ്ടി സിറ്റിയില്‍ നിന്നും കുറച്ച് പുറത്തേക്കുള്ള വഴിയേ വിട്ടേ.. അവിടെങ്ങാനും വല്ല ക്ലബ്ബ്കാരുടെയും ഓണാഘോഷം വല്ലതുമുണ്ടോ എന്നു നോക്കാം.ശിവേട്ടനു സ്പെഷ്യല്‍ വേണമത്രേ..ബിനീതയ്ക്കു വല്ലാതെ ദേഷ്യം വന്നു.

ദേശീയ പാതയിലൂടെ അവരുടെ കാര്‍ മുന്നോട്ടു പറന്നു.. ഓണമായതിനാലാവാം റോഡില്‍ വാഹനങ്ങ്ളുടെ തിരക്ക് കുറവാണ്‍. നഗരത്തില്‍ നിന്നും പുറത്തുകടന്നിട്ടും ആവശ്യമായതൊന്നും കണ്ണില്‍ പെടുന്നില്ല. വന്നുവന്ന് ഓണം ഒരു സമൂഹ്യാഘോഷം അല്ലാതെയായി മാറിയിട്ടുണ്ട്..അല്ലേ സുധീ.. അവള്‍ ചോദിച്ചു.. നമ്മളൊക്കെയല്ലെ അതിന്റെ കാരണക്കാര്‍ .സിനിമയും മെഗാഷോയുമായിട്ട് ആളുകള്‍ക്ക് ടി വിയുടെ മുമ്പില്‍ നിന്നും എഴുന്നേല്ക്കാന്‍ സമയം കൊടുക്കണ്ടെ..സുധീര്‍ പറഞ്ഞു.. പിന്നെ എപ്പൊഴെങ്കിലും നിന്റെ ചളിഞ്ഞ മോന്ത സ്ക്രീനില്‍ വരുമ്പോഴാ ആളുകളൊക്കെ എഴുന്നേറ്റു പ്രാഥമിക ക്രുത്യങ്ങള്‍ നിര് വഹിക്കുന്നത്.. അവന്‍ ഉറക്കെ ചിരിച്ചു.. "കി കി കി ഒരു തമാശ..നീ വഴിവക്കില്‍ വല്ലതും തടയുന്നതുണ്ടോ എന്നൊ നോക്കു മോനെ ദിനേശാ..ബിനീത അവന്റെ തലയ്ക്കൊരു തട്ടു കൊടുത്തു.

കാറില്‍ പുറം കാഴ്ചകള്‍ കണ്ടിരിക്കുമ്പോളാണു ബിനീത അതു ശ്രദ്ധിച്ചത്. റോഡരികില്‍ രണ്ടു കുട്ടികള്‍..അരികില്‍ കൂട്ടിയിട്ടിരിക്കുന്ന കരിങ്കല്‍ കഷണങ്ങളെ ശ്രദ്ധയോടെ ചെറിയ ചുറ്റികയാല്‍ അടിച്ച് പൊട്ടീക്കുന്ന ആണ്‍കുട്ടി അവന്‍ പൊട്ടിച്ചിടുന്ന കല്ലുകള്‍ പെറുക്കിക്കൂട്ടുന്ന പെണ്‍കുട്ടി.. സുധീ .. വണ്ടി നിര്ത്തിക്കേ.. അവള്‍ പെട്ടന്നു പറഞ്ഞു. ഒരു വാര്ത്തയുടെ തിരക്കഥ അവളുടെ ചിന്താമണ്ഡലത്തില്‍ മിന്നിത്തെളിഞ്ഞു. തിരുവോണമായിട്ടും ഓണമില്ലാതെ ഓണക്കോടിയും ഓണസദ്യയുമില്ലാതെ പണിയെടുക്കുന്ന കുരുന്നുകള്‍.. നല്ല വാര്ത്ത. അവള്‍ കാറില്‍ നിന്നും ഇറങ്ങി അവരുടെ അടുത്തേക്കു വേഗത്തില്‍ നടന്നു.

രണ്ടുപേരും അവരുടെ ജോലിയില്‍ വ്യാപ്രുതരാണ്‍. ബിനീത അടുത്തേക്കു ചെന്നിട്ടും ഭാവമാറ്റമൊന്നുമില്ല. സുധീറിനോടു ക്യാമറ റെഡിയാക്കാന്‍ പറഞ്ഞ് അവ്ള്‍ അവരുടെ അടുത്തിരുന്നു. പെണ്‍കുട്ടി തലയുയര്ത്തി അവളെ നോക്കി എന്നിട്ട് ചേട്ടനെ തോണ്ടി വിളിച്ചു. അവന്‍ ബിനീതയെ ഒന്നു നോക്കി വീണ്ടും ജോലി തുടര്ന്നു... " എന്താ മോളുടെ പേര് ബിനീത പെണ്‍കുട്ടിയോടു ചോദിച്ചു. അവള്‍ ഒന്നും മീണ്ടിയില്ല. പകരം ചേട്ടനോടു കൂടുതല്‍ ചേര്ന്നിരുന്നു. മോന്റെ പേരെന്താ അവള്‍ വീണ്ടും ചോദിച്ചു... അവന്‍ തലയുയര്ത്തി നോക്കി..കുമാര്‍ ..എന്ന അക്കാ.. എതുക്കാകെ പേര്‍ കേള്‍ക്ക്റെ..ഒന്നുമില്ല വെറുതെ.. ഉനക്കു മലയാളം തെരിയുമാ.. ബിനീത അറിയാവുന്ന തമിഴ് പ്രയോഗിച്ചു.. തെരിയുമേ..അനാ...കുറച്ച് കുറച്ച് .....തമിഴ് കലര്ന്ന മലയാളത്തില്‍ അവന്റെ മറുപടി. എവിടെയാ നിന്റെ വീട്.. ദാ അവിടെ.. അവന്‍ ദൂരേയ്ക്ക് കൈ ചൂണ്ടിക്കാണിച്ചു...അത്ര നേരം അവന്റെ പുറകില്‍ പതുങ്ങി ഇരിക്കുകയായിരുന്ന പെണ്‍കുട്ടി അവളെ നോക്കി ചിരിച്ചു .. അവളുടെ പേര്‍ മായ.. ബിനീത ബാഗില്‍ നിന്നും ബിസ്കറ്റ് പായ്ക്കറ്റ് എടുത്ത് അവ്ള്‍ക്കു നീട്ടി.. പക്ഷെ അവള്‍ വാങ്ങിയില്ല.വേണ്ട അക്കാ.. ഞങ്ങള്‍ ശാപ്പിടാന്‍ പോകുകാ ഇന്ന് കേരളാവിലെ ഓണം തിരുവിഴയല്ലേ..വീട്ടില്‍ അമ്മാ കാത്തിരിക്കും..കുമാര്‍ പറഞ്ഞു . ബിനീതയ്ക്ക് അതിശയമായി ഓണം ആഘോഷിക്കുന്ന നാടോടി തമിഴ് കുടുംബം..വഴിയരികില്‍ കല്ലുപൊട്ടിക്കുവാന്‍ പോകുന്ന പിഞ്ചുകുട്ടികളെ വീട്ടില്‍ കാത്തിരിക്കുന്ന അമ്മ.. നല്ല സ്റ്റോറി..ഞങ്ങളേയും കൊണ്ടുപോകുമോ നിങ്ങളുടെ വീട് വരെ. അവള്‍ ചോദിച്ചു ..നിറയെ ചിരിച്ചുകൊണ്ട് അവന്‍ സമ്മതം മൂളി.. എന്നിട്ട് അനിയത്തിക്കുട്ടിയുടെ കൈ പിടിച്ച് മുമ്പില്‍ നടന്നു.

ദേശീയപാതയ്ക്കരികില്‍ ഒരുതുണ്ടു സര്‍ക്കാര്‍ഭൂമിയിലാണ് അവരുടെ വീട്.. വീടെന്നു വിളിക്കാന്‍ കഴിയില്ല ഒരു കൊച്ചു കൂര. വീടും പരിസരവുമെല്ലാം നല്ല വ്രുത്തിയോടെ സൂക്ഷിച്ചിരിക്കുന്നു. .മുന്‍ വശത്ത് ചെറിയ നാടന്‍ പൂക്കള്‍ കൊണ്ടൊരു കൊച്ചുപൂക്കളം... അമ്മാ..ഇങ്കെ പാര്‍ ,, ഒരു അക്കാ.. അവന്‍ വീട്ടിനകത്തേക്കോടി.. വീട്ടിനകത്തുനിന്നും മുപ്പത്തഞ്ചിനുമേല്‍ പ്രായമുള്ള ഒരു സ്ത്രീ പുറത്തിറങ്ങി വന്നു..വെയിലുകൊണ്ടു കരുവാളിച്ചിരിക്കുന്നുവെങ്കിലും ഐശ്വര്യമുള്ള മുഖം..അവര്‍ സംശയ ഭാവത്തോടെ ബിനീതയെ നോക്കി..എന്ന.. എന്ന വേണം ക്യാമറയുമായി അവിടെ കറങ്ങിനിന്ന സുധീറിനോടു ചോദിച്ചു. ഇല്ലമ്മാ..വെറുതെ.. കുട്ടികള്‍ ഇട്ട പൂക്കളം കാണാന്‍ വന്നതാ..ബിനീത പറഞ്ഞു. അവരുടെ മുഖം തെളിഞ്ഞു.. .. അതു കൊളൈന്തകളുടെ വേലൈ.. അവര്‍ ചിരിച്ചുകൊണ്ട് പറഞ്ഞു..

തമിഴ് നാട്ടിലെ കേരളാതിര്ത്തിയോടു ചേര്ന്നു കിടക്കുന്ന ഗ്രാമത്തില്‍ നിന്നാണവര്‍ ഇ‌വിടെയെത്തിയത്. ഭര്ത്താവ് മരിച്ചു പോയി.. ഇപ്പോള്‍ അവരും രണ്ടുകുട്ടികളും മാത്രം. പൊതുമരാമത്ത് കരാറ് പണിക്കുപോയി കിട്ടുന്ന വരുമാനം കൊണ്ട് കുടുംബം പോറ്റുന്നു.. കുട്ടികള്‍.. ബിനീത ചോദിച്ചു.. മകന്‍ നാലാം ക്ലാസില്‍ മോള്‍ ഒന്നിലും.കുളൈന്തകള്‍ക്ക് പഠിക്കാന്‍ വലിയ ആശൈ... അവര്‍ പറഞ്ഞു.. അപ്പോള്‍ കല്ലുപൊട്ടിക്കുന്നത് കണ്ടത്..? ബിനീത സംശയത്തോടെ ചോദിച്ചു. അതു വന്ത് ഇന്ന് ഓണമല്ലേ കുളന്തൈകള്‍ക്ക് ഓണസദ്യവേണമെന്ന് .. അതിനാലെ ഇന്ന് എനിക്ക് വേലൈക്ക് പോക മുടിയിലൈ അതാ കുളന്തൈകള്‍ പോയത്..സ്കൂള്‍ ഇല്ലാമെയിരിക്കുമ്പോള്‍ അവരും എന്‍ കൂടെ വരും അതിനാലെ വെലൈ ചെയ്യ തെരിയും..ബിനീത നിറഞ്ഞ മനസ്സോടെ നാലാം ക്ലാസുകാരനെ നോക്കി... അമ്മ പറയുന്നതൊന്നും ശ്രദ്ധിക്കാതെ അവന്‍ സുധീറിന്റെ ക്യാമറയുടെ പുറകെയാണ്‍.. ഒപ്പം അനിയത്തിയും..

ക്യാമറയ്ക്കു മുമ്പില്‍ നില്ക്കാന്‍ പറഞ്ഞപ്പോള്‍ അവര്‍ രണ്ടുപേരും വീട്ടിനകത്തേക്കോടി.. പുത്തനുടുപ്പുകളുമിട്ട് തിരിച്ചിറങ്ങി വന്നു.. ഓണക്കോടി..ബിനീതയ്ക്ക് അമ്മയോട് ബഹുമാനം കൂടിക്കൂടി വന്നു. . ഓണമല്ലേ ശാപ്പാടുണ്ടിട്ടു പോകാം അവര്‍ സ്നേഹപൂര്‍വം ക്ഷണിച്ചു.. വേണ്ടെന്നു പറഞ്ഞപ്പോള്‍ നിര്‍ബന്ധിച്ചു.. പിന്നെ അകത്തു പോയി രണ്ടു ഗ്ലാസുകളില്‍ പായസം കൊണ്ടുവന്നു. ഒരിലക്കൂമ്പിളില്‍ കുറച്ച് ഉപ്പേരിയും.. മക്കള്‍ ഓണസദ്യയുണ്ണുന്ന വീഡിയോ സുധീര്‍ പകര്ത്തുമ്പോള്‍ അമ്മയുടെ മുഖത്തെ തിളക്കം ബിനീത നോക്കി നിന്നു.. വഴി വക്കിലെ കൂരയിലെ മറുനാട്ടുകാരന്റെ ഓണം..

ബിനീ ഗംഭീരമായി... റിപ്പോര്‍ട്ട് കണ്ട് ശിവേട്ടന്‍ അഭിനന്ദിച്ചു...ജോലി കഴിഞ്ഞു വീട്ടിലെത്തിയപ്പോഴേക്കും സന്ധ്യയായിരുന്നു. അമ്മ നല്കിയ പായസവും കുടിച്ച് അവള്‍ വാര്ത്ത കണ്ടിരുന്നു.."ജീവിക്കാനായി നാടും വീടും ഉപേക്ഷിച്ച് കേരളത്തില്‍ കഴിയുന്ന മറുനാട്ടൂകാരും വറുതിക്കിടയിലെ പൊന്നോണം ആഹ്ലാദപൂര്‍വം ആഘോഷിക്കുന്നു. ന്യൂസ് റ്റി വി യ്ക്കു വേണ്ടി ബിനീത.." റിപ്പോര്‍ട്ട് അവസാനിച്ചപ്പോള്‍ അവള്‍ ടീ ‌‌വിക്കു മുമ്പില്‍ നിന്നെഴൂന്നേറ്റു. മാവേലി നാടു വാണീടും കാലം .. മാനുഷരെല്ലാരുമൊന്നുപോലെ.. ടി വി യില്‍ ഏതോ പരസ്യത്തിന് അകമ്പടിയായി ഓണപ്പാട്ടിന്റെ ഈരടികള്‍ ഒഴുകുന്നുണ്ടായിരുന്നു...

13 comments:

ശ്രീ said...

കൊള്ളാം മാഷേ,

ഓണാശംസകള്‍!

പാവപ്പെട്ടവൻ said...

ഓണാശംസകള്‍!

മീര അനിരുദ്ധൻ said...

കൊള്ളാല്ലോ രൺജിത്ത്.ഓണാശംസകൾ

Typist | എഴുത്തുകാരി said...

പുതുമയുള്ള കഥ.

ഓണാശംസകള്‍.

അരുണ്‍ കരിമുട്ടം said...

കൊള്ളാം
ഓണാശംസ :-)

ramanika said...

nannayi.

രഘുനാഥന്‍ said...

നല്ല കഥ

jayanEvoor said...

വ്യത്യസ്തമായി ചിന്തിച്ചല്ലോ!

മെലോഡ്രാമ ഒഴിവാക്കിയല്ലോ!

മിടുക്കന്‍!

ഓണശംസകള്‍!!

താരകൻ said...

കഥ ഇഷ്ടപെട്ടു.വ്യത്യസ്തമായി അവതരിപ്പിച്ചിരിക്കുന്നു.

ബിനോയ്//HariNav said...

ഓണാശംസകള്‍ :)

രഞ്ജിത് വിശ്വം I ranji said...

വന്ന് അനുഗ്രഹിച്ച എല്ലാവര്‍ക്കും നന്ദി

sivan pillai said...

വഴി വാക്കിലെ കൂരയിലെ മരുനട്ടുകാരന്റെ ഓണം ............... പുതുമ തുളുമ്പുന്ന കഥാ .

രജിത്ത് രവി said...

ഒന്നോര്‍ത്താല്‍ ശരിയാണ് വക്കീല്‍ജി നമ്മള്‍ ചിലരെല്ലാം ഇങ്ങനെ എല്ലാ ആഘോഷവും കൂടുമ്പോഴും ചിലര്‍ക്കൊക്കെ അതിന് കഴിയുന്നുണ്ടാവില്ലെന്നുള്ള സത്യം.

പോലീസുകാര്‍ ഇതേ പോലെ ന്യൂസ് ക്രൂ പിന്നെയും കുറേപ്പേര്‍

പിന്നെ വേറിട്ട ഓണക്കാഴ്ച കൊള്ളാം......