Sunday, March 27, 2011

അമിട്ട് ബ്രദേഴ്സ് - തിരക്കഥ

രംഗം 1
കേരളത്തിലെ ഒരു ഉൾനാടൻ ഗ്രാമത്തിലെ സാധാരണ വീട്ടിലേക്ക് ക്യാമറ അന്തോം കുന്തോം ഇല്ലാതെ പാഞ്ഞു കയറുന്നു.. പശ്ചാത്തലത്തിൽ ടെലിഫോൺ ബെല്ലിന്റെ ശബ്ദം..ഹലോ.. വക്കീലല്ലേ.. ഇത് ഞാനാണ് വക്രദൃഷ്ടി ധനേഷ്.. അമിട്ട് മീറ്റിനു പോകുന്നില്ലേ...

അയ്യോ.. അമിട്ടോ...ബോബ് പൊട്ടിയെന്നോ.. എവിടെ.. അമ്മേ..
കട്ടിലിൽ നിന്നും പുതപ്പുമുടുത്ത്.. ഇറങ്ങിയോടുന്ന ആളിലേക്ക് ക്യാമറ സൂം ചെയ്യുന്നു..  ഫോണിൽ അമിട്ടെന്നു കേട്ടപ്പോൾ താൻ ബഹ്റൈനിലാണെന്നും ആരോ ബോംബ് ഇട്ടതാണെന്നും വിചാരിച്ച് കിടക്കപ്പായയിൽ നിന്നും ചാടി ഓടിയ വക്കീലിന്റെ പുറകേ പായുന്ന ക്യാമറ..ബോബ് ഷെൽറ്റർ ആണെന്നു കരുതി അടുക്കളയിലെ  അടുപ്പിന്റെ ചുവട്ടിൽ ഒളിച്ച  വക്കീലിന്റെ പേടിച്ച മുഖത്തിന്റെ ക്ലോസപ്പ് ഷോട്ട്..

രംഗം 2
കൊച്ചിയെ ലക്ഷ്യമാക്കി നീങ്ങുന്ന കാറിൽ സുഖനിദ്രയിലായിരുന്ന ധനേഷ് പെട്ടെന്നു കണ്ണു തുറന്ന് മണം പിടിച്ചു കൊണ്ട്  ..കൊച്ചിയെത്തീ..  എന്നു പറയുന്നു.. വണ്ടി നേരെ പാർക്കിങ്ങ് ഏരിയായിലേക്ക്..  ക്രെയിനിന്റെ മുകളിൽ വെച്ചു കെട്ടിയ ക്യാമറ ഗൂഗിൾ എർത്തിന്റെ സൂം ഔട്ട് മോഡിനെ അനുസ്മരിപ്പിക്കും വിധം മുകളിലേക്കു പോകുന്നു.. മറൈൻ ഡ്രൈവിന്റെ  ആകാശദൃശ്യം... ആകാശത്തു നിന്നും താഴോട്ടു പോരുന്ന ക്യാമറയുടെ മുന്നിൽ ഇപ്പോൾ തെളിയുന്നത് ഒരു നോക്കിയാ എൻ 8 ഫോണാണ്.. ഫോൺ കയ്യിൽ പിടിച്ച് മറൈൻ ഡ്രൈവിലോടെ അങോട്ടും ഇങോട്ടും പാഞ്ഞു നടക്കുന്ന സുമുഖനായ ചെറുപ്പക്കാരനിലേക്ക് ക്യാമറ സൂം ചെയ്യുന്നു..ബായ്ക്ക്ഗ്രൗണ്ടിൽ അമിട്ട് പൊട്ടുന്ന ശബ്ദത്തിന്റെ സ്പെഷ്യൽ ഇഫക്റ്റ്സ്.. ക്യാമറയിൽ നിന്നും ഫോക്കസ് ആളുടെ മുഖത്തേക്ക് മാറുന്നു.. അമിട്ട് സി എ ഒ... എന്തോ മല മറിക്കുന്ന ടെൻഷൻ അദ്ദേഹത്തിന്റെ മുഖത്ത് വാരിത്തേച്ചിട്ടുണ്ട്.  ഇടയ്ക്കിടയ്ക്ക്  മൊബൈൽ എടുത്ത് ആരെയൊക്കെയോ വിളിച്ച്  എന്തൊക്കെയോ പറയുന്നുണ്ട്.. കാലത്ത് 8 മണിക്കെത്തുമെന്നു അറിയിച്ചിരുന്ന പലരേയും  9 മണിയായപ്പോൾ കിടക്കപ്പായയിൽ നിന്നും ഫോൺ വിളിച്ച് ഉണർത്തിയെങ്കിലും അവരിൽ പലരും എണീറ്റ് മൂത്രമൊഴിച്ചിട്ട് വീണ്ടും കിടന്നുറങ്ങിയതിനാൽ 10 മണിയായിട്ടും മീറ്റ് ഏരിയാ ഷെമീലിന്റെ ട്വീറ്റ് ഇല്ലാത്ത ടൈം ലൈൻ പോലെ യാതൊരു അനക്കവുമില്ലാതെ കിടക്കുകയാണ്.

രംഗം 3
എറണാകുളം റൈയിൽ വേ സ്റ്റേഷൻ.. "ന്യൂ ഡെൽഹിയിൽ നിന്നും തിരുവനതപുരം വരെ പോകുന്ന 6678 നമ്പർ കേരളാ എക്സ്പ്രസ് രണ്ടാമത്തെ പ്ലാറ്റ്ഫോമിൽ നിൽക്കുന്നു" എന്ന അനൗൺസ്മെന്റ് പശ്ചാത്തലത്തിൽ.. ലേഡീസ് കമ്പാർട്ട്മെന്റിന്റെ മുമ്പിലേക്ക് ക്യാമറ നീങ്ങൂന്നു.. ലേഡീസ് കമ്പാർട്ട്മെന്റിനുള്ളിൽ നിന്നും പുറത്തിറങ്ങുന്ന സ്ത്രീകൾക്കിടയിലൂടെ "എച്ചൂസ് മീ ലേഡീസ്" എന്നു പറഞ്ഞ് പഞ്ചാരചിരിയുമായി പുറത്തേക്കിറങ്ങുന്ന യുവാവ്.. ലേഡീസ് കമ്പാർട്ട്മെന്റിൽ നിന്നും സ്ത്രീകൾ ആശ്വാസത്തോടെ നെടുവീർപ്പിടുന്നതിന്റെ വിവിധ ദൃശ്യങ്ങൾ ഈ ഷോട്ടിനോടൊപ്പം മിക്സ് ചെയ്തു കാണിക്കുന്നു..  ക്യാമറ റെയിൽ വേസ്റ്റേഷനു പുറത്തെ ദൃശ്യങ്ങളിലേക്ക്..  ട്രെയിനിലെത്തിയ യുവാവ് ഇപ്പൊൾ സ്റ്റേഷനു പുറത്തേ വനിതാ ഓട്ടോ ഡ്രൈവറുമായി  സൗഹൃദ സംഭാഷണത്തിലാണ്. നിന്റെ പേര് കുര്യൻ ന്നാണെങ്കിലും കുഞ്ഞാലിക്കുട്ടി എന്നാണെങ്കിലും കാശ് കൃത്യമായി തന്നാൽ മറൈൻ ഡ്രൈവിൽ കൊണ്ടെത്തിക്കാം അല്ലാതെ കിന്നാരോം പറഞ്ഞോണ്ട് വന്നാൽ എന്റെ സ്വഭാവം മാറും..ഓട്ടോക്കാരിയുടെ ഡയലോഗിനു റിപ്ലെ ആയി സ്മൈലി മാത്രം അടിച്ച് കുര്യൻ ഓട്ടോയിലേക്ക് കയറുന്നതിന്റെ ദൃശ്യം.

രംഗം 4
മറൈൻ ഡ്രൈവിന്റെ വാക്ക് വേയുടെ സമീപ ദൃശ്യം. വെളുത്ത ടീ ഷർട്ടുമിട്ട് ജയിൽ പുള്ളികളേപ്പോലെ കൂട്ടം കൂടിനിൽക്കുന്ന ചെറുപ്പാക്കാരിലേക്ക് ക്യാമറ സൂം ചെയ്യുന്നു.പല തരക്കാരായവർ. പല സംസാര ശൈലികളുള്ളവർ മൊത്തത്തിൽ കേരളത്തിന്റെ ഒരു ക്രോസ് സെക്ഷൻ എന്നു പറയാവുന്ന ഒരു കൂട്ടം..പെട്ടെന്നു ക്യാമറ സ്ക്രീനിനു മുമ്പിൽ ഒരു വെള്ള മതിൽ.. സൂം ബായ്ക്ക് ചെയ്യുന്ന ക്യാമറയ്ക്കു മുമ്പിൽ ഒരു ഭീമാകാരരൂപം... അമിതവണ്ണമുള്ള ഇയാൾക്ക് ചുറ്റും  കൂടിനിൽക്കുന്ന ബാക്കി സംഘാംഗങ്ങളെ കണ്ടാൽ ചക്കപ്പഴത്തിൽ ഈച്ചകൾ പൊതിഞതു പോലെ തോന്നും . തുടർന്ന് വിദൂരത്തിൽ കാണുന്ന ഗോശ്രീ പാലത്തിലേക്ക് പോകുന്ന ക്യാമറ.. പാലത്തിൽ കൂടി പാഞ്ഞു വരുന്ന  ബൈക്കിൽ ഇപ്പോ തുന്നൽ പൊട്ടും എന്ന കണക്കിനുള്ള ബനിയനുമിട്ട് ഒരു യുവാവ്.... ക്ലോസപ്പ് ഷോട്ടിലേക്ക് മാറുമ്പോൾ യുവാവിന്റെ മുഖം വ്യക്തമാകുന്നു.. വിനു ഫ്രം വാരാപ്പുഴ..   ബൈക്ക് പാർക്ക് ചെയ്ത ശേഷം അയാൾ തിരക്കു പിടിച്ച്  ഹൈക്കോർട്ട് ജംഗ്ഷനിൽ വർക്ക്ഷോപ്പ് നടത്തുന്ന ആന്റപ്പൻ ചേട്ടന്റെ കട ലക്ഷ്യമാക്കി നടക്കുന്നു.  അവിടുള്ള വണ്ടികളുടെ ബ്രേക്ക് സെറ്റ് ചെയ്ത ശേഷം മറൈൻ ഡ്രൈവിലേക്ക് ഓടുന്ന വിനുവിന്റെ ബാക്ക് ഷോട്ടിൽ നിന്നും ക്യാമറ നേരെ അമിട്ട് മീറ്റ് വേദിയിലേക്ക് കട്ട് ചെയ്യുന്നു.

രംഗം 5
വേമ്പനാട്ട് കായലിലെ ചെളിയിൽ  ഫോക്കസ് ചെയ്ത ക്യാമറ പതിയെ അമിട്ട് അംഗങളുടെ ചെളിയിലേക്ക് തിരിയുന്നു.. ചെളിയടിക്കുന്നതിനൊപ്പം വിവിധ തരത്തിലുള്ള ക്യാമറകളിൽ സ്വന്തം ചിത്രങ്ങൾ പകർത്തി അളിയാ കിടിലം.. കൊല എന്നൊക്കെ പറഞ്ഞ് ആസ്വദിക്കുന്നവർ. പരസ്പരം പരിചയം പുതുക്കുന്നതിന്റെ ദൃശ്യങ്ങൾ. പെട്ടെന്ന് അയ്യോ റെക്കൊക്സ് വരുന്നേ രക്ഷിക്കണേ എന്നൊരു നിലവിളീ.. അമിട്ടന്മാരെല്ലാവരും ഭീതിയോടെ വാക്ക്വേയിലേക്ക് നോക്കുന്നു..ബാബു ആന്റണിക്ക് ഭീമൻ രഘുവിൽ ഉണ്ടാായതുപോലെ ഒരു അജാനബാഹു നടന്നു വരുന്ന ദൃശ്യം സ്ലോമോഷനിൽ.. അടുത്തു വന്ന് എല്ലാവരെയും ഒന്നു കനപ്പിച്ച് നോക്കിയതിനു ശേഷം.. കിളി ചിലയ്ക്കുന്ന ശബ്ദത്തിൽ അളിയന്മാരെ നിങ്ങളെ കാണാതെ ഞാൻ പേടിച്ചു നടക്കുവാരുന്നു എന്നു പരിഭ്രമത്തോടെ പറയുന്ന റെക്കോക്സ്.. ചുറ്റും കൂടി നിന്നവരുടെ മുഖത്തെ "അയ്യേ" എന്ന ഭാവം ക്ലോസപ്പ് ഷോട്ടിൽ.

രംഗം 6
വൺസ് അപ്പോൺ എ ടൈം കണ്ടിട്ടുണ്ടോ.. നിങുവ്വാ ചുങുവായുടെ  മ്യാവാത്യൂമാ ഞാനിനലെ കണ്ടു.. ഹോ കിടിലം പടം..  പൂവൻ കോഴിയുടെ  വാലുപോലെ മുടിയുള്ള ഒരു ചെറുപ്പക്കാരൻ അന്താരാഷ്ട്ര സിനിമകളെക്കുറിച്ച് ക്ലാസ് എടുക്കുന്ന രംഗം.ജൈ തെ വാന്റെയും സാ ജെ ജാന്റെയും ആരാധകരായ മറ്റ് അമിട്ടന്മാർ വായിൽകൊള്ളാത്ത സിനിമാ പേരുകൾ കേട്ട് മാജിക് മഷ്രൂം അടിച്ച കിത്തൂസിനേപ്പോലെ തലകറങ്ങിയിരിക്കുന്നു. മറൈൻ ഡ്രവിന്റെ മുൻഭാഗത്തേക്ക് ക്യാമറതിരിയുന്നു... ജി സി ഡി എ യ്ക്ക് മുമ്പിലെ ജനക്കൂട്ടത്തിലേക്ക് ക്യാമറ സൂം ചെയ്യുന്നു.. ആൾക്കൂട്ടത്തിനു നടുവിൽ കഷ്ടിച്ച് 8 വയസ്സു പ്രായം തോന്നുന്ന  ഒരു ചെറിയ പയ്യൻ പരിഭ്രമിച്ചു നിൽക്കുന്നു. ചുറ്റും കൂടി നിൽക്കുന്ന ആളുകളോട് അവൻ തമിഴിൽ എന്തൊക്കെയോ പറയുന്നുണ്ട്.തന്റെ ഇരട്ടി വലിപ്പമുള്ള ബാഗും തൂക്കി ചെന്നൈയിൽ നിന്നും വന്നിറങ്ങിയ പയ്യൻ  സ്കൂളിൽ പോകുന്ന വഴി ഒളിച്ചോടിയതാണെന്ന സംശയത്തെ തുടർന്നാണ് നാട്ടുകാർ പിടിച്ചു വെച്ചിരിക്കുന്നത്.താൻ ചെന്നൈ സൈദാപ്പേട്ടിലെ വാസുദേവാ ഹോട്ടലിലെ മേയർ ആണെന്നൊക്കെ പയ്യൻ പറയുന്നുണ്ടെങ്കിലും ആൾക്കാർ സമ്മതിക്കുന്നില്ല.

രംഗം 7
അമിട്ടന്മാർ എല്ലാം ബോട്ടിലേക്ക് ചാടിക്കയറുന്നു.. അപ്പോൾ ക്യാമറയും കൂടെ ച്ചാടുന്നു. ബോട്ടിന്റെ മുകൾ നിലയിൽ ലൈഫ് ജാക്കറ്റൊക്കെ ഇട്ട്  ഇല്ലാത്ത ധൈര്യം ഉണ്ടെന്നു വരുത്തി മസ്സിലു പിടിച്ചിരിക്കുന്ന അമിട്ടന്മാരുടേ ആകാശത്തുനിന്നുള്ള വൈഡ് ആങ്കിൾ ഷോട്ട്.. ബോട്ട് യാത്ര പുരോഗമിക്കുന്നതിന്റെ വിവിധ ദൃശ്യങ്ങൾ. കൊച്ചിക്കായലിലെ ഒരു മറവിൽ നിന്നും ബോട്ടിനു നേരെ ഒരു കോസ്റ്റ് ഗാർഡ് ബോട്ട് പാഞ്ഞു വരുന്നു. ബോട്ടുകാരോട് കയർക്കുന്ന കോസ്റ്റ്ഗാർഡുകാരുടേയും പേടിച്ചു വിറച്ചിരിക്കുന്ന അമിട്ടന്മാരുടേയും ക്ലോസപ് ഷോട്ടുകൾ.  നിരോധിത മേഖലയിൽ പ്രവേശിച്ച ബോട്ടിനോട്.. ഭാഗോ എന്നു പറഞ്ഞ് കോസ്റ്റ്ഗാർഡ് മടങ്ങിയതും..  ബോട്ടിന്റെ മുകൾ നിലയിൽ നിന്നും എഴുന്നേറ്റോടാൻ ശ്രമിക്കുന്ന കുര്യൻ.. ഇൻഡ്യാ ഗേറ്റ്, പാലികാ ബസാർ, ഓൾഡ് ഡെൽഹി ഏരിയാ തുടങ്ങിയ ഡൽഹിയിലെ നാലുപേർ കൂടുന്ന സ്ഥലങ്ങളിൽ എവിടെ എത്തിയാലും കുര്യൻ സ്ഥിരമായി കേൾക്കുന്ന വാക്കാണത്രേ ഭാഗോ.. ആദ്യ രണ്ടുമൂന്നു തവണ ഭാഗോ എന്നു കേട്ട് എന്താണ് എന്നു മനസ്സിലാകാതെ ചിരിച്ചു കൊണ്ടു നിന്നപ്പോൾ ഉണ്ടായ അനുഭവം മനസ്സിലുള്ളത്കൊണ്ട് ഇപ്പോൾ ഭാഗോയുടെ ഭാ കേട്ടാലുടൻ തന്നെ ഓടുകയാണ് പതിവെന്ന് വികാരാധീനനായി വിശദീകരിക്കുന്ന കുര്യന്റെ വിവിധ ദൃശ്യങ്ങൾ.കർണ്ണാടകത്തിൽ ആദ്യം അടി കഴിഞ്ഞിട്ടാണ് "ഓടി ബേയ്ക്കൂ" എന്നു പറയുന്നതെന്ന് വിവരിക്കുന്ന പോഞ്ഞിക്കര.

രംഗം 8
ബാംഗ്ലൂരിലെ ഒരു റെസിഡൻഷ്യൽ ഏരിയാ.. ഫ്ലാറ്റിന്റെ ഉള്ളിലെ ദൃശ്യം.. കള്ളിത്തോർത്തും ഉടുത്ത് കഴുത്തിൽ ടൈയ്യും കെട്ടിയ ഒരു യുവാവ്  ഫ്ലാറ്റിന്റെ അടുക്കളയിലൂടെ തിരക്കിട്ട് നടക്കുന്ന ദൃശ്യം.  അടുക്കളയിലെ വാഷ്ബേസിനിലിരിക്കുന്ന  കഴുകാനുള്ള പാത്ര കൂമ്പാരത്തിന്റെ   ദൃശ്യം.പാത്രം കഴുകുന്നതിനിടയിൽ അദ്ദേഹം ആരെയോ പേടിയോടെ നോക്കുന്നുണ്ട്.  ഇടയ്ക്കിടെ വരുന്ന ഫോൺകോളുകൾ അദ്ദേഹത്തെ നിരാശനാക്കുന്നുണ്ട്.ഓഫീസിൽ തിരക്കായിപ്പോയെടാ ഇന്നൊരു കെട്ടു പാത്രം .. സോറി പ്രോജക്റ്റ്  റിലീസ് ചെയ്യാനുണ്ട് എന്നു ഫോണിൽ പറഞു ദീർഘ നിശ്വാസം ഉതിർക്കുന്ന ഷോട്ട്.   തിരക്കിട്ട് പാത്രം കഴുകിയതിനു ശേഷം കള്ളിത്തോർത്തു മാറ്റി പാന്റിടാൻ മുറിയിലേക്കോടിയ യുവാവ്  കഴുകാനുള്ള തുണികളുടെ കൂമ്പാരം മുന്നിൽ കണ്ട് നിരാശയോടെ ടൈ അഴിച്ചിട്ട് തുണികളെടുത്ത് വാഷിങ് മെഷീനു സമീപത്തേക്ക് നടക്കുന്ന ദൃശ്യം.. തുണി കഴുകുന്നതിനിടയിലും യുവാവ് ചിന്താമഗ്നനാണ്. ഇടയ്ക്കിടെ മുറിയിലേക്കോടി കമ്പ്യൂട്ടറിൽ ട്വിറ്റർ എടുത്ത് എന്തൊക്കെയോ ട്വീറ്റ് ചെയ്യുന്നു..എല്ലാ ട്വീറ്റിന്റെയും അവസാനം "ഹൈ ഐക്യു" എന്നു ചേർക്കാൻ അയാൾ മറക്കുന്നില്ല.

രംഗം 9
കൊച്ചിയിലെ ഒരു ഹോട്ടലിന്റെ മുൻ വശം.. തീറ്റയെടുപ്പ് കഴിഞ്ഞ് അവശരായി പുറത്തേക്കിറങുന്ന അമിട്ടന്മാർ. വിവിധ വാഹങ്ങളിൽ കയറി എല്ലാവരും യാത്രയ്ക്ക് തയ്യാറാകുന്നു.. കൊച്ചി നഗരത്തിലൂടെ കുതിക്കുന്ന അമിട്ട് വാഹനങ്ങളുടെ വിവിധ ദൃശ്യങ്ങൾ. ബൈപാസിലെ വിജനമായൊരിടം.. . മുമ്പിൽ പോയ ഒരു പെട്ടി ഓട്ടോറിക്ഷയിൽ നിന്നും തെറിച്ചു വീണ ആപ്പിൾ എടുക്കുവാനായി റോഡിനു നടുവിലേക്കോടുന്ന ഒരു നാടോടി ബാലിക. ഇരുഭാഗത്തു നിന്നും വാഹനങ്ങൾ ചീറിപ്പാഞ്ഞു വരുന്നു.. എന്തും സംഭവിക്കാവുന്ന രംഗം. പെട്ടെന്ന് ഒരാൾ ഓടിയെത്തി ബാലികയെ റോഡരികിലേക്ക് തട്ടി മാറ്റുന്നു.. എന്നിട്ട് റോഡിൽ കിടന്ന ആപ്പിളുമെടുത്ത് റോഡരികിലേക്ക് തലകുത്തി മറിഞ്ഞ് സുരക്ഷിതനായി ലാന്റ് ചെയ്യുന്നു. ആപ്പിളിനായി കരയുന്ന കൊച്ചിനു കൊടുക്കാതെ അത് കിട്ടിയപാടെ ആക്രാന്തത്തോടെ കടിച്ചു തിന്നുന്ന ആളുടെ മുഖത്തേക്ക് ക്യാമറ സ്ലോ മോഷനിൽ സൂം ചെയ്യുന്നു.. ഇവിടെ വെച്ചാണ് നായകൻ രംഗപ്രവേശം ചെയ്യുന്നത്.. സൂപ്പർസ്റ്റാർ ഷാജിൻ... നായകൻ അമിട്ട് വാഹനത്ത്നുള്ളിലേക്ക് സ്ലോമോഷനിൽ കയറുന്നതിന്റെ ദൃശ്യങ്ങൾ..

രംഗം 10
ചേറായി കടാപ്പുറത്ത് അർമാദിക്കുന്ന അമിട്ടന്മാരുടെ വിവിധ ആങ്കിളിൽ നിന്നുള്ള ഷോട്ടുകൾ. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള വിവിധ പ്രദേശങ്ങളിൽ നിന്നും ട്വിറ്ററിലൂടെ സൗഹൃദലോകത്തെത്തിയ ഒരു പറ്റം യുവാക്കളുടെ സൗഹ്രുദത്തിന്റെ ആഴം വ്യക്തമാക്കുന്ന വിവിധ ദൃശ്യങ്ങൾ.കടലിലേക്ക് ചായുന്ന സൂര്യനിൽ നിന്നും തുടങ്ങുന്ന ഷോട്ട് ചെന്നു നിൽക്കുന്നത് അസ്തമന ഫോട്ടോ എടുക്കൻ എന്ന വ്യാജേന കടലിലെ കുളിസീൻ പടം പിടിക്കുന്ന കുര്യന്റെ ക്യാമറയുടെ ലെൻസിൽ. മീറ്റിന്റെ വരവ് ചെലവ് കണക്കുകൾ കൂട്ടാൻ സ്വന്തമായി ഉണ്ടാക്കിയ സോഫ്റ്റ് വെയർ ചതിച്ചതിനാൽ കയ്യിൽ നിന്നും കാശുപോയ സി ഇ ഒയുടെ ദീനരോദനത്തിലേക്ക് ക്യാമറ തിരിയുന്നു. പൈസയുടെ കാര്യമൊക്കെ ഇങ്ങിനെയാ ഇന്നു പോകും നാളെയും പോകും എന്നു പറഞ്ഞ് ആശ്വസിപ്പിക്കുന്ന സഹ അമിട്ടന്മാർ.

രംഗം 11
ഒബ്രോൺ മാൾ.. മൊബൈലിന്റെ പ്രൊമോഷനുവേണ്ടി ഡയലോഗ് വിടുന്ന പെൺകൊച്ചിനെ ഇടവും വലവും തിരിയാൻ സമ്മതിക്കാതെ അമിട്ടന്മാരുടെ കൂട്ടം.പെണ്ണു കെട്ടിയ സി ഇ ഒ യും പെണ്ണു കിട്ടാത്ത സൂപ്പർ സ്റ്റാറുമൊക്കെ പെൺകൊച്ചിന്റെ ഡയലോഗിനു മറുകോഡെഴുതുന്നതിന്റെ വിവിധ ദൃശ്യങ്ങൾ. അമിട്ടോ ഇതെന്തൊരു കുന്തം എന്ന മട്ടിൽ സംഭവം വീക്ഷിക്കുന്ന ഒബ്രോൺ മാളിലെ ജനസഞ്ചയത്തിന്റെ വൈഡ് ആങ്കിൾ ഷോട്ട്.പിന്നെ യാത്ര പറഞു പിരിയുന്നതിനുള്ള സമയം.... ചിരിച്ചും കളിച്ചും മറ്റെല്ലാം മറന്നും അടിച്ചുപൊളിച്ച ഒരു ദിവസത്തിന്റെ അവസാനം വീണ്ടും ജോലിയുടേയും  ജീവിതത്തിന്റെയും ലോകത്തേക്ക് മടങ്ങുന്ന അമിട്ട് അംഗങ്ങൾ..... മുമ്പൊരിക്കലും കണ്ടിട്ടില്ലാത്തവർ തമ്മിൽ വർഷങ്ങളുടെ ഹ്രുദയബന്ധം ഉണ്ടാക്കുന്ന ഈ മാന്ത്രിക വിദ്യ അമിട്ടിനു മാത്രം സ്വന്തമെണെന്നു തെളിയിക്കുന്ന വികാര നിർഭരമായ വിടപറയൽ രംഗങ്ങൾ..... കൊച്ചി നഗരത്തിന്റെ വാഹനത്തിരക്കിലേക്ക് ഊളയിടുന്ന അമിട്ട് വാഹനങ്ങളുടെ ദൃശ്യത്തിൽ ഷോട്ട് ഫ്രീസ് ചെയ്യുന്നു.... പശ്ചാത്തലത്തിൽ ഐഡിയാ സ്റ്റാർ സിങ്ങറിലെ എലിമിനേഷൻ റൗണ്ടിൽ പാടുന്ന ആ വിരഹ ഗാനത്തിന്റെ ശീലുകൾ.. " വിട പറയുകയാണോ ചിരിയുടെ വെൺ പ്രാവുകൾ".........

26 comments:

രഞ്ജിത് വിശ്വം I ranji said...

കൊച്ചി അമിട്ട് മീറ്റിനെക്കുറിച്ച്.. അമിട്ടെന്നാൽ അസോസിയേഷൻ ഓഫ് മലയാളം ഇടിവെട്ട് ട്വീറ്റേഴ്സ്...

Anonymous said...

അജിക്ക തകര്‍ത്തേ !!!

Rakesh R (വേദവ്യാസൻ) said...

വക്കീലേ തകര്‍ത്തു :)

അമിട്ടിനെ അറിയാന്‍ ദേ ദിവടെ ക്ളിക്കൂ

ശ്രീ said...

:)

ചെലക്കാണ്ട് പോടാ said...

ഓഫീസിൽ തിരക്കായിപ്പോയെടാ ഇന്നൊരു കെട്ടു പാത്രം .. സോറി പ്രോജക്റ്റ് റിലീസ് ചെയ്യാനുണ്ട്

സത്യം ഒരു ദിവസം പോയത് അറിഞ്ഞില്ല

SREEKANTH K S said...

ദില്ലിയിലെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ സംസാരിക്കുന്ന . 'തമിള്‍ ഹിന്ദി ' ആണ് അവര്‍ പറയുന്നേ .
അതാ എനിക്ക് മനസിലാവത്തെ #കോസ്റ്റ് ഗാര്‍ഡ് ഉം ഹിന്ദിയും പിന്നെ കുര്യനും .

വിഷ്ണു | Vishnu said...

വക്കീലേട്ടാ ചിരിച്ചു തകര്‍ത്തു.... 'അമിട്ടന്മാർ എല്ലാം ബോട്ടിലേക്ക് ചാടിക്കയറുന്നു.. അപ്പോൾ ക്യാമറയും കൂടെ ച്ചാടുന്നു' 'ഭാഗോ...ഭാഗോ' ;-))

ആവോലിക്കാരന്‍ said...

കുരിയന്‍ കെ സീയുടെ " തമിള്‍ ഹിന്ദി " പ്രയോഗം ചേര്‍ക്കാന്‍ വിട്ടു പോയി.

vinesh pushparjunan said...

ക്കിക്കിക്കി... പൊരിച്ചു.... കിടിലനായി :)

റെപ്പ് said...

നന്നായി സന്തോഷിച്ച ഒരു ദിനം..! #അല്ല ആരുടെ പ്രൊമോഷന്‍ ആണ് ഇവിടെ നടക്കുന്നെ.?? #ഒബെരോണ്‍ മാള്‍ !!

ധനേഷ് said...

മീറ്റ് പോലെ തന്നെ തകര്പ്പന് പോസ്റ്റ്!!!

തമിഴ്ഹിന്ദി, ഓര്ക്കൂട്ട്, നിങ്ങള്ക്കും രക്ഷപ്പെടാം, അങ്ങനെ ഓര്ത്തു ചിരിക്കാന് എത്രയെത്ര സംഭവങ്ങള്!!!
4 മണിക്കൂര് കൊണ്ട് കഴിഞ്ഞു പോയ 8 മണിക്കൂറുകള്!

കിത്തൂസ് said...

രണ്ജിത്തെട്ടാ, തകര്‍ത്തു... :) പറഞ്ഞ പോലെ ഒരു ദിവസം പോയതറിഞ്ഞില്ല...

"കേരളമെങ്ങും (പ്രത്യേകിച്ച് ഒബറോണ്‍ മാളില്‍) സംസാര വിഷയം - അമിട്ട്... അമിട്ട്... അമിട്ട്..."

Vempally|വെമ്പള്ളി said...

ഹമ്മേ വക്കീല് സത്യന്‍ അന്തിക്കാടിന് പഠിക്കുവാണോ - കലക്കി

ShAjiN said...

എന്റമ്മേ.. കുട്ടിയെ രക്ഷിക്കാനാണ് ഞാന്‍ ചാടി വരുന്നെന്നല്ലേ ഞാനാദ്യം വിചാരിചെ... ഇതിപ്പൊ...എനിവേ ആപ്പിളായതു ക്കൊണ്ട് ഞാന്‍ ക്ഷമിച്..വല്ല ഓറഞ്ചൊ മുന്തിരിയോ ആയിരുന്നേല്‍ അവിടെ വന്ന്‍ ഭൊംഭ് പൊട്ടിചേനെ..

KURIAN KC said...

ഹമ്മേ :) ചിരിച്ചു ഒരു വഴിക്കായി :)

Prasanth said...

കൊള്ളാം തകര്‍പ്പന്‍ !!!

രഘുനാഥന്‍ said...

ഹ ഹ ..കലക്കന്‍ ..

Anonymous said...

തകര്‍ത്തു :)
വക്കീല്‍ പണി നിര്‍ത്തി തിരക്കഥ എഴുതാന്‍ പോകുന്നത് തന്നെയാ നല്ലത് :D

ബ്രായോണ്‍ said...

വക്കീല്‍ ആളൊരു കീല്‍ ആണ് :D ഗോള്ളാം :)

ruSeL said...

:)

ruSeL said...

:)

ruSeL said...

:)

ഫാരിസ് said...
This comment has been removed by the author.
Anonymous said...

jobinbasani പറഞ്ഞതു തന്നാ എനിക്കും പറയാനുള്ളത്. ങ്ങള്‍ക്ക് തിരക്കഥയെഴുത്താ കൂടുതല്‍ നന്നാവുക. ഒരൊന്നൊന്നര വീശലുതന്നെ.. ആശംസകള്‍..

krish | കൃഷ് said...

:))

Villagemaan/വില്ലേജ്മാന്‍ said...

:)