Monday, August 31, 2009

നാടന്‍ കഥകള്‍ :: സൈക്കിള്‍ ബാലന്സ്

സ്വന്തമായിട്ടൊരു കിടപ്പാടം എന്ന പിതാശ്രീയുടേയും മാതാശ്രീയുടെയും ആഗ്രഹം പൂര്ത്തീകരിക്കുന്നത് ഞാന്‍ ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ്‍, ഏഴാം ക്ലാസിലെ വാര്ഷികപരീക്ഷയ്ക്കു ശേഷം വിഹാരകേന്ദ്രമായിരുന്ന പാലായോടു ‌വിട പറഞ്ഞ് ഞങ്ങള്‍ അച്ഛന്റെ തറവാടിനടുത്തുള്ള കുരുവിക്കൂട് എന്ന ഗ്രാമത്തിലേക്ക് വണ്ടി കയറി. പാലായിലെ വാടക വീട്ടിലെ ജയിലില്‍ കഴിഞ്ഞിരുന്ന എനിക്കും അനിയത്തിക്കും കുരുവിക്കൂട് ഒരു ആനക്കൂടായി തോന്നി..തെണ്ടി നടക്കാന്‍ ഇഷ്ടം പോലെ സ്ഥലം, കൂട്ടുകാര്‍ ,പുതിയ സ്കൂളിലേക്കുള്ള ബസ് യാത്ര.. അങ്ങിനെ കുരുവിക്കൂട് വാസം വിജയകരമായി തുടങ്ങി. പാലായില്‍ നിന്നും കുമളി, എരുമേലി തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള പ്രധാന പാതയ്ക്കരികിലാണ് വീട്. ശബരിമല സീസണ്‍ ഒക്കെയായാല്‍ എപ്പോഴും തിരക്കുള്ള റോഡ്. അതിനാല്‍ റോഡില്‍ ഇറങ്ങിക്കളിക്കുന്നതിന് വീട്ടില്‍ നിന്നും സ്റ്റേ ഉണ്ടായിരുന്നു എങ്കിലും അച്ഛനും അമ്മയൂം ജോലിക്കു പോകുന്ന നേരങ്ങളില്‍ നിയമം ലംഘിച്ച് ഞങ്ങള്‍ റോഡ് കൈയ്യേറ്റം നടത്തിക്കൊണ്ടിരുന്നു. തൊട്ടടുത്ത കവലയിലെ ചായക്കടയിലും കടത്തിണ്ണകളിലും വെടി പറഞ്ഞിരിക്കുന്ന കുരുവിക്കൂട്ടെ ആസ്ഥാന ക്രമസമാധാനപാലകര്‍ക്ക് ഞങ്ങളുടെ ഈ റോഡ് കൈയ്യേറ്റം അത്ര ഇഷ്ടപ്പെടാതിരിക്കുകയും വൈകിട്ട് അച്ഛന്‍ തിരിച്ചു വരുമ്പോള്‍ "ഡാ വിശ്വാ.. .. പിള്ളേരെ ഒന്നു ശ്രദ്ധിച്ചോണേ റോഡില്‍ നിറയെ വണ്ടിയാ" എന്ന് ആര്‍ക്കും ഒരുചേതവും ഇല്ലാത്ത ഉപദേശം നല്കുകയും അതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട അച്ഛന്‍ മുറ്റത്തെ പേരമരത്തിന്റെ ഇളം കമ്പുകളുടെ ഫോട്ടോസ്റ്റാറ്റ് എന്റെയും അനിയത്തിയുടെയും തുടകളില്‍ പതിപ്പിക്കുക എന്നതും മുടക്കമില്ലാതെ തുടര്ന്നു.

ഏഴാം ക്ലാസുവരെ എന്റെ ഔദ്യോഗിക വാഹനം അച്ഛന്റെ ഓഫീസിലെ വേണുച്ചേട്ടന്റെ യെസ് ഡി ബൈക്കിന്റെ പഴയ ടയറായിരുന്നു. കഴുകി മിനുക്കി സൈഡിലൊക്കെ നിറം തേച്ച് പുത്തന്‍പള്ളിക്കുന്നിലെ റോഡുകളിലൂടെ യെസ്ഡി ടയറുമായി ഞാന്‍ പാഞ്ഞു നടന്നു. കയ്യിലുള്ളത് വെറും ടയറാണെങ്കിലും കൂട്ടുകാര്‍ക്കിടയില്‍ ഞാന്‍ ഒരു യെസ് ഡി ഉടമയെപ്പോലെ വിലസി. കാരണം വെറും സൈക്കിള്‍ ടയറുടമസ്ഥരായിരുന്ന അവര്‍ക്കിടയില്‍ ബൈക്ക് ടയര്‍ സ്വന്തമായി ഉണ്ടായിരുന്ന മുതലാളി ഞാന്‍ മാത്രമായിരുന്നു.

എന്നാല്‍ കുരുവിക്കൂട്ടെത്തിയപ്പോള്‍ കളം മാറി. ഹെര്‍കുലീസിന്റെയും ബി എസ് എയുടെയുമൊക്കെ സൈക്കിളുകളുള്ള കൂട്ടുകാര്‍ക്കിടയില്‍ ഞാന്‍ വെറും മൂന്നാം ലോക രാഷ്ട്രമായി. ഒരു സൈക്കിള്‍ വാങ്ങണമെന്ന പൂതി കലശലായി.. പക്ഷെ അതിനാദ്യം സൈക്കിള്‍ കയറാന്‍ പഠിക്കണമല്ലോ.. . കാര്യം സ്കൂളിലെ അസംബ്ലിക്കും ക്ലാസിലും മുന് നിരയില്‍ സ്ഥാനം ലഭിച്ചിരുന്നുവെങ്കിലും ഈ പൊക്കമില്ലായ്മ ഒരു വലിയ കുറവ് തന്നെയാണ്‍. വെറും ഉണ്ടപ്പക്രുവായിരുന്ന എനിക്കു മുന്‍പില്‍ ഹെര്‍ക്കുലീസും ബി എസ് എയുമൊക്കെ എവറ്സ്റ്റ് കൊടുമുടി പോലെ തലയുയറ്ത്തി നിന്നു. സൈക്കിള്‍ കയറ്റം പഠിക്കണം എന്ന ആവശ്യം വീട്ടിലെ ലോവര്‍ കോടതിയായ അമ്മയ്ക്കു മുമ്പില്‍ സമര്‍പ്പിച്ചു. "പിന്നെ .. നാലിഞ്ച് നീളമുള്ള നീ ഇനി അതേല്‍ കേറി തലേം കുത്തി വീണിട്ടൂ വേണം ബാക്കിയുള്ളോര്‍ക്കു പണിയുണ്ടാക്കാന്‍" എന്ന നിര്‍ദാഷിണ്യമായ വിധി പ്രഖ്യാപനത്തോടെ എന്റെ ഹര്‍ജി ലോവര്‍ കോടതി തള്ളിയപ്പോള്‍ അപ്പീലു പോകാതെ നിവ്രുത്തിയില്ലാതായി. തെറ്റു പറയരുതല്ലോ സ്വാശ്രയ കേസിലെ വിധി പോലെ അച്ഛന്റെ ഹൈക്കോടതിയും പാവപ്പെട്ടവര്‍ക്കെതിരെ തിരിഞ്ഞപ്പോള്‍ പ്രത്യക്ഷ സമരപരിപാടികളില്ലാതെ നീതി കിട്ടില്ലെന്നുറപ്പായി.. ആദ്യ പടിയായി നിരാഹാരം ആലോചിച്ചെങ്കിലും അതില്‍ ഭക്ഷണം കഴിക്കാന്‍ വകുപ്പില്ലാത്തതിനാല്‍ നിസ്സഹകരണ സമരമാക്കി മാറ്റി.

സമരത്തിന്റെ ഭാഗമായി രാവിലെ അയലത്തെ വീട്ടില്‍ പോയി പാലു വാങ്ങി വാടാ എന്ന് സാധാരണഗതിയില്‍ അമ്മ മൂന്നു പ്രാവശ്യംപറഞ്ഞു കഴിഞ്ഞ് "ഈ ചെറുക്കന്‍ എന്റെ കൈയ്യില്‍ നിന്നും മേടിക്കും" എന്ന് നാലാം പ്രാവശ്യം പറയുമ്പോള്‍ മെല്ലെ പോകുമായിരുന്നിടത്ത് നാലും അഞ്ചും പ്രാവശ്യങ്ങള്‍ കൂടി കഴിഞ്ഞ് അമ്മ വടിയുമായി വരുമ്പോള്‍ മുഖം വീര്‍പ്പിച്ച് പാലിനായി പോകുക. അച്ഛനും അമ്മയും കാണ്‍കെ ആര്‍ക്കും മനസ്സിലാകാത്ത വിധത്തില്‍ എന്തെങ്കിലും പൊറുപൊറുത്തു കൊണ്ടു അങ്ങോട്ടും ഇങ്ങോട്ടും നടക്കുക, വീട്ടിലെല്ലാവരും കൂടി എന്തെങ്കിലും സംസാരിച്ചിരിക്കുമ്പോള്‍ ചിന്താമഗ്നനായി വിദൂരതയിലേക്ക് കണ്ണും നട്ട് വെറുതെയിരിക്കുക തുടങ്ങിയ സമരമുറകള്‍ പരീക്ഷിച്ചു. അങ്ങിനെ ഗാന്ധിയന്‍ ത്വത്തങ്ങളില്‍ അടിയുറച്ച സമര മാര്‍ഗങ്ങള്‍ക്കൊടുവില് സൈക്കിള്‍ കയറ്റം പഠിക്കാനുള്ള അനുമതി നേടിയെടുത്തു.

അടുത്ത വീട്ടിലെ അജിച്ചേട്ടനെയാണ് ആശാനായി കിട്ടിയത്. തൊട്ടടുത്ത അവധി ദിവസം രാവിലെ മുതല്‍ പഠനം തുടങ്ങി. ഞാന്‍ സൈക്കിളിലിരിക്കും അജിച്ചേട്ടന്‍ പുറകില്‍ പിടിക്കും. ഒന്നായി രണ്ടായി .... ദിവസങ്ങള്‍ അങ്ങിനെ കടന്നു പോയ്ക്കൊണ്ടിരുന്നു.പഠനത്തില്‍ കാര്യമായ ഒരു പുരോഗതിയുമില്ല. എന്നെ സൈക്കിള്‍ കേറ്റം പഠിപ്പിച്ച് അജിച്ചേട്ടന്‍ സൈക്കിളുകേറ്റം മറന്നു പോകുന്ന സ്ഥിതിയായി. റബറിന്റെ ചിരട്ട മറിച്ചു വെയ്ക്കണമെന്നോ.. ഷീറ്റ് അടിക്കാന്‍ പോകണമെന്നോ ഒക്കെ ഓരോ ന്യായം പറഞ്ഞ് ചേട്ടന്‍ എന്നെ ഒഴിവാക്കി തടിയൂരാന്‍ തുടങ്ങി. അങ്ങിനെ സൈക്കിളുകേറ്റം പഠനം പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടി വരും എന്ന ഘട്ടത്തില്‍ ഞാനൊരു നിര്ണ്ണായക തീരുമാനമെടുത്തു. തനിയെ പഠിക്കുക. അജിച്ചേട്ടന്‍ ഇല്ലാതെ സൈക്കിളീല്‍ തൊട്ടൂ പോകരുതെന്നാണ് വീട്ടില്‍ നിന്നുള്ള ഉത്തരവ്. അതൊക്കെ നോക്കി നിന്നാല്‍ കാര്യം നടക്കുമോ.. അച്ഛനും അമ്മയും ഓഫീസില്‍ പോയ ഒരു അവധി ദിനം ഞാന്‍ നേരെ കവലയ്ക്കു വിട്ടു. സൈക്കിളു കടക്കാരന്‍ ഔസേപ്പ് ചേട്ടന്റെ കടയില്‍ നിന്നും ഒരു സൈക്കിള്‍ വാടകയ്ക്കെടുത്തു. "നീ കേറ്റമൊക്കെ പഠിച്ചോടാ കൊച്ചേ" എന്ന ഔസേപ്പു ചേട്ടന്റെ ചോദ്യത്തിനു ഇയാളിതാരുവ്വാ....അതൊക്കെ എപ്പോഴേ പഠിച്ചു എന്നുത്തരം വരുന്ന ഒരു നോട്ടം നോക്കി സൈക്കിളും തള്ളി നടന്നു.

കവലയില്‍ നിന്നും കാരക്കുളത്തിനുള്ള വഴിയെ വാഹനത്തിരക്കു കുറവാണ്‍... കൂടാതെ കുത്തിറക്കവും. നമ്മള്‍ കയറി ഇരുന്നാല്‍ മതി ഓട്ടം സൈക്കിള്‍ തന്നെ നടത്തിക്കൊള്ളൂം. അതുകൊണ്ട് കാല്‍ പെഡലില്‍ എത്താത്തതിന്റെ പ്രശ്നവുമില്ല. കയറ്റത്തിന്റെ മുകളിലെത്തി റോഡ് സൈഡില്‍ കിടക്കുന്ന മരക്കഷണത്തില്‍ സൈക്കിള്‍ ചാരി വെച്ചു. പിന്നെ മരത്തിന്റെ മുകളില്‍ കയറി അതു വഴി സൈക്കിളിന്റെ മുകളിലെത്തി. ഇനി സ്ഥിതികോര്‍ജം ഗതികോര്‍ജം ആയാല്‍ സംഗതി ഒ ക്കെ.. പതുക്കെ സൈക്കിള്‍ കമ്പിയില്‍ ഇരുന്ന് മരക്കഷണത്തില്‍ ആഞ്ഞു ചവിട്ടി. സൈക്കിള്‍ മുമ്പോട്ടു നീങ്ങി. പാറപ്പുറത്ത് തവളക്കുഞ്ഞിരിക്കുന്നതു പോലെ കണ്ണൂം മിഴിച്ച് ഞാനിരുന്നു. പേടിച്ചതൊന്നും സംഭവിച്ചില്ല.. ഇതാ സൈക്കിള്‍ റോഡിലൂടെ മുന്നോട്ടൂ നീങ്ങുന്നു.. ദൈവമേ എനിക്കു സൈക്കിള്‍ ബാലന്സായി...താഴെക്കു കുത്തിറക്കമാണ്‍.. ബ്രേക്കിലൊക്കെ ആവതു പിടിച്ചെങ്കിലും സൈക്കിളുണ്ടോ പിടി തരുന്നു. സ്ഥിരം ആ വഴി ആരെങ്കിലുമൊക്കെ ഓടിക്കുന്നതു കൊണ്ടാകാം എനിക്കു കണ്ട്രോള്‍ ഇല്ലെങ്കിലും സൈക്കിളിനു വഴി അറിയാമായിരുന്നു. എങ്ങിനെയൊക്കെയോ താഴെയെത്തി. അവിടെയൊരു മൈല് കുറ്റിയില്‍ ചവിട്ടി നിര്ത്തി താഴെയിറങ്ങി.. വീണ്ടും മുകളിലേക്കു തള്ളി.

ഒന്നു രണ്ടു പ്രാവശ്യം ഇത് തുടര്ന്നപ്പോള്‍ ആവേശമായി..ആഹാ ഇതാണോ ഈ പുകള്‍ പെറ്റ സൈക്കിള്‍ ബാലന്സ്.. എനിക്കിതൊക്കെ പുല്ലാ എന്നായി ലൈന്‍.. എന്തിനേറെ ഒരു ബേബി സൈക്കിളു പോലും സ്വന്തമായി ഇല്ലാത്ത ഞാന്‍ യെസ് ഡീ ബൈക്ക് ഓടിക്കുന്നതു വരെ ഭാവനയില്‍ കണ്ടു.

നാലാമത്തെ പ്രാവശ്യം അഭ്യാസം നടത്തിയപ്പോഴാണ് അതു സംഭവിച്ചത്. കാരക്കുളം പള്ളിയിലെ നൊവേന കഴിഞ്ഞ് നാട്ടിലെ ദൈവഭയമുള്ള സത്യക്രിസ്ത്യാനികള്‍ റോഡിലൂടെ വരുന്നുണ്ട്. കൂടെ എന്റെ കൂടെ പഠിക്കുന്ന ജോസ്മിയും റോസ്ലിയുമൊക്കെയുണ്ട്. ഞാന്‍ ആവേശം കൊണ്ടു. മുകളില്‍ നിന്നും സൈക്കിള്‍ താഴേക്കു വരികയാണ്‍. സൈക്കിളിനു മുകളില്‍ കുഞ്ഞെലി പോലെ ഇരിക്കുന്ന എന്നെ കണ്ട് ജോസ്മി ഒന്നു ചിരിച്ചു.. ഞാന്‍ രണ്ടു പ്രാവശ്യം ബെല്ല് അടിച്ച് തിരികെ സ്നേഹം കൈമാറി. ഒരു കൈവിട്ടൂ തലമുടി ഒന്നു കോതി.. അല്ലെങ്കിലും ഈ പെണ്‍പിള്ളേര്‍ എപ്പോഴൊക്കെ ആണുങ്ങളെ നോക്കി ചിരിച്ചിട്ടുണ്ടോ അപ്പോഴൊക്കെ ലോകത്ത് പ്രശ്നങ്ങളുണ്ടായിട്ടുണ്ട്. ജോസ്മിയുടെ കടമിഴിയില്‍ നിന്നും കണ്ണെടുത്ത് റോഡിലേക്കു നോക്കിയ ഞാന്‍ കണ്ടത് റോഡിന്റെ നടുക്കു കൂടി അന്തവും കുന്തവുമില്ലാതെ നടന്നു വരുന്ന ഒരു വല്യമ്മച്ഛിയേയാണ്‍. സകല ശക്തിയും ഉപയോഗിച്ച് ബ്രേക്ക് അമര്ത്തി നോക്കി. നോ രക്ഷ. സൈക്കിളിന്റെ പന്തികെട്ട വരവു കണ്ട് കൂട്ടത്തിലാരോ ദാണ്ടെ സൈക്കിള്‍ എന്നു വിളിച്ചു പറഞ്ഞു. അമ്മച്ചി തലപൊക്കി നേരെ നോക്കി .. എന്റീശോയേ എന്നു വിളിച്ച് ഇടത്തോട്ടു ചാടി.. ഇടതു വശത്തേക്ക് ഹാന് ഡില്‍ തിരിച്ച ഞാന്‍ പെട്ടെന്നു വലത്തേക്കു തിരിച്ചു..ഹോ രക്ഷപെട്ടു എന്ന്‍ മനസ്സിലോര്ത്തു. ദാ അപ്പോള്‍ ഇടത്തേക്കു ചാടിയ അമ്മച്ചി യാതൊരു പ്രകോപനവുമില്ലാതെ വലത്തേക്കൊരു ചാട്ടം. ഞാന്‍ സകല ദൈവങ്ങളേയും വിളിച്ചു . പക്ഷെ ഇപ്പ്രാവശ്യം സൈക്കിളിന് ഉന്നം തെറ്റിയില്ല. അമേരിക്ക അഫ്ഗാനിസ്ഥാനിലേക്കു വിടുന്ന അളില്ലാത്ത വിമാനംപോലെ ലവന്‍ നേരെ ചെന്ന് അമ്മച്ചിയുടെ നെഞ്ചില്‍ ക്രാഷ് ലാന്റ് ചെയ്തു.

പിന്നെ രണ്ട് നിമിഷത്തേക്ക് എന്താണ് സംഭവിച്ചതെന്നു എനിക്കു മനസ്സിലായില്ല.. സമനില വീണ്ടെടുക്കുമ്പോള്‍ ഞാന്‍ സൈക്കിളിന്റെ ഫ്രണ്ട് വീലിന്റെ മുകളീല്‍ രാജകലയില്‍ കിടക്കുകയാണ്‍. അയ്യോ എന്റമ്മച്ചിയേ എന്നൊരു നിലവിളി കേള്‍ക്കുന്നുണ്ട്. തിരിഞ്ഞുനോക്കുമ്പോള്‍ സൈക്കിളിന്റെ ഞാന്‍ കിടക്കുന്ന ഫ്രണ്ട് വീലൊഴിച്ചുള്ള ഭാഗം ആകാശത്തില്‍ പൊങ്ങി നില്ക്കുന്നു. അതിന്റെ അടിയില്‍ നിന്നുമാണ് അമ്മച്ചിയുടെ ദീന രോദനം. വഴിയിലുള്ളവരൊക്കെ ഓടിക്കൂടി അമ്മച്ചിയെ പിടിച്ചെഴുന്നേല്പ്പിച്ചു.ഹരിഹര്‍ നഗര്‍ സിനിമയില്‍ ജഗദീഷിന്റെ കാക്ക തൂറിയ മുഖവുമായി ഞാനും എഴുന്നേറ്റു.എന്നിട്ട് എല്ലാവരേയും നോക്കി ഒരു വളിച്ച ചിരി ചിരിച്ചു. എടാ കുരുപ്പേ എവിടെ നോക്കിയാടാ സൈക്കിളോടിക്കുന്നേ.. അയ്യോ എന്റമ്മച്ചിയേ.. വല്ല്യമ്മച്ചി നിലവിളി തുടരുകയാണ്‍. നീയെ‌വിടുത്തെയാടാ.. വീട്ടില്‍ ചെന്നു പറ ഈ തള്ളേ ആശുപത്രീല്‍ കൊണ്ടുപോകാന്‍. കൂട്ടത്തിലെ പ്രായമായ ഒരു ചേട്ടന്‍ പറഞ്ഞു. എന്റെ സര് വ നാഡികളും തളര്ന്നു. വീട്ടിലെങ്ങാനും ഇതറിഞ്ഞാല്‍.. പോട്ടെടാ അവന്‍ ചെറുതല്ലേ നീ പൊയ്ക്കോടാ കൊച്ചേ.. ദൈവ ദൂതനെപ്പോലെ അപ്പോള്‍ പ്രത്യക്ഷപ്പെട്ട മറ്റൊരു ചേട്ടന്‍. ഞാന്‍ പതുക്കെ സൈക്കിളും തള്ളി തിരിച്ചു നടന്നു. എന്നതേലും പറ്റിയോ .. ചോദ്യം കേട്ട് ഞാന്‍ തലയുയര്ത്തി നോക്കി. ജോസ്മിയും റോസ്ലിയും.. ചിരിയടക്കാന്‍ പാടുപെടുന്നു.. ഞാന്‍ വീണ്ടും ചിരിച്ചു .. ഇളിഞ്ഞ ചിരി.

വൈകിട്ട് അച്ഛന്‍ കവല്യ്ക്കു പോയിട്ട് വന്നപ്പോള്‍ പതിവിലും കൂടിയ ഒരു ഗൌരവം.എന്തിനേറെ പറയുന്നു.. മുറ്റത്തെ പേര മരത്തിന് അന്ന് ഒരു കുഞ്ഞിക്കൊമ്പു കൂടി നഷ്ടപ്പെട്ടു. പാവം മരം.

17 comments:

രഞ്ജിത് വിശ്വം I ranji said...

ഇത് ഒരു പരീക്ഷണമാണ്..ചീറ്റിപ്പോയങ്കില്‍ മടി കൂടാതെ പറയണേ..പിന്നെ ആവര്ത്തിക്കില്ല്ല :)

ramanika said...

ഈ പ്രാവശ്യവും ഉന്നം തെറ്റിട്ടില്ല!
ശരിക്കും ബോധിച്ചു ഈ സൈക്കിള്‍ പഠനം !
ഹാപ്പി ഓണം !

കണ്ണനുണ്ണി said...

അതെ അതെ പരീക്ഷണം, വിജയിക്ക്യ തന്നെ ചെയ്തു... ഇനിം ധൈര്യായി പരീക്ഷിക്കു..
നമുക്കൊരു എഡിസണ്‍ കൂടി ഉണ്ടാവട്ടെ..
സൈക്കിള്‍ പഠന ഓര്‍മ്മകള്‍ നന്നായിട്ടുണ്ട് രഞ്ജിത്ത്..
ഓണാശംസകള്‍

Typist | എഴുത്തുകാരി said...

ഈ വേഷവും നന്നായിട്ടുചേരും. ഇനിയും ധൈര്യമായിട്ടു തുടര്‍ന്നോളൂ.കുരുവിക്കൂട് , നല്ല പേരാണല്ലോ ഗ്രാമത്തിന്റെ. പഴയ ഓര്‍മ്മകള്‍ക്കിപ്പോഴെന്തു മധുരം അല്ലേ?

ശ്രീ said...

ഹ ഹ. എഴുത്ത് മനോഹരം മാഷേ. ആ രംഗങ്ങള്‍ ഭാവനയില്‍ കണ്ടു ചിരിച്ചു. (വീഴ്ച ഓര്‍ത്ത് ചിരിച്ചു എന്ന് പറയുന്നതിലെ ഔചിത്യമില്ലായ്മ അറിയാഞ്ഞിട്ടല്ല)

ഈ വല്യമ്മച്ചിമാരുടെയൊരു കാര്യം... അല്ലേ? അവര്‍ക്ക് അവിടെ തന്നെ നിന്നാല്‍ പോരായിരുന്നോ?

ഓ.ടോ: അങ്ങനെ കൊമ്പൊടിച്ച് ഒടിച്ച് ആ പേര മരം ഇപ്പോള്‍ ഉണ്ടാകുമോ ആവോ. ;)

ഓണാശംസകള്‍...

രാജീവ്‌ .എ . കുറുപ്പ് said...

അല്ലെങ്കിലും ഈ പെണ്‍പിള്ളേര്‍ എപ്പോഴൊക്കെ ആണുങ്ങളെ നോക്കി ചിരിച്ചിട്ടുണ്ടോ അപ്പോഴൊക്കെ ലോകത്ത് പ്രശ്നങ്ങളുണ്ടായിട്ടുണ്ട്

കൊട് മച്ചൂ കൈ, അത് കലക്കി.

ശരിക്കും വിഷ്വല്‍ ആയി ഓരോ സീനും മനസ്സില്‍ വന്നു. ഒപ്പം ഈ ടയര്‍ ഉരുട്ടി നടന്ന കാലവും, ഞങ്ങള്‍ ഒരു പടി കൂടി കടന്നു റിമ്മിലേക്ക് മാറി. അത് വടി കൊണ്ട് തട്ടാതെ നടുക്ക് വടി ബാലന്‍സ് ചെയ്തു ഓടിക്കുന്നവന്‍ അന്ന് പുലിയാ മച്ചൂ.

ചീറ്റി പോയില്ല, പകരം പൊട്ടി വിരിഞ്ഞത് ഒരായിരം നര്‍മ്മ പൂക്കള്‍, ഇനിയും പോരെട്ടെ
(ഇത്രയൊക്കെ പറഞ്ഞില്ലേ, അളിയാ ഒരു ഫുള്‍ പ്ലീസ്)

വിഷ്ണു | Vishnu said...

"മുറ്റത്തെ പേരമരത്തിന്റെ ഇളം കമ്പുകളുടെ ഫോട്ടോസ്റ്റാറ്റ് എന്റെയും അനിയത്തിയുടെയും തുടകളില്‍ പതിപ്പിക്കുക" നല്ല പ്രയോഗം....സൈക്കിള്‍ ബാലന്‍സ് ഇഷ്ടായി ..ഓണാശംസകള്‍

saju john said...

രഞ്ജിത്ത്, നല്ല രസമുണ്ട് വായിക്കാന്‍. പിന്നെ സ്വന്തമായ ഒരു ശൈലിയും.

ഈ സൈക്കിള്‍ ചവിട്ടിനു പറയാന്‍ എന്തൊരും വിശേഷങ്ങള്‍ ആണല്ലേ ഈ ലോകത്തില്‍.

അടുത്തായിട്ടു നമ്മളൊന്ന് കണ്ടില്ലല്ലോ ഇതുവരെ.

പാവപ്പെട്ടവൻ said...

സൈക്കിള്‍ പഠന ഓര്‍മ്മകള്‍ നന്നായിട്ടുണ്ട്

ഓണാശംസകള്‍

ബിനോയ്//HariNav said...

എന്താ സംശയം മാഷേ. തകര്‍ത്തിട്ടുണ്ട് പ്രയോഗങ്ങള്‍. ഉഗ്രന്‍ പോസ്റ്റ് :)

Areekkodan | അരീക്കോടന്‍ said...

ഹ ഹ....നല്ല രസം....എന്റെ സൈക്കിള്‍ പഠനം ഇതാ ഇവിടെ

Seema Menon said...

:)

പാവത്താൻ said...

പാവം പേരമരം...ഹ,ഹ,ഹ
നന്നായിട്ടുണ്ട്....ആശംസകള്‍

മുരളി I Murali Mudra said...

new style is very nice...continue..
onashamsakal..

രഞ്ജിത് വിശ്വം I ranji said...

രമണിക,കണ്ണനുണ്ണി,എഴുത്തുകാരിച്ചേച്ചി,ശ്രീ,
കുറുപ്പ്,വിഷ്ണു,നട്ടപ്പിരാന്തന്‍,
പാവപ്പെട്ടവന്‍, ബിനോയ്,
അരീക്കോടന്‍, സീമ, പാവത്താന്‍,
പ്രവാസി എല്ലാവര്‍്ക്കും നന്ദി.

Sinochan said...

ശ്ശോ, ഇതൊക്കെ വായിക്കാന്‍ താമസിച്ചു പോയല്ലോ. ഇനിയും പോരട്ടെ.....

നിഷാർ ആലാട്ട് said...

മുന്നേറുക
ആശംസകള്‍