Sunday, February 15, 2009

പ്രണയത്തിന്റെ മഴക്കാലം

മഴ പൂര്‍ണമായും പെയ്തു തോര്‍ന്നിരുന്നില്ല...ആകാശത്തുനിന്നും താഴേക്ക് തൂക്കിയിട്ട വെള്ളിനൂലുകള്‍ പോലെ ഇട മുറിയാതെ കുഞ്ഞു മഴ നൂലുകള്‍ .... കുന്നുകള്‍ക്കിടയിലെ ഒറ്റയടി പാതയിലൂടെ അയാള്‍ വെറുതെ നടന്നു.. ആളൊഴിഞ്ഞ പാത... ചുറ്റുമുള്ള പച്ചപ്പിനു നടുവിലൂടെ മണ്ണിന്റെ നിറമുള്ള ഒരു നീണ്ട വരയായി അത് മലയിലേക്ക് കയറിപ്പോകുന്നു. മഴക്കാലത്ത് പ്രകൃതിക്കെന്തു ഭംഗിയാണ്..... പച്ചയുടെ വിവിധ വർണഭേദങ്ങളില്‍ മഴ തുള്ളികളുടെ സ്ഫടിക ഭംഗി ചേര്‍ന്നൊരുക്കുന്ന മനോഹാരിതയ്ക്ക് പകരം വെക്കാന്‍ മറ്റെന്താനുള്ളത്.. ദേശാടനത്തിന്റെ നീണ്ട ജീവിത കാണ്ഡങ്ങളിലോന്നും അതിനെ വെല്ലുന്നതൊന്നും താന്‍ കണ്ടില്ല..
ശാലിനി കൂടെ വരുന്നുവെന്ന് പറഞ്ഞതാണ്.. നാട് കാണാന്‍... ഞാനാണ് വിലക്കിയത് .. മഴയുടെ പേരില്‍ .. കല്യാണം കഴിഞ്ഞിട്ട് വര്‍ഷമേറെയായെങ്കിലും നാട്ടില്‍ വളരെ കുറച്ചേ ഉണ്ടായിരുന്നുള്ളൂ.. ജോലിത്തിരക്കിന്റെ പേരില്‍ വല്ലപ്പോഴുമൊരിക്കല്‍ എത്തി മടങ്ങുന്ന ഒരു ഓട്ട പ്രദക്ഷിണം.. അതിനാല്‍ ശാലിനിക്കെല്ലാം പുതുമയാണ് ഇവിടെ. അല്ലെങ്കിലും പട്ടണത്തിന്റെ നരപ്പില്‍ നിന്നും ഗ്രാമത്തിന്റെ സുന്ദര വർണ്ണങ്ങളിലേക്കുള്ള യാത്ര ആര്‍ക്കാണ് ഇഷ്ട്ടമല്ലാത്തത്. എന്നാല്‍ ഇന്നു അവളെ കൂടെ കൂട്ടാന്‍ തോന്നിയില്ല.... തനിയെ നടക്കണം..തന്റെ ഗ്രാമം ..ഈ വഴിയരികില്‍ തളിര്‍ത്തതും കൊഴിഞ്ഞതുമായ ബാല്യകാല സ്വപ്‌നങ്ങൾ ...അവയ്ക്കിടയിലൂടെ തനിച്ചൊരു സഞ്ചാരം.മഴ ചാറല്‍ നിന്നിരിക്കുന്നു.. കറുത്ത മേഘങ്ങള്‍ക്ക് ഇടയിലൂടെ അസ്തമയ സൂര്യന്റെ ചുവന്ന കിരണങ്ങള്‍ മലമടക്കുകളില്‍ പ്രകാശം പരത്തി... കുറച്ചു കൂടി മുന്നോട്ടു നടന്നാല്‍ അമ്പലമാകും . അമ്പലക്കുളത്തിന്റെ മുന്‍പിലെത്തിയപ്പോള്‍ കുറച്ചു നേരം നിന്നു.... കണ്ണുകള്‍ അവിടെ ആരെയോ തിരയുന്നതായി അയാള്‍ക്ക്‌ തോന്നി... നനഞ്ഞൊട്ടിയ ഉടുപ്പിനു മീതെ തോര്‍ത്ത്‌ പുതച്ചു എണ്ണ വാര്‍ന്നൊഴുകുന്ന മുഖവുമായി അവള്‍ അവിടെ എവിടെയെങ്കിലും കാണുമോ.. ലക്ഷ്മി .. പ്രണയത്തിന്റെ സൌന്ദര്യം എന്തെന്ന് തനിക്ക് മനസ്സിലാക്കി തന്നവള്‍ .. ഇപ്പോള്‍ എവിടെയാണാവോ ....അവസാനമായി കണ്ടതെന്നാണ്... അവളുടെ വിവാഹത്തിന് രണ്ടു നാള്‍ മുന്പ് .. ..കൂട്ടുകാരിയെ പറഞ്ഞു വിട്ടു തന്നെ വിളിപ്പിച്ചതായിരുന്നു .. അമ്പലക്കുളത്തിനു അടുത്തേക്ക് ..സുനിലേട്ടാ.. നമുക്കെവിടെയെങ്കിലും പോകാം .. എവിറെയാണെങ്കിലും ഞാന്‍ കൂടെ വരാം.. പോകാം സുനിലേട്ടാ... നിറഞ്ഞ കണ്ണുകളോടെ അവള്‍ പറഞ്ഞ വാക്കുകള്‍ ഇന്നും കാതില്‍ മുഴങ്ങുന്നുണ്ട്.. പക്ഷെ എങ്ങിനെ പോകാന്‍ ഡിഗ്രി കഴിഞ്ഞു തൊഴിലില്ലാതെ നില്ക്കുന്ന താന്‍ അവളെ എങ്ങോട്ട് കൊണ്ടുപോകാന്‍.. വിവാഹ പ്രായമായ രണ്ടു പെങ്ങന്മാരുടെ മുഖമായിരുന്നു മനസ്സില്‍ വന്നത്. കൂട്ടുകാരിക്കൊപ്പം മടങ്ങുമ്പോള്‍ അവളൊന്നു തിരിഞ്ഞു നോക്കി.. ആ നോട്ടം .. അതോര്‍ക്കാത്ത ഒരു ദിനം പോലും തന്റെ ജീവിതത്തിലുണ്ടായിട്ടില്ല..
വിജനമായ കുളക്കടവിലേക്കയാൾ മെല്ലെയിറങ്ങി.. പടവുകളൊക്കെ പുതുതായി കെട്ടി ഭംഗിയാക്കിയിരിക്കുന്നു. അമ്പല കമ്മിറ്റിക്കാര്‍ പുതുക്കിയതാണത്രേ.. ..അമ്പലം പുതുക്കി പണിയുന്നതിനെ ക്കുറിച്ച് അമ്മ ഫോണ്‍ ചെയ്തപ്പോള്‍ പറഞ്ഞിരുന്നു. തന്നാല്‍ കഴിയുന്ന ഒരു തുക അയച്ചു കൊടുക്കുകയും ചെയ്തു. മാങ്ങാട്ട് കാവ് ഭഗവതിയെ മറക്കാനാകുമോ.. കടവിലിറങ്ങി കാലും മുഖവും കഴുകി അമ്പലത്തിലേക്ക് നടന്നു. സുനിലേ നീ എപ്പാ എത്തിയെ.. നാണുവേട്ടന്‍ ആണ്..ദേവസ്വം ചുമതലക്കാരന്‍ .. ആരുമില്ലണ്ടായ് മോനേ.. കുശലം പറഞ്ഞു നില്‍ക്കുമ്പോള്‍ നാണുവേട്ടന്‍ പറഞ്ഞു.. നിങ്ങളുടെ ഒക്കെ ചെറുപ്പകാലത്തു എന്ത് രസാര്‍ന്നു.. വൈകിട്ടായാല്‍ അമ്പല മുറ്റം നിറയെ കുട്ട്യോള് .. ഇപ്പം എവിട്യാ കുട്ട്യോള്‍ എല്ലാരും പുറത്തല്ലേ..
ദീപാരാധനക്ക് ആള് വളരെ കുറവായിരുന്നു. ഗോപാലെട്ടന്റവിടുത്തെ മുത്തശ്ശിയെ കണ്ടു.. പ്രായമെറെയായെങ്കിലും ഇപ്പോഴും മാറ്റമൊന്നുമില്ല. ചില ആള്‍ക്കാര്‍ക്ക് മുന്‍പില്‍ പ്രായം തോറ്റ് മടങ്ങും. തൊഴുതിറങ്ങി നാണുവേട്ടന്റെ അടുത്തു നില്‍ക്കുമ്പോളാണ് ശ്രദ്ധിച്ചത്..രണ്ടു പെണ്‍കുട്ടികള്‍ നല്ല പരിചയമുള്ള മുഖം.. അത് ഇവിടുത്തെ കുട്ടിയാ നാണുവേട്ടാ.. നിനക്കു മനസ്സിലായില്ല അല്ലെ എടോ.. അത് നമ്മുടെ വടക്കെലെയാ..... ലക്ഷ്മിയുടെ മോള്‍... ഭര്‍ത്താവ് ഉപേക്ഷിച്ചതില്‍ പിന്നെ ലക്ഷ്മി ഇവിടുണ്ട് .. കഷ്ടാണടോ അതിന്റെ കാര്യം... അയാള്‍ മനസ്സു തകർന്നു നാണുവേട്ടനെ നോക്കി... എല്ലാം അറിയുന്ന ആളാണ് നാണുവേട്ടന്‍.. ഞങ്ങളുടെ പ്രണയവും വിരഹവും എല്ലാം.... അവള്‍ നിനക്കുള്ളതായിരുന്നെടോ.. മാങ്ങാട്ട് ഭവതി അങ്ങിനെ ആയിരിക്കണം കരുതിയിരുന്നത്. അവളുടെ ജീവിതത്തില്‍ നിന്നും നീ അകന്നപ്പോള്‍ അവള്‍ തകർന്നു പോയിട്ടുണ്ടാകും.. ഇപ്പോള്‍ ഒറ്റക്കാണ് താമസം .. കൂട്ടിനു പ്രായമായ അമ്മയും ഈ മോളും.നെഞ്ചകത്തിന്റെ വിങ്ങല്‍ അയാള്‍ തിരിച്ചറിഞ്ഞു..
തിരിച്ചു നടക്കുമ്പോള്‍ പാട വരമ്പിലൂടെയാണ് പോയത്.. മുമ്പില്‍ അവളുണ്ട്.. ലക്ഷ്മിയുടെ മോൾ... അയാള്‍ വേഗത്തില്‍ നടന്നു അവര്‍ക്കൊപ്പമെത്തി. മോള്‍ടെ പേരെന്താ... തോളില്‍ തൊട്ട്അവളോടു ചോദിച്ചു.. സുനിത.. ആണാനെങ്കിൽ ലക്ഷ്മൺ... പെണ്ണാണേങ്കിൽ സുനിത... താനും അവളും ആലോചിച്ചുറപ്പിച്ച പേരുകൾ. അങ്കിളേതാ.. വീടെവിടെയാ.. സുനിത സംസാരിച്ചുകൊണ്ടേ ഇരുന്നു.. പാടവരമ്പ് കഴിഞ്ഞു റോഡിലേക്ക് കയറിയാല്‍ അവളുടെ വീടായി. ഇതാ എന്റെ വീട്.. അങ്കിൾ വരുന്നോ.. വീടിലേക്ക്‌ കയറുമ്പോള്‍ .. അവള്‍ ഉറക്കെ ചോദിച്ചു.. ഇല്ല മോള് പിന്നെ ഒരിക്കല്‍ വരാം. അയാള്‍ നടക്കാനൊരുങ്ങി. സുനി...മോളെ.. നീ വന്നോ.. ആ ശബ്ദം..കാലുകള്‍ തനിയെ നിന്നു. തരിഞ്ഞു നോക്കാനാവാതെ അയാള്‍ തരിച്ചു നിന്നു. അമ്മേ ഞാനീ അങ്കിളിന്റെ കൂടെയാ വന്നത്. അയാളുടെ കൈപിടിച്ചു സുനിത പറഞ്ഞു...... സുനിലേട്ടന്‍..... ആ ശബ്ദത്തിലെ സ്നേഹവും വിങ്ങലും അയാള്‍ തിരിച്ചറിഞ്ഞു.. അവളുടെ മുഖത്തേക്ക് നോക്കുമ്പോള്‍ കണ്ണുകള്‍ രണ്ടും നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു. എന്ന് വന്നു സുനിലേട്ടാ.. എത്ര നാളായി കണ്ടിട്ട്... ഞാന്‍ അമ്മയോട് ചോദിക്കാറുണ്ടായിരുന്നു. അയാള്‍ക്ക്‌ മറുപടി പറയാന്‍ കഴിഞ്ഞില്ല.. കണ്ണിമയ്ക്കാതെ അവളെ തന്നെ നോക്കി നിന്നു. കാലം അവളെ ഒരുപാടു മാറ്റിയിരിക്കുന്നു. എന്നാലും ആ കണ്ണുകളിലെ തിളക്കം.. അതവിടെ തന്നെ ഉണ്ട്. വീട്ടിലൊന്നു കയറീട്ട് പോകാം.. അമ്മയുണ്ട്‌.. അവള്‍ വീണ്ടും പറഞ്ഞു.. പിന്നോരിക്കലാകാം ലക്ഷ്മി.. അയാള്‍ക്ക്‌ അത്ര മാത്രമേ പറയാന്‍ കഴിഞ്ഞുള്ളൂ.. പിന്നെ കുറെ നേരം ഒന്നും മിണ്ടാതെ രണ്ടു പേരും.. ചില നേരങ്ങളില്‍ വാകുകളേക്കാള്‍ വാചാലമാണല്ലോ മൗനം. സുനിത എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു. മോളെ അങ്കിൾ പോയിട്ട് പിന്നെ വരാം.. അയാള്‍ അവളോടു യാത്ര പറഞ്ഞു ലക്ഷ്മിയെ നോക്കി.. അവളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. ഏത് ജന്മത്തിലാണ് ഈ കണ്ണുനീരിന്റെ കടം തനിക്ക് വീട്ടാന്‍ പറ്റുക.. അയാള്‍ തിരിഞ്ഞു നടന്നു.

രാത്രി .. നെഞ്ചില്‍ തലചായ്ച്ചു കിടക്കുന്ന ശാലിനിയുടെ മുടിയിഴകളിലൂടെ കൈയ്യോടിച്ച്‌ അയാള്‍ മിണ്ടാതെ കിടന്നു. എന്ത് പറ്റി ഏട്ടാ..അവള്‍ ചോദിച്ചു. ഒന്നുമില്ല മോളെ.. മുടിയിഴകളെ തലോടി അയാള്‍ പറഞ്ഞു . എന്ത് പറ്റിയെന്നു ഞാന്‍ പറയട്ടെ.. അയാള്‍ ഒന്നും മിണ്ടാതെ അവളെ നോക്കി.. ലക്ഷ്മിയെ കണ്ടു അല്ലെ.. അമ്മ പറഞ്ഞിരുന്നു ലക്ഷ്മിയുടെ കാര്യം. സാരമില്ല സുനിലേട്ടാ.. അത് കഴിഞ്ഞ കാലമല്ലേ.. എന്നോ നടന്നത്.. എന്തിനാ വിഷമിക്കുന്നത്.. ഇപ്പോള്‍ ഞാനില്ലേ കൂടെ.. കവിളില്‍ ചുംബിച്ചു കൊണ്ടു അവള്‍ പറഞ്ഞു. അയാള്‍ അവളെ തന്നോടു ചേര്ത്തുവാരിപ്പുണര്‍ന്നു.. പുറത്തു മഴ വീണ്ടും പെയ്യുവാന്‍ തുടങ്ങിയിട്ടുണ്ടായിരുന്നു.. മഴയുടെ പ്രണയ സംഗീതത്തിൽ ലയിച്ചു അയാള്‍ ശാന്തമായുറങ്ങി..

16 comments:

രഞ്ജിത് വിശ്വം I ranji said...

അമ്പലക്കുളത്തിന്റെ മുന്‍പിലെത്തിയപ്പോള്‍ കുറച്ചു നേരം നിന്നു.... കണ്ണുകള്‍ അവിടെ ആരെയോ തിരയുന്നതായി അയാള്‍ക്ക്‌ തോന്നി... നനഞ്ഞൊട്ടിയ ഉടുപ്പിനു മീതെ തോര്‍ത്ത്‌ പുതച്ചു എണ്ണ വാര്‍ന്നൊഴുകുന്ന മുഖവുമായി അവള്‍ അവിടെ എവിറെയെന്കിലും കാണുമോ.. ലക്ഷ്മി .. പ്രണയത്തിന്റെ സൌന്ദര്യം എന്തെന്ന് തനിക്ക് മനസ്സിലാക്കി തന്നവള്‍

Unknown said...

എന്താ പറയുക..?? ഒരിക്കല്‍ തന്‍റെ എല്ലാമെല്ലാമായിരുന്ന ആളെ അങ്ങനെ ഒരവസ്ഥയില്‍ കാണുക എന്ന് പറയുന്നത് ചിന്തിയ്ക്കാന്‍ കഴിയുന്നതിലും അപ്പുറത്താണ്. പക്ഷെ ഒരിക്കല്‍ നഷ്ടപ്പെട്ടത് ( പ്രത്യേകിച്ച് പ്രണയം ) പിന്നീടെത്ര കാലം കഴിഞ്ഞാലും തിരിച്ചു കിട്ടാന്‍ പ്രയാസമാണ്. എല്ലാം മറക്കാനും നമ്മെ ശല്യപ്പെടുത്തുന്ന ആ ഓര്‍മ്മകളില്‍ നമ്മള്‍ നഷ്ടപ്പെട്ടു പോവാതിരിക്കാനും, നമ്മളെ സ്നേഹിക്കുന്ന, മനസ്സിലാക്കാന്‍ പറ്റുന്ന ഒരു ജീവിതപങ്കാളിയെ കിട്ടുക എന്നത് വളരെ വലിയൊരു കാര്യമാണ്.

വളരെ മനോഹരമായി, മനസ്സില്‍ കൊള്ളുന്ന വാക്കുകളില്‍ എഴുതിയിരിക്കുന്നു. എല്ലാ വിധ ആശംസകളും നേരുന്നു... ക്ഷേത്രവും ക്ഷേത്രകുളവും ലക്ഷ്മിയുടെ വേദനയും ഒക്കെ നേരിട്ടു കാണുന്നത് പോലെ തന്നെയുണ്ട്‌..

പകല്‍കിനാവന്‍ | daYdreaMer said...

സുഹൃത്തേ നല്ല എഴുത്ത്.. ധൈര്യമായി തുടര്‍ന്നോളൂ ...
ആശംസകള്‍...

the man to walk with said...

നന്നായി ഇഷ്ടമായി ..

Typist | എഴുത്തുകാരി said...

പ്രണയം എന്നും സുന്ദരമാണ്. ചിലപ്പോള്‍ വേദനയും.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

പ്രണയം മഴപോലെ സുന്ദരമാണ്...

ആശംസകള്‍

Sinochan said...

എന്റെ ദൈവമേ...ഞാന്‍ തകര്‍ന്നു പോയി, ഇത്രക്കു നല്ല ഒരു കഥ പ്രതീക്ഷിച്ചില്ലായിരുന്നു. ശരിക്കും ഒരു സ്റ്റാന്‍ഡാര്‍ഡ് ഉണ്ട്.

പേരറിയാത്തൊരു നൊമ്പരമല്ലേ പ്രണയം. പ്രണയൈച്ചു വിജയിച്ചവര്‍ ഇതിനെ എങ്ങനെ കാണുന്നു എന്നറിയാന്‍ താല്പര്യമുണ്ട്, സത്യസന്ധമായി.

അമ്പലക്കുളങ്ങളും, തോടുകളും, കുളിച്ചീറനായ മുടിയും ഒക്കെ ഇനിയുള്ള കാലത്തിന് അന്യമായികൊണ്ടിരിക്കുകയല്ലേ?

Sreejith said...

നഷ്ട്ടപ്പെട്ട കുറെ സ്വപ്‌നങ്ങള്‍ തിരിച്ചു വന്നു മുന്നില്‍ നിന്നത് പോലെ തോന്നി, വക്കീലെ വളരെ നന്നായിടുണ്ട്

പ്രസാദ് said...

gud

Unknown said...
This comment has been removed by the author.
Unknown said...

It is better to have loved and lost than to have never loved at all....Nice story...Quality stuff...

Unknown said...
This comment has been removed by the author.
കുക്കു.. said...

നല്ല കഥ...പക്ഷേ വായിച്ചു കഴിഞ്ഞു വിഷമം ആയി..:(
...................................
ഈ പോസ്റ്റ്‌ എല്ലാം കാണാന്‍ ഞാന്‍ വൈകി..

Vempally|വെമ്പള്ളി said...

ഇത് കലക്കീട്ടാ. ഇലഞ്ഞിപ്പൂമണവും പാലപ്പൂമണവും പേറി വരുന്ന നാടിന്റെ നല്ല ഓര്‍മ്മകള്‍.നഷ്ടപ്പെട്ടു പോയതൊക്കെ തിരിച്ചെടുക്കാനാവില്ലെങ്കിലും ഓര്‍മ്മകള്‍ അത്ര പെട്ടന്ന് നഷ്ടപ്പെടില്ലല്ലൊ.

പ്രണയം said...

very nice one.

ajeen said...

Renjith, I feel proud to be your friend. Its marvelous and equally enviable talent. kudos brother.