Sunday, December 14, 2008

ഗോപിയേട്ടന്റെ ഓര്‍മയ്ക്ക്

അമ്മയാണ് രാവിലെ ഓര്‍മിപ്പിച്ചത് ...... ഗോപിയെട്ടന്ന്റെ ആണ്ടാനിന്ന്‍.. ശ്രീനിയെട്ടനും കഴിഞ്ഞ ആഴ്ച കണ്ടപ്പോള്‍ പറഞ്ഞിരുന്നു. പതിനഞ്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. പക്ഷെ എല്ലാം ഒരിക്കലും മായാതെ മനസ്സിലുണ്ടിപ്പോളും. ഗോപിയെട്ടന്ന്റെ ചേതനയറ്റ ശരീരം വീടിന്റെ തെക്കേ അറ്റത്തെ കുഴിയില്‍ ഭൂമിയോട് ചേരുമ്പോള്‍ എന്റെ അച്ഛനെ മൂടല്ലെയെന്നു കരഞ്ഞുവിളിച്ച മൂന്നു വയസ്സുകാരന്റെ മുഖം നെഞ്ച് പൊട്ടുന്ന ഓര്‍മയായി മനസ്സിലുണ്ട് . രാവിലെ ശ്രീനിയെട്ടന്റെ വീട്ടിലേക്ക് നടക്കുമ്പോളും അവന്റെ മുഖമായിരുന്നു മനസ്സില്‍ .
പതിവുള്ള ചിരിയുമായി ശ്രീനിയേട്ടന്‍ വാതില്‍ക്കല്‍ തന്നെയുണ്ട്‌ ... നീ വരുമെന്നെനിക്കരിയാമായിരുന്നു ... അകത്തേക്ക് ക്ഷണിച്ചു കൊണ്ടു ശ്രീനിയേട്ടന്‍ പറഞ്ഞു. മുന്‍വശത്തെ മുറിയില്‍ ഉള്ള ഗോപിയട്ടന്റെ വലിയ ഫോട്ടോയില്‍ പുതിയ തുളസി മാല... കുറച്ചു മങ്ങിയെങ്ങിലും ഭംഗിയുള്ള ഫോട്ടോ. എനിക്കോര്‍മയുണ്ട് .. പോലീസില്‍ ചേര്ന്ന യുനിഫോമില്‍ ഫോട്ടോ എടുക്കാന്‍ ഞാനും കൂടെ പോയിരുന്നു. ......ത്കഞ്ഞ പരിശ്രമാശാലിയായിരുന്നു ഗോപിയേട്ടന്‍. ഞങ്ങള്‍ കൌമാരക്കര്‍ക്കിടയിലെ റോള്‍ മോഡല്‍. നാട്ടിലെ എല്ലാ വിശേഷങ്ങള്‍ക്കും മുന്നിരയിലുണ്ടാകും. കഷ്ടപ്പെട്ടാനെന്കിലും നന്നായി പഠിചു. ആഗ്രഹിച്ച പോലെ തന്നെ പോലീസ് ഇന്‍സ്പെക്ടര്‍ ആയി ജോലിയും ലഭിച്ചു. ഗ്രാമത്തിലെ ഞങ്ങളുടെ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബിന്റെ രക്ഷാധികാരിയായിരുന്നു. വെറും കുട്ടിക്കളിയുമായി നടന്ന ഞങ്ങളെ സാഹിത്യത്തിന്റെയും കലയുടെയുമൊക്കെ ലോകത്തേക്ക് വഴിതിരിച്ചത് ഗോപിയേട്ടനായിരുന്നു. എനിക്ക് കവിതയെഴുതാനാകുമെന്നും സാജു നല്ല സംവിധായകനാനെന്നും തോമസ് മികച്ച ബാറ്സ്മനാനെന്നുമൊക്കെ കണ്ടുപിടിച്ചത് ഗോപിയെട്ടനാണ്. ഗോപ്യേട്ടന്റെ വീട് ഞങ്ങളുടെ കലാ കായിക പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായിരുന്നു. നഗരത്തില്‍ കച്ചവടം നടത്തുന്ന ഗോപിയെട്ടന്ന്റെ ചേട്ടന്‍ ശ്രീനിയെട്ടനായിരുന്നു ഞങ്ങളുടെ സ്പോന്സോര്‍. വൈകുന്നേരങ്ങളില്‍ സജീവമാകുന്ന സദസ്സ് ചില ദിവസ്സങ്ങളില്‍ രാത്രി വൈകും വരെ നീളും. പോകുന്നത് ഗോപിയേട്ടന്റെ അടുതെക്കായതിനാല്‍ വീട്ടിലും പ്രശ്നമില്ല.
ഗോപിയേട്ടന്റെ കല്യാണം ഞങ്ങള്ക്ക് ഉത്സവമായിരുന്നു. അന്ന് ഗോപിയേട്ടന്‍ വാങ്ങിത്തന്ന പുത്തന്‍ ഷര്‍ട്ട്‌ ഇപ്പോഴും അലമാരയിലുണ്ട് .. രാജിയെചിയും ഗോപിയേട്ടനെ പ്പോലെ ഞങ്ങളെ അനുജന്മാരായി തന്നെ കണ്ടു. നഗരത്തില്‍ പുതിയ വീട് വാങ്ങുവാന്‍ തീരുമാനിച്ച ശേഷം ആദ്യം വിളിച്ചത് എന്നെയാണ്. ഉപരിപഠനത്തിനായി തിരുവനന്തപുരതായിരുന്ന ഞാന്‍ പുതിയ വീട്ടിലെ പാലുകാച്ചലിനു രണ്ടു നാള്‍ മുന്പ് തന്നെ നാട്ടിലെത്തി. ആഘോഷ കമ്മിറ്റിയുടെ പ്രധാന ചുമതലക്കാര്‍ ഞങ്ങളായിരുന്നു. തലേ ദിവസം തന്നെ പുതിയ വീട്ടിലെത്തി അധികാരമേറ്റു. അല്ലെങ്കിലും ഞങ്ങളില്ലാതെ ഗോപിയെട്ടന് എന്താഘോഷം.
നേരം പുലരും വരെ ഗോപിയേട്ടന്‍ ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നു. കളിയും ചിരിയുമായി മറക്കനാവതൊരു രാത്രി. ഇനി വീട്ടിലേക്ക് പോകുന്നില്ല അവര്‍ ഇങ്ങോട്ട് വരട്ടെ എന്ന് പറഞ്ഞ ഗോപിയേട്ടനെ പാലുകാച്ചല്‍ ചടങ്ങുകള്‍ തറവാട്ടില്‍ നിന്നാനാരംഭിക്കുന്നതെന്ന് പറഞ്ഞു രാവിലെ വീട്ടിലെക്കയച്ചതും ഞാനായിരുന്നു.
പത്തു മണിക്കാണ് മുഹൂര്‍ത്തം. എല്ലാം തയ്യാറാക്കി വച്ചു കാത്തിരുന്ന ഞങ്ങളെ തേടിയെത്തിയത് ഞെട്ടിപ്പിക്കുന്ന വാര്‍ത്തയായിരുന്നു. ഗോപിയെട്ടനും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ടു............. .......വിശ്വസിക്കുവാനായില്ല ......മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തിന്റെ മുന്‍പില്‍ ഗോപിയേട്ടന്റെ ചലനമറ്റ ശരീരം സ്ട്രചെരില്‍ കൊണ്ടു വരും വരെ. മുഖത്ത് പതിവുള്ള പുഞ്ചിരി ബാക്കിയുണ്ടായിരുന്നു. ഒന്നേ നോക്കിയുള്ളൂ .... കരയാതിരിക്കുവാനായി സാജുവിന്റെ തോളില്‍ മുഖമമര്‍ത്തി നിന്നു ...സാധിച്ചില്ല .. കണ്ണുകള്‍ നിറഞ്ഞു തുളുംപുന്നതും അത് പിന്നെ ഒരു നിലവിളിയായതും ഞാന്‍ അറിയുന്നുണ്ടായിരുന്നില്ല.

ശ്രീനിയെട്ടനും ഗോപിയേട്ടന്റെ മോനും ബലി കര്‍മങ്ങള്‍ കഴിഞ്ഞു വന്നു. എല്ലാവര്ക്കും ഒപ്പമിരുന്നു കാപ്പി കഴിക്കുമ്പോള്‍ ഗോപിയേട്ടനും ഒപ്പമുണ്ടെന്നു തോന്നി. രാജിയേച്ചി ഓഫീസില്‍ പോകുവാന്‍ തയ്യാറായി വന്നു. ഗോപിയേട്ടന്‍ മരിച്ചപ്പോള്‍ കിട്ടിയ ജോലിയാണ്. മോനും ചേച്ചിക്കും ഒപ്പം ഞാനും ബസ്സ് സ്റ്റോപ്പിലേക്ക് നടന്നു.ചുമരിലെ ചിത്ര്തിലിരുന്നു ഗോപിയേട്ടന്‍ അപ്പോഴും ചിരിക്കുന്നുണ്ടായിരുന്നു.

1 comment:

വാഴക്കാവരയന്‍ said...

എനിക്കും ഓര്‍മ്മയുള്ളതാണ് ആ സംഭവം എന്നു തോന്നുന്നു, അത്ര അടുത്തറിയില്ല എങ്കിലും. വര്‍ഷങ്ങളൊക്കെ എത്ര വേഗന്നാണ് പോയതല്ലേ?