Showing posts with label കഥ. Show all posts
Showing posts with label കഥ. Show all posts

Wednesday, August 26, 2009

ന്യൂസ് റ്റി വിയ്ക്കു വേണ്ടി ബിനീത

ഓണാഘോഷ നഗരിയില്‍ നിന്നും ന്യൂസ് റ്റി വിയ്ക്കു വേണ്ടി ബിനീത..ഒ കെ സുധീര്‍ ? ന്യൂസ് ക്ലിപ്പിന്റെ അവസാന ഷോട്ടും തീര്ത്ത ശേഷം ബിനീത സുധീറിനെ നോക്കി. ഒ കെ ബിനി..ഫൈന്‍.. സുധീര്‍ ക്യാമറയ്ക്കു പുറകില്‍ നിന്നും കൈയ്യുയര്ത്തിപ്പറഞ്ഞു. അങ്ങിനെ ഒരു പണി കൂടി കഴിഞ്ഞു. ഇനി പുത്തരിക്കണ്ടത്തേക്ക് പോകണം അവിടെ ഓണം ഫെയര്‍ പൊടിപൊടിക്കുന്നുണ്ട്. അടുത്ത ബുള്ളറ്റിനില്‍ അതേക്കുറിച്ചുകൂടി ഒരു ഐറ്റം വേണമെന്നാണു ന്യൂസ് ഡെസ്കില്‍ നിന്നും ശിവേട്ടന്‍ വിളിച്ചു പറഞ്ഞത്. നല്ലോരോണമായിട്ട് നാടു മുഴുവന്‍ തെണ്ടാനാണു യോഗം..ബിബിതയ്ക്ക് ദേഷ്യവും സങ്കടവും ഒരുമിച്ചു വന്നു. ഇപ്പോള്‍ വീട്ടില്‍ നല്ല മേളമായിരിക്കും. ചേച്ചിയും ചേട്ടനും മക്കളും എല്ലാവരും എത്തിയിട്ടുണ്ട്, എന്തു ചെയ്യാന്‍ നമ്മുടെ പണി ഇങ്ങനെയായിപ്പോയില്ലേ.. മറ്റുള്ളവര്‍ക്കു അവധി കിട്ടുമ്പോള്‍ തനിക്ക് തിരക്കോടു തിരക്ക്.." ബിനി കമോണ് ഗെറ്റ് ഇന്‍.. സുധീറിന്റെ ശ്ബ്ദം കേട്ട് അവള്‍ ചിന്തയില്‍ നിന്നുണര്ന്നു.. അല്ല സുധീ.. നമുക്കെന്നാ ഓണത്തിനൊരു അവധി കിട്ടുന്നത്..കാറിലിരിക്കുമ്പോള്‍ ബിനീതയുടെ ചോദ്യം കേട്ട് സുധീര്‍ ചിരിച്ചു.. അതിനീ പണ്ടാര ചാനല്‍ പൂട്ടണം മോളേ..എന്നാല്‍ പിന്നെ നിനക്ക് സൌകര്യമായിട്ട് ഓണമോ വിഷുവോ ഒക്കെ കൂടാം..

നേരം ഉച്ചയോടടുക്കുന്നു.. നല്ലൊരു തിരുവോണമായിട്ട് ഇന്നു പട്ടിണിയാകുമോ.. .. ഓണവിശേഷം നാട്ടുകാരെ അറിയിക്കാന്‍ രാവിലെ വീട്ടില്‍ നിന്നിറങ്ങിയതാ. ഓണമായതിനാല്‍ ഇന്നു ഹോട്ടലുകളും കാര്യമായൊന്നും തുറന്നിട്ടില്ല. ബിനീ നിന്റെ ബാഗില്‍ പട്ടി ബിസ്കറ്റ് വല്ലതുമുണ്ടോ.. സുധീര്‍ കളിയാക്കി ചോദിച്ചു. എപ്പോഴും ബാഗില്‍ കാണുന്ന ബിസ്കറ്റ് പായ്കറ്റിനു സഹപ്രവര്തകര്‍ ഇട്ടിരിക്കുന്ന ചെല്ലപ്പേരാണു പട്ടി ബിസ്കറ്റ്.. " അയ്യടാ.. അങ്ങിനെ ഇപ്പൊ നീ പട്ടി ബിസ്കറ്റ് തിന്നെണ്ട മോനേ." ബിനീത ബാഗില്‍ നിന്നും ബിസ്കറ്റ് എടുത്ത് കഴിച്ചുകൊണ്ട് പറഞ്ഞു.. പിന്നെ സുധീറിനും ഒരെണ്ണം കൊടുത്തു. പാവം രാവിലെ മുതല്‍ അവനും പട്ടിണിയാ..

തിരുവോണമായിട്ട് സ്പെഷ്യല്‍ ഐറ്റം ഒന്നുമില്ലേ ബിനീ.. വീണ്ടും ശിവേട്ടന്റെ കോള്‍. ഇതിപ്പോള്‍ സ്ഥിരം സാധനങ്ങള്‍ തന്നെ..ഓണം മാവേലി.. ഷോപ്പിംഗ് തിരക്ക് ... എന്തെങ്കിലും പുതിയതൊന്നു ചെയ്യാന്‍ നോക്ക്... നമുക്ക് വൈകിട്ടത്തെ പ്രൈം ടൈം ന്യൂസില്‍ കൊടുക്കാം.. ഈ ശിവേട്ടന്റെ ഒരു കാര്യം..ഫോണ്‍ കട്ടുചെയ്ത് ബിനീത ഉറക്ക പറഞ്ഞു..എങ്ങിനെയെങ്കിലും ഇതൊന്നു തീര്ത്തു വീട്ടിലെത്തുന്നതിനെക്കുറിച്ച് ആലോചിക്കുമ്പോഴാ സ്പെഷ്യല്‍ ഐറ്റം..ഇതിപ്പം എന്താ ചെയ്യുക.. എന്താ ബിനി പണി കിട്ടിയോ.. സുധീര്‍ ചോദിച്ചു.. സുധീ നീ വണ്ടി സിറ്റിയില്‍ നിന്നും കുറച്ച് പുറത്തേക്കുള്ള വഴിയേ വിട്ടേ.. അവിടെങ്ങാനും വല്ല ക്ലബ്ബ്കാരുടെയും ഓണാഘോഷം വല്ലതുമുണ്ടോ എന്നു നോക്കാം.ശിവേട്ടനു സ്പെഷ്യല്‍ വേണമത്രേ..ബിനീതയ്ക്കു വല്ലാതെ ദേഷ്യം വന്നു.

ദേശീയ പാതയിലൂടെ അവരുടെ കാര്‍ മുന്നോട്ടു പറന്നു.. ഓണമായതിനാലാവാം റോഡില്‍ വാഹനങ്ങ്ളുടെ തിരക്ക് കുറവാണ്‍. നഗരത്തില്‍ നിന്നും പുറത്തുകടന്നിട്ടും ആവശ്യമായതൊന്നും കണ്ണില്‍ പെടുന്നില്ല. വന്നുവന്ന് ഓണം ഒരു സമൂഹ്യാഘോഷം അല്ലാതെയായി മാറിയിട്ടുണ്ട്..അല്ലേ സുധീ.. അവള്‍ ചോദിച്ചു.. നമ്മളൊക്കെയല്ലെ അതിന്റെ കാരണക്കാര്‍ .സിനിമയും മെഗാഷോയുമായിട്ട് ആളുകള്‍ക്ക് ടി വിയുടെ മുമ്പില്‍ നിന്നും എഴുന്നേല്ക്കാന്‍ സമയം കൊടുക്കണ്ടെ..സുധീര്‍ പറഞ്ഞു.. പിന്നെ എപ്പൊഴെങ്കിലും നിന്റെ ഈ ചളിഞ്ഞ മോന്ത സ്ക്രീനില്‍ വരുമ്പോഴാ ആളുകളൊക്കെ എഴുന്നേറ്റു പ്രാഥമിക ക്രുത്യങ്ങള്‍ നിര് വഹിക്കുന്നത്.. അവന്‍ ഉറക്കെ ചിരിച്ചു.. "കി കി കി ഒരു തമാശ..നീ വഴിവക്കില്‍ വല്ലതും തടയുന്നതുണ്ടോ എന്നൊ നോക്കു മോനെ ദിനേശാ..ബിനീത അവന്റെ തലയ്ക്കൊരു തട്ടു കൊടുത്തു.

കാറില്‍ പുറം കാഴ്ചകള്‍ കണ്ടിരിക്കുമ്പോളാണു ബിനീത അതു ശ്രദ്ധിച്ചത്. റോഡരികില്‍ രണ്ടു കുട്ടികള്‍..അരികില്‍ കൂട്ടിയിട്ടിരിക്കുന്ന കരിങ്കല്‍ കഷണങ്ങളെ ശ്രദ്ധയോടെ ചെറിയ ചുറ്റികയാല്‍ അടിച്ച് പൊട്ടീക്കുന്ന ആണ്‍കുട്ടി അവന്‍ പൊട്ടിച്ചിടുന്ന കല്ലുകള്‍ പെറുക്കിക്കൂട്ടുന്ന പെണ്‍കുട്ടി.. സുധീ .. വണ്ടി നിര്ത്തിക്കേ.. അവള്‍ പെട്ടന്നു പറഞ്ഞു. ഒരു വാര്ത്തയുടെ തിരക്കഥ അവളുടെ ചിന്താമണ്ഡലത്തില്‍ മിന്നിത്തെളിഞ്ഞു. തിരുവോണമായിട്ടും ഓണമില്ലാതെ ഓണക്കോടിയും ഓണസദ്യയുമില്ലാതെ പണിയെടുക്കുന്ന കുരുന്നുകള്‍.. നല്ല വാര്ത്ത. അവള്‍ കാറില്‍ നിന്നും ഇറങ്ങി അവരുടെ അടുത്തേക്കു വേഗത്തില്‍ നടന്നു.

രണ്ടുപേരും അവരുടെ ജോലിയില്‍ വ്യാപ്രുതരാണ്‍. ബിനീത അടുത്തേക്കു ചെന്നിട്ടും ഭാവമാറ്റമൊന്നുമില്ല. സുധീറിനോടു ക്യാമറ റെഡിയാക്കാന്‍ പറഞ്ഞ് അവ്ള്‍ അവരുടെ അടുത്തിരുന്നു. പെണ്‍കുട്ടി തലയുയര്ത്തി അവളെ നോക്കി എന്നിട്ട് ചേട്ടനെ തോണ്ടി വിളിച്ചു. അവന്‍ ബിനീതയെ ഒന്നു നോക്കി വീണ്ടും ജോലി തുടര്ന്നു... " എന്താ മോളുടെ പേര് ബിനീത പെണ്‍കുട്ടിയോടു ചോദിച്ചു. അവള്‍ ഒന്നും മീണ്ടിയില്ല. പകരം ചേട്ടനോടു കൂടുതല്‍ ചേര്ന്നിരുന്നു. മോന്റെ പേരെന്താ അവള്‍ വീണ്ടും ചോദിച്ചു... അവന്‍ തലയുയര്ത്തി നോക്കി..കുമാര്‍ ..എന്ന അക്കാ.. എതുക്കാകെ പേര്‍ കേള്‍ക്ക്റെ..ഒന്നുമില്ല വെറുതെ.. ഉനക്കു മലയാളം തെരിയുമാ.. ബിനീത അറിയാവുന്ന തമിഴ് പ്രയോഗിച്ചു.. തെരിയുമേ..അനാ...കുറച്ച് കുറച്ച് .....തമിഴ് കലര്ന്ന മലയാളത്തില്‍ അവന്റെ മറുപടി. എവിടെയാ നിന്റെ വീട്.. ദാ അവിടെ.. അവന്‍ ദൂരേയ്ക്ക് കൈ ചൂണ്ടിക്കാണിച്ചു...അത്ര നേരം അവന്റെ പുറകില്‍ പതുങ്ങി ഇരിക്കുകയായിരുന്ന പെണ്‍കുട്ടി അവളെ നോക്കി ചിരിച്ചു .. അവളുടെ പേര്‍ മായ.. ബിനീത ബാഗില്‍ നിന്നും ബിസ്കറ്റ് പായ്ക്കറ്റ് എടുത്ത് അവ്ള്‍ക്കു നീട്ടി.. പക്ഷെ അവള്‍ വാങ്ങിയില്ല.വേണ്ട അക്കാ.. ഞങ്ങള്‍ ശാപ്പിടാന്‍ പോകുകാ ഇന്ന് കേരളാവിലെ ഓണം തിരുവിഴയല്ലേ..വീട്ടില്‍ അമ്മാ കാത്തിരിക്കും..കുമാര്‍ പറഞ്ഞു . ബിനീതയ്ക്ക് അതിശയമായി ഓണം ആഘോഷിക്കുന്ന നാടോടി തമിഴ് കുടുംബം..വഴിയരികില്‍ കല്ലുപൊട്ടിക്കുവാന്‍ പോകുന്ന പിഞ്ചുകുട്ടികളെ വീട്ടില്‍ കാത്തിരിക്കുന്ന അമ്മ.. നല്ല സ്റ്റോറി..ഞങ്ങളേയും കൊണ്ടുപോകുമോ നിങ്ങളുടെ വീട് വരെ. അവള്‍ ചോദിച്ചു ..നിറയെ ചിരിച്ചുകൊണ്ട് അവന്‍ സമ്മതം മൂളി.. എന്നിട്ട് അനിയത്തിക്കുട്ടിയുടെ കൈ പിടിച്ച് മുമ്പില്‍ നടന്നു.

ദേശീയപാതയ്ക്കരികില്‍ ഒരുതുണ്ടു സര്‍ക്കാര്‍ഭൂമിയിലാണ് അവരുടെ വീട്.. വീടെന്നു വിളിക്കാന്‍ കഴിയില്ല ഒരു കൊച്ചു കൂര. വീടും പരിസരവുമെല്ലാം നല്ല വ്രുത്തിയോടെ സൂക്ഷിച്ചിരിക്കുന്നു. .മുന്‍ വശത്ത് ചെറിയ നാടന്‍ പൂക്കള്‍ കൊണ്ടൊരു കൊച്ചുപൂക്കളം... അമ്മാ..ഇങ്കെ പാര്‍ ,, ഒരു അക്കാ.. അവന്‍ വീട്ടിനകത്തേക്കോടി.. വീട്ടിനകത്തുനിന്നും മുപ്പത്തഞ്ചിനുമേല്‍ പ്രായമുള്ള ഒരു സ്ത്രീ പുറത്തിറങ്ങി വന്നു..വെയിലുകൊണ്ടു കരുവാളിച്ചിരിക്കുന്നുവെങ്കിലും ഐശ്വര്യമുള്ള മുഖം..അവര്‍ സംശയ ഭാവത്തോടെ ബിനീതയെ നോക്കി..എന്ന.. എന്ന വേണം ക്യാമറയുമായി അവിടെ കറങ്ങിനിന്ന സുധീറിനോടു ചോദിച്ചു. ഇല്ലമ്മാ..വെറുതെ.. കുട്ടികള്‍ ഇട്ട പൂക്കളം കാണാന്‍ വന്നതാ..ബിനീത പറഞ്ഞു. അവരുടെ മുഖം തെളിഞ്ഞു.. ഓ.. അതു കൊളൈന്തകളുടെ വേലൈ.. അവര്‍ ചിരിച്ചുകൊണ്ട് പറഞ്ഞു..

തമിഴ് നാട്ടിലെ കേരളാതിര്ത്തിയോടു ചേര്ന്നു കിടക്കുന്ന ഗ്രാമത്തില്‍ നിന്നാണവര്‍ ഇ‌വിടെയെത്തിയത്. ഭര്ത്താവ് മരിച്ചു പോയി.. ഇപ്പോള്‍ അവരും രണ്ടുകുട്ടികളും മാത്രം. പൊതുമരാമത്ത് കരാറ് പണിക്കുപോയി കിട്ടുന്ന വരുമാനം കൊണ്ട് കുടുംബം പോറ്റുന്നു.. കുട്ടികള്‍.. ബിനീത ചോദിച്ചു.. മകന്‍ നാലാം ക്ലാസില്‍ മോള്‍ ഒന്നിലും.കുളൈന്തകള്‍ക്ക് പഠിക്കാന്‍ വലിയ ആശൈ... അവര്‍ പറഞ്ഞു.. അപ്പോള്‍ കല്ലുപൊട്ടിക്കുന്നത് കണ്ടത്..? ബിനീത സംശയത്തോടെ ചോദിച്ചു. ഓ അതു വന്ത് ഇന്ന് ഓണമല്ലേ കുളന്തൈകള്‍ക്ക് ഓണസദ്യവേണമെന്ന് .. അതിനാലെ ഇന്ന് എനിക്ക് വേലൈക്ക് പോക മുടിയിലൈ അതാ കുളന്തൈകള്‍ പോയത്..സ്കൂള്‍ ഇല്ലാമെയിരിക്കുമ്പോള്‍ അവരും എന്‍ കൂടെ വരും അതിനാലെ വെലൈ ചെയ്യ തെരിയും..ബിനീത നിറഞ്ഞ മനസ്സോടെ ആ നാലാം ക്ലാസുകാരനെ നോക്കി... അമ്മ പറയുന്നതൊന്നും ശ്രദ്ധിക്കാതെ അവന്‍ സുധീറിന്റെ ക്യാമറയുടെ പുറകെയാണ്‍.. ഒപ്പം അനിയത്തിയും..

ക്യാമറയ്ക്കു മുമ്പില്‍ നില്ക്കാന്‍ പറഞ്ഞപ്പോള്‍ അവര്‍ രണ്ടുപേരും വീട്ടിനകത്തേക്കോടി.. പുത്തനുടുപ്പുകളുമിട്ട് തിരിച്ചിറങ്ങി വന്നു.. ഓണക്കോടി..ബിനീതയ്ക്ക് ആ അമ്മയോട് ബഹുമാനം കൂടിക്കൂടി വന്നു. . ഓണമല്ലേ ശാപ്പാടുണ്ടിട്ടു പോകാം അവര്‍ സ്നേഹപൂര്‍വം ക്ഷണിച്ചു.. വേണ്ടെന്നു പറഞ്ഞപ്പോള്‍ നിര്‍ബന്ധിച്ചു.. പിന്നെ അകത്തു പോയി രണ്ടു ഗ്ലാസുകളില്‍ പായസം കൊണ്ടുവന്നു. ഒരിലക്കൂമ്പിളില്‍ കുറച്ച് ഉപ്പേരിയും.. മക്കള്‍ ഓണസദ്യയുണ്ണുന്ന വീഡിയോ സുധീര്‍ പകര്ത്തുമ്പോള്‍ ആ അമ്മയുടെ മുഖത്തെ തിളക്കം ബിനീത നോക്കി നിന്നു.. വഴി വക്കിലെ കൂരയിലെ മറുനാട്ടുകാരന്റെ ഓണം..

ബിനീ ഗംഭീരമായി... റിപ്പോര്‍ട്ട് കണ്ട് ശിവേട്ടന്‍ അഭിനന്ദിച്ചു...ജോലി കഴിഞ്ഞു വീട്ടിലെത്തിയപ്പോഴേക്കും സന്ധ്യയായിരുന്നു. അമ്മ നല്കിയ പായസവും കുടിച്ച് അവള്‍ വാര്ത്ത കണ്ടിരുന്നു.."ജീവിക്കാനായി നാടും വീടും ഉപേക്ഷിച്ച് കേരളത്തില്‍ കഴിയുന്ന മറുനാട്ടൂകാരും വറുതിക്കിടയിലെ പൊന്നോണം ആഹ്ലാദപൂര്‍വം ആഘോഷിക്കുന്നു. ന്യൂസ് റ്റി വി യ്ക്കു വേണ്ടി ബിനീത.." റിപ്പോര്‍ട്ട് അവസാനിച്ചപ്പോള്‍ അവള്‍ ടീ ‌‌വിക്കു മുമ്പില്‍ നിന്നെഴൂന്നേറ്റു. മാവേലി നാടു വാണീടും കാലം .. മാനുഷരെല്ലാരുമൊന്നുപോലെ.. ടി വി യില്‍ ഏതോ പരസ്യത്തിന് അകമ്പടിയായി ഓണപ്പാട്ടിന്റെ ഈരടികള്‍ ഒഴുകുന്നുണ്ടായിരുന്നു...

Sunday, August 16, 2009

വിഭ്രാന്തിയുടെ വഴികള്‍

നാട്ടിലിപ്പോള്‍ മഴയാണോ ശേഖരേട്ടാ..നമ്മുടെ തോട്ടത്തിലെ കുരുമുളകൊക്കെ എങ്ങിനെ... ഇപ്പ്രാവശ്യം മുളകിനു കുറച്ചു വിലയുണ്ടെന്നു തോന്നുന്നു അല്ലെ.. ബിനു സംസാരിച്ചു കൊണ്ടേ ഇരുന്നു.. ചോദ്യങ്ങള്‍ക്കെല്ലാം ഒറ്റ വാക്കില്‍ മറുപടി നല്കി ശേഖരെട്ടനും... ജീപ്പ് കയറ്റം കയറുകയാണ്‍.. ഇരു വശത്തും ചെന്‍കുത്തായ മലനിരകള്‍... അവയ്ക്കിടെയിലൂടെ വളഞ്ഞും തിരിഞ്ഞും പോകുന്ന വീതി കുറഞ്ഞ വഴി... നഗരത്തില്‍ നിന്നും യാത്ര തുടങ്ങിയിട്ടിപ്പോള്‍ മൂന്ന് മണിക്കൂറായി.. ശേഖരന്‍ തിരിഞ്ഞു നോക്കി. സംസാരം നിര്ത്തി ബിനു പുറകിലെ കാഴ്ചകള്‍ കണ്ടിരിക്കുകയാണ്‍. എന്നാലും രമയേം മോളെയും കൊണ്ടുവരാമായിരുന്നു ശേഖരേട്ടന്‍... എത്ര നാളായി രണ്ടു പേരെയും കണ്ടിട്ട്... മോള്‍ എന്നെ അന്വേഷിക്കാറുണ്ടോ ശേഖരേട്ടാ..ബിനുവിന്‍റെ ചോദ്യത്തിനു മറുപടി തലയാട്ടില്‍ ഒതുക്കി ശേഖരന്‍ പിന്നെയും ഡ്രൈവിംഗ് തുടര്ന്നു....

നഗരത്തിലെ പ്രശസ്തമായ മാനസിക രോഗ ചികല്സാകേന്ദ്രത്തില്‍ നിന്നും ബിനു തിരികെ നാട്ടിലേക്കുള്ള യാത്രയിലാണ്‍.. നീണ്ട നാളത്തെ ആശുപത്രിവാസം.... എങ്ങിനെ അവിടെ എത്തി എന്ന് എത്ര ആലോചിച്ചിട്ടും അവന്‍റെ മനസ്സിലെക്കെത്തിയില്ല.. ഡോക്ടറോടും പലപ്പോഴും ചോദിച്ചു ഞാന്‍ എങ്ങിനെ ഇവിടെ എത്തി എന്ന്.. എല്ലാം പറയാമെന്ന് പല പ്രാവശ്യം പറഞ്ഞു.. മറ്റു പല കാര്യങ്ങളും പറഞ്ഞെന്‍കിലും ഇക്കാര്യം മാത്രം എന്തോ അദ്ദേഹവും പറഞ്ഞില്ല....അവസാനം അവിടെ നിന്നു പോരാനിറങ്ങിയപ്പോള്‍ തന്‍റെ കയ്യില്‍ പിടിച്ചു പറഞ്ഞു...എല്ലാം ശേഖരേട്ടന്‍ പറയും ബിനു എന്ന്.. കിഴക്കന്‍ മലയോര ഗ്രാമത്തിലെ തന്‍റെ വീട്.. കളിയും ചിരിയുമായി നടന്ന കുട്ടിക്കാലം.. പിന്നെ പൊന്ന് തരുന്ന മണ്ണിനെ പ്രണയിച്ച കൌമാരവും യൌവ്വനവും..... രമ.... ചിന്നു മോള്‍..എല്ലാം മനസ്സില്‍ മായാതെയുണ്ട്... സന്തോഷം നിറഞ്ഞ നാളുകള്‍.. പൊന്നുമോളുടെ ആദ്യത്തെ കരച്ചില്‍... അവളെ തന്‍റെ കയ്യിലേക്കു ആദ്യമായി തരുമ്പോള്‍ രമയുടെ മുഖത്തു നിറഞ്ഞു നിന്ന സന്തോഷം.. എല്ലാം... പിന്നെ.. പിന്നെങ്ങിനെയാണ് താന്‍ ആശുപത്രിയിലെത്തിയത്... മനസ്സില്‍ ചിതറിക്കിടക്കുന്ന ഓര്മ്മകള്‍ കൂട്ടിച്ചേര്‍ക്കാന്‍ ബിനു ആവുന്നത്ര ശ്രമിച്ചു...അമ്മേ.. എന്നു വിളിച്ച് അലറിക്കരഞ്ഞു കൊണ്ടോടുന്ന ചിന്നു മോളുടെ മുഖമാണ് മനസ്സിന്‍റെ ഓര്മ്മച്ചെപ്പില്‍ അവസാനമുള്ളത്....പിന്നെ വ്യക്തമല്ലാത്ത മനസ്സിലാകാത്ത കുറെ ചിത്രങ്ങള്‍... ഓര്ത്തെടുക്കാന്‍ ശ്രമിക്കുമ്പോഴൊക്കെ മാഞ്ഞുപോകുന്ന നിറക്കൂട്ടുകള്‍...

മോള്‍ക്കെത്ര വയസ്സായിട്ടൂണ്ടാകും.. താന്‍ ആശുപത്രിയില്‍ എത്തിയിട്ട് രണ്ട് വര്ഷമായെന്നാണ് ഡിസ്ചാര്‍ജ് ചെയ്തപ്പോള്‍ ഡോക്ടര്‍ പറഞ്ഞത്..ബിനു വര്ഷങ്ങളെ ഓര്മയുമായി കൂട്ടിക്കെട്ടാന്‍ ശ്രമിച്ചു.. പക്ഷെ കഴിയുന്നില്ല... എവിടെയൊക്കെയോ..എന്തൊക്കെയോ..നഷ്ടപ്പെട്ടു പോകുന്നു... എവിടെയായിരിക്കും ഇപ്പോള്‍ രമയും മോളും..കഴിഞ്ഞ പ്രാവശ്യം ശേഖരേട്ടന്‍ വന്ന്പ്പോളും ചോദിച്ചിരുന്നു.. അവരവിടെയുണ്ട് സുഖമായിരിക്കുന്നു എന്നു മാത്രം പറഞ്ഞു. തന്‍റെ അസുഖം കണ്ട് ഭയന്നു പോയിട്ടുണ്ടാകും. അല്ലെന്‍കിലും അവര്‍ക്ക് വന്നു കാണാന്‍ പറ്റുന്ന ഒരിടത്തായിരുന്നില്ലല്ലൊ താന്‍ ഇതു വരെ....രമ.. അവള്‍ തന്നെ കാത്തിരിക്കുന്നുണ്ടാകുമോ...? അസുഖം മൂലം അവള്‍ തന്നില്‍ നിന്നും വിട്ടു പോയാല്‍... ബിനുവിനു അതു ചിന്തിക്കാന്‍ പോലും ആയില്ല..

കയറ്റത്തിനിടയിലുള്ള വിശ്രമകേന്ദ്രത്തില്‍ ശേഖരേട്ടന്‍ ജീപ്പ് നിര്ത്തി.പണ്ടും ശേഖരേട്ടന്‍റെ സ്ഥിരം വിശ്രമസ്ഥലമാണിത്. അന്നൊക്കെ എന്തു രസമായിരുന്നു മലഞ്ചരക്കുമായി നഗരത്തിലേക്കുള്ള ശേഖരേട്ടന്‍റെ ഒപ്പമുള്ള യാത്രകള്‍.. പാട്ടും കളിയും ചിരിയുമായി.. ഇന്നിപ്പോള്‍ ശേഖരേട്ടനും മാറിയിരിക്കുന്നു.. വഴിവക്കിലെ തട്ടുകടയില്‍ നിന്നും ചൂടുചായ വാങ്ങിക്കുടിക്കുമ്പോള്‍ ബിനു ഓര്ത്തു.

മഴ ചെറുതായി പെയ്യുവാന്‍ തുടങ്ങുന്നുണ്ടായിരുന്നു.. പ്രധാന പാതയില്‍ നിന്നും ജീപ്പ് ചെറിയ ചെമ്മണ്‍ പാതയിലേക്കു കയറി.. ഇനി ഏറിയാല്‍ അര മണിക്കൂറ് ..അതു കഴിഞ്ഞാല്‍ തന്‍റെ ഗ്രാമമായി.. മുന്‍പില്‍ ശേഖരേട്ടന്‍റെ ശ്രദ്ധ ഡ്രൈവിംഗില്‍ മാത്രമാണ്‍.. മഴ മൂലം റോഡും ആകെ തകര്ന്നിട്ടുണ്ട്. പാത പലയിടത്തും നീറ്ചാലുകളായി മാറിയിരിക്കുന്നു. എത്രയും വേഗം വീട്ടിലെത്താന്‍ ബിനുവിന്‍റെ മനസ്സ് തിരക്കു കൂട്ടി.

ജംഗ്ഷനിലെത്തിയപ്പോള്‍ സന്ധ്യയായിരുന്നു... മഴയായതിനാലാകാം ജംഗ്ഷനില്‍ ആള്തിരക്കു വളരെക്കുറവ്. ജീപ്പില്‍ നിന്നും ഇറങ്ങിയ ബിനുവിനെ കണ്ടവര്‍ കൌതുകതോടെ അവനെ നോക്കി.. മിക്കവരും അവന്‍റെ പരിചയക്കാരാണ്‍..പക്ഷെ എന്തോ ഒരു അകല്ച്ച അവര്‍ തന്നില്‍ നിന്നും സൂക്ഷിക്കുന്നതായി ബിനുവിനു തോന്നി.. എല്ലാവരും അറിഞ്ഞിരിക്കും തന്‍റെ അസുഖത്തിനെപ്പറ്റി.. അല്ലെന്‍കിലും ഗ്രാമത്തില്‍ ഒരു വാര്ത പരക്കാന്‍ അധിക നേരം വേണ്ടല്ലോ.. ബാര്‍ബര്‍ ഷോപ്പിലെ കരുണേട്ടന്‍ മാത്രം അവന്‍റെ അടുത്തേക്കു വന്നു കൈ പിടിച്ചു.. എല്ലാം സുഖമായോ മോനെ... ചോദിക്കുമ്പോള്‍ കരുണേട്ടന്‍റെ കണ്ണ് നിറഞ്ഞിരുന്നു.. കരുണേട്ടനു എന്നും തന്നോടു സ്നേഹമായിരുന്നു.. തനിക്കങ്ങോട്ടും.. ഒരേട്ടനെപ്പോലെ ആത്മാര്ത്ഥ സുഹ്രുത്തിനെപ്പോലെ..ആത്മബന്ധം സൂക്ഷിച്ചിരുന്നു... എല്ലാം മാറി കരുണേട്ടാ.. അവന്‍ അയാളുടെ കയ്യില്‍ മുറുകെപ്പിടിച്ചു.

വീട്ടിലേക്കുള്ള ഇടവഴിയില്‍ ആകെ ചെടികള്‍ വളര്ന്നു കാടായിരിക്കുന്നു.. താനുള്ളപ്പോള്‍ അവയെല്ലാം വെട്ടീക്കളഞ്ഞ് വ്രുത്തിയാക്കുമായിരുന്നു... രമയും കൂടും ചിലപ്പോള്‍... ‌വീടിനു മുമ്പിലെത്തിയപ്പോള്‍ ബിനു സംശയത്തോടെ ശേഖരേട്ടനെ നോക്കി.. അവിടെ ആരെയും കാണാനുണ്ടായിരുന്നില്ല.. അവരെവിടെ ശേഖരേട്ടാ.. ബിനു അക്ഷമയോടെ ചോദിച്ചു.. ശേഖരേട്ടന്‍ മറുപടി പറയാതെ അവനെതന്നെ നോക്കി നിന്നു... എനിക്കവരെ കാണണം.. പറ ശേഖരേട്ടാ അവരെവിടെയാ.. ബിനു അയാളുടെ തോളില്‍ ഇരുകൈകളും പിടിച്ച് കുലുക്കി... ബിനൂ... ശേഖരേട്ടന്‍ പതുക്കെ വിളിച്ചു.. നിനക്കൊന്നും ഓര്മ്മയില്ലെന്നതു സത്യമാണോ.. അതോ നീയെന്നെ...ശേഖരേട്ടന്‍റെ കണ്ണുകള്‍ നിറഞ്ഞിരുന്നു..ശേഖരേട്ടാ.. എന്തു പറ്റി എന്‍റെ രമയ്ക്കും മോള്‍ക്കും.. എനിക്കറിയണം..വിങ്ങിപ്പൊട്ടിക്കൊണ്ട് ബിനു ചോദിച്ചു.. അശുഭമായതെന്തോ സംഭവിച്ചിട്ടുണ്ടെന്നു അവന്‍റെ മനസ് പറഞ്ഞുകൊണ്ടിരുന്നു..ശേഖരേട്ടന്‍ അവനേയും കൂട്ടി വീടിന്‍റെ തെക്കെ മൂലയിലേക്കു നടന്നു... അവിടെ മണ്ണിന്‍റെ രണ്ടു കൂനകള്‍.. ഒന്നു വലുതും ഒന്നു ചെറുതും..നെഞ്ച് പൊട്ടിപ്പോകുന്ന വേദനയില്‍ ബിനു അലറിക്കരഞ്ഞു... ശേഖരേട്ടാ.. എങ്ങിനെയാണിത്.. എന്തുപറ്റി.... ആരാണിത് ചെയ്തത് ഭ്രാന്തമായ ചേഷ്ടകളോടേ ബിനു അയാളെ നെഞ്ചില്‍ തലയിടിച്ചു കരഞ്ഞു.. ശേഖരേട്ടന്‍ ഒന്നും പറഞ്ഞില്ല... മെല്ലെ അവനെ തോളില്‍ താങ്ങി മുന്‍ വശത്തെക്കു നടന്നു..

മുറിക്കകത്തെ ബെഞ്ചില്‍ ബിനുവിനെയിരുത്തി അയാള്‍ അകത്തേക്കു പോയി... തിരിച്ചു വരുമ്പോള്‍ കൈയ്യില്‍ ഒരു പത്രവുമുണ്ടായിരുന്നു.. ഒരു പഴയ പത്രം.. അയാള്‍ ആ പത്രം ബിനുവിനു നീട്ടീ...ബിനു കണ്ടു.. ഒന്നാം പേജില്‍ രമയുടെയും മോളുടേയും ചിത്രം... നിറകണ്ണൂകളോടെ ബിനു ആ വാര്ത്ത വായിച്ചു.. മനോരോഗിയായ യുവാവ് ഭാര്യയെയും കുഞ്ഞിനേയും വെട്ടിക്കൊന്നു... വിശ്വാസമാകാതെ ബിനു ശേഖരേട്ടനെ നോക്കി.. അയാള്‍ അവനു മുഖം കൊടുക്കാതെ തിരിഞ്ഞു നില്ക്കുകയായിരുന്നു.കുറെക്കാലമായി മനോരോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്ന യുവാവ് പോടുന്നനെ ആക്രമാസക്തനാവുകയായിരുന്നു.. മുറ്റത്തു കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ ആക്രമിക്കുന്നതു തടയാന്‍ ശ്രമിച്ച ഭാര്യയേയും വാക്കത്തി കൊണ്ടു വെട്ടിക്കൊല്ലുകയായിരുന്നു.. വാര്ത്ത തുടര്ന്നു..

ശേഖരേട്ടാ... അലറി വിളിച്ചുകൊണ്ടു ബിനു മുറ്റത്തേക്കു പാഞ്ഞു.. ഇല്ല... ഞാനല്ല.. എനിക്കതിനാവില്ല....അലറിക്കൊണ്ടവന്‍ ശേഖരേട്ടന്‍റെ കാലില്‍ വീണു കരഞ്ഞു..... എന്തിനാ ശേഖരേട്ടാ എന്‍റെ അസുഖം ചികല്സിച്ചു മാറ്റിയത്.. നിങ്ങള്‍ക്കൊക്കെ കൂടി എന്നെ കൊന്നു കളയാമായിരുന്നില്ലേ... ഒന്നുമറിയാത്ത, വേദനകളില്ലാത്ത രോഗാവസ്ഥയിലേക്കു വീണ്ടും മടങ്ങിയെന്‍കില്‍ എന്നു ബിനു ആശിച്ചു.. ഇതെല്ലാം മനോ വിഭ്രാന്തികളാണെന്നു മനസ്സിനെ വിശ്വസിപ്പിക്കാന്‍ അവന്‍ വ്രുഥാ ശ്രമിച്ചു..പക്ഷെ എന്തോ...വിഭ്രാന്തിയുടെ കാലങ്ങളിലേക്കു തിരിച്ചു പോകാന്‍ അവന്‍റെ മനസ്സ് കൂട്ടാക്കിയതേയില്ല.... അകലെ മലമടക്കുകളില്‍ മഴ പെയ്തു തുടങ്ങിയിരുന്നു..മലകളെ കുളിപ്പിച്ച് അത് താഴ്വാരത്തിലേക്കു പെയ്തിറങ്ങി...സര്‍വവും കുളിര്‍പ്പിക്കുന്ന പെരുമഴയിലും അണയാത്ത നെഞ്ചുമായി അവനും...

Friday, July 31, 2009

ബ്ലോഗ്‌ മീറ്റും ശ്രീജയും പിന്നെ ഇന്ദുലേഖയും..

സജീവന്റെ മൊബൈലില്‍ വന്ന മെസ്സേജ് വായിച്ചപ്പോള്‍ ശ്രീജയ്ക്ക് രക്തം ഇരച്ചു കയറി.. വീണ്ടും അവള്‍ തന്നെ ഇന്ദു ലേഖ .. "ബ്ലോഗ് മീറ്റിനു വരില്ലേ " എന്ന് . എന്റീശ്വരാ ഞാനിത് എന്തൊക്കെ കാണണം . ഒരു കുടുംബമായിട്ടു മര്യാദയ്ക്ക് ജീവിക്കുവാന്‍ ഇവളോന്നുംസമ്മതിക്കില്ലേ..ഒരു ഇന്ദുലേഖ.. ചേട്ടന്റെ പ്രീ ഡിഗ്രി ക്ലാസ്മേറ്റ്‌.അവള്‍ തന്നെ ആയിരിക്കും. ഓട്ടോ ഗ്രാഫേല്‍ അവളെഴുതിയതെന്താ "വിടരുന്ന പൂക്കള്‍ കൊഴിഞ്ഞാലും ഞാന്‍ നിന്നെ മറക്കില്ല" കള്ളന്‍ ...ആരും കാണാതെ സൂക്ഷിച്ചു വെച്ചിരിക്കുക ആയിരുന്നു അലമാരയുടെ അടിത്തട്ടില്‍ ..അതു വായിച്ച അന്നു മുതല്‍ ഒരു സംശയം തോന്നിയതാ.. എത്ര പ്രാവശ്യം ചോദിച്ചു കല്യാണത്തിന് മുന്പ് ആരെയെങ്കിലും പ്രേമിച്ചിട്ടുണ്ടോ എന്ന്.. ചോദിക്കുമ്പോഴൊക്കെ തമാശയാണ്.. "പോടീ അവിടുന്നു നീയെല്ലേ എന്റെ കാമുകി " എന്ന് പറഞ്ഞു സുഖിപ്പിക്കും .മോള്‍ക്ക്‌ ഇന്ദു എന്ന് പേരിടണമെന്ന് എന്തായിരുന്നു വാശി.. ഞാന്‍ സമ്മതിച്ചില്ല .. അങ്ങിനെ ഇപ്പോള്‍ പഴയ കാമുകിയുടെ പേരു വിളിച്ചു മോളെ കൊഞ്ചിക്കണ്ട ഓര്‍ക്കും തോറും ശ്രീജയ്ക്ക് ദേഷ്യം കൂടിക്കൂടി വന്നു.

ശ്രീജേ എനിക്കു കാള്‍ വല്ലതും വന്നോ .... മൊബൈലിന്റെ ശബ്ദം കേട്ടു .സജീവ്‌ മുറിയിലേക്ക് വന്നു. ശ്രീജ പെട്ടെന്ന് മൊബൈല് അയാള്‍ക്ക്‌ നീട്ടി.. ഇന്നാഎന്തോ മെസേജാ.. " ഓ .. ബ്ലോഗ് മീറ്റിന്റെയാ ഇവരുടെ ഒരു കാര്യം എത്ര മെസ്സേജ് ആണ് അയക്കുന്നത് ഞാന്‍ ചെല്ലുമെന്ന് അറിയിച്ചതാണല്ലോ... സജീവ്‌ ചിരിച്ചു കൊണ്ടു പറഞ്ഞു... ഹും.. അതെങ്ങിനെയാ കാമുകി പ്രത്യേകം വിളിക്കണ്ടേ.. ശ്രീജ മനസ്സില്‍ പറഞ്ഞു. രണ്ടുമൂന്നു വര്‍ഷമായി തുടങ്ങിയ പരിപാടിയാ ബ്ലോഗ്‌.. രാത്രി വെളുക്കുവോളം എന്തൊക്കെയോ ഇരുന്നു കമ്പ്യൂട്ടറില്‍ അടിച്ചു കേറ്റുന്നതു കാണാം.. ബ്ലോഗ്‌ ലിസ്റ്റ്‌ ചെയ്തെന്നോ കമന്റ്‌ കൂടിയെന്നൊ ഒക്കെ പറഞ്ഞ്‌ വലിയ കളിയും ചിരിയുമാ.. എഴുതിയതൊക്കെ വായിക്കാന്‍ നിര്‍ബന്ധിക്കും..വായിക്കാനൊക്കെ നല്ല രസമുണ്ട്‌.അതിലും രസം അതില്‍ ഓരൊന്നെഴുതുന്ന ആള്‍ക്കാരുടെ പേരു വായിക്കാനാ ..ഇങ്ങനെയും പേരുള്ള മനുഷ്യരുണ്ടോ.. തൂലികാ നാമം എന്നൊക്കെ കേട്ടിട്ടുണ്ട്‌. എന്നാലും അതിനുമില്ലെ ഒരു മര്യാദ...ഇതു ചുമ്മാ വായിക്കു തോന്നിയതൊക്കെ.. ചേട്ടന്‍ എന്തെഴുതിയാലും അവളുടെ കമന്റ്‌ ഉണ്ട്‌.. എല്ലാം നന്നായിരിക്കുന്നു പോലും.. ഓര്‍ക്കൂട്ടിലും അവളുണ്ട്‌.. ഫ്രണ്ട്‌സ്‌ ലിസ്റ്റില്‍.. ഡീറ്റെയ്ല്സ്‌ അറിയാന്‍ ഒരു ദിവസം ചേട്ടന്‍ അറിയാതെ കയറി നോക്കി.. ഫോട്ടോ അവളുടേതല്ല.. ഏതോ സിനിമ നടിയുടെ.. ആണുങ്ങളെ വീഴ്ത്താന്‍ ഓരോരൊ നമ്പരുകള്‍..

ടീ... കടപ്പുറത്തൊരു റിസൊര്‍ട്ടില്‍ വെച്ചാണു മീറ്റ്‌. നീ പോരുന്നോ.. മോളെക്കൂടി കൂട്ടാം.. ഒരു ഫാമിലി ട്രിപ്പ്‌ ആക്കിയേക്കാം. സജീവ്‌ ചോദിച്ചു.. ഓ.. ഞാനൊക്കെ അവിടെ വന്നിട്ടെന്തിനാ വെറുതെ വായില്‍ നൊക്കി ഇരിക്കാന്‍ ഞാനില്ല ... പറഞ്ഞു കഴിഞ്ഞപ്പൊളാണു ശ്രീജയ്ക്കു അങ്ങിനെ പറയേണ്ടിയിരുന്നില്ല എന്നു തോന്നിയത്‌. അവളും വരുമല്ലോ.. ഇന്ദുലേഖ.. ഒന്നു കാണണം.. എന്നിട്ട്‌ വേണം പറയാന്‍ ഈ നാടകമൊന്ന് അവസാനിപ്പിക്കാന്‍. എന്നാല്‍ ഞാനും വരാം സജീവേട്ടാ.. ശ്രീജ നിലപാട്‌ മാറ്റിക്കൊണ്ട്‌ പറഞ്ഞു. "വരുന്നില്ലെങ്കില്‍ വേണ്ടാ , അവിടെ വന്നു ബോര്‍ അടിച്ചുവെന്നു പറയരുത്‌..." " ഹും.. ആര്‍ക്കാണു ബോര്‍ അടിക്കുന്നതെന്നു കാണാം. ഞാന്‍ അവളെ ഒന്നു കാണട്ടെ.." ശ്രീജ മനസ്സില്‍ പറഞ്ഞു. സജീവ്‌ പുറത്തേക്കിറങ്ങിയപ്പൊള്‍ ശ്രീജ മൊബയ്‌ലിന്റെ കോണ്‍ ടാക്റ്റ്‌ ലിസ്റ്റ്‌ പരിശോധിച്ചു. ദാ അവളുടെ നമ്പര്‍... ശ്രീജയുടെ കൈകള്‍ യാന്ത്രികമായി ഡയലിലേക്കു നീണ്ടു. മറുവശത്ത്‌ ബെല്‍.. പക്ഷെ ആരും എടുക്കുന്നില്ല...രണ്ടാമതൊന്നു കൂടി വിളിക്കുവാന്‍ ആലോചിച്ച്‌ ശ്രീജ പിന്തിരിഞ്ഞു.. അപ്പൊള്‍ അതാ ഫോണ്‍ വീണ്ടും ശബ്ദിച്ചു.. മെസേജ്‌ ആണു,,,"ഡ്യൂട്ടിയിലാ കുറച്ചു കഴിഞ്ഞ്‌ വിളിക്കാം".അപ്പോള്‍ അവള്‍ക്ക്‌ ജോലിയുണ്ട്‌.. വേലയും കൂലിയും ഇല്ലാതെ വീട്ടില്‍ ഇരിക്കുന്ന നമുക്കൊക്കെ എന്തു വില...ശ്രീജയ്ക്കു കരച്ചില്‍ വന്നു. ഈ ബ്ലോഗിങ്ങ്‌ തുടങ്ങിയതില്‍ പിന്നെയാണു ഇതു ഇത്രയും കൂടിയത്‌.വൈകിട്ട്‌ ഓഫിസില്‍ നിന്നും വന്നാല്‍ പിന്നെ കമ്പ്യൂട്ടരിനു മുന്‍പിലാ തന്നൊടും മോളോടും വര്‍ത്തമാനം പറയുവാന്‍ പോലും സമയമില്ല. പോസ്റ്റിംഗ്‌, അഗ്രഗേറ്റര്‍ എന്നൊക്കെ പറയുന്നതു കേള്‍ക്കാം.

കാറില്‍ മോളോടൊപ്പം ഇരിക്കുമ്പോള്‍ ശ്രീജ അസ്വസ്ത്ഥയായിരുന്നു..മീറ്റിനു വേണ്ടി അതി രാവിലെ പുറപ്പെട്ടതാണ്. മോള്‍ വലിയ സന്തൊഷത്തിലാണ് .ബ്ലോഗും മീറ്റുമൊന്നും അറിയില്ലെങ്കിലും യാത്ര അവള്‍ക്കു വലിയ ഇഷ്ടമാണ് . രണ്ട്‌ വയസ്സേ ആയിട്ടുള്ളൂ.. "മീറ്റിങ്ങ്‌ ഒക്കെ ആയി കുഞ്ഞിനു മടുക്കുമോ എന്തോ" സജീവ്‌ ഉറക്കെ പറഞ്ഞു. "കടല്‍ തീരം ഒക്കെ ആയതിനാല്‍ കാഴ്ച്ച കണ്ടിരുന്നോളും. അല്ലെ മോളൂ".. അയാള്‍ അവളുടെ കവിളില്‍ തലോടി. ശ്രീജ ഒന്നും മിണ്ടിയില്ല. "നീയെന്താടീ ഇങ്ങനെ വീര്‍ത്തിരിക്കുന്നത്‌.. രാവിലെ മുതല്‍ ഞാന്‍ ശ്രദ്ധിക്കുന്നതാ.." ഹേയ്‌ .. ഒന്നുമില്ല..അയാളുടെ ചോദ്യത്തിനുത്തരം രണ്ടു വാക്കില്‍ ഒതുക്കി അവള്‍ വീണ്ടും ചിന്തയില്‍ മുഴുകി.

ഓഡിറ്റോറിയത്തിന്റെ മുന്‍പില്‍ കാര്‍ പാര്ക്കു ചെയ്തു പുറത്തിറങ്ങി ഹാളിലേക്കു നടക്കുമ്പോള്‍ ശ്രീജയുടെ കണ്ണുകള്‍ അവിടെയെല്ലാം തിരയുന്നുണ്ടായിരുന്നു. ഇന്ദുലേഖ അവള്‍ വന്നിട്ടുണ്ടാകുമൊ....ഓഡിറ്റോറിയത്തിന്റെ മുന്‍വശത്തു കുറെ പേര്‍ കൂടി നില്‍ക്കുന്നുണ്ട്‌, സജീവ്‌ അവരുടെ അടുത്തേക്കു പോയി, ശ്രീജ ഓഡിറ്റോറിയത്തിനുള്ളിലേക്കു കണ്ണോടിച്ചു. അകത്ത്‌ കുറേ സ്ത്രീകള്‍ ഇരിപ്പുണ്ട്‌, അവരിലാരാണ് ഇന്ദുലേഖ.. "നീ ഇവിടെ നില്‍ക്കുവാണോ.. വാ എല്ലാവരെയും പരിചയപ്പെടാം". സജീവിനു പിറകെ അവള്‍ അകത്തേക്കു നടന്നു. പരിചയപ്പെട്ട ഒരോ സ്ത്രീയേയും അവള്‍ ആകാംഷയോടെ നോക്കി.. പക്ഷെ ഇന്ദുലേഖ അവരുടെ കൂടെ ഇല്ലായിരുന്നു. ശ്രീജ അക്ഷമയൊടെ കാത്തിരുന്നു.

മീറ്റിംഗ്‌ തുടങ്ങി.. പതിവ്‌ ഔപചാരികതകള്‍ കഴിഞ്ഞ ശേഷം പരിചയപ്പെടല്‍ ആരംഭിച്ചു.വിചിത്രമായ പേരുകളിലുള്ള ബ്ലോഗ്‌ ഉടമകള്‍ മുഖം മൂടികള്‍ അഴിച്ച്‌ സാധാരണക്കാരായി.. പല നാടുകളില്‍ നിന്നും വന്ന പല തരക്കാര്.. ഒരു പക്ഷെ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത അവരെ കൂട്ടിയിണക്കുന്ന ബ്ലോഗ്‌ എന്ന കൂറ്റന്‍ വലയെക്കുറിച്ച്‌ പലരും ആവേശത്തോടെ സംസാരിച്ചു. ഓരൊരുത്തരായി വന്നു പൊയ്ക്കൊണ്ടിരുന്നു. ഇന്ദു ലേഖ മാത്രം വന്നില്ല...മീറ്റിങ്ങിന്റെ ചിട്ടകള്‍ മോള്‍ക്ക്‌ പിടിക്കാത്തതിനാല്‍ ശ്രീജ അവളെയും കൊണ്ടു പുറത്തിറങ്ങി..താമസിച്ചു വരുന്ന ബ്ലോഗര് മാര് അപ്പൊഴും എത്തിക്കൊണ്ടിരുന്നു.. പക്ഷെ ആ കൂട്ടത്തിലൊന്നും ഒരു സ്ത്രീ മുഖം പോലും ഉണ്ടായിരുന്നില്ല. ഓഡിറ്റോറിയത്തിന്റെ മുന്‍പില്‍ കടല്‍ ഇരയ്ക്കുന്നുണ്ടായിരുന്നു. തിരകളെ നൊക്കി നിന്നപ്പോള്‍ മനസ്സ്‌ ഒന്നു ശാന്തമായതായി ശ്രീജയ്ക്കു തോന്നി.. അവള്‍ വരില്ലായിരിക്കും.. എന്തായാലും ഇതു കഴിഞ്ഞു വീട്ടില്‍ എത്തിയാല്‍ ചേട്ടനോട്‌ കരഞ്ഞ്‌ പറയാം..എനിക്കുള്ള സ്നേഹം പങ്കു വെയ്ക്കരുതെന്ന്...തന്നോടുള്ള സ്നേഹത്തിനു കുറവൊന്നും വരുത്തിയിട്ടില്ല ഇതു വരെ..എന്നാലും.. ഇനി ഈ ടെന്‍ഷന്‍ സഹിക്കാന്‍ വയ്യ....

അകത്തെ ഉച്ച ഭാഷിണിയില്‍ നിന്നു പെട്ടെന്നാണവള്‍ കേട്ടത്‌.. ഇനി ഇന്ദുലേഖ നിങ്ങളോട്‌ സംസാരിക്കും...ശ്രീജ അതു കേട്ട്‌ തരിച്ച്‌ നിന്നു. അകത്തേക്കോടുവാള്‍ അവള്‍ ആവുന്നത്ര ശ്രമിച്ചു.. പക്ഷെ കാലുകള്‍ മുന്നോട്ടു നീങ്ങുന്നില്ല..മോളേയും എടുത്ത്‌ എങ്ങിനെയൊ അവള്‍ വാതില്‍ക്കലെത്തി.. എവിടെ ഇന്ദു ലേഖ അവളുടെ കണ്ണുകള്‍ വേദിയില്‍ ആകമാനം പരതി.. അവിടെയെങ്ങും ഒരു സ്ത്രീ മുഖം പോലും ഉണ്ടായിരുന്നില്ല..ആ പേരു കേട്ടുവെന്ന് തനിക്കു തോന്നിയതാണോ... അവള്‍ സംശയിച്ചു...അല്ല.. വ്യക്തമായി കെട്ടതാണ്. എന്താണ് തനിക്കു സംഭവിക്കുന്നതെന്നു അവള്‍ക്ക്‌ മനസ്സിലാവുന്നുണ്ടായിരുന്നില്ല...ഓഡിറ്റോറിയത്തിന്റെ വാതിലില്‍ ചാരി അവള്‍ തളല്‍ന്നു നിന്നു... അപ്പൊള്‍ വേദിയിലുണ്ടായിരുന്ന മധ്യ വയസ്കന്‍ സംസാരിച്ചു തുടങ്ങി. "നിങ്ങള്‍ ഇന്ദുലേഖയെ ആണ് പ്രതീക്ഷിക്കുന്നത്‌ എന്നെനിക്കറിയാം,പക്ഷെ അവള്‍ വന്നില്ല...കൊണ്ട്‌ വരണമെന്നുണ്ടായിരുന്നു..പക്ഷെ

അമ്മയില്ലാതെ വരില്ല എന്നു വാശി പിടിച്ചു.. അവള്‍ എന്റെ മൂന്നു വയസ്സുള്ള മോളാ... ഒരുബ്ലോഗ്‌ തുടങ്ങിയപ്പോള്‍ അത്‌ അവളുടെ പേരില ആകട്ടെ എന്നു വിചാരിച്ചു. വലുതായി ഇനി ബ്ലോഗ്‌ എഴുതാറാകുംമ്പോഴേക്കും ഒരു സമ്മാനമായി ഈ ബ്ലോഗ്‌ അവള്‍ക്കു നല്‍കാം ... ഹാളിലുള്ള എല്ലാവരും പൊട്ടിച്ചിരിച്ചു. ചിലര്‍ മറ്റുള്ളവരെ കളിയാക്കി..കേട്ടതു വിശ്വസിക്കാനാകാതെ ശ്രീജ വാതിലില്‍ മുഖമമര്‍ര്ത്തി നിന്നു.. എന്നിട്ട്‌ ആരും കാണാതെപൊട്ടിക്കരഞ്ഞു... എടീ നീ ഇവിടെ എന്തെടുക്കുവാ.. സജീവന്റെ ശബ്ദം കേട്ട്‌ അവള്‍ മുഖമുയര്ത്തി.. എന്തു പറ്റി ശ്രീ.. കണ്ണ് ചുവന്നിരിക്കുന്നു... സജീവ്‌ ചോദിച്ചു... ഒന്നുമില്ല ചേട്ടാ എന്തോ പൊടി പോയി.. കടല്‍ക്കരയില്‍ നിന്നപ്പോള്‍..അവള്‍ കണ്ണ് തുടച്ചുകൊണ്ടു പറഞ്ഞു.. മോളെയുമെടുത്ത്‌ സജീവ്‌ അകത്തേക്കു നടന്നു.. അവന്റെ കയ്യില്‍ മുറുകെ പിടിച്ച്‌ ശ്രീജയും..

Tuesday, July 14, 2009

നിത്യ

ട്രാവല്‍ ഏജന്‍സിയുടെ മുന്‍പിലേക്ക് ബസ്സ് വന്നു നിന്നു. ബാഗ്‌ എടുത്തു മറ്റു യാത്രക്കാര്‍ക്കൊപ്പം ജീവനും ബസ്സിലേക്ക് കയറി . ആദ്യ സ്റ്റോപ്പ്‌ ആയതിനാല്‍ ബസ്സിനുള്ളില്‍ യാത്രക്കാര്‍ ആരുമില്ല . ജോലിക്കായുള്ള ഇന്റര്‍വ്യൂവിനായി ഇന്നു രാവിലെയാണ് ജീവന്‍ ഈ ഉദ്യാന നഗരത്തിലെത്തിയത്.. എം ബി എ കഴിഞ്ഞു ജോലിക്കായുള്ള തിരച്ചിലിലാണ്..

എന്തോ... ഈ ജോലി കിട്ടുമെന്ന് മനസ്സു പറയുന്നു..ദക്ഷിണേന്ത്യയിലെ പ്രശസ്തമായ പരസ്യ ഏജന്‍സി ആണ്..... തനിക്കേറ്റവും ഇഷ്ടപ്പെട്ട മേഖല അതിനാല്‍ ഇന്റര്‍വ്യൂ ബോര്‍ഡിന്റെ ചോദ്യങ്ങള്‍ക്ക് ആത്മ വിശ്വാസത്തോടെ മറുപടി നല്‍കാനായി. ഇനി എല്ലാം ദൈവത്തിന്റെ കൈയ്യില്‍.. 

കയ്യിലുള്ള ട്രാവല്‍ ബാഗ്‌ ബസ്സിന്റെ ലഗേജ്‌ കരിയറില്‍ വെച്ചു ജീവന്‍ സീറ്റിലിരുന്നു. സൈഡ് സീറ്റ് ആണ് .....വഴി വക്കുകളിലെ ജീവിതം കണ്ടു പോകാം . ആളനക്കമില്ലാത്ത വിജന പ്രദേശങ്ങളിലൂടെ ഉള്ള ട്രെയിന്‍ യാത്ര അതുകൊണ്ടുതന്നെ ഇഷ്ടമല്ല ..ബസ്സ് പുറപ്പെടാനൊരുങ്ങി. കുറച്ചു യാത്രക്കാരെ ഉള്ളൂ .. നഗരം വിടും മുന്പ് ഒരു സ്റ്റോപ്പ്‌ കൂടിയുണ്ട് . കൂടുതല്‍ പേര്‍ അവിടെ നിന്നാണ്.

ബസ്സ് നഗരാതിര്‍ത്തിക്ക് മുന്പുള്ള സ്റ്റോപ്പില്‍ എത്തി . യാത്ത്രക്കാര്‍ കയറിക്കൊണ്ടിരുന്നു..ഭാര്യയും ഭര്‍ത്താവും .. സ്നേഹിതര്‍, എല്ലാവര്‍ക്കൊപ്പവും ആരെങ്കിലുമുണ്ട് .. ബസില്‍ തനിച്ചു താന്‍ മാത്രമേ ഉള്ളൂ എന്ന് ജീവന് തോന്നി.. ജീവന്റെ അടുത്ത സീറ്റ് അപ്പോഴും ഒഴിഞ്ഞു കിടന്നു..ആരാണാവോ വരുന്നത് . കഴിഞ്ഞ തവണ വന്നു മടങ്ങിയപ്പോള്‍ ഒരു അച്ചായനായിരുന്നു കൂട്ട്.. യാത്ര തുടങ്ങിയപ്പോള്‍ മുതല്‍ അച്ചായന്‍ ഉറക്കം തുടങ്ങി.. ഇടക്കിടക്ക് തോളിലേക്ക് ചാഞ്ഞു വീഴും ..ദുരിതം പിടിച്ച യാത്ര..

"എക്സ്ക്യുസ് മീ.... " ജീവന്‍ ചിന്തകളില്‍ നിന്നും ഉണര്‍ന്നു ..

. പ്ലീസ് എനിക്കാ സൈഡ് സീറ്റ് ഒന്നു തരുമോ.. ഇവിടെ ഇരുന്നാല്‍ എനിക്ക് വല്ലാത്ത വീര്‍പ്പുമുട്ടലാ ... പ്ലീസ്..  

വെളുത്തു മെലിഞ്ഞ ഒരു പെണ്‍കുട്ടി.. കയ്യില്‍ ചെറിയ ഒരു ബാഗ്‌.. ചുരിദാര്‍ ആണ് വേഷം.. സൈഡ് സീറ്റില്‍ നിന്നും മാറുവാന്‍ ജീവന് ഒട്ടും ഇഷ്ടം ഉണ്ടായിരുന്നില്ല .. എങ്കിലും .. ഒരു പെണ്‍കുട്ടിയല്ലേ ചോദിക്കുന്നത്.. ജീവന്‍ തൊട്ടടുത്ത സീറ്റിലേക്ക് മാറിയിരുന്നു. അവനു ചെറു ചിരി സമ്മാനിച്ച്‌ അവള്‍ കയറിയിരുന്നു .. പേഴ്സില്‍ നിന്നും മൊബൈല് ഫോണെടുത്തു 

 " ഹലോ പപ്പാ.. ഞാന്‍ ബസ്സില്‍ കയറി.. ഇനിയെങ്കിലും പറയൂ പപ്പാ.. എന്താണ് വിശേഷം.. എനിക്ക് ടെന്‍ഷന്‍ അടിക്കാന്‍ വയ്യ.. "  

ഫോണില്‍ പപ്പയോടു കൊഞ്ചുന്ന അവളെ ഇടം കണ്ണിട്ടു നോക്കി ജീവനിരുന്നു. ബസ്സ് നഗരാതിര്‍ത്തി വിട്ടു മുന്നോട്ടു കുതിക്കാന്‍ തുടങ്ങിയിരിക്കുന്നു.. വിശാലമായ ഹൈവേ ... ജീവന്‍ സീറ്റിലേക്ക് ചാരിയിരുന്നു.. ചെറുതായൊന്ന് മായന്ങണം .. ഇന്നലെ രാത്രിയിലും യാത്ര ആയതിനാല്‍ ഉറക്കം ശരിയായില്ല ..

ചേട്ടാ.. ജീവന്‍ കണ്ണ് തുറന്നു നോക്കി..അവള്‍ തന്നെ.. ഫോണ്‍ വെച്ചു ഇപ്പോള്‍ നോവലിന്റെ പുറത്താണ്  

വെള്ളമുണ്ടോ കയ്യില്‍ .. തിരക്കിനിടയില്‍ ഞാന്‍ വാങ്ങാന്‍ മറന്നു

ജീവന്‍ ബാഗില്‍ നിന്നും വെള്ളക്കുപ്പി എടുത്ത്‌ അവള്ക്ക് നീട്ടി.. 

 എന്റെ ഒരു മറവി .. വെള്ളക്കുപ്പി തിരിചെല്‍പ്പിക്കുംപോള്‍ അവള്‍ പറഞ്ഞു.. ഏറ്റവും ആവശ്യമുള്ളത് എപ്പോഴും മറക്കും..

 ജീവന്‍ അവളെ നോക്കി വെറുതെ ചിരിച്ചു.  

ചേട്ടന്റെ പേരെന്താ .. എവിടെയാ ജോലി..ഒറ്റ ശ്വാസത്തിലാണ് ചോദ്യം.. ജീവന്‍ പേരും ആഗമന ഉദ്ദേശവും പറഞ്ഞു..ഞാന്‍ നിത്യ.. അവള്‍ സ്വയം പരിചയപ്പെടുത്തി..  

നഗരത്തിലെ പ്രശസ്തമായ എഞ്ചിനീയറിംഗ് കോളേജിലെ അവസാന വര്‍ഷ വിദ്യാര്ത്ഥി..കൊച്ചി നഗര പ്രാന്തത്തിലാണ് വീട്.

" ഇനി രണ്ടു മാസം കൂടിയെ ഉള്ളൂ അത് കഴിഞ്ഞാല്‍ ഞാനും ചേട്ടനെ പോലെ ജോലി അന്വേഷണത്തില്‍ ആകും .. " ചിരിച്ചു കൊണ്ടു അവള്‍ പറഞ്ഞു.. 
പിന്നെയും എന്തൊക്കെയോ അവള്‍ ചോദിച്ചു.. ഇടവേളകളില്ലാതെ സംസാരിക്കുന്ന അവളുടെ പ്രകൃതം ജീവന് ഇഷ്ടമായി.. ഒറ്റയ്ക്കുള്ള യാത്രകളില്‍ ഇങ്ങനെ ഒരു കൂട്ട് അപൂര്‍വമായേ കിട്ടാറുള്ളൂ. എല്ലാവരും അവരവരുടെ ലോകത്ത് ഒതുങ്ങിക്കൂടുന്ന വിരസമായ യാത്രകളാണ് അധികവും.. മനുഷ്യന്‍ എത്ര മാത്രം അന്തര്മുഖരാനെന്നു മനസ്സിലാകുന്നത്‌ യാത്രകളില്‍ ആണെന്ന് തോന്നാറുണ്ട് പലപ്പോഴും..

എന്റെ "ചേട്ടാ" വിളി ബോര്‍ ആകുന്നുണ്ടോ.. ഇടയ്ക്കവള്‍ ചോദിച്ചു.. കോളേജിലെ സീനിയര്‍ ചേട്ടന്മാരെ വിളിച്ചു ശീലിച്ചതാ ... ഇപ്പോള്‍ പ്രായത്തില്‍ മൂത്ത ആരെ കണ്ടാലും ചേട്ടാ എന്നെ നാവില്‍ വരൂ.."  

അയ്യോ എനിക്കത് വളരെ ഇഷ്ടപ്പെട്ടു"..ജീവന്‍ ചിരിച്ചു കൊണ്ടു പറഞ്ഞു..നിത്യ അങ്ങിനെ വിളിക്കുമ്പോള്‍ വളരെ അടുപ്പമുള്ള ഒരാളെപ്പോലെ തോന്നുന്നു.. 
 എന്തായിരുന്നു പപ്പയുമായി ഫോണില്‍ ഒരു വടം വലി അവന്‍ അവളോടു ചോദിച്ചു..  

ഒന്നും പറയേണ്ട ചേട്ടാ ഈ പപ്പയുടെ കാര്യം.. ഇന്നു രാവിലെ വിളിച്ചു പറയുകാ ഉടനെ വീട്ടില്‍ ചെല്ലണം എന്ന് .. എന്താ കാര്യം എന്ന് ചോദിച്ചിട്ട് പറയുന്നുമില്ല .. ഞാന്‍ ടെന്‍ഷന്‍ അടിച്ചു മടുത്തു ...
സംസാരം പപ്പയെ കുറിച്ചായി.. കൊച്ചി നഗരത്തില്‍ ബിസിനസ്സ് ആണ് പപ്പയ്ക്ക്.. അച്ഛനും അമ്മയും കൂടാതെ രണ്ടു സഹോദരങ്ങള്‍ കൂടി.. ഏറ്റവും ഇളയ അനിയന്‍ ഇപ്പോള്‍ നാലാം ക്ലാസില്‍ പഠിക്കുന്നു .. അവന്‍ എന്നെക്കാള്‍ ഒത്തിരി ഇളയതാ .. ഞാനാ അവനെ വളര്തിയതൊക്കെ .. എന്നോടു വലിയ സ്നേഹമാ .. നിത്യ സംസാരിച്ചുകൊണ്ടേ ഇരുന്നു കൌതുകത്തോടെ എല്ലാം കേട്ടു ജീവനും...

രാത്രിയായി ... .. ഭക്ഷണം കഴിക്കുന്നതിനായി ബസ്സ് നിര്ത്തി ..എല്ലാവരും പുറത്തിറങ്ങി..ജീവനോടൊപ്പം നിത്യയും വന്നു.. 

 ചേട്ടനുള്ളത് നന്നായി അല്ലെങ്കില്‍ ഞാന്‍ ഒറ്റയ്ക്കായി പോയേനെ.. നോക്കിക്കേ എല്ലാ പെണ്‍കുട്ടികളുടെ കൂടെയും ആണുങ്ങള്‍ ഉണ്ട്..ഞാനും ചേട്ടനും മാത്രമെ ഉള്ളൂ ഫ്രീ ..  

ജീവന്‍ അത് കെട്ട് പൊട്ടിച്ചിരിച്ചു...വീണ്ടും യാത്ര ...ബസ്സില്‍ എല്ലാവരും ഉറക്കത്തിലായി ..നിത്യ കുറെ നേരം കൂടി സംസാരിച്ചിരുന്നു.. പിന്നീട് ഉറങ്ങി ...ജീവന് എന്തോ ഉറക്കം വന്നില്ല ബസ്സിലെ സിനിമയും കണ്ടിരുന്നു.. ഇടക്ക് എപ്പോഴോ നിത്യ അവന്റെ തോളിലേക്ക് ചാഞ്ഞു..തല തട്ടി മാറ്റാതെ.. അവളെ ഉണര്‍ത്താതെ ശ്രദ്ധയോടെ അവനിരുന്നു..

രാത്രിയിലെപ്പോഴോ കേരള അതിര്‍ത്തിയില്‍ ബസ്സ് നിന്നു..പെട്ടന്ന് ഏതോ സംഘടന ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്രേ ... വാഹനങ്ങളുടെ നീണ്ട നിരകള്‍ക്കു പിന്നില്‍ അവയിലോന്നായി അവരുടെ ബസും യാത്ര പാതിയില്‍ മുടങ്ങിക്കിടന്നു... പിറ്റേ ദിവസം ഉച്ച വരെ.. ആ ചെറിയ തമിഴ്നാട്‌ ഗ്രാമത്തില്‍ അവര്‍ കാത്തു കിടന്നു.. രാവിലെ ജീവന്‍ തന്നെ അടുത്തൊരു വീട് കണ്ടെത്തി ..പ്രാഥമിക കൃത്യങ്ങള്‍ക്കുള്ള സൌകര്യം ഒരുക്കി കൊടുത്തു .. ഭക്ഷണം ഒന്നും കിട്ടിയില്ല .. അടുത്ത കടയില്‍ നിന്നും കുറെ പഴം വാങ്ങി കഴിച്ചു.. പിന്നെ വാഹനങ്ങള്‍ നിറഞ്ഞ വഴിയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു.. ഒരുപാടു നാളത്തെ സൌഹൃദത്തിന്റെ അടുപ്പം അവര്‍ തമ്മില്‍ ഉണ്ടെന്നു അവര്ക്കു തോന്നി..വയലിന്റെ കരയിലെ തണലില്‍ ഇരുന്നു നിത്യ പറഞ്ഞാലും പറഞ്ഞാലും തീരാത്ത അവളുടെ വിശേഷങ്ങളുടെ കെട്ട് തുറന്നു.. ജീവനെ ക്കുറിച്ച് ചോദിച്ചു.. അങ്ങിനെ അങ്ങിനെ......... 

"പപ്പാ ഒരു കുഴപ്പവുമില്ല എനിക്കൊരു നല്ല കമ്പനി കിട്ടി".. ഇടയ്ക്ക് വിളിച്ചു വിവരം തിരക്കിയ അച്ഛനോടവള്‍ പറഞ്ഞു..

"പപ്പാ കിടന്നു കയറു പൊട്ടിക്കുക ആണല്ലോ.. മകളെ കെട്ടിച്ചു വിടാനുള്ള പരിപാടിയാണെന്ന് തോന്നുന്നു.. അതാ കാര്യം സര്‍പ്രൈസ്ആക്കി വെയ്ക്കുന്നത്.." ജീവന്‍ കളി പറഞ്ഞു..."

ഹും ... അങ്ങിനെ ആണേല്‍ പപ്പാ തന്നെ കെട്ടത്തെ ഉള്ളൂ.. എനിക്കിപ്പോഴോന്നും കല്യാണം വേണ്ട എന്ന് ഞാന്‍ പപ്പയോടു പറഞ്ഞിട്ടുണ്ട്.." 

 പിന്നെ ... അത് കല്യാണം കഴിക്കാരാകുന്ന എല്ലാ പെണ്‍കുട്ടികളും പറയുന്നതാ ഇതു.. അല്ലെങ്കില്‍ വല്ല പ്രേമവും കാണും.. ജീവന്‍ വീണ്ടും പ്രകോപിപ്പിച്ചു.. 

 ഇല്ല ചേട്ടാ നിലവില്‍ ഒന്നും ഇല്ല .. എന്നാലും ഒന്നു പ്രേമിച്ചു കെട്ടണം എന്ന് മോഹം ഉണ്ട് നമ്മുടെ കൂടെ ഒക്കെ കൂടി നമുക്കു പറ്റുന്നതാണോ എന്നൊക്കെ അറിഞ്ഞു കല്യാണം കഴിക്കാന എനിക്കിഷ്ടം.. ചേട്ടനെ പോലെ നല്ല കമ്പനി ആയ ഒരാള്‍... അവള്‍ പറഞ്ഞതു പെട്ടെന്ന് നിര്ത്തി.. ജീവന്‍ അവളുടെ മുഖത്തേക്ക് കണ്ണിമയ്ക്കാതെ നോക്കി അവള്‍ മിഴി താഴ്ത്തിയിരുന്നു ..പിന്നീട് കുറെ നേരത്തേക്ക് രണ്ടുപേരും ഒന്നും സംസാരിച്ചില്ല...എങ്കിലും ആ മൌനത്തിനു അര്‍ഥങ്ങള്‍ പെരുകിക്കൊണ്ടേ ഇരുന്നു..

ബസ്സ് എറണാകുളം എത്തിയപ്പോഴേക്കും രാത്രിയായിരുന്നു..നിത്യ ബാഗ്‌ എടുത്ത്‌ ഇറങ്ങുവാന്‍ തയ്യാറായി..ജീവന് ഇനിയും രണ്ടു മണിക്കൂര്‍ യാത്ര കൂടിയുണ്ട്.. ബസ്സ് സ്റ്റോപ്പില്‍ നിത്യയുടെ അച്ഛന്‍ കാത്തു നിന്നിരുന്നു.. ഞാന്‍ വിളിക്കാം ചേട്ടാ.. ഇറങ്ങാന്‍ നേരം അവള്‍ പറഞ്ഞു..

വീണ്ടും യാത്ര തുടര്‍ന്നു.. ഉറക്കത്തിലായിരുന്ന ജീവനെ ഫോണിന്റെ ബെല്‍ ഉണര്‍ത്തി ...നിത്യ.. ചേട്ടാ ഞാന്‍ വീട്ടില്‍ എത്തി.. പപ്പാ ഇതു വരെ സസ്പെന്‍സ് പൊട്ടിച്ചിട്ടില്ല .. ഭാഗ്യം എന്തായാലും കല്യാണാലോചന അല്ല.. ഞാന്‍ മമ്മിയോടു ചോദിച്ചു..

" അപ്പോള്‍ ഇനി നല്ല കമ്പനി ആയ ഒരാളെ കണ്ടുപിടിക്ക്" ജീവന്‍ പറഞ്ഞു.. 

"ഞാന്‍ പപ്പയോടു പറയണമോ എന്നാലോചിക്കുവാ".. അവള്‍ പറഞ്ഞു.. "എന്ത്.". ജീവന്‍ ചോദിച്ചു.. 

"അങ്ങിനെ ഒരാളെ കണ്ടു പിടിച്ചു എന്ന്"... ജീവന്റെ ഹൃദയം വല്ലാതെ തുടിച്ചു.. 

 ചേട്ടാ .. ഞാന്‍ പിന്നെ വിളിക്കാം.. പപ്പാ വരുന്നുണ്ട്.. അവള്‍ ഫോണ്‍ വെച്ചു.. എല്ലാം ഒരു സ്വപ്നം പോലെ ജീവന് തോന്നി... നിത്യ.. ഇന്നലെ പരിചയപ്പെട്ട പെണ്കുട്ടി അവള്‍ ഇന്നു തന്റെ പ്രിയപ്പെട്ടവള്‍ ആയി മാറിയിരിക്കുന്നു.. പിന്നീടുള്ള യാത്രയില്‍ ജീവന്‍ ഉറങ്ങിയാതെ ഇല്ല...

വീട്ടിലെത്തിയപ്പോള്‍ രാത്രി ഏറെ വൈകിയിരുന്നു.. അതിനാല്‍ പിറ്റേന്ന് താമസിച്ചാണ് എഴുന്നേറ്റത്‌..കാപ്പി കുടിക്കുമ്പോള്‍ ജീവന്‍ അമ്മയോട് നിത്യയെക്കുരിച്ചു പറഞ്ഞു... എല്ലാ കാര്യവും അമ്മയോട് പറഞ്ഞാലേ സമാധാനമാകൂ.. പണ്ടു മുതലേ ഉള്ള ശീലമാണ്.. പക്ഷെ അവള്‍ അവസാനം പറഞ്ഞതു മാത്രം പറഞ്ഞില്ല.. കൊള്ളാം നിന്റെ ഓരോ കാര്യങ്ങള്‍ അമ്മ ചിരിച്ചു കൊണ്ടു പറഞ്ഞു..

താമസിച്ചു എഴുന്നേറ്റത്‌ കൊണ്ടു പത്രം വായിക്കുവാനെടുത്തപ്പോള്‍ ഉച്ചയായി.. സ്പോര്‍ട്സ് , പ്രാദേശികം പിന്നെ രാഷ്ട്രീയം എന്നിങ്ങനെ ആണ് പത്ര വായനയിലെ മുന്‍ ഗണന ക്രമം.. അവസാനമായി ചരമ പേജിലൂടെ ഒന്നു കണ്ണോടിച്ചപ്പോള്‍ ജീവന്‍ ഒന്നു പകച്ചു.. അഞ്ചംഗ കുടുംബം മരിച്ച ചെയ്ത നിലയില്‍... കൊച്ചിയില്‍ നിന്നും ഉള്ള ആ വാര്‍ത്തയില്‍ നിത്യയുടെ ചിത്രം.. അതെ അവള്‍ തന്നെ ...അവനു വിശ്വസിക്കാനായില്ല.. കട ബാധ്യതയെ തുടര്‍ന്നു കുടുംബ നാഥന്‍ കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ ശേഷം വിഷം കഴിച്ചു മരിക്കുകയായിരുന്നു.. ജീവന് മുഴുവന്‍ വായിക്കുവാന്‍ കഴിഞ്ഞില്ല ...അമ്മേ.. അവന്‍ അലറി വിളിച്ചു.. ഓടി വന്ന അമ്മ ഒന്നും മനസ്സിലാകാതെ നിന്നു .. അവന്‍ അമ്മയെ കെട്ടിപ്പിടിച്ചു കരഞ്ഞു ...

ജീവന്‍ എത്തുമ്പോള്‍ മൃതദേഹങ്ങള്‍ വഹിച്ച ആംബുലന്‍സുകള്‍ വരിവരിയായി വീട്ടിലെക്കെത്തുന്നുണ്ടായിരുന്നു... അലങ്കരിച്ച പെട്ടികളിലോന്നില്‍ നിത്യഉറങ്ങിക്കിടന്നു.. ജീവന്‍ ഒന്നു നോക്കി... പിന്നെ നിറഞ്ഞ കണ്ണുകള്‍ തുടച്ചു തിരിഞ്ഞു നടന്നു... ചേട്ടാ.. പോകുവാണോ.. അവള്‍ അങ്ങിനെ ചോദിക്കുന്നത് പോലെ അവന് തോന്നി... അവന്‍ തിരിഞ്ഞു നോക്കാതെ മുന്നോട്ടു നടന്നു...

Wednesday, April 22, 2009

സ്നേഹക്കടല്‍

അങ്ങിനെ ഒരു വിഷു കൂടി കഴിയുന്നു... കോട്ടെജിന്റെ വരാന്തയിലിരുന്നു ദിവാകരന്‍ ആരോടെന്നില്ലാതെ ഉറക്കെ പറഞ്ഞു... എന്നിട്ട് മെല്ലെ തിരിഞ്ഞു സാവിത്രിയെ നോക്കി.. അവര്‍ ഒന്നും മിണ്ടിയില്ല ..പക്ഷെആ കണ്ണുകളില്‍ ആഘോഷം ഇല്ലാത്ത വിഷുക്കാലത്തിന്റെ ദുഃഖം നിറഞ്ഞു നില്ക്കുന്നത് അയാള്‍ക്ക്‌ കാണാമായിരുന്നു.. എല്ലാവരും ഉണ്ടെന്‍കിലും ആരുമില്ലാത്ത ഒരു വിഷു കൂടി.. ആരുമില്ലെന്ന് ആര് പറഞ്ഞു .. സ്നേഹാലയം എന്ന് ഓമനപ്പേരുള്ള ഈ വൃദ്ധ സദനത്തിലെ സ്നേഹിതര്‍ക്കൊപ്പം ഇതു പതിനന്ചാമത്തെ വിഷു..ഇവിടെയെത്തുമ്പോള്‍ പ്രായം അറുപത്തി ഒന്ന്. അച്ഛനെയും... അമ്മയെയും നോക്കുന്നതിന്റെ സാമ്പത്തിക ബാധ്യതയുടെ കണക്കുകള്‍ മകന്റെയും ഭാര്യയുടെയും ഉറക്കം കളയുന്നു എന്ന് തിരിച്ചറിഞ്ഞ നാള്‍...ഏക മകന്റെ ഭാര്യയുടെ മുന വെച്ച വാക്കുകള്‍ കേട്ടു കണ്ണീരില്‍ കുതിര്‍ന്ന മുഖവുമായി ഒരു രാത്രി സാവിത്രി ആണ് പറഞ്ഞതു .... നമുക്കെവിറെക്കെന്കിലും പോകാം ചേട്ടാ.. എന്ന്..സ്വന്തം വീട്ടില്‍ അന്യയാകുന്നതിന്റെ തീവ്ര ദുഃഖം അവളുടെ കണ്ണ്നീരിലൂറെ അയാളറിഞ്ഞു.. എങ്കിലും പിടിച്ചു നിക്കാന്‍ ശ്രമിച്ചു.. ആര്ക്കും ഒരു ഭാരമാകാതെ... കഴിയുന്നതും എല്ലാം സഹിച്ചു..കഴിഞ്ഞില്ല പതിനെട്ടാമത്തെ വയസ്സില്‍ തന്റെ ജീവിതത്തിന്റെ ഭാഗമായ പ്രിയതമയുടെ കണ്ണുനീര്‍ ഏറെ നാള്‍ കാണാനുള്ള കരുത്ത് ദിവാകരനില്ലായിരുന്നു..എന്‍ജിനിയരിങ്ങിനു പഠിക്കുന്ന ചെറുമകന് വേണ്ടി തങ്ങളുടെ കൊച്ചു മുറി ഒഴിഞ്ഞു കൊടുക്കണം എന്ന് മകന്‍ ആവശ്യപ്പെട്ട ദിവസം തീരുമാനിച്ചു.. അന്നാണ് ആ വീട്ടിലെ അവസാന ദിനമെന്ന്... പ്രായമൊക്കെ ആയില്ലേ ഇനി ആ ഊണ് മുറിയുടെ കോണില്‍ കിടന്നാല്‍ മതി.. മധുവിധു കാലമൊന്നും അല്ലല്ലോ...മകന്റെ ഭാര്യയുടെ പുച്ചതോറെയുള്ള കമന്റ് കേട്ടു ഒന്നും മിണ്ടാതെ സാവിത്രിയെയും കൂട്ടി ഇറങ്ങിയതാണ്..എങ്ങോട്റെന്നില്ലാത്ത ആ യാത്രയില്‍ ഈശ്വരന്‍ എത്തിച്ചത് ഇവിടെയാണ്.. .

നീണ്ട പതിനഞ്ച് വര്‍ഷങ്ങള്‍.. സര്‍ക്കാര്‍ നല്കുന്ന പെന്‍ഷന്‍ കൊണ്ടു ഈ സ്നേഹാലയത്തില്‍ ..അയാള്‍ സാവിത്രിയെ കണ്ണിമയ്ക്കാതെ നോക്കിയിരുന്നു...കാലം കടന്നു പോകുന്നത് സാവിത്രിയിലൂടെയാണ് താന്‍ അറിയുന്നത്..പണ്ടു.. പരിഭ്രമം മാറാത്ത ഒരു പതിനെട്ടു കാരി ആദ്യമായി തന്റേതു മാത്രമായ നാള്‍ അയാളോര്‍ത്തു.. അവള്‍ അമ്മയായത്..തലയിലെ നീണ്ട മുടിയില്‍ ആദ്യ നര കണ്ട നാളില്‍ ചേട്ടാ നോക്കൂ നമുക്കു പ്രായമായിത്തുടങ്ങി എന്ന് അവള്‍ കളി പറഞ്ഞു ചിരിച്ചത്......ഇപ്പോള്‍ തലയില്‍ മുഴുവന്‍ വെള്ളി നൂലുകള്‍ നിറഞ്ഞിരിക്കുന്നു.. എങ്കിലും ആ പതിനെട്ടുകാരിയോടു തോന്നിയ ഇഷ്ടം.. അതിന്നും മനസ്സിലുണ്ട് ..എന്ത് പറ്റി ദിവാകരേട്ടാ.. സാവിത്രിയുടെ ചോദ്യം അയാളെ ചിന്തകളില്‍ നിന്നുണര്‍ത്തി... സമയം മൂന്നു മണിയാകുന്നു.. ടി വിയില്‍ വിഷു സ്പെഷ്യല്‍ സിനിമ തകര്‍ക്കുകയാണ്..എല്ലാവരും അവിടെ ഉണ്ട് സാവിത്രിയോടൊപ്പം അയാള്‍ അവിടേക്ക് നടന്നു..

രാത്രി സാവിത്രി കുറെ കരഞ്ഞു.. അല്ലെങ്കിലും വിശേഷ ദിവസങ്ങളില്‍ ഇതു പതിവാണ്..ഇവിടെ വന്ന ആദ്യ വര്‍ഷങ്ങളില്‍ ഓണവും വിഷുവുമൊക്കെ വരുമ്പോള്‍ അവര്‍ കാത്തിരിക്കുമായിരുന്നു..മകനെയും കൊച്ചു മക്കളെയും..പക്ഷെ ആരും വന്നില്ല.. ഒരിക്കല്‍ പോലും.. തങ്ങള്‍ ഇവിടെ ഉണ്ട് എന്നറിയിച്ചിരുന്നു..എന്നിട്ടും .... അയാളുടെ കൂടെ ജോലി ചെയ്തിരുന്ന ജോസഫ് ഒരിക്കല്‍ വന്നപ്പോള്‍ പറഞ്ഞു ..മോനേ കണ്ടിരുന്നു എന്ന്.. ജോലിത്തിരക്കാണത്രേ അച്ഛനെയും അമ്മയെയും കാണാന്‍ പോകാന്‍ സമയം കിട്ടുന്നില്ല പോലും.. അന്ന് സാവിത്രി കരഞ്ഞപ്പോള്‍ അയാള്‍ വല്ലാതെ ദേഷ്യപ്പെട്ടു.. എന്നിട്ട് ആരും കാണാതെ മുറ്റത്തെ ഇരുട്ടില്‍ പോയി പൊട്ടിക്കരഞ്ഞു.. ആര്ക്കും വേണ്ടാതവുക .. അതും സ്നേഹിച്ചു വളര്‍ത്തിയ സ്വന്തം മകന്‍ പോലും..

പിന്നെ ഒരിക്കല്‍ അയാള്‍ക്കൊരു കത്ത് വന്നു.. വെള്ളിക്കിന്നരികള്‍ കൊണ്ടലങ്കരിച്ച മനോഹരമായൊരു കത്ത്.. കൊച്ചു മകന്റെ വിവാഹ ക്ഷണ പത്രം ... അന്ന് സാവിത്രിയുടെ കണ്ണ് നീര്‍ അടക്കാന്‍ അയാള്‍ ഒന്നും പറഞ്ഞില്ല.. . വെറുതെ പുറത്തിറങ്ങി നടന്നു.. കുറെ നടന്നാല്‍ കടല്‍ തീരമാകും.. ആവര്‍ത്തനത്തിന്റെ വിരസതയില്ലാതെ ആഞ്ഞടിച്ചു കൊണ്ടേയിരിക്കുന്ന തിരമാലകളെ നോക്കി കുറെ നേരമിരുന്നു.. എല്ലാ ദുഖങ്ങളും അടക്കുന്ന താളമാണ് കടലിന്.. കൈ വിട്ടു പോകുന്ന കരയിലേക്ക് വീണ്ടും വീണ്ടും എത്തുന്ന കടലിന്റെ സ്നേഹ താളം...

വിഷുക്കാലം കഴിഞ്ഞു ... മീനച്ചൂട് ഇടവപ്പാതിക്ക് വഴിമാറി പിന്നെ തുള്ളിക്കൊരുകുടവുമായി കര്‍ക്കിടകം പെയ്തൊഴിഞ്ഞു.. ഋതുക്കള്‍ മുറ തെറ്റാതെ മാറി മാറി വന്നു.. മാറ്റമില്ലാതെ ജീവിതവുമായി അവര്‍ രണ്ടു പേരും സ്നേഹാലയത്തിന്റെ കരുതലില്‍ പരിഭവമില്ലാതെ കഴിഞ്ഞു ... കൂട്ടുകാര്‍ പലരും വന്നു പോയി...ചിലര്‍ മക്കളുടെ കൂടെ തിരിച്ചു പോയി... മറ്റു ചിലര്‍ ഒരിക്കലും മടങ്ങി വരാതെ യാത്രയായി .... പുതിയ അന്തേവാസികള്‍ വന്നു... ഓരോരുത്തര്‍ക്കും ഉണ്ടായിരുന്നു ഹൃദയം നുറുക്കുന്ന ജീവിത കഥകള്‍...

അതൊരു ഓണക്കാലം ആയിരുന്നു...സ്നേഹാലയത്തിന്റെ ഉദ്യാനത്തില്‍ നിറയെ പൂക്കള്‍... പറിക്കുവാനും പൂക്കളം ഇടാനും കുട്ടികളില്ലാതെ വിഷാദത്തോറെ അവ പൂത്തു പൊഴിഞ്ഞു.. പൂക്കള്‍ പറിച്ചു പൂക്കളമിട്ട് കുട്ടികളാവാന്‍ അവര്‍ വൃഥാ ശ്രമിച്ചു..പക്ഷെ ഇളം പൂക്കള്‍ അവരുടെ തഴമ്പിച്ച കൈകള്‍ക്ക് വഴങ്ങാന്‍ കൂട്ടാക്കിയാതെഇല്ല . വൈകിട്ട് തോട്ടത്തില്‍ വെറുതെ നടക്കുമ്പോളാണ് അയാള്‍ ശ്രദ്ധിച്ചത്.. സ്നേഹാലയത്തിലേക്ക് പോയ കാറില്‍ പരിചയമുള്ളൊരു മുഖം.. മോന്‍.. കാര്‍ വളവുതിരിഞ്ഞു വന്നപ്പോള്‍ അയാള്‍ ഒന്നു കൂടി നോക്കി.. അതെ അവന്‍ തന്നെ...ഹൃദയം നിശ്ചലമായത് പോലെ അയാള്‍ക്ക്‌ തോന്നി.. സാവിത്രീ.. അയാള്‍ ഉറക്കെ വിളിച്ചു.. പക്ഷെ ശബ്ദം ഉയര്‍ന്നില്ല... അയാള്‍ സാവിത്രിയുടെ അടുത്തേക്കോടി .. അവളുടെ കൈയ്യില്‍ മുറുകെ പിടിച്ചു .. . എടീ മോന്‍..സാവിത്രിയുടെ കൈപിടിച്ചു അയാള്‍ വാതില്ക്കലെക്കോടി.

കാറിന്റെ പുറകിലെ സീറ്റില്‍ മകന്‍.. അയാള്‍ക്ക്‌ വിശ്വസിക്കാനായില്ല...ആകെ ക്ഷീണിച്ചിരിക്കുന്നു..കാര്‍ ഡ്രൈവര്‍ വന്നു പുറകിലെ ഡിക്കി തുറന്നു... ഒരു വീല്‍ ചെയര്‍ പുറത്തേക്ക് എടുത്തു വെച്ചു.. അയാളും ഭാര്യയും അന്തിച്ചു നിന്നു..പുറകിലെ സീറ്റില്‍ നിന്നും ഡ്രൈവറുടെ സഹായത്തോടെ മകന്‍ വീല്‍ ചെയറിലേക്ക്‌ കടന്നിരുന്നു... അവന്റെ കാലുകളിലോന്നു മുട്ടിനു താഴേക്ക്‌ മുറിച്ചു മാറ്റിയിരിക്കുന്നെന്നു ഒരു ഞെട്ടലോടെ അയാള്‍ തിരിച്ചറിഞ്ഞു... മോനേ എന്ന് അലറി വിളിച്ചു സാവ്ത്രി അവന്റെ അരികിലെക്കൊടി.. മുഖത്ത് നോക്കാനാവാതെ മകന്‍ തല കുനിച്ചിരുന്നു.. പ്രമേഹം മൂലം മുറിച്ചു മാറ്റപ്പെട്ട കാലിനെയും ,ഭര്‍ത്താവിനെ ഉപേക്ഷിച്ചു മകനോടൊപ്പം പോയ ഭാര്യയേയും കുറിച്ചു ഡ്രൈവര്‍ ആണ് അവരോടു പറഞ്ഞതു...വല്യ കഷ്ടമാ സാറിന്റെ കാര്യം.. കുറെ നാള്‍ ആശുപത്രിയില്‍ കിടന്നു ആരും ഇല്ലാതെ.. ഇങ്ങോട്ട് കൊണ്ടു വരാന്‍ മാത്രം എന്നോടു പറഞ്ഞു.. ഇവിടെ ആരുണ്ട്‌ എന്ന് ചോദിച്ചിട്ട് സാര്‍ ഒന്നും പറഞ്ഞില്ല.. അയാള്‍ ഭാര്യയെ നോക്കി... നിറഞ്ഞ കണ്ണുകളിലെ സന്തോഷം അനുഭവിച്ചറിഞ്ഞു..

രണ്ടു പേര്‍ക്കുള്ള അവരുടെ മുറിയില്‍ ഒരു കട്ടില്‍ കൂടി വന്നു.. ഒന്നും മിണ്ടാതെ മകന്റെ നെറ്റിയില്‍ തലോടി സാവിത്രി ഏറെ നേരം ഇരുന്നു.. അയാള്‍ പതിവു നടത്തത്തിനു പുറത്തേക്കിറങ്ങി.. ഒഴിവു ദിനമാല്ലാതതിനാലാവാം ബീച്ചില്‍ തിരക്ക് തീരെ ഇല്ല.. കടല്‍ പതിവിലും ശാന്തമാണെന്ന് അയാള്‍ക്ക്‌ തോന്നി.. തീരം വിട്ടു പോകാന്‍ മടിച്ചു തിരകള്‍ തുള്ളി തുള്ളി അവിടെ പതുങ്ങി നിന്നു.. അവയുടെ ആര്‍ദ്രമായ സ്നേഹനാദം കേട്ടു അയാള്‍ മെല്ലെ നടന്നു...