Showing posts with label അനുഭവം. Show all posts
Showing posts with label അനുഭവം. Show all posts

Thursday, July 25, 2013

ബഹ്റൈൻ ഒരു ഓർമ്മക്കുറിപ്പ് - ഭാഗം 2


മനാമ നഗര വീഥികളിലൂടെ സുഹൃത്തിന്റെ കാറിൽ പോകുമ്പോൾ ഏതോ യുദ്ധരംഗത്താണെന്നു തോന്നി.. എങ്ങും പട്ടാള വാഹനങ്ങൾ... നീണ്ട പീരങ്കിത്തലകളുമായി കൂറ്റൻ ടാങ്കുകൾ നഗരവീഥികൾ കൈയ്യടക്കിയിരിക്കുന്നു. എങ്ങും തോക്കുധാരികളായ പട്ടാളക്കാർ. റോഡീൽ ആളുകളും വാഹനങ്ങളും തീരെ കുറവ്.. ആരും പുറത്തിറങ്ങുന്നില്ല. പത്രം അച്ചടിക്കുന്ന പ്രിന്റിങ്ങ് പ്രസ്സിൽ അത്യാവശ്യമായി പോകേണ്ടതിനാലാണ് ഞങ്ങൾ ഈ സാഹസത്തിനു മുതിർന്നത്. ഹൈ വേയിൽ പലയിടങ്ങളിലും ചെക്ക് പോസ്റ്റുകൾ. പരിശോധനയ്ക്കായി നിർത്തിയ ഞങ്ങളുടെ കാറിനുള്ളിലേക്ക് തോക്കുധാരിയായ ഒരു പോലീസുകാരൻ എത്തിനോക്കി.. വിദേശികൾ ആണെന്നു കണ്ട് പൊയ്ക്കൊള്ളാൻ പറഞ്ഞു...പേൾ ചത്വരത്തിനരികത്തെ പാലത്തിലൂടെ ഞങ്ങളുടെ വാഹനം കടന്നു പോയി. ചത്വരത്തിനടുത്തേക്കെത്തുന്ന റോഡുകൾ ബ്ലോക്ക് ചെയ്തിരിക്കുന്നു. പ്രക്ഷോഭകാരികളെ ഒഴിപ്പിച്ച് പ്രദേശം പട്ടാളത്തിന്റെ അധീനതയിലാക്കിയിരിക്കുന്നു. ഭയപ്പാടോടെ ആ കാഴ്ച്ച കണ്ട് ഞങ്ങൾ എത്രയും വേഗം പ്രസ്സിലെത്താനായി കുതിച്ചു.

****                 *******                ********
2011 ഫെബ്രുവരി 14.. എന്തോ പ്രതിഷേധപ്രകടനം നടക്കുവാൻ പോകുന്നുണ്ടെന്നും അതിനാൽ കഴിവതും അന്ന് പുറത്തിറങ്ങേണ്ടെന്നും പ്രിന്റിങ്ങ് പ്രസ്സിലെ സ്വദേശികളായ  സുഹൃത്തുക്കൾ  പറഞ്ഞു.  ഇത്തവണ സാധാരണ പോലെയായിരിക്കില്ല.. ശക്തമായ പ്രക്ഷോഭം നടക്കും.. ഈജിപ്റ്റിലേയും മറ്റ് അറബ് നാടുകളിലേയും മുല്ലപ്പൂ വിപ്ലവത്തിന്റെ ആവേശം ആവരുടെ മുഖത്ത് വായിക്കാമായിരുന്നു. പ്രവാസി സമൂഹത്തിനിടയല്ലും ഫെബ്രുവരി 14 ന്റെ സമരത്തെപ്പറ്റി ആശങ്കൾ കൂടീ വന്നു.. ഇത്തവണ എന്തെങ്കിലും സംഭവിക്കും.. അവർ രണ്ടും കല്പിച്ചാണ്.. പ്രക്ഷോഭകാരികളുമായി ബന്ധമുള്ള ചില പ്രവാസി സുഹ്രുത്തുക്കളും തറപ്പിച്ൿഹു പറഞ്ഞു.. ഫെബ്രുവരി 13 ന്റെ സന്ധ്യക്ക് പതിവില്ലാത്ത ഒരു പിരിമുറുക്കം ഉണ്ടായിരുന്നു.  നഗരത്തിലെ വഴികൾ പതിവിലും നേരത്തെ വിജനമായി..
പ്രതീക്ഷിച്ചതു പോലെ ഫെബ്രുവരി പതിനാലിന്റെ  പ്രഭാതം അശുഭ വാർത്തകളൂമായാണെത്തിയത്... മനാമാ നഗരത്തിന്റെ അതിരുകളിലുള്ള ഗ്രാമങ്ങളിൽ പോലീസും പ്രക്ഷോഭകാരികളും തമ്മിൽ ഏറ്റുമുട്ടൽ ആരംഭിച്ചു എന്നറിയുവാൻ കഴിഞ്ഞു.. ആരൊക്കെയോ മരിച്ചിരിക്കുന്നു.. നിരത്തുകളും  തെരുവുകളും  വിജനമായിക്കിടന്നു.. .. എങ്ങും പോലീസ് വാഹങ്ങളുടെ സൈറനുകളുടെ ശബ്ദം മാത്രം.. ഉച്ചയോടെ പ്രക്ഷോഭകാരികൾ നഗരത്തിലേക്കു നീങ്ങുന്നെന്ന വിവരം ലഭിച്ചു..  സംഘടിച്ചെത്തിയ പ്രക്ഷോഭകർ മനാമയിലെ ദേശീയസ്മാരകമായ പേൾ പ്രതിമയ്ക്കു ചുറ്റും തമ്പടിച്ചു.. അവരുടെ എണ്ണം പെരുകിക്കൊണ്ടിരുന്നു.. ഒരു ഫുട്ബോൾ ഗ്രൗണ്ടിനൊപ്പം  വലിപ്പമുള്ള പേൾ ചത്വരവും അതിനു സമീപപ്രദേശങ്ങളും പ്രക്ഷോഭകർ കൈയ്യടക്കി... നഗരത്തിൽ പലയിടത്തും കർഫ്യൂ പ്രഖ്യാപിച്ചു.. പല പ്രദേശങ്ങളിലും പോലീസുമായി ഏറ്റുമുട്ടലും നടക്കുന്നുണ്ട്... ആകാശത്ത് പോലീസിന്റെ നിരീക്ഷണ ഹെലിക്കോപ്റ്ററുകൾ പതിവില്ലാത്ത വിധം താഴ്ന്നു പറക്കുന്നുണ്ടായിരുന്നു...എന്താകുമെന്നറിയില്ല.. എന്തായാലും പത്രം പുറത്തിറക്കണമല്ലോ.. ഭയപ്പാടോടെ ഞങ്ങൾ ഓഫീസിലിരുന്നു...
അസാധാരണമായ എന്തൊക്കെയോ ശബ്ദം കേട്ടാണ് രാത്രിയിൽ ഉണർന്നത്... ആദ്യം ഒന്നും മനസ്സിലായില്ല... കേൾക്കുന്നത് വെടിയൊച്ചയാണെന്ന് തിരിച്ചറിഞ്ഞപ്പോൾ ഭയം ഇരട്ടിച്ചു...ഫ്ലാറ്റിന്റെ ജനൽ വഴിപുറത്തേക്ക് നോക്കി..വെടിയൊച്ചയ്ക്കൊപ്പം വലിയ ആരവും ആർത്തനാദങ്ങളും കേൾക്കുന്നുണ്ട്.. ഞങ്ങൾ താമസിക്കുന്നിടത്തുനിന്നും കഷ്ടിച്ച് 2 കിലോമീറ്റർ അപ്പുറത്താണ് പ്രക്ഷോഭകാരികൾ സംഘടിച്ചിരിക്കുന്നത്.. ബഹ് റൈന്റെ പരന്ന ഭൂപ്രകൃതിയിൽ ദൂരെ നിന്നും പുക ഉയരുന്നത് വ്യക്തമായി കാണാം.. പെട്ടെന്ന് കുറെ ആളുകൾ നിലവിളിച്ചു കൊണ്ട് ഞങ്ങൾ താമസിക്കുന്ന ഫ്ലാറ്റിനു മുമ്പിലൂടെ ഓടിപ്പോയി.. തൊട്ടു പുറകേ ഒരു പോലീസ് വാഹനവും..
പേൾ ചത്വരത്തിലുള്ളവരെ ഒഴിപ്പിക്കുന്ന പോലീസ് നടപടി നടക്കുകയാണെന്ന് സഹപ്രവർത്തകൻ ഫോൺ വിളിച്ചു പറഞ്ഞു... കുറെ ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ആകെ പ്രശ്നമാകുകയാണെന്നും ഒരു കാരണവശാലും റൂമിനു പുറത്തിറങ്ങരുതെന്നും അവൻ പറഞ്ഞപ്പോൾ ആകെ പേടിച്ചു...
നേരം പുലർന്നപ്പോഴേക്കും വെടിയൊച്ച നിലച്ചു.. പേൾ ചത്വരം പൂർണമായി ഒഴിപ്പിച്ചെന്നും കലാപകാരികളെ തുരത്തിയെന്നും സർക്കാർ ടി വി പറയുന്നുണ്ട്.. കൂടെ കാണിക്കുന്ന ദൃശ്യങ്ങളിൽ കവചിത പട്ടാളവാഹനങ്ങളും ടാങ്കുകളും നിരന്നു കിടക്കുന്ന പേൾ ചത്വരത്തിന്റെ ദൃശ്യം.. എവിടെയും പോലീസ് .. താമസിക്കുന്ന ഫ്ലാറ്റിനു കീഴിലും പോലീസ് വാഹനം.. ഭാര്യയേയും മോനേയും റൂമിലിരുത്തി... ഓഫീസിലേക്ക് ഇറങ്ങി.. താമസിക്കുന്നിടത്തുനിന്നും അഞ്ച് മിനിട്ടിന്റെ ദൂരത്തിലാണ് ഓഫീസ്.. പോലീസ് സാന്നിധ്യത്തിന്റെ ധൈര്യത്തിൽ ഓഫീസിലേക്കുള്ള വഴി ഓടിത്തീർത്തു...ഓഫീസിനു മുമ്പിലെ ഹൈവേയിൽ പട്ടാളം ചെക്പോസ്റ്റ് തീർത്തിർക്കുന്നു.. അവിടെയും കിടക്കുന്നു പട്ടാള ടാങ്കും കവചിത വാഹനങ്ങളും..
അന്നു പകൽ മുഴുവൻ സംഘർഷഭരിതമായിരുന്നു. വെടിയൊച്ചകൾ പലവട്ടം മുഴങ്ങി.. രാത്രി നടന്ന ഒഴിപ്പിക്കലിൽ അഞ്ചോളം പേർ കൊല്ലപ്പെട്ടിട്ടുണ്ട്. വൈകിട്ട് മൂന്നു മണിയായതോടെ വീണ്ടും പ്രക്ഷോഭകാരികൾ പേൾ ചത്വരത്തിലേക്ക് സംഘടിച്ചെത്തി. വീണ്ടും ആൾക്കാർ മരിച്ചു വീണു.. സ്ഥിതിഗതികൾ കൈവിട്ടു തുടങ്ങിയെന്നു ഭരണാധികാരികൾക്കു തോന്നിത്തുടങ്ങിയിരുന്നു... രണ്ട് ദിവസത്തിനുള്ളിൽ തന്നെ പത്തോളം പേർ മരിച്ചു. ബഹ് റൈൻ കിരീടാവകാശി നേരിട്ട് സമാധാന ചർച്ചകൾക്കായി രംഗത്തിറങ്ങി.. സർക്കാർ പ്രതിഷേധത്തെ അടിച്ചമർത്തില്ലെന്നും സമാധാനപരമായി പ്രതിഷേധിക്കാമെന്നും അദ്ദേഹം രാജ്യത്തോടായി നടത്തിയ പ്രഭാഷണത്തിൽ പറഞ്ഞു..പ്രശ്നങ്ങൾ പരിഹരിക്കാൻ ദേശീയ സംവാദം നടത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. പ്രക്ഷോഭകാരികൾ ആവേശത്തിലായി.. തങ്ങളുടെ സമരം വിജയപാതയിലാണെന്ന് അവർക്ക് തോന്നി.  അവർ വീണ്ടും പേൾ ചത്വരത്തിലേക്ക് സംഘടിച്ചെത്തി... പിറ്റേന്നായതോടെ സംഘർഷത്തിനു കുറച്ച് അയവു വന്നു.. പേൾ ചത്വരവും പരിസരവും പ്രക്ഷോഭകാരികൾ കൈയ്യടക്കിയെങ്കിലും നഗരത്തിന്റെ മറ്റു ഭാഗങ്ങളിൽ ജനജീവിതം സാധാരണമായി.. എങ്കിലും എല്ലാവരിലും ഒരു ഭയപ്പാടുയർന്നു കഴിഞ്ഞിരുന്നു.. ഈ നാട്ടിൽ തങ്ങൾ സുരക്ഷിതരല്ലെന്ന ബോധം... തെരുവുകൾ മിക്കപ്പോഴും ശൂന്യമായി കിടന്നു.. ആളുകൾ കഴിവതും വീട്ടിലും ഓഫീസിലും മാത്രമായി കഴിഞ്ഞു.. പേൾ ചത്വരം മാത്രം പ്രക്ഷോഭത്തിന്റെ സ്പന്ദിക്കുന്ന കേന്ദ്രമായി നിന്നു.. ദിനം പ്രതി അവിടെ ആൾകൂട്ടം പെരുകിക്കൊണ്ടിരുന്നു.. പൊതുയോഗങ്ങളും സമരഗാനങ്ങളും അവിടെ അനുസ്യൂതം തുടർന്നു.. പ്രക്ഷോഭകാരികൾ അവിടെ തമ്പടിച്ചു. അവിടെ അവർ ഭക്ഷണം പാകം ചെയ്തു.. ടെന്റുകൾ തീർത്തു..അങ്ങിനെ സമരം സമാധാനപരമായി മുന്നോട്ട്..
ആഴ്ച്ചകൾ പലത് കഴിഞ്ഞു.. പ്രക്ഷോഭകാരികളെ ഓഴിപ്പിക്കുന്നതിനു നടപടികൾ സ്വീകരിക്കുന്നില്ലെന്നത് ഒഴിച്ചാൽ  അവരുയർത്തിയ മറ്റൊരു പ്രശ്നത്തിനും പഝാര നിർദ്ദേശങ്ങൾ ഉയർന്നു വന്നില്ല. ദേശീയ സംവാദം മുന്നോട്ടുപോകാനാവാതെ വഴിമുട്ടി നിന്നു. നിന്നു... രാജഭരണം അവസാനിപ്പിച്ച് ജനാധിപത്യ രീതിയിൽ തിരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യം ഒരിക്കലും അംഗീകരിക്കപ്പെടില്ലെന്ന് ഉറപ്പായിരുന്നു..പേൾ ചത്വരത്തിൽ നിന്നും ഡൗൺ ഡൗൺ കിങ്ങ് ഹമദ് മുദ്രാവാക്യങ്ങൾ നിരന്തരം ഉയർന്നു.. വീണ്ടൂം സംഘർഷത്തിന്റെ മണൽകാറ്റുകൾ സമാധാനത്തിന്റെ വെള്ളിവെളിച്ചത്തിനു മേൽ നിഴൽ പടർത്തി..  സർക്കാർ അനുകൂലികൾ പ്രക്ഷോഭകാരികൾക്കെതിരെ ഒത്തു ചേർന്നു.ഇരുകൂട്ടരും തമ്മിൽ  പലയിടങ്ങളിലും സംഘർഷം രൂക്ഷമായി..

 2011 മാർച്ച് 14 .. പ്രക്ഷോഭം തുടങ്ങിയിട്ട് ഒരുമാസം പിന്നിടുമ്പോഴും പ്രക്ഷോഭകർ ഉന്നയിച്ച ആവശ്യങ്ങളിൽ സർക്കാർ അനുകൂല നിലപാടുകളെടുത്തില്ല. പ്രക്ഷോഭം കൂടുതൽ തീഷ്ണമായി. പതിവു പോലെ രാവിലെ ശങ്കറും ഗായത്രിയും സ്കൂളിലേക്ക് പോയി. രാവിലെ പതിനൊന്നു മണിയോടെ മൊബൈലിൽ ഒരു കോൾ.. ഗായത്രിയാണ്.. സ്കൂളിരിക്കുന്ന പ്രദേശങ്ങളിൽ പ്രക്ഷോഭം രൂക്ഷമാകുകയാണെന്നും അതിനാൽ അവർ നേരത്തെ തിരിച്ചു വരികയാണെന്നും പറഞ്ഞു..  മനസ്സ് പരിഭ്രാന്തമായി.. ഓഫീസിൽ നിന്നും മുന്നിലെ തെരുവിലേക്കിറങ്ങി...  ഓഫീസിനു നൂറു മീറ്റർ അകലത്തിലുള്ള വമ്പൻ ഹൈവേ പ്രക്ഷോഭകാരികൾ തടസ്സപ്പെടുത്തിയിരിക്കുന്നു. .. വലിയ വേസ്റ്റ് ബിന്നുകളും  കോൺക്രീറ്റ് ബീമുകളുമെല്ലാം റോഡീൽ നിരന്നിരിക്കുന്നു.. ഗായത്രിയും മോനും കയറിയ സ്കൂൾ ബസ് എത്തേണ്ട സമയം കഴിഞ്ഞിട്ടുണ്ട്. ഞാൻ വീണ്ടും അവളെ വിളിച്ചു.. വഴിയിൽ മുഴുവൻ ഗതാഗത തടസ്സമാണെന്നും ബസ്സ് ഏതൊക്കെയോ വഴിയിലൂടെ എത്താൻ ശ്രമിക്കുകയാണെന്നും അവൾ പറഞ്ഞു... സ്കൂളിൽ പോയ മറ്റു കുട്ടികളുടെ രക്ഷിതാക്കളും അവിടെയെത്തി.. ആശങ്കകൾക്കൊടുവിൽ മണിക്കൂറുകൾ താമസിച്ച് ബസ്സ് എത്തി.. ഗായത്രി ആകെ ഭയന്നിരുന്നു.. ശങ്കർ വഴിയിൽ കണ്ട കാഴ്ച്ചകളെക്കുറിച്ച് എന്നോട് വാതോരാതെ പറഞ്ഞു കൊണ്ടിരുന്നു..
ഗൾഫ് മേഖലയിലെ പ്രധാന ബാങ്കിങ്ങ് കേന്ദ്രമാണ് ബഹ് റൈൻ. പ്രക്ഷോഫം ബാങ്കിങ്ങ് ഉൾപ്പെടെയുള്ള എല്ലാ വ്യവസായങ്ങളെയും ബാധിച്ചു തുടങ്ങിയിരുന്നു. പ്രക്ഷോഭം കൂടുതൽ തീഷ്ണമാക്കുനതിന്റെ ഭാഗമായി പ്രധാന വ്യവസായിക മേഖലകളിൽ പ്രക്ഷോഭകർ ഉപരോധ സമരം ആരംഭിച്ചു. രാജയ്മ് ഏതാണ്ട് നിശ്ചലമായി.. പ്രക്ഷോഭകാരികളും സർക്കാർ അനുകൂലികളും തമ്മിൽ ഏറ്റുമുട്ടലുകൾ തുടർക്കഥയായി.. വിദേശികളും ആക്രമിക്കപ്പെട്ടു. രാജ്യം ഒരു കലാപത്തിലേക്ക് നീങ്ങി..
എന്തും സംഭവിക്കാവുന്ന സ്ഥിതി.. ബഹ് റൈനിലെ പരിമിതമായ പോലീസ് പട്ടാള സംവിധാനങ്ങൾക്ക് പ്രതിരോധിക്കുവാൻ കഴിയുന്നതിനും അപ്പുറത്തേക്ക് സംഘർഷം വളർന്നു കഴിഞ്ഞിരുന്നു.. ഇനി എന്ത് എന്നൊരു ചോദ്യം ഭരണാധികാരികൾക്കിടയിലും ഉയർന്നു.. സമാധാന ചർച്ചകൾ മാറ്റിവെച്ച് അവർ കർശന നടപടികൾക്കു തയ്യാറായി...


 2011 മാർച്ച് 16
അതിരാവിലെ മുതൽ പട്ടാള ഹെലിക്കോപറുകൾ താഴ്ന്നു പറന്നുകൊണ്ടിരുന്നു.. മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ പൊടുന്നനേ ലഭ്യമല്ലാതായി...മുദ്രാവാക്യം വിളികളും അലമുറകളും  അവ്യക്തമായി കേൾക്കാം.. ഞാൻ ജനലിലൂടെ പുറത്തേക്ക് നോക്കി.. അകാശം കറുത്ത പുകകൊണ്ടു മൂടിയിരിക്കുന്നു... പേൾ ചത്വരത്തിലെ പട്ടാള നടപടി ആരംഭിച്ചിരിക്കുന്നു.. സൗദി അറേബ്യൻ അതിർറ്റ്ഹ്തി കടന്ന് നിരനിരയായി പട്ടാള വാഹനങ്ങൾ ബഹ് റൈനിലേക്കെത്തിയത് ഒരുദിവസം മുമ്പാണ്.. ആകാശത്ത് ഹെലിക്കോപ്റ്ററുകളുടെ എണ്ണം കൂടിയിരിക്കുന്നു.. വശങ്ങൾ തുറന്ന അവയ്ക്കുള്ളിൽ നിന്നും തോക്കുമുനകൾ നീണ്ടു നിൽപ്പുണ്ടായിരുന്നു.. നിലവിളികളുടെ ശബ്ദം ഉയർന്നുകൊണ്ടിരുന്നു. അടുത്തുള്ള പള്ളികളിൽ നിന്നും അറബിയിൽ എന്തൊക്കെയോ ഉച്ചത്തിൽ വിളിച്ചു പറയുന്നുണ്ടായിരുന്നു.. ശങ്കറിനെ അരികത്ത് ചേർത്ത് ഞാനും ഗായത്രിയും റൂമിൽ എന്തു ചെയ്യണമെന്നറിയാതെ പകച്ചിരുന്നു..

ഉച്ച കഴിഞ്ഞപ്പോഴേക്കും മൊബൈൽ ബന്ധം പുനസ്ഥാപിക്കപ്പെട്ടു.  ഇന്റർനെറ്റിൽ ഞങ്ങൾ വാർത്തകൾക്കായി പരതി.. പട്ടാള നടപടിയിൽ ആറോളം പേർ മരിച്ചിരിക്കുന്നു.. രണ്ട് പോലീസ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിട്ടുണ്ട്.. രാജ്യത്ത് കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്...
അന്ന് ഗൾഫ് എഡിഷൻ പത്രം പുറത്തിറക്കാൻ ഞങ്ങൾക്ക് സാധിച്ചില്ല.. പ്രിന്റിങ്ങ് പ്രസ്സിനു നേരെയുണ്ടായ ആക്രമണത്തിൽ അവർക്ക് സാരമായ കേടുപാടുകൾ  പറ്റിയിരിക്കുന്നു.
പരിഭ്രാന്തിയുടേയും ഭയാശങ്കകളുടേയും ആ നാളുകളിലൊന്നിൽ നാട്ടിലേക്ക് തിരിച്ച് പോരുവാൻ സ്ഥാപനം എന്നോടു നിർദ്ദേശിച്ചു.. പ്രതിസന്ധികൾ പലതായിരുന്നെങ്കിലും.. ഏറ്റെടുത്ത ജോലി നന്നായി പൂർത്തിയാക്കണമെന്നായിരുന്നു മനസ്സിലെ മോഹം.. അതിനായി എന്നാലാവുന്ന വിധമൊക്കെ ശ്രമിക്കുകയും ചെയ്തിരുന്നു.. പക്ഷേ.... മോഹങ്ങൾക്ക് അർദ്ധവിരാമമിട്ട്... ബഹ് റൈനോട് വിട പറയേണ്ടി വന്നു..
 
ബഹ് റൈൻ എയർപോർട്ടിലെ കൃത്രിമ ശീതളിമയിൽ വിമാനവും കാത്തിരിക്കുമ്പോൾ മനസ്സ് പുറകോട്ട് പോയി ..ജീവിതാനുഭവങ്ങൾ കൊണ്ട് നിറഞ്ഞ മൂന്നു വർഷങ്ങൾ. നേരിടേണ്ടി വന്ന പ്രതിസന്ധികൾ നിരവധിയായിരുന്നു.. പലതും അതിജീവിച്ചു.. ചിലതിൽ തളർന്നു.. ഒരുപാട് ജീവിതങ്ങൾ കണ്ടു.. ഒരു പക്ഷേ അതു വരെയുള്ള ജീവിതത്തിൽ കണ്ടതിനേക്കാളുമൊക്കെ ഏറെ..
വിമാനം ഉയർന്നു തുടങ്ങിയിരുന്നു... ഞാൻ ജനലിലൂടെ താഴേക്ക് നോക്കി...രാത്രിയിലും ബഹ്റൈൻ പ്രകാശം പരത്തി നിൽക്കുകയാണ്..  ക്രുത്രിമമായി സൃഷ്ടിച്ച ആ പ്രകാശക്കാഴ്ച്ചകൾക്കപ്പുറം ഇരുണ്ട ഗലികളിലും ഇടുങ്ങിയ കൂരകളിലും പ്രതിഷേധം അപ്പോഴും അലയടിക്കുന്നുണ്ടെന്ന് എനിക്ക് തീർച്ചയായിരുന്നു. സീറ്റ് ബെൽറ്റ് ധരിക്കാതെ വഴക്കുണ്ടാക്കി എന്റെ മടിയിൽ കയറിയിരുന്ന് ശങ്കർ പുറം കാഴ്ച്ചകൾ കൗതുകത്തോടെ കാണുന്നുണ്ടായിരുന്നു..
 
അച്ഛേ ഇനി എന്നാ നമ്മൾ തിരിച്ചു വരുന്നേ.. ശങ്കുവിന്റെ ചോദ്യം
 
വരണം.. തിരിച്ചു വരണം.. ഞാനവനോട് വെറുതേ പറഞ്ഞു..
 
ബഹ് റൈന്റെ പ്രകാശക്കാഴ്ച്ചകൾ മങ്ങിത്തുടങ്ങിയിരുന്നു.. താഴെ കടലിന്റെ അനന്തമായ കറുപ്പ്.... ആ അനന്തതയിൽ പുതിയ സ്വപ്നങ്ങളുടെ വെളിച്ചത്തുരുത്തുകൾ തിരഞ്ഞ് ഞാനിരുന്നു...

Friday, July 12, 2013

ബഹ്റൈൻ ഓരോർമ്മക്കുറിപ്പ്

അച്ഛാ  ദേ ..ഹെലിക്കോപ്റ്റർ .. ഫ്ലാറ്റിലെ ജനലിലൂടെ തല പുറത്തേയ്ക്കിട്ട് ശങ്കർ വിളിച്ചു പറഞ്ഞു.. പോലീസിന്റെ നിരീക്ഷണ ഹെലിക്കോപറ്ററുകൾ  ബഹ്റൈൻ ആകാശത്തെ സ്ഥിരം കാഴ്ച്ചയാണെങ്കിലും ശങ്കറിനിപ്പോഴും അത് പുതുമയാണ്..   ഞാൻ അവനൊപ്പം ജനലിലൂടെ പുറത്തേക്കു നോക്കി.. സധാരണയിലും വളരെ താഴ്ന്നു പറക്കുന്ന ആ ഹെലിക്കോപറ്റർ പോലീസിന്റേതല്ല... അതൊരു യുദ്ധ ഹെലിക്കോപ്റ്ററാണ്. അമേരിക്കയിൽ നിന്നും ബഹ് റൈൻ സ്വന്തമാക്കിയിരിക്കുന്ന അപ്പാച്ചേ ശ്രേണിയിലുള്ള യുദ്ധഹെലിക്കോപറ്റർ.  തുറന്നു വെച്ച അതിന്റെ വശങ്ങളിലൂടെ ഉള്ളിലിരിക്കുന്ന പട്ടാളക്കരെയും തോക്കുകളും വ്യകതമായി കാണാം..   ഇതു വരെ ഭയപ്പെട്ടതു സംഭവിക്കുവാൻ പോകുന്നു.. ഞാൻ പെട്ടെന്നു ശങ്കറിനെ അകത്തേക്ക് വലിച്ച് ജനൽ അടച്ചു.. കഴിഞ്ഞ രണ്ട് മാസത്തോളമായി നടക്കുന്ന ആഭ്യന്തര കലഹത്തിൽ പട്ടാള ഇടപെടൽ ഉണ്ടായിരിക്കുന്നു.. ബഹ് റൈൻ ടി വി യിൽ കോസ് വേ കടന്ന് സൗദിയിൽ നിന്നും പട്ടാള വാഹനങ്ങളുടെ നീണ്ട നിര രാജ്യത്തേക്കെത്തുന്നതിന്റെ ദൃശ്യങ്ങൾ.... കലാപം അടിച്ചമർത്താൻ അയൽരാജ്യങ്ങളുടെ സഹായം തേടുമെന്ന് ബഹ് റൈൻ ഭരണാധികാരികൾ  പറഞ്ഞത് ടി വിയിലൂടെ കേട്ടിരുന്നു..   ഹെലിക്കോപ്റ്റർ കാഴ്ച്ച തടഞ്ഞതിന്റെ പിണക്കം മറന്ന് ശങ്കർ എന്റെ മടിയിൽ കയറിയിരുന്നു  മൊബൈൽ എടുത്തു കളിക്കുകയാണ്.. ഗായത്രി അടുക്കളയിൽ എന്തോ പാചകത്തിരക്കിലാണ്.അവളും ഭയപ്പാടിലാണ്... ഗായത്രിയും മോനും വീടിനു പുറത്തിറങ്ങിയിട്ടു ദിവസങ്ങളായി.. പുറത്തു നിന്നും അക്രമങ്ങളുടെ വാർത്തകളാണ് കേൾക്കുന്നതെല്ലാം.. വിദേശീയരെ കലാപകാരികൾ പലയിടങ്ങളിലും ആക്രമിക്കുന്നു. ഞങ്ങൾ താമസിക്കുന്ന ഗലിയിലെ പാകിസ്ഥാനി സ്വദേശികളെല്ലാം കൂടി സംരക്ഷണ സേനയുണ്ടാക്കിയിരിക്കുകയാണ്. ഹൈവേകളിലെ വാഹന ഗതാഗതം ഏതാണ്ട് നിലച്ചിരിക്കുന്നു... ഞങ്ങളുടെ ഓഫീസിനു മുമ്പിലെ റോഡുകളിൽ മുഴുവൻ ഗതാഗത തടസ്സം ഉണ്ടാക്കിയിരിക്കുകയാണ്.. കലാപം ആരംഭിച്ച് ഒരു മാസം കഴിഞ്ഞിരിക്കുന്നു.. ആദ്യ ദിവസങ്ങളിലെ ആക്രമണങ്ങളും കൊലപാതകങ്ങളുമൊക്കെ അടങ്ങി രാജ്യം സാധാരണ രീതിയിലേക്ക് തിരിച്ചു വരികയായിരുന്നു.. കലാപകാരികൾ തമ്പടിച്ച പേൾ ചത്വരത്തിൽ പ്രതിഷേധക്കാരുടെ എണ്ണം അനുദിനം വർധിച്ചു വന്നു.. പ്രസംഗങ്ങളും തെരുവു നാടകങ്ങളും പ്രക്ഷോഭ ഗാനങ്ങളുമൊക്കെ യായി ബഹ് റൈന്റെ അധസ്ഥിത വർഗം രാജവാഴ്ച്ചയുടെ അനീതികൾക്കെതിരെ തടിച്ചു കൂടി. താൽക്കാലികമായി കെട്ടിയുയർത്തിയ നൂറുകണക്കിനു ടെന്റുകൾ കൊണ്ട്  നിറഞ്ഞ ചത്വരം ഒരു കാർണിവൽ മൈതാനത്തെ ഓർമിപ്പിച്ചു. എന്നാൽ ദിനം കഴിയും തോറൂം തങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കാത്ത ഭരണാധികാരികൾക്കെതിരെ രോഷം പതഞ്ഞുയരുവാൻ തുടങ്ങി.. സമാധാനപരമായ ചർച്ചകൾ തുടങ്ങി വെച്ചെങ്കിലും രാജ ഭരണത്തിന്റെ അന്ത്യം എന്ന ആവശ്യത്തിൽ തട്ടി അവയെല്ലാം തുടങ്ങിയടത്തു തന്നെ അവസാനിച്ചു.  പ്രക്ഷോഭകർ വീണ്ടും അക്രമത്തിലേക്ക് തിരിഞ്ഞു.. വിദേശീയർ പലയിടങ്ങളിലും ആക്രമിക്കപ്പെട്ടു .. രാജ്യം ഒരു വംശീയകലാപത്തിന്റെ വക്കിലേക്കടുത്തു..ഈ അവസ്ഥയിലാണ് കലാപം നേരിടാൻ ബഹ്റൈൻ അയൽ രാജ്യങ്ങളുടെ സഹായം തേടിയത്.. ഇത്ര നാളും  ഭയത്തോടെ ഓർത്തിരുന്നത് സംഭവിക്കുവാൻ പോകുന്നുവെന്ന് മനസ്സ് പറഞ്ഞു.. ശങ്കു മടിയിലിരുന്ന് ഗെയിം കളി തുടരുകയാണ്.. അരികിലേക്ക് വന്ന ഗായത്രിയെ ചേർത്തു നിർത്തി കൈയ്യിൽ ഞാൻ മുറുകെ പിടിച്ചു.. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.. ഒരു വർഷം മുമ്പ് ബ ഹ് റൈനിലേക്കെത്തുമ്പോൾ എന്തു പ്രതീക്ഷകളായിരുന്നു.. അവളുടെ ആഗ്രഹം പോലെ ബഹ് റൈനിലെ പ്രമുഖ വിദ്യാലയത്തി അധ്യാപികയായി ജോലിയും  ലഭിച്ചു.  കഷ്ടപ്പെട്ടാണെങ്കിലും നല്ല ഒരു ജീവിതം സ്വപ്നം കണ്ടിരിക്കുമ്പോഴാണ് അശനിപാതം പോലെ കലാപക്കൊടി ഉയർന്നത്.."സാരമില്ലേടാ എല്ലാം ശരിയാകും.. ഞാനവളെ ആശ്വസിപ്പിക്കാൻ വൃഥാ ശ്രമിച്ചു. പുറത്ത് ഹെലിക്കോപ്റ്ററുകളുടെ മൂളൽ ശക്തമായിക്കൊണ്ടിരുന്നു
*                                     *                                          *

ബഹ്റൈൻ എയർപോർട്ടിൽ ആദ്യമായി വിമാനമിറങ്ങുമ്പോൾ നല്ല മഴയായിരുന്നു.... മരംകോച്ചുന്ന തണുപ്പും... ആദ്യം ഞാനമ്പരന്നു പോയി.. വായിച്ചും കേട്ടും പരിചയമുള്ള ഗൾഫ് വിശേഷങ്ങളിലൊന്നും മഴയും തണുപ്പും ഒരിക്കലും കടന്നു വന്നിരുന്നില്ല. ഗൾഫെന്നാൽ മരുഭൂമിയുടെ ചുവപ്പും ചൂടുമാണെന്നാണ് അതുവരെ കരുതിയിരുന്നത്. ആഡംബരകാറുകളും അംബരചുംബികളും ഷോപ്പിങ്ങ്മാളുകളും പണക്കൊഴുപ്പിന്റെ മേളകളും ചേർന്ന ഗൾഫിന്റെ മനസ്സിൽ പതിഞ്ഞ  ഭംഗിയുള്ള രൂപത്തിന്റെ മുഖം മൂടി പിന്നീടോരോ ദിവസവും അഴിഞ്ഞു വീഴുന്നത് കൗതുകത്തോടെ കണ്ടു നിന്നു.. ബഹ്റൈൻ തലസ്ഥാനമായ മനാമയിലെ എക്സ്പ്രസ് ഹൈവേകൾക്കും അംബരചുംബികൾക്കും അപ്പുറം ഇരുളടഞ്ഞ ഗലികളും അവിടങ്ങളിൽ ജീവിതസമരം നടത്തുന്ന ജനസമൂഹത്തേയും കണ്ടു. അവരിൽ എല്ലാവരും ഉണ്ടായിരുന്നു..അറബിയും സുഡാനിയും ഫിലിപ്പിനോയും ബംഗാളിയും പിന്നെ  മലയാളിയും...എല്ലാവരും.
ബഹ് റൈനിലെ പ്രശസ്തമായ പ്രിന്റിങ്ങ് ഹൗസുകളിലൊന്നിലാണ് ഞങ്ങളുടെ പത്രം പ്രിന്റ് ചെയ്തിരുന്നത്.. പിന്നീടുള്ള രാത്രികളിൽ ഞാൻ പ്രസ്സിലെ സ്ഥിരം സന്ദർശകനായി.. 12 മണി വരെ നീളുന്ന പ്രസ് ജോലികൾക്കിടയിൽ  പരിചയപ്പെട്ടവരെല്ലാം തന്നെ ദരിദ്രരായ അറബി യുവാക്കളായിരുന്നു... ഗൾഫിന്റെ സമ്പന്നതയുടെ പുറം മോടിക്കാഴ്ച്ചകൾ കൊണ്ടും  മനം മയക്കുന്ന ഗൾഫ് സുഗന്ധദ്രവ്യങ്ങളുടെ വശ്യതകൊണ്ടും  മറച്ച് വെയ്ക്കപ്പെട്ട യഥാർഥ ഗൾഫ് ജീവിതങ്ങളുടെ പരിഛേദങ്ങൾ..ഏതൊരു പ്രവാസിയേയും പോലെ കേരളത്തിന്റെ പച്ചപ്പിനെക്കുറിച്ചും മഴയെക്കുറിച്ചുമൊക്കെ പ്രസ്സിലെ സുഹൃത്തുക്കളോടു ഞാൻ വാചാലനായി. ഗൾഫിൽ മഴയുടെ സൗന്ദര്യം അനുഭവിക്കാൻ കഴിയാത്തതിൽ അവരോട് സങ്കടപ്പെട്ടു... പക്ഷേ അവർക്ക് പറയാനുള്ളത് മറ്റൊരു കഥയായിരുന്നു വല്ലപ്പോഴും എത്തുന്ന മഴയിൽ പോലും വെള്ളം ചോർന്നൊലിക്കുന്ന അവരുടെ വീടുകളെക്കുറിച്ച്.... മഴയിൽ വീടൂതകർന്ന് മരിച്ച അവരുടെ സുഹൃത്തിനെക്കുറിച്ച്... ശരിയായ വാഹന സൗകര്യം പോലുമില്ലാത്ത അവരുടെ ഉൾനാടൻ ഗ്രാമത്തെക്കുറിച്ച്..തൊഴിലില്ലായ്മയെക്കുറിച്ച് ... രാജ്യത്തിന്റെ സ്വത്തെല്ലാം കൈക്കലാക്കി സുഖിക്കുന്ന ന്യൂനപക്ഷം വരുന്ന ഭരണാധികാരികളുടെ അടിച്ചമർത്തലുകളെക്കുറിച്ച്... നമുക്ക് ഒരിക്കലും ചിന്തിക്കാനാവാത്ത മനുഷ്യാവകാശ ധ്വംസനങ്ങളെക്കുറിച്ച്.....  അമർഷത്തിന്റെ കനൽ അവരുടെയെല്ലാം ഉള്ളിൽ എരിയുന്നത് കണ്ട് സത്യത്തിൽ എനിക്ക് ഭയം തോന്നി...
അമർഷം ഇടയ്ക്കിടെ ഒറ്റപ്പെട്ട പ്രതിഷേധങ്ങളായി ഉയരുന്നുണ്ടായിരുന്നു.. യുവാക്കൾ സംഘം ചേർന്നു.. അവർ റോഡുകളിൽ ടയർ കത്തിച്ചും ഗതാഗതം തടസ്സപ്പെടുത്തിയും ഇടയ്ക്കിടെ പ്രതിഷേധം അറിയിച്ചു.. പക്ഷേ അവയൊക്കെ തീർത്തും ഒറ്റപ്പെട്ടതായിരുന്നു പൗരജീവിതത്തിൽ യാതൊരു ചലനവും സൃഷ്ടിക്കാതെ അവയൊക്കെ മാഞ്ഞു പോയി..  ഞങ്ങളുടെ വാഹനവും പല പ്രാവശ്യം കത്തുന്ന ടയറുകളെ പരിഹസിച്ച് മറികടന്നു പോയി...
എന്നാൽ ആ ഒറ്റപ്പെട്ട പ്രതിഷേധങ്ങൾ തുടർന്നു നടക്കാനിരിക്കുന്ന വലിയ പ്രതിഷേധത്തിന്റെ മുൻ സൂചനകൾ മാത്രമായിരുന്നു.. 
                                                                                                                      (തുടരും)

Saturday, June 25, 2011

ഒരു കൊച്ചു സന്തോഷം

 ബഹ്റൈനിൽ കണ്ടുമുട്ടിയ ചിലെരെക്കുറിച്ചെഴുതിയ കൊച്ചു കുറിപ്പ് ജൂൺ 26 ന്റെ ദേശാഭിമാനി വാരാന്ത്യപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു.. (വായിക്കാൻ പടത്തിൽ ക്ലിക്ക് ചെയ്യുക)

Sunday, December 14, 2008

ഗോപിയേട്ടന്റെ ഓര്‍മയ്ക്ക്

അമ്മയാണ് രാവിലെ ഓര്‍മിപ്പിച്ചത് ...... ഗോപിയെട്ടന്ന്റെ ആണ്ടാനിന്ന്‍.. ശ്രീനിയെട്ടനും കഴിഞ്ഞ ആഴ്ച കണ്ടപ്പോള്‍ പറഞ്ഞിരുന്നു. പതിനഞ്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. പക്ഷെ എല്ലാം ഒരിക്കലും മായാതെ മനസ്സിലുണ്ടിപ്പോളും. ഗോപിയെട്ടന്ന്റെ ചേതനയറ്റ ശരീരം വീടിന്റെ തെക്കേ അറ്റത്തെ കുഴിയില്‍ ഭൂമിയോട് ചേരുമ്പോള്‍ എന്റെ അച്ഛനെ മൂടല്ലെയെന്നു കരഞ്ഞുവിളിച്ച മൂന്നു വയസ്സുകാരന്റെ മുഖം നെഞ്ച് പൊട്ടുന്ന ഓര്‍മയായി മനസ്സിലുണ്ട് . രാവിലെ ശ്രീനിയെട്ടന്റെ വീട്ടിലേക്ക് നടക്കുമ്പോളും അവന്റെ മുഖമായിരുന്നു മനസ്സില്‍ .
പതിവുള്ള ചിരിയുമായി ശ്രീനിയേട്ടന്‍ വാതില്‍ക്കല്‍ തന്നെയുണ്ട്‌ ... നീ വരുമെന്നെനിക്കരിയാമായിരുന്നു ... അകത്തേക്ക് ക്ഷണിച്ചു കൊണ്ടു ശ്രീനിയേട്ടന്‍ പറഞ്ഞു. മുന്‍വശത്തെ മുറിയില്‍ ഉള്ള ഗോപിയട്ടന്റെ വലിയ ഫോട്ടോയില്‍ പുതിയ തുളസി മാല... കുറച്ചു മങ്ങിയെങ്ങിലും ഭംഗിയുള്ള ഫോട്ടോ. എനിക്കോര്‍മയുണ്ട് .. പോലീസില്‍ ചേര്ന്ന യുനിഫോമില്‍ ഫോട്ടോ എടുക്കാന്‍ ഞാനും കൂടെ പോയിരുന്നു. ......ത്കഞ്ഞ പരിശ്രമാശാലിയായിരുന്നു ഗോപിയേട്ടന്‍. ഞങ്ങള്‍ കൌമാരക്കര്‍ക്കിടയിലെ റോള്‍ മോഡല്‍. നാട്ടിലെ എല്ലാ വിശേഷങ്ങള്‍ക്കും മുന്നിരയിലുണ്ടാകും. കഷ്ടപ്പെട്ടാനെന്കിലും നന്നായി പഠിചു. ആഗ്രഹിച്ച പോലെ തന്നെ പോലീസ് ഇന്‍സ്പെക്ടര്‍ ആയി ജോലിയും ലഭിച്ചു. ഗ്രാമത്തിലെ ഞങ്ങളുടെ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബിന്റെ രക്ഷാധികാരിയായിരുന്നു. വെറും കുട്ടിക്കളിയുമായി നടന്ന ഞങ്ങളെ സാഹിത്യത്തിന്റെയും കലയുടെയുമൊക്കെ ലോകത്തേക്ക് വഴിതിരിച്ചത് ഗോപിയേട്ടനായിരുന്നു. എനിക്ക് കവിതയെഴുതാനാകുമെന്നും സാജു നല്ല സംവിധായകനാനെന്നും തോമസ് മികച്ച ബാറ്സ്മനാനെന്നുമൊക്കെ കണ്ടുപിടിച്ചത് ഗോപിയെട്ടനാണ്. ഗോപ്യേട്ടന്റെ വീട് ഞങ്ങളുടെ കലാ കായിക പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായിരുന്നു. നഗരത്തില്‍ കച്ചവടം നടത്തുന്ന ഗോപിയെട്ടന്ന്റെ ചേട്ടന്‍ ശ്രീനിയെട്ടനായിരുന്നു ഞങ്ങളുടെ സ്പോന്സോര്‍. വൈകുന്നേരങ്ങളില്‍ സജീവമാകുന്ന സദസ്സ് ചില ദിവസ്സങ്ങളില്‍ രാത്രി വൈകും വരെ നീളും. പോകുന്നത് ഗോപിയേട്ടന്റെ അടുതെക്കായതിനാല്‍ വീട്ടിലും പ്രശ്നമില്ല.
ഗോപിയേട്ടന്റെ കല്യാണം ഞങ്ങള്ക്ക് ഉത്സവമായിരുന്നു. അന്ന് ഗോപിയേട്ടന്‍ വാങ്ങിത്തന്ന പുത്തന്‍ ഷര്‍ട്ട്‌ ഇപ്പോഴും അലമാരയിലുണ്ട് .. രാജിയെചിയും ഗോപിയേട്ടനെ പ്പോലെ ഞങ്ങളെ അനുജന്മാരായി തന്നെ കണ്ടു. നഗരത്തില്‍ പുതിയ വീട് വാങ്ങുവാന്‍ തീരുമാനിച്ച ശേഷം ആദ്യം വിളിച്ചത് എന്നെയാണ്. ഉപരിപഠനത്തിനായി തിരുവനന്തപുരതായിരുന്ന ഞാന്‍ പുതിയ വീട്ടിലെ പാലുകാച്ചലിനു രണ്ടു നാള്‍ മുന്പ് തന്നെ നാട്ടിലെത്തി. ആഘോഷ കമ്മിറ്റിയുടെ പ്രധാന ചുമതലക്കാര്‍ ഞങ്ങളായിരുന്നു. തലേ ദിവസം തന്നെ പുതിയ വീട്ടിലെത്തി അധികാരമേറ്റു. അല്ലെങ്കിലും ഞങ്ങളില്ലാതെ ഗോപിയെട്ടന് എന്താഘോഷം.
നേരം പുലരും വരെ ഗോപിയേട്ടന്‍ ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നു. കളിയും ചിരിയുമായി മറക്കനാവതൊരു രാത്രി. ഇനി വീട്ടിലേക്ക് പോകുന്നില്ല അവര്‍ ഇങ്ങോട്ട് വരട്ടെ എന്ന് പറഞ്ഞ ഗോപിയേട്ടനെ പാലുകാച്ചല്‍ ചടങ്ങുകള്‍ തറവാട്ടില്‍ നിന്നാനാരംഭിക്കുന്നതെന്ന് പറഞ്ഞു രാവിലെ വീട്ടിലെക്കയച്ചതും ഞാനായിരുന്നു.
പത്തു മണിക്കാണ് മുഹൂര്‍ത്തം. എല്ലാം തയ്യാറാക്കി വച്ചു കാത്തിരുന്ന ഞങ്ങളെ തേടിയെത്തിയത് ഞെട്ടിപ്പിക്കുന്ന വാര്‍ത്തയായിരുന്നു. ഗോപിയെട്ടനും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ടു............. .......വിശ്വസിക്കുവാനായില്ല ......മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തിന്റെ മുന്‍പില്‍ ഗോപിയേട്ടന്റെ ചലനമറ്റ ശരീരം സ്ട്രചെരില്‍ കൊണ്ടു വരും വരെ. മുഖത്ത് പതിവുള്ള പുഞ്ചിരി ബാക്കിയുണ്ടായിരുന്നു. ഒന്നേ നോക്കിയുള്ളൂ .... കരയാതിരിക്കുവാനായി സാജുവിന്റെ തോളില്‍ മുഖമമര്‍ത്തി നിന്നു ...സാധിച്ചില്ല .. കണ്ണുകള്‍ നിറഞ്ഞു തുളുംപുന്നതും അത് പിന്നെ ഒരു നിലവിളിയായതും ഞാന്‍ അറിയുന്നുണ്ടായിരുന്നില്ല.

ശ്രീനിയെട്ടനും ഗോപിയേട്ടന്റെ മോനും ബലി കര്‍മങ്ങള്‍ കഴിഞ്ഞു വന്നു. എല്ലാവര്ക്കും ഒപ്പമിരുന്നു കാപ്പി കഴിക്കുമ്പോള്‍ ഗോപിയേട്ടനും ഒപ്പമുണ്ടെന്നു തോന്നി. രാജിയേച്ചി ഓഫീസില്‍ പോകുവാന്‍ തയ്യാറായി വന്നു. ഗോപിയേട്ടന്‍ മരിച്ചപ്പോള്‍ കിട്ടിയ ജോലിയാണ്. മോനും ചേച്ചിക്കും ഒപ്പം ഞാനും ബസ്സ് സ്റ്റോപ്പിലേക്ക് നടന്നു.ചുമരിലെ ചിത്ര്തിലിരുന്നു ഗോപിയേട്ടന്‍ അപ്പോഴും ചിരിക്കുന്നുണ്ടായിരുന്നു.

Tuesday, July 29, 2008

ഒരു കിലോ അരിയുടെ വില

വിനോദയാത്ര എണ്ണ സിനിമ കണ്ടിട്ടില്ലേ ..? അതില് മീര ജാസ്മിന് ദിലീപിനോട് ചോദിക്കുന്ന കുറെ ചോദ്യങ്ങളുണ്ട് .. ഒരു കിലോ അരിക്കെന്താ വില .. ഒരു യുണിറ്റ് കറന്റ് ചാര്ജ് എത്ര ... ഉത്തരമറിയാതെ ചമ്മി നാശമായി നില്ക്കുന്ന ദിലീപിന്റെ സ്ഥാനത്ത് എന്നെ സന്കല്പിച്ച്ചു സിനിമ കണ്ട ശേഷം ഒരുപാടു ചിരിച്ചു... ആഗോളവല്ക്കരണം കേരള സമൂഹത്തിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ ക്കുറിച്ചും ബൌദ്ധിക സ്വത്തവകാശത്തെ കുറിച്ചും വാതോരാതെ സംസാരിചിരുന്നെന്കിലും എനിക്ക് ഒരുകിലോ അരിയുടെ വില നിശ്ചയമില്ലായിരുന്നു. കല്യാണമൊക്കെ കഴിഞ്ഞു കുട്ടി ഒന്നായെന്കിലും കുടുംബം നോക്കേണ്ട ഉത്തരവാദിത്തം ഒന്നും തലയില് ഇല്ലായിരുന്നു. അച്ഛനും അമ്മയ്ക്കും ഒപ്പം സുഖ ലോലുപനായി കഴിയുന്നതിനിടയിലാണ് തിരുവനന്തപുരത്തേക്ക് മാറ്റമായത്. വിവാഹം കഴിഞ്ഞതിനു ശേഷം ഭാര്യയേയും കുട്ടിയെയും പിരിഞ്ഞു നിന്നിട്ടില്ല . കലാലയ ജീവിതം ആഘോഷിച്ചു തീര്ത്ത നഗരമായിട്ടും നിറയെ സുഹൃത്ത് ബന്ധങ്ങള് ഉണ്ടായിട്ടും ആകെ ഒരു വീര്പ്പുമുട്ടല്. ജോലി എന്നാല് ഞായരാഴ്ചകള് വരുവാനുള്ള കാത്തിരിപ്പായി. അങ്ങനെ വിരഹ ദുഃഖം മൂര്ചിച്ച ഒരു ദിവസം തീരുമാനമെടുത്തു ഭാര്യയേയും കുട്ടിയെയും കൂടെ കൊണ്ടുവരാന്. തിരുവനന്തപുരം നഗരത്തില് വാടകക്കൊരു വീട് അന്നത്തെ വരുമാനം വെച്ചു നോക്കിയാല് തികച്ചും ഒരു വെല്ലുവിളിയായിരുന്നു. അതെറ്റെടുക്കുവാന് തന്നെ തീരുമാനിച്ചു. ഏറെ ബുദ്ധിമുട്ടില്ലാതെ വീട് കണ്ടെത്തി. ബാന്കില് ഉണ്ടായിരുന്ന ചെറിയ സമ്പാദ്യം നുള്ളിപ്പെറുക്കി വീട് സാധനങ്ങളും ഒപ്പിച്ചു. അങ്ങനെ ഒരു ശുഭ ദിനത്തില് തിരുവനന്തപുരത്ത് കുടിയേറി. എല്ലാം അങ്ങിനെ അങ്ങ് പൊയ്ക്കൊള്ളും എന്നാണു എന്റെയൊരു പൊതു സ്വഭാവം .. വായ കീറിയ ദൈവം ഇരയും തരുമെന്നൊരു ലൈന്. ഒരു മാസം കഴിഞ്ഞപ്പോള് മനസ്സിലായി ദൈവം ഇര തരുമെന്നു കരുതി വാ അങ്ങിനെ കീറി വെച്ചിരുന്നാല് ദൈവം പോലും സഹിക്കില്ലെന്ന് . പിന്നെ ബട്ഞെടിംഗ് ആയി... ഒരു ഡയറിയുമായി ഞാനും ഭാര്യയും തലകുത്തി നിന്നു .. കൂട്ടലും കുറയ്ക്കലും ..എല്ലാം പരീക്ഷിച്ചു പക്ഷെ വരവ് .. ചെലവ് ...എന്ന കണക്കു മാത്രം ഒത്തു വരുന്നില്ല . ആടംബര സൂപ്പര് മാര്കെടുകളില് നിന്നും സപ്ലൈ കോ യിലേക്കുള്ള ചുവടു മാറ്റം പെട്ടന്നായിരുന്നു. ഓരോ പാക്കെട്ടും എടുത്തു പരിശോധിച്ച് വില നോക്കി വാങ്ങുവാന് അങ്ങിനെപഠിച്ചു. ഞാന് സിനിമ കണ്ടില്ലെന്കില് മോഹന് ലാല് മമ്മൂട്ടി തുടങ്ങിയ നടന്മാര് എങ്ങിനെ ജീവിക്കും എന്ന് കരുതി റിലീസ് ചെയ്യുന്ന സിനിമകള് മുഴുവന് കണ്ടിരുന്നത് ഞാന് എങ്ങിനെ ജീവിക്കും എന്നത് അവര് അന്വേഷി ക്കാതത്തില് പ്രതിഷേധിച്ചു മാസത്തില് ഒരിക്കലാക്കി. വീടിലെത്തിയാല് മുഴുവന് ലൈറ്റും ഫാനും ഊണാ ക്കിയിടുന്നതിനു അമ്മയുടെ ശകാരം കേള്ക്കുന്നത് പതിവാക്കിയിരുന്ന ഞാന് കറന്റ് ബില് ഭയന്ന് ലൈറ്റ് ഇല്ലാതെ എങ്ങനെ ജീവിക്കാം എന്നതില് ഗവേഷണം നടത്തുവാന് തുടങ്ങി. അങ്ങിനെ ആഗോളവല്കരനതോടോപ്പംഅടുക്കളക്കും ഉള്ള പ്രാധാന്യം അനുഭവിച്ചറിഞ്ഞു. മാസങ്ങള്ക്ക് ശേഷം തിയേറ്ററില് പോയി ഭാര്യക്കും കുട്ടിക്കും ഒപ്പം വിനോദയാത്ര കാണുമ്പോള് ഉള്ളില് അഭിമാനതൊടെ ചിരിച്ചു. ഒരു കിലോ അരിക്കെന്നല്ല മാര്ക്കറ്റില് അന്നുള്ള വിവിധ ഇനം അരികല്ക്കൊക്കെ എന്ത് വില ആണ് എന്നത് എനിക്കപ്പോള് മനപ്പഠാമായിരുന്നു. സിനിമ കണ്ടിറങ്ങുമ്പോള് ദിലീപ് സഹോദരിയോടു പറയുന്ന ഡയലോഗായിരുന്നു മനസ്സില്.... ജീവിതം എന്തെന്ന് ഞാനും കുറെയൊക്കെ പഠിച്ചു ചേച്ചി .....

Sunday, July 27, 2008

ഇമിഗ്രേഷന്‍ ഓഫീസിനു മുന്നില്‍

ഇമിഗ്രേഷന്‍ ഓഫീസിനു മുന്നില് അന്നും ജോസ് ഉണ്ടായിരുന്നു...... പതിവു പോലെ . സുബൈറിനെ കണ്ടപ്പോള് ആശ്വാസത്തോടെ ചിരിച്ചു. പിന്നെ പതിവു പോലെ തന്റെ പരാതിയുടെ കെട്ടഴിച്ചു. ഇരുപതു വര്ഷമായി നാട്ടില് നിന്നും പോന്നിട്ട്. ഇനി തിരിച്ചു പോകണം. വിദേശ രാജ്യത്ത് താമസിക്കുവാനാവശ്യംമായ രേഖകള് ഒന്നും കയ്യില് ഇല്ലാത്തതിനാല് നാടിലേക്ക് പോകുവാനകുന്നില്ല. അതിനുള്ള രേഖകള് ശരിയാക്ുവാനാണ് കാത്തിരിപ്പ്.
ഇമിഗ്രേഷന്‍
ഓഫീസ് ഒരു കടലാണ്.... ലക്ഷക്കണക്കിന് വരുന്ന വിദേശീയരുടെ യാത്രാ രേഖകള് ഇവിടെയാണ് തയ്യരാക്കപ്പെടുന്നത് . ജോസിനെ ആശ്വസിപ്പിച്ചു കടലില് മുങ്ങി തപ്പാന് സുബൈര് ഓഫീസിനകത്തേക്ക് പോയി. ഞാന് ജോസിനോറൊപ്പം സന്ദര്ശകര്ക്കായുള്ള ഇരിപ്പ്ടങ്ങള്ക്ക് അടുത്തേക്ക് നടന്നു. പത്രവുമായി ബന്ധപ്പെട്ട ആളാണ് എന്ന് പറഞ്ഞപ്പോള് ജോസിനു ആവേശമായി. ഇവിടെ ഒന്നും ശരിയല്ല സാറേ.... നമുക്കിതൊക്കെ പത്രത്തില് എഴുതണം. ഞാന് കൌതുകതൊടെ ജോസിനെ നോക്കി. ജോസ് പറഞ്ഞുകൊണ്ടേയിരുന്നു. തൊഴിലിടങ്ങളിലെ പീഡനം. കുതിച്ചുയരുന്ന സാധന വില. എല്ലാം നമുക്കു കൊടുക്കാം ജോസേ എന്ന് പറഞ്ഞു ഞാന് വിഷയം മാറുവാന് ശ്രമിച്ചു. നാട്ടിലെവിടയാ വീട്. പ്രവാസികള് ആദ്യമായി കണ്ടാല് ആദ്യം ചോദിക്കുന്ന ചോദ്യം. വീടിനെ പറ്റി ചോദിച്ചപ്പോള് മുഖം വിഷന്നമായി. കണ്ണൂരിലാണ് വീട്. വീട്ടില് ഭാര്യയും മോളും. മോള് ജനിച്ചു പത്തു ദിവസം കഴിഞ്ഞു വീട്ടില് നിന്നും പോന്നതാണ്. പിന്നെ തിരിച്ചു പോയിട്ടില്ല. എനിക്ക് വിശ്വാസം വന്നില്ല. നാട്ടില് നിന്നും വന്നിട്ട് ഏറെ നാളാകത്ത എനിക്ക് ജോസിന്റെ വാക്കുകള് വിശ്വസിക്കാനെ തോന്നിയില്ല. ഇരുപതു വര്ഷമായി ...സ്വന്തം കുഞ്ഞിനെപ്പോലും കാണാതെ ... മരുഭൂമിയില് ഒറ്റയ്ക്ക് ... ഇതിനിടക്കൊന്നും വീട്ടില് പോകാന് ശ്രമിച്ചില്ലേ അവിശ്വാസത്തോടെ
ഞാന് വീണ്ടും ചോദിച്ചു. കുറെ കടമുണ്ടായിരുന്നു സാറെ നാട്ടില്... അത് വീടിയിട്ടു പോകാമെന്ന് വിചാരിച്ചു. അതിന് കഴിയാതായപ്പോള് പോകാന് മടിതോന്നി. പല ജോലികള് മാറി മാറി ചെയ്തു. ഒന്നിലും ഗുണം കിട്ടിയില്ല. കുറെ കഴിഞ്ഞപ്പോള് ബന്ധത്തിന്റെ ശക്തി കുറഞ്ഞു സാറെ .. ജോസ് നിര്‍ വികാരനായി പറഞ്ഞു. ഭാര്യ... ഞാന് ചോദിച്ചു ... വിളിക്കാറുണ്ട് ...ഇരുപതു വര്ഷമായി സ്വന്തം കുഞ്ഞിന്റെ അച്ഛനെ കാത്തിരിക്കുന്ന സ്ത്രീയെ ഞാന് മനസ്സു കൊണ്ടു നമിച്ചു. ദേ കെട്ടിടം കണ്ടോ സാറേ മുന്പില് തലയുയര്ടി നില്ക്കുന്ന ബഹുനില മന്ദിരം ചൂണ്ടി ജോസ് ചോദിച്ചു. ഞാന് ഇമ്മിഗ്രറേനില് ആദ്യം വരുമ്പോള് ഇതു അവിടെയില്ല. ഇപ്പോള് ആര് നിലയായി ഇനി എത്ര നില കൂടി കഴിഞ്ഞാലാണ് നാട്ടില് പോകുവാനാവുക. ആര്ക്കറിയാം. ഇമിഗ്രേഷന്‍ ഖനനം കഴിഞു സുബൈര് തിരിച്ചെത്തി. ജോസിന്റെ യാത്രാ രേഖകള് ഇന്നും ശരിയായിട്ടില്ല. അടുത്ത തിന്കലാഴ്ച്ച വരാന് പറഞ്ഞു. ജോസ് അനുസരണയുള്ള കുട്ടിയെ പ്പോലെ തിരിച്ചു പോയി. മുന്പിലെ ബഹുനില മന്ദിരത്തിന്റെ പണി അപ്പോഴും തകൃതിയായി നടക്കുന്നുണ്ടായിരുന്നു.