കുരുവിക്കൂട് കവലയിലെ സാംസ്കാരിക കേന്ദ്രമായിരുന്നു ചാക്കോച്ചേട്ടന്റെ മുറുക്കാന്‍ കട. റബറുവെട്ടും ഷീറ്റടിക്കലുമൊക്കെ കഴിഞ്ഞ് കുരുവിക്കൂടും പരിസരപ്രദേശങ്ങളിലുമുള്ള സാംസ്കാരിക നായകന്മാരെല്ലാം ലൈഫ്ബോയ് സോപ്പും തേച്ച് കുളിയൊക്കെ കഴിഞ്ഞ് വാമഭാഗം സ്നേഹപൂര്‍വ്വം വിളമ്പിക്കൊടുക്കുന്ന പഴയന്‍കഞ്ഞിയും തലേന്നത്തെ മീന്‍കറിയും കൂട്ടിയൊരു പിടിപിടിച്ച് അലക്കിത്തേച്ച നീലവരയന്‍ കൈലി മുണ്ടും തോളേലൊരു തോര്‍ത്തുമൊക്കെയിട്ട് സരിത കോടതിയിലോട്ട് പോകുമ്പോലെ അണിഞ്ഞൊരുങ്ങി ഒരിറക്കമുണ്ട്. ലക്ഷ്യം ചാക്കോച്ചേട്ടന്റെ മുറുക്കാന്‍ കട. മുറുക്കാന്‍ കടയെന്നു വെച്ചാല്‍ നാലു കാലില്‍ ഒരു മാടവും മുന്‍വശത്ത് സിനിമാ പോസ്റ്ററെട്ടിക്കാന് വേണ്ടിയൊരുക്കിവെച്ചിരിക്കുന്ന ഒരു എക്സ്റ്റന്‍ഷനും ചേര്‍ന്ന ഒരു ഫൈവ്സ്റ്റാര്‍ സെറ്റപ്പ്. പിന്നെ വരുന്നവര്‍ക്ക് ഇരിക്കാനും തീരെ അവശന്മാര്‍ക്ക് കിടക്കാനുമായിട്ട് രണ്ടു നീളന്‍ ബെഞ്ചുകളും. വൈകുന്നേരമാകുമ്പോഴേക്കും സാംസ്കാരിക കേന്ദ്രം സാംസ്കാരിക പ്രവര്‍ത്തകരെക്കൊണ്ടു നിറയും. അതു പിന്നെ അക്കാലത്ത് പണി കഴിഞ്ഞാല്‍ പിന്നെ ഒന്നു റിലാക്സ് ചെയ്യാന്‍ മിനിട്ടിനു മിനിട്ടിന് ബ്രേക്കിങ്ങ് ന്യൂസ് ഇറക്കുന്ന ചാനലുകളോ സ്ഥിരമായി അമ്മായിയമ്മ മരുമകള്ക്കിട്ടും മരുമകള്‍ അമ്മായിയമ്മയ്ക്കിട്ടും ഇവരു രണ്ടുപേരും കൂടി നാട്ടുകാര്‍ക്കിട്ടും പണികൊടുക്കുന്ന സീരിയലുകളോ ഒന്നും ഇല്ലായിരുന്നല്ലോ. മിസ്ഡ് കോളില്‍ പൊട്ടി വിടരുന്ന പ്രണയങ്ങളോ വാട്സ് അപ്പിലെ പെശക് വീഡിയോകളോ ചുമ്മാ പോയി ക്യൂ നില്ക്കാന് ബീവറേജസ് ഷോപ്പുകളോ ഒന്നുമില്ലാതിരുന്ന കാലം. അതുകൊണ്ടുതന്നെ ചാക്കോച്ചേട്ടന്റെ മുറുക്കാന്‍ കടയെന്ന സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റ് അതിപ്രശസ്തമായിരുന്നു.
ചാക്കോച്ചേട്ടന് വെറുമൊരു മുറുക്കാന്‍ കടക്കാരന് കുത്തക മുതലാളി മാത്രമല്ല. ആളൊരു കവിയാണ് കലാകാരനാണ്. അതുകൊണ്ടുതന്നെ കടയില്‍ വരുന്നവര്‍ക്കെല്ലാം അദ്ദേഹം മുറുക്കാന്‍, സിഗററ്റ് , പഴം, നാരങ്ങാവെള്ളം തുടങ്ങിയവയ്ക്കൊപ്പം സൗജന്യമായി തന്റെ കലാസൃഷ്ടികളും വാരിക്കോരി നല്കി . നല്ലവരായ കുരുവിക്കൂട്ടെ കലാപ്രേമികള്‍ ചാക്കോച്ചേട്ടന്റെ ഈ സാംസ്കാരിക പ്രവര്‍ത്തനത്തെ കൈയ്യടിച്ചു പ്രോത്സാഹിപ്പിച്ചു. കവിതകളും കഥകളും കേള്‍ക്കാന്‍ ആളുതടിച്ചുകൂടുന്ന ദിവങ്ങളില്‍ ചാക്കോച്ചേട്ടന് സ്വയം മറന്നു പാടും. ആ സമയത്ത് കടയിലെ മിഠായി ഭരണികളും പഴക്കുലകളുമെല്ലാം ചാക്കോച്ചേട്ടന് അറിയാതെ താനെ കാലിയാകുന്ന മാന്ത്രികതയും ആ വരികള്‍ക്കുണ്ടായിരുന്നു. ഒരിക്കല്‍ ചാക്കോച്ചേട്ടന് എഴുതിയ ഒരു കവിത പൈകയില്‍ തയ്യലുപഠിക്കാന്‍ പോകുന്ന തന്റെ മൂത്തമോളെക്കുറിച്ചണെന്നു തെറ്റിദ്ധിരിച്ച ഒരു കലാദ്രോഹി ഗണേശ്കുമാറിനെക്കണ്ട പി സി ജോര്‍ജിനെപ്പോലെ പാഞ്ഞുവന്ന് ചാക്കോച്ചേട്ടന്റെ കലാസപര്യയുടെ മൂട്ടില് കൈവെച്ചതൊഴിച്ചാല് സാംസ്കാരിക പ്രവര്‍ത്തനം അനുസ്യൂതം തുടര്‍ന്നുപോന്നു.
വര്‍ഷാവര്‍ഷം വരുന്ന കാവിലെ മീനഭരണി ഉത്സവം അക്കൊല്ലവും വന്നു. കുംഭകുട ഘോഷയാത്ര കടന്നുപോകുന്നത് കുരുവിക്കൂട്ട് കവല വഴിയാണ്. കടന്നുപോവുകാന്നു പറഞ്ഞാല്‍ കുരുവിക്കൂട്ടെ ഭക്തജനങ്ങള്‍ക്കു വേണ്ടി ഘോഷയാത്ര ഒരു 5 മിനിട്ട് അവിടെ നില്ക്കും. ചെണ്ടക്കാര് ആഞ്ഞൊരു പിടിപിടിക്കും. എനര്‍ജിയുള്ള കുടക്കാര്‍ കൂടെ തുള്ളും. ഇല്ലാത്തവന്മാര് പതിനായിരം മീറ്ററില്‍ മത്സരിക്കുന്ന ഇന്ത്യാക്കാരെപ്പോലെ കിതച്ചു തൂങ്ങി ഏതെങ്കിലും ഭാഗത്തു നില്ക്കും. മീനമാസത്തിലെ കൊടും വെയിലില്‍ നടന്നും തുള്ളിയും തളര്ന്നുവരുന്നവരുടെ ആശ്വാസകേന്ദ്രമായിരുന്നു ചാക്കോച്ചേട്ടന്സ് മുറുക്കാന്‍ കട. നാരങ്ങാവെള്ളം, സോഡ, പിന്നെ മഞ്ഞ, തവിട്ട് നിറങ്ങളിലുള്ള നാടന്കോളകള് ഒക്കെ ഈ സമയം നിമിഷങ്ങള്‍ കൊണ്ട് വിറ്റു തീരും. ആകെയുള്ള അഞ്ച് മിനിട്ടില്‍ എല്ലാം കൂടിയൊരു ജഗപൊകയായിരിക്കും. നാരങ്ങാവെള്ളം ചോദിക്കുന്നവന് അടുത്തശ്വാസത്തില്‍ സിഗരറ്റ് ചോദിക്കും. അതു കഴിഞ്ഞ് ചാക്കോച്ചേട്ടനൊന്ന് ശ്വാസം വിടുന്നതുനു മുമ്പ് അടുത്തയാള്‍ക്ക് സോഡ. ആകെ തിരക്ക്. നാരങ്ങാ പിഴിഞ്ഞെടുത്ത് സോഡാ പൊട്ടിച്ചൊഴിച്ച് പഞ്ചസായും ഉപ്പും ചേര്‍ത്തിളക്കി ചാക്കോച്ചേട്ടന്റെ സ്പെഷ്യൽ ഇനമായ സോഡാ നാരങ്ങാ സര്‍ബത്തിനാണ് കൂടുതല്‍ ചിലവ്. അനിയന്ത്രിതമായ ഈ തിരക്ക് എങ്ങിനെ നേരിടണമെന്ന് അക്കൊല്ലം ചാക്കോച്ചേട്ടന് നേരത്തേ പ്ലാന്‍ ചെയ്തു. ആകെയുള്ള നാല് കുപ്പിഗ്ലാസുകുളടെ കൂടെ രണ്ടെണ്ണം കൂടി പുതുതായി വാങ്ങി. നാരങ്ങാ സിഗരറ്റ് തുടങ്ങിയവ ആവശ്യത്തിനു വാങ്ങി സ്റ്റോക്കു ചെയ്തു. കടയില്‍ അന്നേദിവസം സഹായത്തിനായി പ്രത്യേകിച്ച് യാതൊരു പണിയുമില്ലാതെ കവലയില്‍ കറങ്ങി നടക്കുന്ന തങ്കച്ചനെ നിയമിക്കുകയും ചെയ്തു. അങ്ങിനെ ഓപ്പറേഷന് കുംഭകുടം പ്ലാന്‍ ചെയ്ത പോലെ പുരോഗമിച്ചു. ഘോഷയാത്ര താഴത്തെ കവലയില്‍ എത്തിയപ്പോള്‍ തന്നെ നാരങ്ങാ കുറെയെണ്ണം മുറിച്ചുവെയ്ക്കാന് തങ്കച്ചനെ ചട്ടം കെട്ടി. ഇനി ആ സമയത്ത് അതു മുറിക്കുവാന്‍ പോയി സമയം പാഴാക്കാനില്ല. നാരങ്ങായെക്കെ മുറിച്ച് സോഡാപ്പെട്ടിയുമൊക്കെ എടുത്ത് റെഡിയാക്കി തങ്കച്ചന് യുദ്ധ സന്നദ്ധനായി നിന്നു. ഘോഷയാത്രയക്കൊപ്പമുള്ള ആളുകള്‍ കുറേശെ വന്നുതുടങ്ങി. ചാക്കോച്ചേട്ടന് സിഗരറ്റ് വില്പനയുമൊക്കെയായി തിരക്കിലായി. ചാക്കോച്ചേട്ടനെ സഹായിക്കാന്‍ ഒരുമ്പെട്ടിറങ്ങിയ തങ്കച്ചന് ആ ബുദ്ധി തോന്നിയത് അപ്പോഴാണ്. നാരങ്ങാ മുറിച്ചു കഴിഞ്ഞു. പഞ്ചസാര ഉപ്പ് എന്നിവ തൊട്ടടുത്തുണ്ട്. ആറ് കുപ്പിഗ്ലാസ് കഴുകിത്തുടച്ച് കമഴ്ത്തിവെച്ചിരിക്കുന്നു. എല്ലാം റെഡിയാണ്. ആളു വന്ന് തിരക്കാകുന്നതേ ഉള്ളു... കിട്ടിയ സമയം ബുദ്ധിപരമായി ഉപയോഗിക്കാന്‍ തന്നെ തങ്കച്ചന് തീരുമാനിച്ചു. സോഡാപ്പെട്ടി എടുത്തു മുന്നോട്ട് വെച്ചു തുരുതുരെ പൊട്ടിച്ചു വെച്ചു ..... ഇനി ആള്ത്തിരക്കാകുമ്പോള് സോഡാപൊട്ടിക്കാന് സമയം കളയേണ്ടല്ലോ... വെടീം പൊകേം വരുന്ന ശബ്ദം കേട്ട് ചാക്കോച്ചേട്ടന് നോക്കിയപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. ആത്മാര്‍ത്ഥതയുടെ കൈയ്യും കാലും വെച്ച രൂപമായ തങ്കച്ചന് ഒരു പെട്ടി സോഡാക്കുപ്പികള്‍ പൊട്ടിച്ച് തന്റെ കഴിവ് തെളിയിച്ചു കഴിഞ്ഞിരുന്നു.....
8 comments:
ha ha ha Kalakki...
ഉപമകളെല്ലാം കിടു. End punch കുറച്ചൂടെ കൊഴുപ്പിക്കാമായിരുന്നു! :D :D
സംഗതി കലക്കി... പക്ഷെ രതീഷ് ഭായി പറഞ്ഞ പോലെ അവസാനിപ്പിച്ചത് പെട്ടെന്നായി പോയി.. പിന്നെ കുളി എന്നുള്ളത് കളി എന്നാ എഴുതിയിരിക്കുന്നത് :)
ഇത് കൃഷ്ണപ്രിയ ആണേ ...
ഇല്ലാത്തവന്മാര് പതിനായിരം മീറ്ററില്‍ മത്സരിക്കുന്ന ഇന്ത്യാക്കാരെപ്പോലെ കിതച്ചു തൂങ്ങി ഏതെങ്കിലും ഭാഗത്തു നില്ക്കും>>>>>
അങ്ങനെ തന്നെ!
Welcome back vakkeelji..
:) Kollaam...
climax onnoode mutaakkaamaayirunnu...
കൊള്ളാാം..:)
ഹാ ഹാ ഹാാ.കലക്കി.
എലിക്കുളത്ത് കാവാണോ ഉദ്ദേശിച്ചത്???
Post a Comment